ആത്മീയതയും ഭൗതികതയും

 ശൈഖ് മുഹമ്മദ് കാരകുന്ന്
ഒക്ടോബര്‍ 2023
മുഴുവന്‍ ജീവിതമേഖലകളും ആത്മീയതയാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മാത്രമേ മനസ്സ് ശാന്തവും വ്യക്തിജീവിതം വിശുദ്ധവും കുടുംബം സംതൃപ്തവും സമൂഹം സുരക്ഷിതവുമാവുകയുള്ളൂ.

നിറയൗവനത്തില്‍ നമ്മോട് വിടപറഞ്ഞ ടി.വി കൊച്ചുബാവയുടെ 'തീന്മേശയിലേക്ക് നിലവിളികളോടെ' എന്ന കൃതിയില്‍ ശ്രദ്ധേയമായൊരു കഥയുണ്ട്: അതിലെ പ്രധാന കഥാപാത്രം കബീറാണ്. ആറേഴ് കൊല്ലം ഗള്‍ഫില്‍, കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടിയ ലക്ഷങ്ങള്‍ അയാള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. ആ പണം കൊണ്ട് നാട്ടില്‍ നല്ലൊരു വീട് പണിതു. അതിന്റെ പണി പൂര്‍ത്തിയായ വിവരമറിഞ്ഞ കബീര്‍ നാട്ടിലേക്ക് വരാനൊരുങ്ങി. അപ്പോഴാണ് ഭാര്യയുടെ കത്ത്. അയല്‍പക്കത്തെ ബാലകൃഷ്ണന്‍ ഒരു ജീപ്പ് വാങ്ങിയിട്ടുണ്ടെന്നും അതിനാല്‍ നമുക്ക് ഒരു മാരുതി വാനെങ്കിലുമില്ലെങ്കില്‍ അത് കുറച്ചിലാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കബീര്‍ യാത്ര മാറ്റിവെച്ച് രണ്ടു കൊല്ലം കൂടി ജോലി ചെയ്തു. അങ്ങനെ മാരുതി വാന്‍ വാങ്ങാനുള്ള സംഖ്യ അയച്ചുകൊടുത്തു. നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ കബീര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതശരീരം എത്തുന്നത് കോഴിക്കോട് വിമാനത്താവളം വഴിയാണ്. ഭാര്യയും കുട്ടികളും മയ്യിത്ത് ഏറ്റുവാങ്ങാനായി പുറപ്പെടാനൊരുങ്ങി നില്‍ക്കെ പുതിയ മാരുതി വാനിന്റെ ഡ്രൈവര്‍ ഖാസിം കബീറിന്റെ ഭാര്യയോട് ചോദിച്ചു: 'ഏതായാലും ഇക്ക മരിച്ചു. ദൈവവിധിയാണ്. ഇനി നിനക്കും കുട്ടികള്‍ക്കും ജീവിക്കേണ്ടേ? ഞാന്‍ അതിന് കാണുന്ന മാര്‍ഗം ഈ മാരുതി വാന്‍ വാടകക്ക് കൊടുക്കലാണ്. പക്ഷേ, ഇതില്‍ മയ്യിത്ത് കയറ്റിയാല്‍ ആളുകള്‍ അതൊരു അപശകുനമായി കരുതും. അതിനാല്‍ നമുക്ക് ഈ വണ്ടിയില്‍ പോകാം. ഇക്കയുടെ മയ്യിത്ത് വാടക വണ്ടിയില്‍ കൊണ്ടുവരാം. അതല്ലേ നല്ലത്?'
'അതെ, അതാണ് നല്ലത്.' കബീറിന്റെ ഭാര്യ പെട്ടെന്നു തന്നെ മറുപടി പറഞ്ഞു. അങ്ങനെ ഭാര്യയും കുട്ടികളും കുടുംബവും മാരുതിയിലും മയ്യിത്ത് വാടക വണ്ടിയിലുമായിരിക്കെ കബീറിന്റെ ആത്മഗതം കൊച്ചുബാവ ഇങ്ങനെ കുറിച്ചിടുന്നു: 'എനിക്ക് എന്റെ പ്രിയപ്പെട്ടവളുടെയും കുട്ടികളുടെയും ഇടയില്‍ കിടക്കാനായിരുന്നു മോഹം. എന്നാലും അവള്‍ ബുദ്ധിമതിയാണ്. ജീവിക്കാന്‍ പഠിച്ചവളാണ്. കാലത്തിനൊത്ത് നീങ്ങാന്‍ അവള്‍ക്കറിയാമല്ലോ.'
