മക്കള്‍ മൂന്നു പേരെയും സ്‌കൂളില്‍ പറഞ്ഞ് വിട്ട് ഭക്ഷണവും കഴിച്ച് അല്‍പം വിശ്രമിച്ചതിനു ശേഷം അടുക്കള ജോലിയുടെ രണ്ടാം ഘട്ടത്തിലാണ് സജ്‌ന. മീന്‍ മുറിക്കണം, തേങ്ങ ചിരവണം, കറിക്കുള്ള പച്ചക്കറികള്‍ അരിയണം. വെള്ളത്തില്‍ കിടക്കുന്ന മീന്‍ എടുത്ത് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് ഉമ്മയുടെ നീട്ടിയ വിളി. കൈ കഴുകി അവള്‍ ഉമ്മയുടെ മുറിയിലെത്തി. കിടക്കയില്‍ മലര്‍ന്നു കിടന്ന് അന്നത്തെ പത്രം അരിച്ചുപൊറുക്കി വായിക്കുകയാണ് റസിയുമ്മ.
എന്തേ വിളിച്ചത്?
ആരാ മോളെ നേരത്തെ വന്നത്?
എന്റെ ഉമ്മാ ഇത് ചോദിക്കാനാണോ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന എന്നെ വിളിച്ചത്. സജ്‌ന തലയില്‍ കൈവെച്ചു. ഞാന്‍ വിചാരിച്ചു, വല്ല കാര്യത്തിനും ആയിരിക്കുമെന്ന്. ഇവിടെ വരുന്നവരൊക്കെ ആരാ, എന്താ എന്നൊക്കെ അറിയണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?
റസിയുമ്മയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തവളാണ് സജ്‌ന. കല്യാണം കഴിപ്പിച്ചത് അടുത്തുള്ള വീട്ടിലേക്ക്. ഭര്‍ത്താവ് ജോലി ചെയ്യുന്നത് ദൂരനാട്ടിലും. ഭര്‍ത്താവ് വീട്ടിലില്ലാത്ത മിക്ക ദിവസങ്ങളിലും അവള്‍ സ്വന്തം വീട്ടില്‍ ഉമ്മയോടൊപ്പമാണ്. ഉമ്മ തനിച്ചല്ലേ, കൂട്ടിന് ആരും ഇല്ലല്ലോ എന്ന് പറഞ്ഞു ഓടിയെത്തും. ഉമ്മയോട് വലിയ സ്‌നേഹമാണ്, എങ്കിലും മറ്റു കാര്യങ്ങളില്‍ ഇടപെടുന്നതോ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതോ ഇഷ്ടപ്പെടാറില്ല. എന്നാല്‍ റസിയുമ്മ ചിന്തിക്കുന്നത് ഇത് എന്റെ വീട്, എന്റെ മക്കള്‍; അവരുടെ എല്ലാ കാര്യങ്ങളിലും അന്വേഷിക്കാനും ഇടപെടാനുമുള്ള അധികാരം തനിക്കില്ലേ എന്നാണ്.
44 വര്‍ഷം മുമ്പ് ജമീലയുടെയും കരീമിന്റെയും മകന്‍ റഷീദിന്റെ ഭാര്യയായി ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ എല്ലാ അധികാരവും ഉമ്മയും ഉപ്പയും സ്‌നേഹത്തോടെ തന്നിലേല്‍പിക്കുകയായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായിട്ടുള്ള മക്കളുടെ വാക്കുകള്‍, പ്രവൃത്തികള്‍, താക്കീതുകള്‍ മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാതെ തന്റേതായ സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളും പോലും പ്രകടിപ്പിക്കാതെ ഒതുങ്ങി ജീവിച്ചാല്‍ മതി എന്ന് ഓര്‍മിപ്പിക്കുന്നു.
