കരയിപ്പിക്കല്ലേ, മാതാപിതാക്കളെ
എ. ജമീല ടീച്ചര്‍
ആഗസ്റ്റ് 2023
സ്നേഹപരിലാളനകളുടെ കൊണ്ടുകൊടുക്കലിലൂടെയാണ് മക്കളില്‍ സല്‍സ്വഭാവം
വളര്‍ന്നു വരേണ്ടത്.
ഒളിച്ചോടിപ്പോയ മകളുടെ വസ്ത്രങ്ങള്‍ ഒന്നിച്ച് കൂട്ടിയിട്ട് കത്തിക്കുന്നു. എന്നിട്ട്, അത് കണ്ട് സ്വയം പൊട്ടിച്ചിരിച്ചാഹ്ലാദിക്കുന്നു. ഇങ്ങനെയുള്ള ഒരു പിതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പലരും കണ്ടിരിക്കാം. കുഞ്ഞുനാള്‍ മുതല്‍ സ്നേഹിച്ചും ലാളിച്ചും പോറ്റിയ മകള്‍ തങ്ങളുടെ ചിറിയില്‍ തോണ്ടി ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. അതിലുണ്ടായ തീവ്രമായ ദുഃഖമായിരിക്കാം ആ പിതാവിനെ മനോനില തെറ്റിയവനെപ്പോലെ പെരുമാറാന്‍ പ്രേരിപ്പിച്ചത്. ഇനി അങ്ങനെ ഒരു മകള്‍ ഞങ്ങള്‍ക്ക് വേണ്ട എന്നതായിരിക്കാം അതുള്‍ക്കൊള്ളുന്ന സന്ദേശം. പക്ഷേ, എത്ര തന്നെ ശ്രമിച്ചാലും മനസ്സില്‍നിന്ന് അവളെ പറിച്ചെറിയാന്‍ ആ മാതാപിതാക്കള്‍ക്ക് സാധിക്കണമെന്നില്ല.
അത്രമേല്‍ സ്നേഹ വാത്സല്യങ്ങള്‍ നല്‍കിയായിരിക്കാമല്ലോ അവരവളെ പോറ്റിവളര്‍ത്തിയത്. കുഞ്ഞുനാളിലുള്ള അവളുടെ കളിയും ചിരിയും കൊണ്ട് അവളുടെ ഓരോ നെടു നിശ്വാസങ്ങളും ആ വീട്ടിനകത്ത് തളം കെട്ടിനില്‍ക്കുന്നുണ്ടാവും. ഇന്നവയെല്ലാം അവരെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ തോന്നുമവര്‍ക്ക്. എത്ര നിര്‍ഭാഗ്യവാന്മാരായ മാതാപിതാക്കള്‍! ഇന്ന് മിക്കവാറും ഇത്തരം ക്രൂരതകളാണ് കൗമാര യൗവനങ്ങള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് സമ്മാനിക്കുന്നത്. ഇതൊരു വശമാണെങ്കില്‍ മറുവശത്ത് ലഹരി പദാര്‍ഥങ്ങളുടെ അമിതമായ കടന്ന് കയറ്റം ഇളം തലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ടിയിരിക്കുന്നു. അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസിലും പഠിക്കുന്ന ബാലികാ ബാലന്മാര്‍ വരെ ഇത്തരം ചതിക്കുഴികളില്‍ പെട്ടുപോകുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ലഹരി നുണയുന്നതില്‍ യാതൊരു സങ്കോചവും ആര്‍ക്കുമില്ല. ഉപദേശത്തിന്റെയും നിര്‍ദേശത്തിന്റെയും കുറവ് ഒരിക്കലുമില്ല. ലഹരിക്കെതിരെയുള്ള സെമിനാറുകളും കണ്‍വെന്‍ഷനുകളുമെല്ലാം നാട്ടില്‍ എമ്പാടും നടക്കുന്നുണ്ട്. പക്ഷേ, ആരുടെയും മനസ്സിനകത്തേക്ക് ഊളിയിട്ടിറങ്ങാന്‍ ആര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ലല്ലോ.
