ഒഴിവുകാലമാണല്ലോ... ഒഴിവുകാലം എന്നൊക്കെ പേരേ ഉള്ളൂ അല്ലേ... വെക്കേഷന്‍ ക്ലാസ്സുകളും മറ്റനവധി ട്രെയിനിംഗ് ക്ലാസുകളുമെല്ലാമായി അധികം പേര്‍ക്കും ഒഴിവൊന്നും കിട്ടുന്നുണ്ടാകില്ല. നല്ല പ്രോഗ്രാമുകള്‍ക്കൊക്കെ അറ്റന്റ് ചെയ്യാം. ഒരുപക്ഷേ, പുതിയ ഊര്‍ജവും ഉന്‍മേഷവുമെല്ലാം നമ്മില്‍ നിറക്കാന്‍ ചില പ്രോഗ്രാമുകള്‍ക്ക് സാധിക്കും. ഇന്നേവരെ നാമറിയാത്ത കാര്യങ്ങള്‍ അറിയുമ്പോള്‍, ഇങ്ങനെയൊന്നും ആയാല്‍ പറ്റില്ല എന്നൊരു തോന്നലുണ്ടാകും. കൈയടിക്കുന്നവരില്‍നിന്ന് കൈയടി കിട്ടുന്നവരായി നമുക്ക് രൂപം മാറണമെന്ന് ഉല്‍സാഹം കൂടും. ഉള്ള സമയങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന് ഉള്ളിലൊരു ആക്കമുണ്ടാകും. നിരന്തരം പുതിയ അറിവുകളിലൂടെ നമ്മെ പുതുക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.
ലോകത്തുള്ള ആരെയും കേള്‍ക്കാനും വായിക്കാനും ഏറെ സൗകര്യമുള്ളൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പരിമിതികള്‍ പോലും സാധ്യതയാകുന്ന കാലമാണിത്. എനിക്കതില്ലല്ലോ, ഇതില്ലല്ലോ എന്ന് സങ്കടം പറഞ്ഞിരിക്കുന്നവരാകരുത് നമ്മള്‍. കൈകളില്ലാത്തവര്‍, ശാരീരിക പരിമിതിയുള്ളവര്‍, മറ്റു പല വിധ പ്രയാസങ്ങളുള്ളവര്‍... അവര്‍ അവരുടെ ഇല്ലായ്മയെ കണ്ടില്ലെന്ന് നടിച്ച് ലോകത്ത് ഊര്‍ജവും ഉല്‍സാഹവും നിറക്കുന്നത് നമ്മള്‍ കാണാറില്ലേ?...
നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെത്രയെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും.
മുസൂന്‍ അലംലിഹാനെ കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിറിയയിലാണ് മൂസൂന്‍ ജനിച്ചത്. സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ ജീവിതം അസഹ്യമായി. അങ്ങനെ അവിടെനിന്ന് ഓടി രക്ഷപ്പെട്ട കുടുംബങ്ങളുടെ കൂട്ടത്തില്‍ മുസൂനിന്റെ കുടുംബവും ഉണ്ടായിരുന്നു. 2013-ലാണ് അവര്‍ സിറിയയില്‍ നിന്നും രക്ഷപ്പെടുന്നത്. ജോര്‍ദാനിലേക്കാണ് അവര്‍ പോയത്. അവിടെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു അവരുടെ താമസം. സിറിയയില്‍നിന്ന് ഇറങ്ങുമ്പോഴേ അവര്‍ക്കറിയാമായിരുന്നു തങ്ങള്‍ ഏതെങ്കിലും റെഫ്യൂജി ക്യാമ്പിലേക്കാണ് പോകുന്നതെന്ന്. തങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം ഇനി ഭക്ഷണമാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും മുസൂന്‍ തന്റെ പാഠപുസ്തകങ്ങളെല്ലാം എടുത്തു. അവിടെ സ്‌കൂളില്ലെങ്കില്‍ തനിയെ ഞാനീ പുസ്തകങ്ങളെല്ലാം പഠിക്കും എന്ന് ഉപ്പയോട് അവള്‍ പറഞ്ഞു.