രണ്ട് മാസങ്ങള്‍ക്കു മുമ്പായിരുന്നു അയല്‍വാസിയും സഹപാഠിയുമായ വാസന്തിയുടെ രണ്ടാമത്തെ മകളുടെ കല്യാണം. കൂടെ പഠിച്ച വാസന്തി കുറച്ച് വര്‍ഷം മുമ്പാണ് തന്റെ വീടിന്റെ മൂന്നു വീടുകള്‍ക്ക് അപ്പുറത്തായി താമസം തുടങ്ങുന്നത്. സ്‌കൂള്‍ ജീവിതത്തിന് ശേഷം നിലച്ചുപോയ പഴയ സൗഹൃദം പുതുക്കിക്കൊണ്ട് അവളുമായി കൂടുതല്‍ അടുത്തു. ഇതുവഴി പോകുമ്പോഴൊക്കെ കാണും സംസാരിക്കും. മകളുടെ കല്യാണത്തിന് വിളിക്കാന്‍ ഭര്‍ത്താവും ചേര്‍ന്നാണ് വന്നത്. വരാതിരിക്കരുത്, എന്റെ മൂത്ത മകന്റെ കല്യാണത്തിന് നീ വന്നില്ല. ഇതിന് തീര്‍ച്ചയായും വരണം. വാസന്തി തന്റെ കൈയില്‍ പിടിച്ചുകൊണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ പോകണം എന്ന് തന്നെ ആഗ്രഹിച്ചു.
ഉമ്മാ, ഉമ്മാക്ക് പ്രായമായി. കല്യാണത്തിന് നല്ല ആളും തിരക്കുമൊക്കെ ആയിരിക്കും. അതിനിടയില്‍ വയ്യാതെ ബുദ്ധിമുട്ടിയിട്ടൊക്കെ പോകേണ്ട ആവശ്യമെന്താ? ഇത്രയും കാലം കുറെ കല്യാണത്തിന് കൂടിയില്ലേ. ഇത്രയും കാലം കൂടിയത് വാസന്തിയുടെ മകളുടെ കല്യാണത്തിന് അല്ലല്ലോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
അവള്‍ എന്നെ ഇവിടം വരെ വന്നു വിളിച്ചതല്ലേ. മൂത്ത മകന്റെ കല്യാണത്തിന് മുംതാസ് പ്രസവിച്ചു കിടക്കുന്നതുകൊണ്ട് പോകാന്‍ പറ്റിയില്ല. ഇതിന് എന്തായാലും വരാതിരിക്കരുത് എന്ന് അവള്‍ നിര്‍ബന്ധം പറഞ്ഞതാ. വിളിക്കലും നിര്‍ബന്ധിക്കലുമൊക്കെ സാധാരണയാണ്. എന്ന് കരുതി വിളിക്കുന്നിടത്തൊക്കെ പോകാന്‍ പറ്റുമോ. റസിയുമ്മയുടെ മറ്റ് മക്കളായ മുംതാസിനോടും ഷാഹിനയോടും സജ്‌ന ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ എതിര്‍പ്പ് കൂടി ഉറപ്പു വരുത്തി ഉമ്മയെ ബോധിപ്പിച്ചു. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തന്റെ ചെറിയ ആഗ്രഹത്തിന് വിലക്ക് വീണപ്പോള്‍ ഉമ്മയുടെ മനസ്സിനുണ്ടായ വലിയ മുറിവ് മക്കള്‍ അറിഞ്ഞില്ല.
65 വയസ്സായ റസിയുമ്മ തനിക്കു പ്രായമായി എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. മൂന്നു പെണ്‍മക്കളെക്കാളും വേഗത്തിലും വൃത്തിയിലും വീട്ടുജോലികള്‍ ചെയ്യാനുള്ള ചുറുചുറുക്കും ആരോഗ്യവും റസിയുമ്മക്കുണ്ട്. രാവിലെ ബാത്‌റൂമില്‍ ഒന്ന് വീണു. വീഴ്ചയില്‍ ശരീരത്തെ മൊത്തം ബാധിച്ച വേദനയില്‍ ജോലി ചെയ്യാന്‍ പറ്റാതെ വിശ്രമത്തിലാണ്. ഉമ്മാക്ക് പനിയോ നടുവേദനയോ അങ്ങനെ വല്ല അസുഖങ്ങളും വന്നാല്‍ ജോലിയൊന്നും ചെയ്യാതെ വിശ്രമിക്കാന്‍ സജ്‌ന തന്നെ പറഞ്ഞു വിടും. വേദനക്കുള്ള മരുന്ന് പുരട്ടിെക്കാടുക്കും. ഇടയ്ക്കിടെ ഉമ്മയെ വന്നു നോക്കും. എന്നാല്‍, എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നതിന്റെ ദേഷ്യവും സങ്കടവും സജ്‌നയുടെ വാക്കുകളിലൂടെ ഇടയ്ക്കിടെ പ്രകടമാവുകയും ചെയ്യും.