വണ്ടി കോഴിക്കോട്ടെ കല്ലായി പാലത്തിനടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഖാസിം വീണ്ടും ചോദിച്ചു: 'ഇത്താ, നീയും കുട്ടികളുമല്ലേ പുതിയ വീട്ടില്‍ താമസിക്കുന്നത്! ഈ മയ്യിത്ത് അവിടെ കയറ്റിയിറക്കുന്നത് ഒരു ദുശ്ശകുനമല്ലേ? അതിനാല്‍ മയ്യിത്ത് നമുക്ക് തറവാട്ടിലേക്ക് കൊണ്ടുപോകുന്നതല്ലേ നല്ലത്?'
കബീറിന്റെ പിതാവ് ഖാസിമിനെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ വിട്ടുകൊടുത്തില്ല. ഖാസിം പറഞ്ഞു: 'എനിക്കും നിങ്ങള്‍ക്കുമൊക്കെ പലതും പറയാം. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഞാനും നിങ്ങളുമൊക്കെ പിരിഞ്ഞുപോകും. പിന്നെ ഇത്തയും കുട്ടികളുമാണ് അവിടെ താമസിക്കേണ്ടത്. അതിനാല്‍, ഇത്ത തന്നെ പറയട്ടെ.'
'ഏതായാലും മയ്യിത്ത് നമുക്ക് തറവാട്ടിലേക്ക് കൊണ്ടുപോകാം.' കബീറിന്റെ ഭാര്യ പറഞ്ഞു.
ഇന്ന് പലരുടെയും കാഴ്ചപ്പാടില്‍ മനുഷ്യന്‍ കേവലം ഒരു ജന്തുവാണ്. ഇതര ജീവജാലങ്ങളുടെ തുടര്‍ച്ചയാണ്. പരിണാമത്തിലൂടെ രൂപപ്പെട്ടവനാണ്. പരിണാമത്തെ പറ്റിയുള്ള ചര്‍ച്ചയൊക്കെയും ശരീര കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ എന്നാല്‍ ശരീരവും ശാരീരികാവയവങ്ങളും അവയുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും മാത്രമാണ്.
അതിനാല്‍ എല്ലാവരുടെയും സകല ശ്രദ്ധയും ശ്രമവും ജീവിതത്തെ പരമാവധി സുഖസമൃദ്ധമാക്കുന്ന ഭൗതിക വിഭവങ്ങള്‍ വാരിക്കൂട്ടുന്നതിലാണ്. അതോടെ ജീവിതത്തില്‍നിന്ന് ആത്മീയത അന്യം നിന്നു പോകുന്നു. ഫലമോ സ്നേഹം, കാരുണ്യം, വാത്സല്യം, ദയ, വിനയം, വിട്ടുവീഴ്ച, ഉദാരത, സമര്‍പ്പണം തുടങ്ങിയ ആത്മീയമായ എല്ലാ വികാരങ്ങളെയും കൈയൊഴിക്കുന്നു. മനുഷ്യമനസ്സ് കാല്‍ക്കുലേറ്ററും കമ്പ്യൂട്ടറും പോലെ  യന്ത്രമായി മാറുന്നു. എല്ലാ തീരുമാനങ്ങളും  ലാഭനഷ്ടങ്ങള്‍ നോക്കി. എല്ലാറ്റിന്റെയും മാനദണ്ഡം വരവ്-ചെലവാണ്. അനുവദനീയം - നിഷിദ്ധം എന്നിവയുടെ അടിസ്ഥാനം പോലും അതായി മാറിയിട്ടുണ്ട്.