ലഹരിയില്‍ ബുദ്ധി പണയം വെക്കുന്ന ന്യൂജെന്‍ തലമുറക്ക് ആരോടാണ് പ്രതിബദ്ധതയുണ്ടാവുക?
ഇസ്ലാം എത്ര മനോഹരമായിട്ടാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ വര്‍ണിച്ചിരിക്കുന്നതെന്ന് നോക്കുക:
''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു : അവനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ ആരാധന ചെയ്യരുത്, മാതാപിതാക്കളെ ഭംഗിയായി പരിചരിച്ച് കൊള്ളണമെന്നും. നിന്റെയടുക്കല്‍ അവരില്‍ ഒരാളോ രണ്ട് പേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍ നീ അവരോട് 'ഛെ' എന്ന് പോലും പറയരുത്. കയര്‍ത്ത് സംസാരിക്കുകയുമരുത്. ആദരവോടെ വേണം സംസാരിക്കാന്‍. അവരെ കാരുണ്യത്താലുള്ള എളിമയുടെ ചിറകിലൊതുക്കി ശുശ്രൂഷിക്കണം. പ്രാര്‍ഥിക്കുകയും ചെയ്യണം. വിധാതാവേ, എന്റെ കുഞ്ഞുനാളില്‍ ഇവരെന്നെ സ്നേഹവാത്സല്യത്തോടെ പരിപാലിച്ചപോലെ നീ ഇവരില്‍ കാരുണ്യം ചൊരിയേണമേ' (വി.ഖു 17: 23,24).
അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണമെന്ന് കല്‍പ്പിച്ച ഉടനെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് കല്‍പിക്കുന്നു. ദൈവത്തോടുള്ള കടപ്പാട് കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറെ കടപ്പെട്ടിട്ടുള്ളത് മാതാപിതാക്കളോടാണ്, മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും അവരുടെ അവശകാലത്ത് സ്നേഹാദരവുകളോടെ ശുശ്രൂഷിച്ച് കൊണ്ടുമാണ് അവരോടുള്ള കടപ്പാടുകള്‍ മക്കള്‍ പൂര്‍ത്തിയാക്കേണ്ടത്; തങ്ങളുടെ കുഞ്ഞുപ്രായത്തില്‍ മാതാപിതാക്കള്‍ തങ്ങളെ സ്നേഹിച്ച് പോറ്റിയത് മക്കള്‍ അനുസ്മരിക്കുകയും വേണം. മാതാപിതാക്കള്‍ക്ക് കാരുണ്യം ചൊരിയാന്‍ മക്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇവിടെ സ്നേഹപരിലാളനകളുടെ ഒരു കൊണ്ടു കൊടുക്കല്‍ നടക്കുകയാണ്. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍നിന്ന് മക്കള്‍ക്ക്, പിന്നീട് മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ മക്കളില്‍നിന്ന് അവര്‍ക്ക്. ഈ കൊണ്ടുകൊടുക്കലിലൂടെയാണ് മക്കളില്‍ സല്‍സ്വഭാവം വളര്‍ന്നു വരേണ്ടത്. സൃഷ്ടികള്‍ക്ക് സംസ്‌കാരം പകരാന്‍ ഏറ്റവും നല്ല പാഠശാല മാതാവിന്റെ മടിത്തട്ടാണെന്ന് ഒരു അറബി കവി പാടുകയുണ്ടായി.
മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടിയാണത്. മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ വചനത്തെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി(റ) ഇപ്രകാരം വിശദീകരിക്കുന്നു: 'നിശ്ചയം മനുഷ്യന്റെ അസ്തിത്വത്തിന്റെ യഥാര്‍ഥ കാരണം അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. ബാഹ്യമായ കാരണം മാതാപിതാക്കളും. അപ്പോള്‍ യഥാര്‍ഥ കാരണക്കാരനായ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ കല്‍പിച്ച ശേഷം അതിനെ തുടര്‍ന്ന് ബാഹ്യകാരണമായ മാതാപിതാക്കള്‍ക്ക് നന്മ ചെയ്ത് കൊണ്ട് ആദരിക്കാന്‍ കല്‍പിച്ചു.'
