എല്ലാ വര്‍ഷവും വയോജനങ്ങള്‍ക്കായി ഒരു ദിനം മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബറിലെ ആ ദിനം വാര്‍ത്താ മാധ്യമങ്ങളും സംഘടനകളും സര്‍ക്കാറും, വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും അവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. വൃദ്ധജന ക്ഷേമത്തിനായി പദ്ധതികള്‍ പലതുമുണ്ട്. അപ്പോഴും വൃദ്ധസദനത്തിലേക്കു തള്ളപ്പെടുന്ന മാതാപിതാക്കളുടെ നിലവിളികള്‍ ഏറുകയാണ്. മക്കള്‍ക്കുവേണ്ടി പണിയെടുത്ത് കൈകള്‍ കുഴഞ്ഞും, അവര്‍ക്കായി നടന്നു കാലുകള്‍ തളര്‍ന്നും കഴിയുന്ന തലമുറയും നമ്മുടെ ഇടയിലുണ്ട്. ആവതു ചെയ്യുമെന്നും ഇനിയും രണ്ടാം ബാല്യത്തിന് വകയുണ്ടെന്നും പറഞ്ഞു സമയത്തെയും കാലത്തെയും വരുതിയിലാക്കിയവരും നമുക്കിടയിലുണ്ട്.
വാര്‍ധക്യത്തിന്റെ വിഹ്വലതകള്ക്കപ്പുറം രചനാത്മകമായ പരിപാടികളും പദ്ധതികളും കാലം അവരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരേ മനസ്സുള്ളവര്‍ക്ക് ഒന്നിക്കാനും ഒന്നിച്ചുകൂടാനും വേദികളാവശ്യമാണ്. എങ്ങനെ പെരുമാറണം, എന്തു ചെയ്യണം, ആരോഗ്യപരിപാലനം എങ്ങനെയായിരിക്കണം എന്നെല്ലാമുള്ള അന്വേഷണത്തിനുള്ള മറുപടിയാണ് ഈ ലക്കം ആരാമം.
നല്ല നീക്കിയിരിപ്പുകള്‍ക്കായി കാലത്തോടൊപ്പം സഞ്ചരിക്കുന്ന ചിലരും ആരാമത്തോട് മനസ്സു തുറക്കുന്നു.
ഇസ്ലാമിക പ്രസ്ഥാനം ബഹുദൂരം സഞ്ചരിക്കുമ്പോള്‍ അതിനോട് തോള് ചേര്‍ന്ന് സഞ്ചരിച്ച വനിതാ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയ പ്രവര്‍ത്തക അവരുടെ സ്വപ്നങ്ങളും പ്രവര്‍ത്തന രീതിയും കൂടി പങ്കുവെക്കുന്നുണ്ട്.