തൃപ്തിപ്പെടുത്താനാവാത്ത ആര്‍ത്തി
ലക്ഷ്യം പരമാവധി ആസ്വദിക്കലായി മാറിയതോടെ ആര്‍ത്തി ആധിപത്യം നേടി. കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിച്ചു. എങ്ങനെയെങ്കിലും അവയൊക്കെ തട്ടിയെടുക്കാന്‍ തിടുക്കം കാണിച്ചു; കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെക്കാനും. എത്ര കിട്ടിയാലും തൃപ്തി വരാത്ത മാനസികാവസ്ഥയിലെത്തി. ആര്‍ത്തിയാണ് അസ്വസ്ഥതയുടെയും അശാന്തിയുടെയും യഥാര്‍ഥ കാരണം.
  ആഴ്ചയിലൊരിക്കല്‍ ഒരു ബാര്‍ബര്‍ അബ്ബാസിയാ ഭരണാധികാരി ഹാറൂന്‍ റശീദിന്റെ കൊട്ടാരത്തില്‍ ചെന്ന് തന്റെ ജോലി നിര്‍വഹിച്ച് തിരിച്ചുപോരുക പതിവായിരുന്നു. ഒരു നാണയമാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ആ ക്ഷുരകന്‍ അതും വാങ്ങി വളരെ സന്തോഷത്തോടെ മടങ്ങിപ്പോകും. അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ഹാറൂന്‍ റശീദ് തന്റെ മന്ത്രിയോട് ചോദിച്ചു: 'എന്താണ് ഇതിങ്ങനെ? ധാരാളം സമ്പത്തും അധികാരവും ഉണ്ടായിരുന്നിട്ടും നമുക്ക് വേണ്ടത്ര സമാധാനമോ സന്തോഷമോ കിട്ടുന്നില്ല. ആ ബാര്‍ബറോ, നാം നല്‍കുന്ന ഒരു നാണയവും വാങ്ങി വളരെ സംതൃപ്തിയോടെ തിരിച്ചുപോകുന്നു.'
ഇതു കേട്ട മന്ത്രി പറഞ്ഞു: 'അദ്ദേഹത്തിന്റെ സന്തോഷം പെട്ടെന്ന് തന്നെ നശിക്കുന്നത് ഞാന്‍ കാണിച്ചു തരാം.'
അങ്ങനെ അടുത്ത ആഴ്ച ആ ബാര്‍ബര്‍ വന്ന് തിരിച്ചുപോയപ്പോള്‍ മന്ത്രി അയാളുടെ വശം 99 നാണയമുള്ള ഒരു കിഴി കൊടുത്തു. വീട്ടിലെത്തിയ അയാള്‍ നാണയ സഞ്ചി തുറന്നു. അയാള്‍ അതെണ്ണി നോക്കി. തൊണ്ണൂറ്റി ഒമ്പതേയുള്ളൂ. നൂറെണ്ണം ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പലതവണ എണ്ണി. അവസാനം തൊണ്ണൂറ്റി ഒമ്പതേയുള്ളൂ എന്ന് ഉറപ്പിച്ചു. അതോടെ അത് നൂറ് തികക്കാന്‍ തീരുമാനിച്ചു. ആ ആഴ്ച മുഴുവനും അതിനായുള്ള ശ്രമത്തിലായിരുന്നു. എങ്കിലും വിജയിച്ചില്ല. അങ്ങനെ അടുത്ത ആഴ്ച കൊട്ടാരത്തിലെത്തിയപ്പോള്‍ അയാള്‍ വളരെയേറെ ദുഃഖിതനായിരുന്നു. മന്ത്രി, ഹാറൂന്‍ റശീദിനോട് ചോദിച്ചു: 'ഞാന്‍ അയാളുടെ സന്തോഷം കെടുത്തിയില്ലേ?'
എങ്ങനെ സാധിച്ചുവെന്ന് ചോദിച്ചപ്പോള്‍ മന്ത്രി സംഭവം വിശദീകരിച്ചു കൊടുത്തു.
