അതിജീവനത്തിന്റെ വിസ്മയഗാഥ

പി.കെ ജമാല്‍ No image

അന്‍സാര്‍ വിമന്‍സ് കോളേജി(പെരുമ്പിലാവ്)ന്റെ വരാന്തയിലിരുന്നു പരിസരം വീക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലേക്ക് നീളുന്ന റാംപ് ശ്രദ്ധയില്‍പെട്ടു. അല്‍പം കഴിഞ്ഞപ്പോള്‍ അതെന്തിനെന്ന ഉത്തരം കിട്ടി. വിമന്‍സ് കോളേജ് ഓഫീസ് സൂപ്രണ്ട് ബിന്ദുവിന്റെ വീല്‍ ചെയറിന് കയറിപ്പോകാനുള്ള പ്രത്യേക പാതയാണത്. തന്റെ വീല്‍ചെയറില്‍ ഇരുന്ന് ഓഫീസ് ജോലികള്‍ നിറഞ്ഞ മന്ദസ്മിതത്തോടെ, കാര്യക്ഷമതയോടെ നിര്‍വഹിച്ചുകൊണ്ടിരുന്ന അവരെ ഞാന്‍ പ്രത്യേകം നിരീക്ഷിച്ചു. ശാരീരികാവശതകള്‍ വകവെക്കാതെ ജീവിതത്തിന്റെ പോര്‍വിളികളെ ധീരമായി നേരിടുകയും അതിജീവനത്തിന്റെ വിജയഗാഥ തന്നെ സമീപിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് തന്റെ ജീവിതത്തിലൂടെ ചൊല്ലിക്കൊടുക്കുകയും ചെയ്യുന്ന ബിന്ദുവിനെ പുറംലോകം അറിയേണ്ടതുണ്ടെന്ന് തോന്നി. പ്രശസ്തമായ അന്‍സാര്‍ സ്ഥാപനങ്ങളുടെ ഭാഗമായിത്തീരുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബിന്ദുവിന് തനിക്ക് ജീവിതപാത വെട്ടിത്തരികയും സംരക്ഷിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിനോടുള്ള നന്ദിയും കടപ്പാടും ഓരോ വാക്കിലും നോക്കിലും തെളിഞ്ഞുകണ്ടു. ജീവിതത്തിലെ ഓരോ നിമിഷവും കര്‍മനിരതമായി ചെലവഴിക്കുന്ന ബിന്ദുവിന്റെ ജീവിത കഥ അവരുടെ തന്നെ വാക്കുകളില്‍ കേള്‍ക്കാം:
''നാം അറിയാത്ത ജീവിതങ്ങള്‍ നമുക്ക് മിക്കപ്പോഴും കെട്ടുകഥയാണ്. നമ്മുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും ചില ഘട്ടങ്ങളില്‍ അവിശ്വസനീയമായി നമുക്ക് തോന്നും. 'ഇന്നില്‍ ജീവിക്കുക' എന്ന അതിജീവന മന്ത്രം പലരും ചൊല്ലിത്തരാറുണ്ട്. ഈ നിമിഷത്തില്‍ ജീവിക്കുമ്പോള്‍ കയ്പും മധുരവും നിറഞ്ഞ എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്! ഞാന്‍ ബിന്ദു. പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് ഓഫീസ് സൂപ്രണ്ട്. രണ്ടായിരം പെണ്‍കുട്ടികള്‍ പഠിക്കുന്ന, നൂറോളം ടീച്ചിംഗ്-നോണ്‍ടീച്ചിംഗ് സ്റ്റാഫുള്ള കലാലയത്തിലെ സ്പന്ദനങ്ങളിലൂടെയാണ് ജീവിതം. ആഴ്ചയില്‍ ആറ് ദിവസവും അക്കങ്ങള്‍ക്കും രേഖകള്‍ക്കും ഇടയിലുള്ള ജീവിതം. അന്‍സാര്‍ എന്റെ രണ്ടാം വീടാണ്.''
''ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ തളര്‍ന്നു പോയതാണ് എന്റെ കാലുകള്‍. പോളിയാ പ്രതിരോധ കുത്തിവെപ്പ് എടുത്ത് പിടിപെട്ട പനിയില്‍ കാലുകള്‍ എന്നെന്നേക്കുമായി ചലനമറ്റു. അഛനും അമ്മയും കൂലിപ്പണിയെടുത്ത് കിട്ടുന്ന ചെറിയ വരുമാനമാണ് നാല് പെണ്‍മക്കള്‍ അടങ്ങിയ കുടുംബത്തിന്റെ വരുമാനം. തളര്‍ന്ന കാലുകള്‍ക്ക് ചലനമേകാന്‍ നിരവധി ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിതാവ് ഏതൊക്കെയോ നാടുകളില്‍ കൊണ്ടുപോയി ചികിത്സിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ എത്തിയത് കുന്നത്ത് നമ്പൂതിരി എന്ന വൈദ്യന്റെ സമീപം. മരുന്നുകളുടെയും ഒപ്പം മരണത്തിന്റെയും മണമുള്ള പുലരികള്‍. പുലര്‍ച്ചെ എഴുന്നേല്‍പിച്ച് കാലുകള്‍ തടവിതരുന്നതും കാലുകളില്‍ മാറ്റമുണ്ടോയെന്ന് പ്രതീക്ഷയോടെ നോക്കുന്നതുമെല്ലാം അഛനായിരുന്നു. മെല്ലെ മുട്ടില്‍ ഇഴയാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും മരുന്നിനായി നമ്പൂതിരിയുടെ വീട്ടിലെത്തിയ ഞങ്ങളെ എതിരേറ്റത് 'വൈദ്യര്‍ മരിച്ചുപോയി' എന്ന ദുഃഖ വിവരമാണ്. അവസാന വാതിലും അടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍, പകലിരവുകളില്‍, നടക്കുന്നതിനെപ്പറ്റിയും പഠിക്കുന്നതിനെപ്പറ്റിയും മാത്രം സ്വപ്‌നം കണ്ടു നടക്കുക എന്നതിനേക്കാള്‍ ഇഴഞ്ഞെങ്കിലും സ്‌കൂളില്‍ പോകുക എന്നതായിരുന്നു എന്റെ അന്നത്തെ ഏറ്റവും വലിയ സ്വപ്‌നവും പ്രാര്‍ഥനയും. മകള്‍ക്കു വേണ്ടി തനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നൊമ്പരം തിന്ന് ഒടുവില്‍ അഛന്‍ എനിക്ക് 10 വയസ്സുള്ളപ്പോള്‍ മരണത്തിന് കീഴടങ്ങി. അമ്മയും നാലു മക്കളും ദാരിദ്ര്യവും മാത്രമായിരുന്നു കൂട്ട്. അമ്മ കൂലിവേലക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഒന്നും നേടാന്‍ പറ്റില്ലെന്ന് അറിയാമെങ്കിലും ഞാന്‍ വീട്ടിലിരുന്ന് സ്‌കൂളില്‍ പോകുന്നത് സ്വപ്‌നം കാണുമായിരുന്നു....
''ഒടുവില്‍ തൃശൂരിലെ ഡാമിയന്‍ ആശുപത്രിയില്‍വെച്ച് സുമനസ്സുകളുടെ സഹായത്താല്‍ കാലിനൊരു സര്‍ജറി നടത്തിനോക്കി. മാസങ്ങളോളം നീണ്ടുനിന്ന വേദന മാത്രമാണ് സര്‍ജറി കൊണ്ട് നേടാനായത്. ജീവിതത്തിലെ വഴിത്തിരിവായത് ആ വേദനകളാണ്. അതിനാല്‍ വേദനകളെ ഞാന്‍ നന്ദിപൂര്‍വം ഓര്‍ക്കുന്നു.....
