നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം? ചില അനുഭവ സാക്ഷ്യങ്ങള്‍.
അവധിക്കാലം തുടങ്ങിയതോടെ രക്ഷിതാക്കളുടെ ടെന്‍ഷനും വര്‍ധിച്ചു. കാരണം, പാരന്റിംഗ് ഏറെ ശ്രമകരമായ ജോലിയാണല്ലോ. പ്രത്യേകിച്ചും അവധിക്കാലത്ത്..
എന്നാല്‍, അല്‍പം പ്ലാനിംഗും ആവശ്യത്തിന് ക്ഷമയുമുണ്ടെങ്കില്‍ കൈപ്പിടിയില്‍ ഒതുക്കാവുന്നതാണ് പാരന്റിംഗ്.
കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഞാന്‍ ചില രക്ഷിതാക്കളെ കണ്ടു. ഒന്ന്, കുടുംബസമേതം വീട്ടില്‍ വന്ന സുഹൃത്ത്. അവരുടെ രണ്ടര വയസ്സുകാരിയായ മകളുടെ പക്വതയാര്‍ന്ന സംസാരം എന്നില്‍ കൗതുകമുണര്‍ത്തി. പറഞ്ഞാല്‍ അനുസരിക്കുന്ന, എല്ലാം കൃത്യമായി നിരീക്ഷിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ആ മോളെയും അവളുടെ ഓരോ സംശയങ്ങള്‍ക്കും ക്ഷമയോടെ മറുപടി കൊടുത്തും അവളെ സ്‌നേഹത്തോടെ നിയന്ത്രിച്ചും കൂടെ നില്‍ക്കുന്ന മാതാപിതാക്കളെയും അത്ഭുതത്തോടെ ഞാന്‍ നോക്കി.
'നോ' എന്ന വാക്കv കേട്ടാല്‍ നിലത്തു കിടന്നുരുണ്ട് ശാഠ്യം പിടിച്ചു കരയുന്ന കുട്ടികളെയാണ് ഏറെയും കണ്ടിട്ടുള്ളത്. അതിനാലാണ് ആ മോളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ആരുടെയും സഹായമില്ലാതെ, അവളുടെ വെള്ള ഫ്രോക്കില്‍ ഒരു പൊട്ടുപോലും പറ്റാതെ, ആ കുഞ്ഞ് പലഹാരം കഴിക്കുന്നത് കൂടി കണ്ടപ്പോള്‍ ഇത്ര ഭംഗിയായി ആ മോളെ ശീലിപ്പിച്ച മാതാപിതാക്കളെക്കുറിച്ച് പറയണമെന്ന് അപ്പോള്‍ തന്നെ മനസ്സിലുറപ്പിച്ചു.
ഷെല്‍ഫില്‍ കണ്ട ഒരു ബുക്ക് വലിച്ചെടുത്തുകൊണ്ട് അവള്‍ പറഞ്ഞു: 'അമ്മേ, മിന്നാമിന്നി.'
സ്ഥിരമായി കുട്ടികളുടെ മാസിക 'മിന്നാമിന്നി'യിലെ കഥകള്‍ വായിച്ചുകൊടുക്കാറുണ്ടെന്നും അതിനാലവള്‍ക്ക് കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണെന്നും ഏതു ബുക്ക് കണ്ടാലും അത് മിന്നാമിന്നിയാണെന്നാണ് അവളുടെ വിചാരമെന്നുമൊക്കെ ആ അമ്മ പറഞ്ഞപ്പോള്‍ എനിക്കതിശയമായി. പുസ്തകങ്ങളോടുള്ള ഇഷ്ടം ആ കുഞ്ഞില്‍ നന്നേ ചെറുപ്പത്തിലേ വളര്‍ത്തിയെടുത്ത ആ അമ്മയെക്കുറിച്ച് അഭിമാനം തോന്നി. കുട്ടികളില്‍ വായനാശീലം ഇല്ലെന്നു പരിതപിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും.
കുട്ടികളെ കുറ്റം
പറഞ്ഞിട്ടെന്തു കാര്യം!
നിര്‍മലമായ കുഞ്ഞുങ്ങളെ വേണ്ടാത്ത ശീലങ്ങളൊക്കെ പഠിപ്പിക്കുന്നത് രക്ഷിതാക്കള്‍ തന്നെയല്ലേ?
അവധിക്കാലമാണ് രക്ഷിതാക്കള്‍ക്ക് ഏറെ സംഘര്‍ഷം ഉണ്ടാക്കുന്ന സമയം.
ഏറ്റവും വലിയ വെല്ലുവിളി കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്. പല രക്ഷിതാക്കളും കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയാതെ നിസ്സഹായരാകുന്നു.
പുതിയ തലമുറ പിറന്നുവീഴുന്നതു തന്നെ മൊബൈല്‍ വെളിച്ചത്തിലേക്കാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടായിരിക്കണം ഈ വിഷയത്തെ സമീപിക്കേണ്ടത്.
മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഈ വിഷയത്തിലും മാറേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.
പാരന്റിംഗ് ഒരു കലയാണ്. ആസ്വദിച്ചു ചെയ്യേണ്ട അഭ്യാസം. അതിന് നാം കുട്ടികളെപ്പോലെയാകണം. അല്ല, ഒരുവേള കുട്ടികളാകണം.
ആറ് വയസ്സു വരെ കുട്ടിയുടെ കൂടെ കളിക്കുക, 12 വയസ്സു വരെ അവരോടൊപ്പം പഠിക്കുക, കൗമാരത്തില്‍ അവരുടെ ചങ്ങാതിമാരാവുക.
ഇതാണ് പോസിറ്റീവ് പാരന്റിംഗ്. കളിയിലൂടെ കുട്ടികള്‍ പലതും പഠിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും കാതല്‍ 'learning through play' എന്നതും 'teaching through stories' എന്നതുമാണ്. Communication (ആശയവിനിമയം) collaboration (സഹകരണം), logical thinking (യുക്തിസഹമായ ചിന്ത), പ്രശ്‌നപരിഹാരം, ക്രിയാത്മക ചിന്ത, ഗ്രൂപ്പ് വര്‍ക്ക് പോലുള്ള ശേഷികളെല്ലാം കളികളിലൂടെ കുട്ടിക്ക് നേടാന്‍ കഴിയും. അതിനാല്‍ ഈ അവധിക്കാലത്ത് രക്ഷിതാക്കള്‍, വിശേഷിച്ചും അമ്മമാര്‍, കുട്ടികളോടൊപ്പം കളിക്കാനും കഥകള്‍ പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്തുക. ഫോണ്‍ കൊടുത്ത് ശല്യം ഒഴിവാക്കാതെ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ വഴി കണ്ടെത്തുക. കുടുംബസമേതമുള്ള ചെറിയ യാത്രകളിലൂടെ പല അറിവുകളും അവരുമായി പങ്കുവെക്കാന്‍ കഴിയും.
കുട്ടികള്‍ക്ക് പലതും അറിയാനുണ്ട്, കേള്‍ക്കാനുണ്ട്. അത് രക്ഷിതാക്കളില്‍ നിന്നാവട്ടെ, അവര്‍ അറിയുന്നതും കേള്‍ക്കുന്നതും. നമ്മള്‍ അതിന് അവസരങ്ങളുണ്ടാക്കുന്നില്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നത് കേള്‍ക്കാനും അറിയാനും അവര്‍ ശ്രമിക്കും.
അത് ചിലപ്പോള്‍ വികലവും അപൂര്‍ണവുമായ അറിവാകാം. അവ കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിച്ചേക്കാം. ഒരു കാന്‍സര്‍ വാര്‍ഡെങ്കിലും അവര്‍ക്ക് കാണിച്ചു കൊടുക്കുക. നമ്മള്‍ എത്ര അനുഗൃഹീതരാണെന്ന് അവര്‍ മനസ്സിലാക്കട്ടെ.
ആഘോഷങ്ങള്‍ മാത്രമല്ല ജീവിതമെന്ന് അവര്‍ തിരിച്ചറിയട്ടെ.
രക്ഷിതാക്കളാണ് കുട്ടിയുടെ മാതൃകയും വഴികാട്ടിയും.
ഈ ഉത്തരവാദിത്വത്തില്‍നിന്ന് മാറിനിന്നുകൊണ്ട് പുതിയ തലമുറയെ പഴിച്ചതുകൊണ്ടോ ടെക്‌നോളജിയെ കുറ്റപ്പെടുത്തിയതുകൊണ്ടോ ഒരു പ്രയോജനവുമില്ല.
കാലത്തിന്റെ മാറ്റം നാം ഉള്‍ക്കൊള്ളുക. ആ മാറ്റത്തിനനുസരിച്ച് നമ്മളും നവീകരിക്കപ്പെടണം.
രക്ഷിതാക്കളാണ് റോള്‍ മോഡലുകള്‍
പത്രം പോലും വായിക്കാന്‍ ശ്രമിക്കാത്ത അമ്മമാര്‍ മക്കളെ വായിക്കാന്‍ നിര്‍ബന്ധിക്കുന്നത് വിരോധാഭാസമല്ലേ? കഥകള്‍ കേള്‍പ്പിക്കുന്നത് കുട്ടികളുടെ ഭാഷ നന്നാകാനും, അവരില്‍ വായനാശീലം വളര്‍ത്താനും ഏറെ സഹായകമാണ്. അതിലൂടെ പുസ്തകത്തോടും വായനയോടുമുള്ള ഇഷ്ടം അവരില്‍ വളര്‍ന്നുവരും. പുസ്തകത്തിന് പകരം മൊബൈല്‍ ഫോണ്‍ കൈയില്‍ കൊടുത്ത് കുട്ടിയുടെ വാശിക്കv പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ കുട്ടിക്ക് ഫോണിനോടാണ് ഇഷ്ടം തോന്നുക. പിന്നീടത് അനിയന്ത്രിതമായി വളരുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരാകുന്നു.
