'നിങ്ങള്‍ ഒരു കാര്യം നേടണമെന്ന് അതിയായി ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടാവു'മെന്ന് പറഞ്ഞത് വിശ്വപ്രശസ്ത സാഹിത്യക്കാരനായ പൗലൊ കൊയ്ലോ. അത്തരമൊരു ആഗ്രഹസാക്ഷാത്കാരത്തിന്റെ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ തിരൂര്‍ വാണിയന്നൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിനി ഡോ.വി.പി നസീല. ഇംഗ്ലണ്ടിലെ കൊവന്‍ട്രി യൂനിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അവാര്‍ഡിന് അര്ഹരായതാണവര്. മാത്രമല്ല, യു.കെയിലെ യൂനിവേഴ്സിറ്റി യൂനിയനുകളുടെ ദേശീയ സമിതിയായ നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്റ്സില്‍ (എന്‍.യു.എസ്) കൊവന്‍ട്രി യൂനിവേഴ്സിറ്റിയുടെ പ്രതിനിധി കൂടിയാണിവര്‍. കൊവന്‍ട്രി യൂനിവേഴ്സിറ്റിയില്‍നിന്ന് ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി ഈ പദവിയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. യൂനിവേഴ്സിറ്റിയിലെ ഇന്ത്യന്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് ഡോ. നസീല.
ഇനി, വിജയവീഥിയിലേക്കുള്ള നാള് വഴികള്‍ നോക്കാം. നാട്ടില്‍നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. പഠനശേഷം കുറച്ച് കാലം ജോലി ചെയ്തു. അതിനിടയില്‍ വിവാഹവും കഴിഞ്ഞു. എല്ലാവരെയും പോലെ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടാവുമ്പോഴേക്ക് തങ്ങള്‍ നെയ്തെടുത്ത സ്വപ്നങ്ങള്‍ക്കും കിനാക്കള്‍ക്കും ഫുള്സ്റ്റോപ്പിടാന് ഡോ.വി.പി നസീല ഒരുക്കമല്ലായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ തുടികൊട്ടി. കുഞ്ഞുണ്ടായതിന് ശേഷം അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. മകന് രണ്ട് വയസ്സായതിന് ശേഷം വീട്ടുകാരുമായി സംസാരിച്ച് വിദേശ പഠനമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് അവരുടെ പിന്തുണ തേടി. നാട്ടില്‍ തന്നെ എന്‍ട്രന്‍സ് എഴുതി പി.ജി ചെയ്യാനുള്ള അവസരമൊക്കെയുണ്ടായിരുന്നിട്ടും വിദേശ പഠനമായിരിക്കും തനിക്ക് ഏറെ ഉചിതമെന്ന തോന്നലില്‍ നിന്നാണ് ഈ യൂനിവേഴ്സിറ്റി തെരഞ്ഞെടുക്കുന്നത്. എന്തിനും ഏതിനുമുള്ള ഭര്‍ത്താവിന്റെ കട്ട സപ്പോര്‍ട്ട് എടുത്തു പറയേണ്ടതാണ്. ഇതിനിടക്ക് എജുക്കേഷന്‍ റെപ്രസെന്റേറ്റീവ് അവാര്‍ഡ് - Representative of the Month - ഫാക്കല്‍റ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സസ്, കൊവന്‍ട്രി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ഓഫ് ദി ഇയര്‍, വളണ്ടിയര്‍ ചാമ്പ്യന്‍ പാത്ത് വേ ബാഡ്ജ്, നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഡെലിഗേറ്റ്, കൊവന്‍ട്രി യൂനിവേഴ്സിറ്റി പ്രതിനിധി, ഗോള്‍ഡ് ലീഡര്‍ഷിപ്പ് അവാര്‍ഡ് - എന്‍.യു.എസ് ഡെലിഗേറ്റ്, Best International & Cultural Society President of Indian Society, ഗോള്‍ഡ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫോര്‍ വളണ്ടിയറിംഗ് എന്നീ പുരസ്കാരങ്ങളും കരസ്ഥമാക്കി.
യു.എ.ഇയില്‍ ബിസിനസുകാരനായ സൈനുദ്ദീന്‍ ഹാജിയുടെയും റസിയയുടെയും മകളാണ് ഡോ. വി.പി നസീല. ഭര്‍ത്താവ് ഷാജഹാന് ചോലക്കപുളിക്കപറമ്പില്. മകന് ഗസാന്‍ ആദം. കൊവന്‍ട്രി യൂനിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഇവര്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ യു.കെയിലാണ് താമസം.