ജനിക്കുന്ന സന്ദര്‍ഭത്തില്‍ വളരെയധികം ദുര്‍ബലനും അശക്തനുമാണ് മനുഷ്യന്‍. ഈ സന്ദര്‍ഭത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന അനുഗ്രഹങ്ങള്‍ വളരെ മഹത്തരമാണ്. മനുഷ്യക്കുഞ്ഞ് മൃഗത്തിന്റെ കുഞ്ഞിനേക്കാള്‍ അശക്തനാണ്. ആ സന്ദര്‍ഭത്തില്‍ മാതാപിതാക്കളുടെ സഹായമില്ലാതെ അവന് നിലനില്‍പുണ്ടാവില്ല. അല്ലെങ്കില്‍ സംരക്ഷണം നല്‍കാന്‍ മറ്റു കൈകള്‍ അവന് ആവശ്യമാണ്. അവരും മാതാപിതാക്കളുടെ സ്ഥാനത്ത് നില്‍ക്കുന്നു. നബി(സ) പറഞ്ഞതായി ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അബ്ദുല്ലാഹിബ്നു അംറുബ്നില്‍ ആസ്വ് (റ) നിവേദനം. ഒരാള്‍ വന്ന് നബി(സ)യോട് യുദ്ധത്തിന് പോകാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ നബി(സ) അയാളോട് നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. 'അതേ' എന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. 'എങ്കില്‍ അവരുടെ നന്മക്കു വേണ്ടി നീ സേവനം ചെയ്യുക. അതാണ് നിന്റെ യുദ്ധം.' (ബുഖാരി, മുസ്ലിം).
മക്കള്‍ മൂലം മാതാപിതാക്കള്‍ കരയാന്‍ ഇടവരരുതെന്ന് ഇസ്ലാമിന് നിര്‍ബന്ധമാണ്. അബ്ദുല്ല (റ) യില്‍ നിന്ന നിവേദനം. ഒരാള്‍ നബി(സ)യുടെ അരികില്‍ വന്ന് ഇപ്രകാരം പറഞ്ഞു: 'ഞാന്‍ ഹിജ്റ പുറപ്പെടാന്‍ താങ്കളോട് പ്രതിജ്ഞ ചെയ്യാന്‍ വന്നിരിക്കയാണ്. എന്റെ മാതാപിതാക്കളെ കരയുന്ന നിലയിലാണ് ഞാന്‍ വിട്ട് പോന്നിരിക്കുന്നത്.' അപ്പോള്‍ നബി (സ) പറഞ്ഞു: 'നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോവുക, എന്നിട്ട് നീ അവരെ ചിരിപ്പിക്കുക. നീ അവരെ കരയിച്ചത് പോലെ' (അബൂദാവൂദ്).
പരിശുദ്ധ ഖുര്‍ആന്‍ മാതാവിനും പിതാവിനും നന്മ ചെയ്യാന്‍ കല്‍പിക്കുന്നുണ്ട്. എങ്കിലും മാതാവിനാണ് പിതാവിനേക്കാള്‍ മുന്‍ഗണന കല്‍പിക്കുന്നത്. ഖുര്‍ആനില്‍ മാതാവിന്റെ പ്രയാസം പ്രത്യേകം പരിഗണിക്കുന്നുണ്ട്.