റസിയുമ്മ വേദനിക്കുന്ന ശരീരവുമായി പതുക്കെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു. നീണ്ട് ഇടതൂര്‍ന്ന് കിടക്കുന്ന മുടി പകുതിയും നരച്ചിരിക്കുന്നു. ഏഴെട്ട് വര്‍ഷം മുമ്പ് തന്റെ തലയില്‍ ആദ്യമായി വെളുത്ത മുടി കണ്ടത് സജ്‌ന തന്നെയായിരുന്നു.
ഉമ്മയുടെ തലയില്‍ നരച്ച മുടി. സംസാരിച്ചുകൊണ്ടിരിക്കെ തലയിലേക്ക് നോക്കി അവളത് പറഞ്ഞപ്പോള്‍ സമ്മതിച്ചു കൊടുത്തില്ല.
പോടീ, എന്റെ മുടിയൊന്നും നരച്ചിട്ടില്ല.
ആ, എന്നാ പോയി കണ്ണാടി നോക്ക് അവള്‍ തന്നോട് അല്‍പംകൂടി ചേര്‍ന്നിരുന്നു മുടിയിലേക്ക് സൂക്ഷിച്ചുനോക്കി. അള്ളാ, രണ്ടുമൂന്ന് സ്ഥലത്തുണ്ട്, ഉമ്മാക്ക് വയസ്സായി. അവള്‍ മുടികള്‍ക്കിടയിലൂടെ വിരലോടിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി.
ഓ അതിനിപ്പം എന്താ, മുടി നരക്കാന്‍ വയസ്സൊന്നും ആവണ്ട. എന്നെക്കാള്‍ ആറു വയസ്സിനു ഇളയതല്ലേ നിന്റെ ജുമൈല അമ്മായി. അവരുടെ മുടി എപ്പോഴേ നരച്ചു.
മകള്‍ എഴുന്നേറ്റ് പോയതിനുശേഷം കണ്ണാടിയുടെ മുന്നില്‍ ചെന്നു നിന്നു. അവിടവിടെയായി വെളുത്ത മുടികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു.
ഒരിക്കല്‍ തന്റെ മുടിയിലേക്ക് നോക്കി ഷാഹിന ചോദിച്ചു: ഈ പ്രായത്തിലും ഉമ്മാക്ക് എന്തൊരു മുടിയാ, ഞങ്ങള്‍ക്കാര്‍ക്കും ഉമ്മാന്റെ പകുതി മുടി പോലും കിട്ടിയിട്ടില്ല. നിങ്ങളെപ്പോലെ കണ്ണില്‍ക്കണ്ട എണ്ണയൊന്നുമല്ല ഞങ്ങള്‍ വാങ്ങി തേക്കാറുണ്ടായിരുന്നത്. വെളിച്ചെണ്ണയും സ്വന്തം വീട്ടുമുറ്റത്തുള്ള ചെമ്പരത്തിയും താളിയുമൊക്കെയാ. നിങ്ങളൊക്കെ മടിയന്മാരല്ലേ, മെനക്കെടാന്‍ വയ്യല്ലോ.