''അവിടെ വെച്ചാണ് 'മാധ്യമം' ദിനപത്രത്തിന്റെ പ്രസാധകര്‍ ആയ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് മുന്‍ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന എനിക്കേറെ പ്രിയപ്പെട്ട, മൂത്താപ്പ എന്ന് ഞാന്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വിളിക്കുന്ന പി.കെ റഹീം സാഹിബിനെ കണ്ടുമുട്ടുന്നത്. അദ്ദേഹമാണ് പിന്നീട് എന്റെ വഴികാട്ടിയായിത്തീര്‍ന്നത്. 11 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം നേടാത്ത എന്നെ അദ്ദേഹത്തിന്റെ പരിശ്രമഫലമായി എറണാകുളത്തെ ദാറുല്‍ഹുദാ സ്‌കൂളില്‍ നേരിട്ട് ആറാം ക്ലാസില്‍ ചേര്‍ത്തു. സ്‌കൂളിലെ ആദ്യദിനം ഞാന്‍ ഓര്‍ക്കാറുണ്ട്. എല്ലാ കുട്ടികള്‍ക്കും കൗതുകക്കാഴ്ചയാണ് ഞാന്‍. കൗതുകക്കാഴ്ചകള്‍ക്കും വിസ്മയ നോട്ടങ്ങള്‍ക്കും ഇരയായി ക്ലാസിലേക്ക് ഇഴഞ്ഞുവരുന്ന ആ പതിനൊന്നുകാരി പക്ഷേ, ആ കുഞ്ഞുകണ്ണുകള്‍ക്ക് മുന്നില്‍ പതറിയില്ല, പകച്ചില്ല. നിശ്ചയദാര്‍ഢ്യവും റഹീം മൂത്താപ്പ പകര്‍ന്നുതന്ന ആത്മധൈര്യവും എന്നെ മുന്നോട്ടു നയിച്ചു....
''വളരെ പെട്ടെന്നാണ് സ്‌കൂള്‍ അധികൃതരും സഹപാഠികളും എന്റെ ഉറ്റ ചങ്ങാതിമാരായി മാറിയത്. പഠിക്കുക എന്ന ആഗ്രഹം അത്രമേല്‍ തീവ്രമായതിനാല്‍ ആറാം ക്ലാസില്‍ ഞാന്‍ തന്നെയായിരുന്നു ഫസ്റ്റ്. പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ ആത്മാര്‍ഥമായ ആഗ്രഹത്തിന് പിന്തുണ നല്‍കുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് ഞാന്‍ അനുഭവത്തിലൂടെ അറിഞ്ഞു. കൊയ്‌ലോക്കും മുമ്പെ ഖലീല്‍ ജിബ്രാന്‍ ഇതേ അര്‍ഥമുള്ള വാക്ക് പറഞ്ഞിട്ടുണ്ടെന്ന് ജിബ്രാന്റെയും മാധവിക്കുട്ടി എന്ന കമലാ സുറയ്യയുടെയും എം.ടിയുടെയും ഒക്കെ കടുത്ത ആരാധികയായ ഞാന്‍ ഓര്‍ക്കാറുണ്ട്. പിന്നീട് 'തണല്‍' വി.എം.വി ഓര്‍ഫനേജ് മൂത്താപ്പ തുടങ്ങിയപ്പോള്‍ തൃശൂരിലും തുടര്‍ന്ന് കാളത്തോട് തണല്‍ ഓര്‍ഫനേജിലും ഞാന്‍ ജീവിച്ചു. സ്വന്തം വീട്ടിനേക്കാള്‍ സ്വാതന്ത്ര്യവും സ്വാസ്ഥ്യവും തന്ന് എന്നെ നോക്കിയത് 'തണല്‍' ആയിരുന്നു.....
''ഡിഗ്രി ചെയ്തത് അന്‍സാറിലാണ്. അന്നത്തെ പ്രിന്‍സിപ്പലും ടീച്ചര്‍മാരും നല്‍കിയ പിന്തുണ വളരെ വലുതാണ്. മൊയ്തീന്‍കുട്ടി സാറിനെ എനിക്ക് മറക്കാനാവില്ല. പഠിച്ച സ്ഥാപനങ്ങളില്‍നിന്നെല്ലാം സഹതാപത്തേക്കാളുപരി ചേര്‍ത്തുനില്‍ക്കുന്ന, കൈ പിടിച്ചുയര്‍ത്തുന്ന കരങ്ങളാണ് എനിക്ക് കിട്ടിയത്....