''മനുഷ്യരോട് അവന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നന്മ ചെയ്യാന്‍ ഞാന്‍ അനുശാസിച്ചിരിക്കുന്നു. ക്ഷീണത്തിന് മേല്‍ ക്ഷീണം സഹിച്ചുകൊണ്ട് അവന്റെ മാതാവ് അവനെ ഗര്‍ഭം ധരിച്ചു. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ട് വര്‍ഷം കഴിഞ്ഞിട്ടുമാണ്.'(ലുഖ്മാന്‍ 14)
ഒരാള്‍ നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളില്‍ ആരാണ് എന്റെ നല്ല സഹവാസം ലഭിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടത്?' നബി (സ) പറഞ്ഞു: നിന്റെ മാതാവ്. അയാള്‍: പിന്നെ ആര്‍ക്കാണ്? നബി (സ): നിന്റെ മാതാവ്. അയാള്‍: പിന്നെ ആരാണ്? അയാള്‍: നിന്റെ പിതാവ്. (ബുഖാരി, മുസ്ലിം)
മാതാപിതാക്കള്‍ അമുസ്ലിംകളാണെങ്കില്‍ അവര്‍ക്ക് മക്കള്‍ നന്മ ചെയ്യണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു:
''നിനക്ക് അറിവില്ലാത്തത് എന്നോട് പങ്ക് ചേര്‍ക്കുവാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ നീ അനുസരിക്കരുത്. എന്നാല്‍ നല്ല നിലയില്‍ ഇരുവരോടും നീ ഭൗതിക ലോകത്ത് സഹവസിച്ച് കൊള്ളുക' (ലുഖ്മാന്‍ 15).
ഇതുപോലെ മാതാപിതാക്കള്‍ക്ക് മക്കളോടും ചില കടപ്പാടുകളുണ്ട്. അവര്‍ക്ക് സ്നേഹവും പരിഗണനയും അദബും അച്ചടക്കവും നല്‍കി അവരെ വളര്‍ത്തിയെടുക്കുക എന്നത് തന്നെയാണത്. നബി (സ) പറഞ്ഞു: 'ഒരു പിതാവിനും തന്റെ സന്താനത്തിന് നല്ല ശിക്ഷണത്തേക്കാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാനില്ല.' (തിര്‍മിദി). നബി (സ) പറഞ്ഞു: 'നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ ആദരിക്കുവിന്‍. അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുവിന്‍' (ബുഖാരി).
ഈ ശിക്ഷണ പാഠത്തോടൊപ്പം അവരെ സ്നേഹിക്കാനും ചുംബിക്കാനും നബി(സ) മറന്നിരുന്നില്ല. മുഹമ്മദ് നബി (സ) തന്റെ പൗത്രന്‍ ഹസന്‍ (റ)നെ ചുംബിച്ചു. നബി (സ)യുടെ അടുത്ത് അഖ്റഅ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: 'എനിക്ക് പത്ത് സന്താനങ്ങളുണ്ട്. അവരില്‍ ഒരാളെപ്പോലും ഞാന്‍ ചുംബിക്കാറില്ല.' നബി (സ) അദ്ദേഹത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു: 'കരുണ ചെയ്യാത്തവന് കരുണ ചെയ്യപ്പെടുകയില്ല.'
രക്ഷിതാവിന്റെ സാമ്പത്തിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ഇതൊരു പുണ്യകര്‍മമായി കണക്കാക്കുകയും ചെയ്യുന്നു. മനഃപൂര്‍വം ഇതില്‍ വീഴ്ച വരുത്തല്‍ ഇസ്ലാമില്‍ കുറ്റകരമാണ്. നബി (സ) പറഞ്ഞു: 'ഒരു മനുഷ്യന്‍ ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠകരമായ നാണയമാണ് തന്റെ കുടുംബത്തിന്റെ പേരില്‍ ചെലവ് ചെയ്യുന്ന നാണയം.' (മുസ്ലിം)
ഇസ്ലാം പറയുന്ന മാതൃപിതൃ കുടുംബ ബന്ധം ഇങ്ങനെയാണ്. ഇതനുസരിച്ച് ജീവിച്ചാല്‍ ഒരു പരിധിവരെ ഇളം തലമുറയെ അധാര്‍മികതയില്‍നിന്ന് രക്ഷപ്പെടുത്താനായേക്കും.
l