ആലോചിക്കുന്ന ഏവര്‍ക്കും ഈ സത്യം വളരെ വേഗം ബോധ്യമാകും. മനസ്സിന്റെ സമാധാനം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന്‍ ആത്മഹത്യ ചെയ്യുക. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ശാരീരികമായി കഷ്ടത അനുഭവിക്കുന്നവരാണ് കാഴ്ചയില്ലാത്തവര്‍. സ്വന്തം മാതാപിതാക്കളെയോ കുടുംബത്തെയോ കുട്ടികളെയോ കാണാന്‍ കഴിയാത്തവരാണവര്‍. പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പോലും പരസഹായം വേണം. ശാരീരിക സുഖത്തിന് ആവശ്യമായ സൗകര്യങ്ങളാണ് മനസ്സമാധാനത്തിന്റെ അടിസ്ഥാനമെങ്കില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യേണ്ടത് കണ്ണ് കാണാത്തവരാണ്. എന്നാല്‍ എനിക്ക് ഇന്നോളം, കണ്ണ് കാണാത്ത ഒരാള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വായിക്കേണ്ടി വന്നിട്ടില്ല. അതേസമയം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കലാകാരന്മാരും വന്‍ വ്യവസായികളും വ്യാപാരികളും കോടിപതികളും ആത്മഹത്യ ചെയ്യാറുണ്ട്.
മനസ്സിനെയും അതിന്റെ വിചാരവികാരങ്ങളെയും ആത്മാവിനെയും അതിന്റെ താല്‍പര്യങ്ങളെയും അര്‍ഹമാം വിധം പരിഗണിച്ച് അവയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധമാകുമ്പോള്‍ മാത്രമേ കുടുംബ ജീവിതം സംതൃപ്തമാവുകയുള്ളൂ. സാമൂഹിക ജീവിതം ആരോഗ്യകരമാകണമെങ്കിലും അതനിവാര്യമാണ്. മനുഷ്യന്‍ ശാരീരിക പരിണാമത്തിലൂടെ രൂപപ്പെട്ട കേവല ജന്തുവാണ് എന്ന കാഴ്ചപ്പാട് മാറിയാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അഥവാ വ്യക്തി മാറിയാലേ കുടുംബം മാറുകയുള്ളൂ.

ആത്മീയത ജീവിതത്തെ 
നിയന്ത്രിക്കുമ്പോള്‍ 
ലൈലയോടുള്ള പ്രണയാധിക്യത്താല്‍ ഖൈസിന് ഭ്രാന്ത് ബാധിച്ചതായി കേട്ടറിഞ്ഞ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ലൈലയെ കാണാന്‍ അതിയായാഗ്രഹിച്ചു. ഖൈസിനെ ഭ്രാന്ത് പിടിപ്പിക്കുമാറുള്ള ലൈലയുടെ സൗന്ദര്യം നേരില്‍ കാണാന്‍ അവളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തന്റെ മുമ്പില്‍ വന്ന് നിന്ന ലൈലയെ നോക്കി ചക്രവര്‍ത്തി പറഞ്ഞു: 'നിന്നെ കണ്ടിട്ടാണോ ഖൈസിന് ഭ്രാന്ത് പിടിച്ചത്? അതിനുള്ള സൗന്ദര്യമൊന്നും നിനക്കില്ലല്ലോ.'
'അതിന് നിങ്ങള്‍ ഖൈസല്ലല്ലോ.' ലൈല നിസ്സങ്കോചം പറഞ്ഞു.
എല്ലാറ്റിലും ആത്മീയതയും ഭൗതികതയുമുണ്ട്. അകവും പുറവുമുണ്ട്. ഏറെപ്പേരും ആകൃഷ്ടരാവാറുള്ളത് ശരീര സൗന്ദര്യത്തിലാണ്. മനസ്സിന്റെ സൗന്ദര്യവും ആത്മാവിന്റെ വിശുദ്ധിയും അവര്‍ കാണാറില്ല. അത് കാണാന്‍ ആത്മീയതയുടെ മൂന്നാം കണ്ണ് വേണമല്ലോ.
മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന രണ്ട് സുഹൃത്തുക്കള്‍. ഇരുവരുടെയും കൈവശമുണ്ടായിരുന്ന വെള്ളം തീര്‍ന്നു. രണ്ടുപേരും ദാഹിച്ച് മരിക്കുമെന്നായി. അപ്പോള്‍ ഒരാള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടി. അത് മുഴുവനും കുടിച്ച് ദാഹം പൂര്‍ണമായും ശിമിപ്പിക്കുന്നു. കൂട്ടുകാരനെ മരണത്തിന് വിട്ടുകൊടുക്കുന്നു. ഇതിന്റെ ബാഹ്യവും ഭൗതികവുമായ ഫലം അയാള്‍ക്ക് നല്ലതും ഗുണകരവുമാണ്. എന്നാല്‍, പാതി കുടിച്ചു പാതി സുഹൃത്തിന് നല്‍കുന്നത് ഭൗതികമായി നഷ്ടമാണ്. പക്ഷേ, ആത്മീയമായി വമ്പിച്ച നേട്ടവും അനുഭൂതി ദായകവുമാണ്. മുഴുവന്‍ കുടിച്ച് കൂട്ടുകാരന്‍ ദാഹിച്ച് മരിക്കേണ്ടി വന്നാല്‍ ആത്മീയമായി അതുണ്ടാക്കുന്ന പരുക്കും മനസ്സില്‍ സൃഷ്ടിക്കുന്ന ആഘാതവും കണക്കാക്കാന്‍ കഴിയാത്തതായിരിക്കും.
ഒരു വീട് തീ കത്തി. രണ്ടുപേര്‍  അതിനകത്ത് പെട്ടു. അവര്‍ വെന്ത് മരിക്കാന്‍ പോവുകയാണ്. അപ്പോള്‍ അവരെ രക്ഷിക്കാന്‍ മൂന്നുപേര്‍ വീടിനകത്തേക്ക് ഓടിക്കയറി. നിര്‍ഭാഗ്യവശാല്‍ വീട് കത്തിയമര്‍ന്നു. അഞ്ച് പേരും വെന്തു മരിച്ചു. ബാഹ്യമായും ഭൗതികമായും ഗണിതശാസ്ത്രപരമായും നോക്കിയാല്‍ ഇത് വമ്പിച്ച നഷ്ടമാണ്. അയുക്തികമാണ്. രണ്ടുപേര്‍ക്ക് പകരം അഞ്ചുപേര്‍ മരിച്ചിരിക്കുന്നു. എന്നാല്‍ ആത്മീയമായും മാനവികമായും മതപരമായും ഇത് വമ്പിച്ച ലാഭമാണ്. ഏതായാലും മരണം വരിക്കേണ്ടവര്‍ സഹജീവികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രക്തസാക്ഷികളായിരിക്കുന്നു. അവരെ സംബന്ധിച്ച സുമനസ്സുകളുടെ ഓര്‍മകള്‍ പോലും സുന്ദരവും മധുരോദാരവുമാണ്.
ആത്മീയതയും ഭൗതികതയും തമ്മിലുള്ള ഈ വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തവരാണ് പലരും. അതുകൊണ്ടുതന്നെ ആത്മീയതയെ  പൂര്‍ണമായും അവഗണിച്ച് ഭൗതിക നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്നു. മനസ്സ് സ്നേഹവും കാരുണ്യവും അനുകമ്പയും അന്യം നിന്ന മരുഭൂമിയായി മാറാനുള്ള കാരണവും അതുതന്നെ.
ഇസ്ലാം ആവശ്യപ്പെടുന്ന പോലെ മുഴുവന്‍ ജീവിതമേഖലകളും ആത്മീയതയാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മാത്രമേ മനസ്സ് ശാന്തവും വ്യക്തിജീവിതം വിശുദ്ധവും കുടുംബം സംതൃപ്തവും സമൂഹം സുരക്ഷിതവും നാട് സാമൂഹികനീതി പുലരുന്നതുമാവുകയുള്ളൂ. ഇതിനൊക്കെയും വേണ്ടിയുള്ള ശ്രമത്തിലൂടെയാണല്ലോ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭ്യമാവുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media