''ആകപ്പാടെ ബുദ്ധിമുട്ടിയത് തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ്. അവിടത്തെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നാം നിലയില്‍ എം.കോമിന് ചേര്‍ന്നപ്പോള്‍ രണ്ട് വര്‍ഷവും ഈ പടവുകള്‍ കയറി ഇറങ്ങിയാണ് ഞാന്‍ പഠിച്ചത്. ഒരു പരാതിയും കൂടാതെ മുഴുവന്‍ ഹാജറും കരസ്ഥമാക്കാന്‍ മൂന്ന് നിലകള്‍ കയറിയാണെങ്കിലും ഞാന്‍ ശ്രമിച്ചിരുന്നു. സാധാരണക്കാരിയായിത്തന്നെ എന്നെ എല്ലാവരും കാണണം എന്നാഗ്രഹിച്ച ഞാന്‍ പൊതുജനങ്ങളുടെ സഹതാപ കണ്ണുകള്‍ വകവെക്കാതെ പൊതു ഇടങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയോടെ എത്തി. 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന സിനിമയാണ് എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത്. അത്തരം വീല്‍ചെയറിനെപ്പറ്റി ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. സൈറ എന്ന എനര്‍ജിയുള്ള കഥാപാത്രം നല്‍കിയ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും വലുതായിരുന്നു. അങ്ങനെ ഡിഗ്രി സുഹൃത്തുക്കളുടെ സഹായത്താല്‍ 1.85 ലക്ഷം വിലയുള്ള ഒരു വീല്‍ചെയര്‍ ഞാന്‍ സ്വന്തമാക്കി. ഇന്ന് ഓഫീസിലും അന്‍സാര്‍ കാമ്പസിലും പരസഹായമില്ലാതെ എനിക്ക് എന്റെ വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള വീഥികള്‍ അന്‍സാര്‍ അധികൃതര്‍ ഒരുക്കിത്തന്നു. ജീവിതം പുതിയൊരു തിരിവില്‍ എത്തിയതും മനസ്സു നിറയെ സ്വപ്‌നങ്ങള്‍ നിറഞ്ഞതും ഇവിടെ നിന്നാണ്.....
''അറിയപ്പെടുന്ന ഒരു മോട്ടിവേഷന്‍ സ്പീക്കറാകണം. അമ്മയെ ഇനിയും ജോലിക്ക് വിടരുത്, വീട് വെക്കണം. സമൂഹത്തിന് വേണ്ടി എന്തെങ്കിലും സേവനങ്ങള്‍ ചെയ്യണം. എന്റെ ജീവിത സ്വപ്‌നങ്ങളുടെ കാന്‍വാസാണിത്. ഏട്ടത്തിമാരൊക്കെ ഓരോ തലങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. എല്ലാം ശുഭമാകും എന്ന് മാത്രമേ ഞാന്‍ കരുതാറുള്ളൂ. കുറേ വായിക്കും. അതിലേറെ സ്വപ്‌നങ്ങള്‍ കാണും. സന്തോഷവതിയായിരിക്കാന്‍ പരമാവധി ശ്രമിക്കും. ഇന്നില്‍ ജീവിക്കാനാണ് ആഗ്രഹം.....
കഠിനമായ ജീവിതം അവര്‍ പറഞ്ഞുതീര്‍ത്തു. ഭംഗിയുള്ള ആ മുഖത്ത് സ്വപ്‌നങ്ങള്‍ തെളിഞ്ഞു. മൂക്കുത്തി നേരിയ വെയിലില്‍ തിളങ്ങി. ഇരു കൈവെള്ളയിലും ഇഴഞ്ഞ് നീങ്ങിയ ജീവിതപ്പാടുകള്‍. കൈകുത്തി ഇഴഞ്ഞപ്പോള്‍ വന്ന തഴമ്പുകളാണ്. തൊട്ടുനോക്കിയപ്പോള്‍ പറഞ്ഞു; 'ഇത് എന്റെ അതിജീവനത്തിന്റെ പാടുകള്‍ ആണ്. അവസാന ശ്വാസം വരെ കൂട്ടിനുണ്ടാവുന്ന ആത്മവിശ്വാസത്തിന്റെ പാടുകള്‍.' 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top