50 വയസ്സ് വരെ കണ്ണിന് ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പിന്നീട് ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയപ്പോഴാണ് കണ്ണട വെച്ച് തുടങ്ങിയത്. ഒരു ദിവസം കണ്ണട വെച്ച് എന്തോ വായിക്കുന്നതിനിടയില്‍ കയറിവന്ന അനുജന്‍ കളിയാക്കി:
ഓ ഇത്താത്ത കണ്ണടയൊക്കെ വെച്ച് തുടങ്ങിയോ, കണ്ണൊന്നും കാണാതായി. വയസ്സായി അല്ലേ?
പോടാ അവിടുന്ന്, കണ്ണട വെക്കാന്‍ വയസ്സാവണോ, ഇപ്പോഴത്തെ ചെറിയ പിള്ളേര് പോലും കണ്ണട വെക്കുന്നു. നിന്റെ ഭാര്യ കണ്ണട വെക്കുന്നത് വയസ്സായിട്ടാണോ?
ഓ, വയസ്സായാലും വയസ്സായെന്ന് സമ്മതിക്കാന്‍ പറ്റില്ല അല്ലേ.
നാല്‍പത്തി മൂന്നാം വയസ്സില്‍ തനിക്ക് ആദ്യമായി പേരക്കുട്ടി പിറന്നപ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ കളിയാക്കല്‍. ഉമ്മാമയായീന്നുള്ള ബോധം വേണം കേട്ടോ, നീയിനി വയസ്സമ്മാരുടെ ലിസ്റ്റിലായി. നിന്റെ പിള്ളേര് കളിയൊക്കെ നിര്‍ത്തിക്കോ.
ഒന്ന് പോയേ, ഉമ്മാമ്മ ആയെന്ന് കരുതി എന്നെ അങ്ങനെ വയസ്സത്തി ആക്കേണ്ട. നിങ്ങളെന്നെ ചെറിയ വയസ്സിലേ കല്യാണം കഴിച്ചത് കൊണ്ടല്ലെ. കൂടെ പഠിച്ച പലരുടെയും മക്കള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടത്രേ.
മുടി നരച്ചപ്പോഴും കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോഴും ഉമ്മാമ ആയപ്പോഴും ശരീരത്തിലെ ഓരോ അവയവങ്ങളും പ്രായമായതിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയപ്പോഴും പ്രായമായി എന്ന് വിശ്വസിക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ മക്കളുടെ വാക്കുകള്‍ അതോര്‍മിപ്പിക്കുന്നു.
മുംതാസും കുട്ടികളും വന്ന ഒരു ദിവസം മകന്‍ ഹാതിബ് ഉമ്മാമയോടോ ഉപ്പാപ്പയോടോ അധികം സംസാരിക്കാതെ, മറ്റ് കളികളിലൊന്നും ഏര്‍പെടാതെ കൂടുതല്‍ സമയം ഫോണില്‍ തന്നെ കളിക്കുന്നത് കണ്ടു ഉമ്മാമയുടെ അധികാരത്തോടെ സ്‌നേഹത്തില്‍ ശാസിച്ചപ്പോള്‍ മുംതാസിന്റെ മറുപടി:
ഉമ്മ ജീവിച്ച കാലഘട്ടമൊന്നുമല്ല ഇന്ന്. കുട്ടികളുടെ ലോകം എന്ന് പറയുന്നത് ഇപ്പോ ഇതൊക്കെ തന്നെയാ. സ്‌കൂളും ടീച്ചേഴ്‌സും ഫ്രണ്ട്‌സും ഒക്കെ ഇതില്‍ തന്നെയാണ്.
മുംതാസിന്റെ വാക്കുകളോട് സജ്‌നയും കൂട്ടിച്ചേര്‍ത്തു. ഉമ്മാക്ക് പറഞ്ഞാല്‍ മനസ്സിലാവണ്ടേ, ആവശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. തന്റെ ഉമ്മയുടെ സ്‌നേഹത്തിലും ലാളനയിലും ശാസനയിലും ശിക്ഷണത്തിലും വളര്‍ന്ന തന്റെ മക്കളെ കുറിച്ച് ഓര്‍ത്തു. ശാസിക്കാന്‍, തെറ്റുകള്‍ തിരുത്താന്‍, ഉപദേശിക്കാന്‍ ഉമ്മാമ കൂടെ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു.