ആ അച്ഛനും അമ്മയും അതിമനോഹരമായി നിര്‍വഹിക്കുന്ന പാരന്റിംഗ് കണ്ടപ്പോള്‍ വര്‍ഷങ്ങളുടെ അധ്യാപന കാലയളവില്‍ പരിചയപ്പെട്ട പല രക്ഷിതാക്കളുടെയും കുട്ടികളുടെയും മുഖങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു. അവര്‍ മടങ്ങിയശേഷം പിന്നീടൊരു ദിവസം വിളിച്ചപ്പോള്‍ അവളെന്നെ വീണ്ടും ഞെട്ടിച്ചു.
രാവിലെ ഏഴ് മണിയോടെയാണവള്‍ വിളിച്ചത്. മോള്‍ ഉറക്കമാണ്. ഉണര്‍ന്നാല്‍ ഫോണ്‍ ചെയ്യാന്‍ സമ്മതിക്കില്ല.
ഞാന്‍ കരുതി, എല്ലാ കുട്ടികളെയും പോലെ ആ മോളും ഫോണിനു വേണ്ടി വാശി പിടിക്കുമെന്ന്.
അവള്‍ പറഞ്ഞു: 'ഞാനും ഭര്‍ത്താവും ഫോണ്‍ എടുക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല, ഫോണ്‍ മാറ്റിവെച്ചിട്ട് അവളുടെ കൂടെ കളിക്കാന്‍ പറയും.'
ഫോണ്‍ വേണം എന്ന് പറഞ്ഞല്ല, മറിച്ച്, ഫോണ്‍ എടുക്കരുത് എന്നുപറഞ്ഞാണത്രെ ആ കുരുന്ന് കരയുക. ഞാന്‍ അവരെ ഒരുപാട് അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം എന്റെ ഓഫീസില്‍ അഡ്മിഷന്‍ അന്വേഷിച്ചുവന്ന രക്ഷിതാവ് പങ്കുവെച്ച വിവരങ്ങളാണ് മറ്റൊന്ന്. അദ്ദേഹത്തിന്റെ കുട്ടിക്ക് മൂന്നര വയസ്സ് പ്രായം. സംസാരം തീരെയില്ല. പേര് ചോദിച്ചാല്‍ പോലും പറയില്ല. സ്പീച്ച് തെറാപ്പി ചെയ്യുന്നുണ്ട്.
സ്‌കൂളില്‍ ചേര്‍ത്താല്‍ മറ്റു കുട്ടികളുമായി ഇടപഴകുമ്പോള്‍ മാറ്റമുണ്ടാകില്ലേ? അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനു മുമ്പ് അവരുടെ വീട്ടിലെ സാഹചര്യം ഒന്ന് വിലയിരുത്തി. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ ഉമ്മയും ഉപ്പയും കുഞ്ഞും ഒറ്റക്കാണ് താമസം. ബന്ധുക്കളോ കുടുംബക്കാരോ അടുത്തില്ല. പരിസരത്തെങ്ങും കുട്ടികളില്ല. അതിനാല്‍, സംസാരിക്കാനും കേള്‍ക്കാനുമുള്ള അവസരങ്ങളില്ല.
അദ്ദേഹത്തോട് ഞാന്‍ മേല്‍പറഞ്ഞ എന്റെ സുഹൃത്തിന്റെ പാരന്റിംഗ് രീതി വിശദീകരിച്ചു കൊടുത്തു. അവരും ഒറ്റക്ക് ഒരു ഫvളാറ്റില്‍ ആണ് താമസം. എന്നിട്ടും ആ കുട്ടി നേടിയ സംസാര വൈഭവവും പക്വതയും രക്ഷിതാക്കളുടെ ശ്രമവും ശ്രദ്ധയുംകൊണ്ട് മാത്രമാണെന്ന് ബോധ്യപ്പെടുത്തി.
'ശരിയാണ്, എന്റെ ഭാര്യ അധികം സംസാരിക്കാത്ത പ്രകൃതമാണ്. എന്റെ കുഞ്ഞ് കോവിഡ് കാലത്താണ് ജനിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് വേറെ ഏര്‍പ്പാടുകളൊന്നുമില്ലാതെ വന്നപ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ കൊടുത്താണ് കുഞ്ഞിനെ സന്തോഷിപ്പിച്ചിരുന്നത്. അതിന്റെ ഫലമാണ് കുഞ്ഞിന്റെ ഈ വൈകല്യം' എന്ന് അദ്ദേഹം ആത്മഗതമെന്നോണം പറഞ്ഞപ്പോള്‍ ഈ രണ്ട് രക്ഷിതാക്കളെയും ഞാനൊന്ന് വിശകലനം ചെയ്തുനോക്കി.