അങ്ങനെ റെഫ്യൂജി ക്യാമ്പില്‍ അവര്‍ താമസം തുടങ്ങി. തീര്‍ത്തും വ്യത്യസ്തമായൊരു ലോകം. അവിടെ ആര്‍ക്കും മറ്റൊരു ചിന്തയുമില്ല. വേദന മാത്രം തളം കെട്ടിക്കിടക്കുന്ന ഇടം. അനിശ്ചിതത്വങ്ങളില്‍ ഉണ്ടും ഉറങ്ങിയും അവര്‍ ജീവിതം പോക്കുകയായിരുന്നു. അവിടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളും മറ്റു സംവിധാനങ്ങളുമില്ലായിരുന്നു. അഭയാര്‍ഥിയായാല്‍ പിന്നെ വിദ്യാഭ്യാസത്തിന് പ്രസക്തിയോ പ്രയോരിറ്റിയോ ഇല്ല എന്ന മട്ടിലായിരുന്നു എല്ലാവരും. സ്വസ്ഥമായി ജീവിച്ചിരുന്ന അവര്‍ക്ക് പെട്ടെന്നൊരു ദിനം വീടും നാടും നഷ്ടപ്പെടുകയായിരുന്നല്ലോ. അതിന്റെ അങ്കലാപ്പും ദൈന്യതയും അവരെ വിട്ടു പോകുന്നുണ്ടായിരുന്നില്ല.
മുസൂന്‍ പക്ഷേ, അടങ്ങിയിരിക്കാന്‍ തയാറായില്ല. അവള്‍ തനിച്ചിരുന്ന് സ്‌കൂള്‍ പുസ്തകങ്ങള്‍ പഠിച്ചു. അഭയാര്‍ഥി ക്യാമ്പിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നില്ലല്ലോ, സ്‌കൂളില്ലല്ലോ എന്നവള്‍ ഓര്‍ത്തു. പുസ്തകം വായിച്ചും യൂട്യൂബില്‍ കണ്ടും അവളാദ്യം ഇംഗ്ലീഷ് പഠിച്ചു. എല്ലാ ടെന്റിലും പോയി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവള്‍ സംസാരിച്ചു. അങ്ങനെ മറ്റുള്ളവരെയും അവള്‍ പഠിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ ഈ തകര്‍ന്ന ജനത രക്ഷപ്പെടുന്നത് അവള്‍ സ്വപ്‌നം കണ്ടു. മുസൂന്റെ ശ്രമങ്ങള്‍ പതിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. അവളെ പിന്തുണച്ച് ഒരുപാടുപേര്‍ രംഗത്തെത്തി. 2017-ല്‍ യൂനിസെഫിന്റെ ഗുഡ് വില്‍ അംബാസറായി മുസൂനെ നിയമിക്കുകയുണ്ടായി. 2015-ല്‍ ടൈം മാഗസിന്‍, സ്വാധീനം ചെലുത്തിയ 25 കൗമാരക്കാരെ തെരഞ്ഞെടുത്ത കൂട്ടത്തിലും മുസൂന്‍ ഉണ്ടായിരുന്നു.
യുദ്ധത്തിൽ വീടും വിദ്യാഭ്യാസവും നഷ്ടപ്പെട്ട കുട്ടികള്‍ എത്ര ഊര്‍ജത്തോടെയാണ് വിദ്യ നേടുന്നതെന്ന് മൂസൂന്റെ കഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നഷ്ടപ്പെട്ട ജീവിതത്തിന്റെ സൗന്ദര്യം വിദ്യയിലൂടെയാണ് അവര്‍ നേടിയെടുക്കുന്നത്.
മുസൂനെ പോലുള്ള നിരവധി കുട്ടികളുടെ കഥകള്‍ നമുക്ക് വലിയ പ്രചോദനമാണ്. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചും നമ്മുടെ ദൗത്യത്തെ കുറിച്ചും ഉച്ചത്തില്‍ ബോധ്യപ്പെടുത്തുന്നുണ്ട് അത്.