പെരുന്നാളിന്റെ തലേന്ന് സജ്‌നയും മക്കളും കൈയില്‍ മൈലാഞ്ചിയിട്ടു. ആങ്ങളയുടെ മക്കളും എത്തി. എല്ലാവരും ഇടുന്നത് കണ്ടപ്പോള്‍ തനിക്കും ആഗ്രഹം. നന്നായി മൈലാഞ്ചിയിടാന്‍ അറിയാവുന്ന ആങ്ങളയുടെ മകള്‍ മാജിദയുടെ നേര്‍ക്ക് കൈ കാണിച്ചു.
ഓ, വയസ്സാംകാലത്ത് എന്തൊക്കെ പൂതിയാ, ഒന്ന് പോയേ, മാജി പോകും മുമ്പ് എന്റെ കൈയില്‍ കൂടി ഇടീക്കാനുള്ളതാ. സജ്‌നയില്‍നിന്ന് അങ്ങനെയൊരു പ്രതികരണം ഉണ്ടായപ്പോള്‍ നീട്ടിയ കൈ പതുക്കെ പിന്‍വലിച്ചു.
കൈ നിറയെ മൈലാഞ്ചിയിടാന്‍ എന്നും കൊതിയായിരുന്നു. കുട്ടികളും വീട്ടു ജോലികളുമൊക്കെയായി മൈലാഞ്ചി ഇട്ടിരിക്കാന്‍ സമയം കിട്ടാറില്ല. പെരുന്നാളും കുടുംബത്തില്‍ കല്യാണവുമൊക്കെ വരുമ്പോള്‍ മക്കള്‍ പിന്നാലെ കൂടും.
ഉമ്മച്ചി, ഉമ്മച്ചിയുടെ കൈയില്‍ മൈലാഞ്ചിയിട്ടു തരട്ടെ, ഇവിടെ ഇരിക്കൂ.
അതെ, ഉമ്മച്ചിയുടെ കൈയില്‍ മൈലാഞ്ചിയിട്ടാല്‍ നല്ല ഭംഗിയുണ്ടാകും.
ഇപ്പോള്‍ സമയമില്ല മക്കളേ, ഉമ്മച്ചിക്ക് ഒരുപാട് പണിയുണ്ട്. മക്കള്‍ നിര്‍ബന്ധിച്ചപ്പോഴൊക്കെ അതായിരുന്നു മറുപടി. ഇപ്പോള്‍ ഇടാനായി ഒരുങ്ങിയപ്പോള്‍ പ്രായം കഴിഞ്ഞെന്ന്. മൈലാഞ്ചിയിടാന്‍ പ്രായപരിധിയുണ്ടോ? റസിയുമ്മ ആലോചിച്ചു.
വല്യുമ്മച്ചി കണ്ണാടിയില്‍ സൗന്ദര്യം നോക്കുകയാണോ? കൊച്ചുമകളുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. വലിയുമ്മച്ചിക്ക് വയസ്സായി, അല്ലെ മോളേ, അത് ഇപ്പോഴാണോ മനസ്സിലാകുന്നത് എന്ന് ചോദിച്ചുകൊണ്ട് അവള്‍ കുടുകുടെ ചിരിച്ചു.
രാത്രി ഭര്‍ത്താവ് വന്നപ്പോള്‍ കൈയിലുണ്ടായിരുന്ന പൊതി റസിയുമ്മക്ക് നേരെ നീട്ടി. തുറന്നു നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള കുഞ്ഞുടുപ്പ്.
ഞാന്‍ പറഞ്ഞില്ലേ എന്റെ കടയുടെ അടുത്ത് പുതിയൊരു ഷോപ്പ് തുടങ്ങിയത്, അവിടെ വെറുതെ ഒന്ന് കയറി നോക്കിയതാ, ഈ ഉടുപ്പ് കണ്ടപ്പോള്‍ നല്ല ഭംഗി തോന്നി. എന്തായാലും ഹജ്ജ് പെരുന്നാള്‍ ആവാറായില്ലേ, ഉമ്മാമയുടെ വക കൊച്ചുമോള്‍ക്ക് കൊടുത്തേക്ക്.
സജ്‌നയുടെ മകള്‍ക്ക് മാത്രമായിട്ട് കൊടുക്കുന്നത് എങ്ങനെയാ ഇക്കാ? മുംതാസും ഷാഹിനയും ഒക്കെ അറിഞ്ഞാല്‍? അതൊന്നും കുഴപ്പമില്ല. സജ്‌നയല്ലേ നമ്മുടെ കൂടെ എപ്പോഴും ഉള്ളത്. മാത്രമല്ല, സജ്‌നയുടെ എല്ലാ മക്കള്‍ക്കുമൊന്നും കൊടുക്കുന്നില്ലല്ലോ. ഇവള്‍ കുഞ്ഞല്ലേ. റസിയുമ്മ ചിരിച്ചുകൊണ്ട് ഉടുപ്പ് തിരിച്ചും മറിച്ചും നോക്കി. ദേ നിനക്കും ഉണ്ട് നോക്കിയേ, എനിക്കോ എന്താ?
തുറന്നു നോക്ക്. അയാള്‍ പതിവ് ചിരി ചിരിച്ചുകൊണ്ട് പൊതി നീട്ടി. നീലയില്‍ നിറയെ ചെറിയ ചുവന്ന പൂക്കളുള്ള അതിമനോഹരമായ സാരി. കാണുമ്പോഴേ അറിയാം, നല്ല വില കൂടുതലുള്ള സാരിയാണെന്ന്. ആര്‍ക്കു വാങ്ങിയതാ?
നിനക്ക് തന്നെ, അല്ലാതെ വേറെ ആര്‍ക്കാ?
ഇതിന് നല്ല വില കാണില്ലേ? എനിക്കെന്തിനാ ഇത്രയും നല്ലത്? അതുകൊണ്ടെന്താ നല്ലത് നിനക്ക് ഉടുക്കാന്‍ പാടില്ലേ, വേണ്ട ഇക്കാ, ഇതൊക്കെ ഉടുക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ.
നീയൊന്നു മിണ്ടാതിരുന്നേ, ഇത് ഉടുത്താലുണ്ടല്ലോ, നീയങ്ങ് തിളങ്ങും. പാതി നിവര്‍ത്തിയ സാരി അയാള്‍ അവളുടെ ശരീരത്തോട് ചേര്‍ത്തുവെച്ചു.
നിനക്ക് നല്ല ചേര്‍ച്ചയുള്ള കളര്‍ നോക്കി എടുത്തതാണ്. പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ ഇരിക്കുന്ന അവളുടെ മുഖത്തേക്ക് അയാള്‍ അത്ഭുതത്തോടെ നോക്കി. സാധാരണ എന്തെങ്കിലും സമ്മാനിക്കുമ്പോള്‍ ഉള്ള സന്തോഷം മുഖത്ത് കാണാനില്ല. അവളെ പ്രശംസിക്കുമ്പോഴുള്ള വിടര്‍ന്ന ചിരിയുമില്ല. നിനക്കിതെന്തു പറ്റി? ഒന്നുമില്ല ഇക്കാ, ഇത് മക്കള്‍ ആരെങ്കിലും ഉടുത്തോട്ടെ. എനിക്കിനി ഇതൊന്നും ചേരില്ല. എന്തേ ഇങ്ങനെ തോന്നാന്‍?
ഞാന്‍ ഇതൊക്കെ ഉടുക്കേണ്ട സമയം കഴിഞ്ഞില്ലേ? വെറുതെ എന്തിനാ എല്ലാവര്‍ക്കും പറയാനും കളിയാക്കാനുമൊക്കെ, അയാളുടെ മുഖത്ത് നോക്കാതെയാണ് റസിയുമ്മ പറഞ്ഞത്.
സാരി മടക്കി കവറിലേക്ക് വെക്കുമ്പോള്‍ എന്തൊക്കെയോ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദനയായിരുന്നു.