കുരുന്നു ചോദ്യങ്ങളെ അവഗണിക്കരുത്

കെ.ടി സൈദലവി വിളയൂര്‍ No image

ചില കുട്ടികളെ മാതാപിതാക്കള്‍ക്ക് ശല്യമായിത്തോന്നാറുണ്ട്. കാരണം മറ്റൊന്നുമല്ല; അവരുടെ ചോദ്യങ്ങള്‍ തന്നെ. ഇടതടവില്ലാതെ നിരന്തരം അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. അവയില്‍ കാര്യവും കഴമ്പുമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാലും അവര്‍ക്ക് ചോദിച്ചുകൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ഒരു പൊറുതികേടാണ്. പൂവിനെക്കുറിച്ചും പൂമ്പാറ്റയെക്കുറിച്ചും കുട്ടികള്‍ ആരായും. മാനത്തെ അമ്പിളിമാമനെ കണ്ട് സംശയക്കണ്ണുകളോടെ ഉത്തരത്തിനായി ഉദ്വേഗത്തോടെ നമ്മെ തുറിച്ചുനോക്കി നില്‍ക്കും. മണ്ണിനെയും മണ്ണിരയെയും പുഴുവിനെയും അവര്‍ തിരക്കിക്കൊണ്ടിരിക്കും. വീട്ടുജോലികള്‍ തകൃതിയായി ചെയ്യുന്നതിനിടയിലാവും കൊച്ചിന്റെ ചോദ്യശരങ്ങള്‍. അടിച്ചുവാരാന്‍ മുറ്റത്തിറങ്ങിയപ്പോഴാവാം ഓരോരോ കാര്യങ്ങള്‍ ചോദിച്ച് പിറകെ കൂടുന്നത്. അല്ലെങ്കില്‍ ജാഗ്രതയും ശ്രദ്ധയും വേണ്ട ഏതെങ്കിലും കാര്യത്തിനിരുന്നതാണ്. അപ്പോഴാണ് മോന്റെ സംശയങ്ങളുടെ മാലപ്പടക്കം. 'ഉമ്മച്ചീ, ഇതെന്താണ്? ..അതെന്താണ്?  ഇതെന്തിനാ....പൂച്ചക്ക് കൈയുണ്ടോ..? ഉറുമ്പ് കടിക്ക്വോ......' ചിലര്‍ ഇവിടെ ഒറ്റ വെട്ടിന് രണ്ട് മുറി എന്ന രീതിയില്‍ പ്രതികരിക്കും. വായടപ്പിക്കും മറുപടി; 'മോളൂ, ഒന്ന് മിണ്ടാണ്ടിരി. ഉമ്മച്ചി ജോലിയെടുക്കട്ടെ.' അതോടെ മോളു ഒരു പരുങ്ങലിലാവും. ചിലരാകട്ടെ ഏതു തിരക്കിനിടയിലും ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ടിരിക്കും.
സാധാരണ മൂന്നു വയസ്സുമുതല്‍ കുട്ടികള്‍ ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കും. കണ്ണില്‍ കണ്ട വസ്തുക്കളെക്കുറിച്ചും സംശയങ്ങളുന്നയിക്കും. പല മാതാപിതാക്കള്‍ക്കും ഇത് കേള്‍ക്കുന്നത് അരോചകമാണ്, അസ്വസ്ഥതയാണ്. അവരുടെ സ്വസ്ഥതക്ക് അത് അലോസരം സൃഷ്ടിക്കുന്നു.  ആരുടെയും ശല്യമില്ലാതെ തനിച്ചിരിക്കാനാണ് എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നത്. തനിക്ക് ആവശ്യമില്ലാത്തതെല്ലാം അനാവശ്യമാവുകയാണിവിടെ. മറ്റൊരാള്‍ക്കു വേണ്ടി, അത് സ്വന്തം മക്കളായിരുന്നാല്‍ പോലും സമയം ചെലവിടാനും കഷ്ടപ്പെടാനും വയ്യെന്നതാണ് സ്ഥിതി. ഇത്തരം ചിന്താഗതിയില്‍ കഴിഞ്ഞുകൂടുന്ന മാതാപിതാക്കള്‍ക്കാണ് കുരുന്നുമക്കളുടെ നിരന്തരമായ ഈ ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നത്. 
കുരുന്നുമക്കളുടെ സംശയങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരുടെ ചോദ്യങ്ങളുടെ മുന കുത്തിയൊടിച്ച് കളയരുത്. അവ കേള്‍ക്കുമ്പോള്‍ ഒട്ടും അലോസരം തോന്നരുത്. നമ്മുടെ മക്കളല്ലേ അവര്‍, നമ്മോടല്ലാതെ പിന്നെ ആരോടാണ് അവര്‍ ചോദിക്കുക? നാമല്ലാതെ ആരാണ് അവരുടെ സന്ദേഹങ്ങള്‍ക്ക് നിവാരണം നല്‍കുക? ആകാശത്തെക്കുറിച്ചോ പുഴയെക്കുറിച്ചോ അവര്‍ ചോദിച്ചെന്നിരിക്കട്ടെ. അവരെ പരിഗണിച്ച് സ്‌നേഹത്തോടെ അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുക. അപ്പോള്‍ അവരുടെ കണ്ണില്‍ വിടരുന്ന പ്രകാശം ശ്രദ്ധിച്ചിട്ടുണ്ടോ? ആഴക്കടലില്‍നിന്ന് മുത്തുകള്‍ കോരിയെടുത്ത പ്രതീതിയാണവര്‍ക്കുണ്ടാകുന്നത്. ആകാശവും ഭൂമിയും ഒരുമിച്ചു കൈപ്പിടിയിലൊതുക്കിയ സന്തോഷം. അതിനെ നാമായിട്ട് തല്ലിക്കെടുത്തേണ്ടതുണ്ടോ?  അവരുടെ കുഞ്ഞുമനസ്സില്‍ വിരിയുന്ന നിറമുള്ള ഭാവനകളെ തുടച്ചുനീക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നതു വഴി അവരുടെ മനസ്സില്‍ രൂപപ്പെട്ടുവരുന്ന വെളിച്ചത്തെയാണ് നാം  കെടുത്തിക്കളയുന്നത്. ശോഭനമായ ഭാവിയിലേക്കുള്ള കവാടത്തെയാണ് നാം കൊട്ടിയടക്കുന്നത്. അവരുടെ ഉള്ളില്‍ അടിക്കടി നുരഞ്ഞുപൊന്തുന്ന സംശയങ്ങള്‍ക്ക് അതിരിടപ്പെട്ടുകൂടാ. അതിവിശാലമായ പ്രകൃതിയിലൂടെയും പ്രപഞ്ചത്തിലൂടെ തന്നെയും അത് യഥേഷ്ടം പറന്നുല്ലസിക്കട്ടെ. പുറംതള്ളപ്പെടാതെ ഉള്ളില്‍ കിടന്നാല്‍ അവര്‍ക്ക് വീര്‍പ്പുമുട്ടും. അതോടെ പൊട്ടിയുടയുന്നത് അവരുടെ ഭാവിയാണ്. 
ചെറുപ്പത്തിലേ കുട്ടികളില്‍ ജ്ഞാന സമ്പാദന തൃഷ്ണയുണ്ട്. വസ്തുക്കളെ തിരിച്ചും മറിച്ചും നോക്കുന്നതും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ചുറ്റുപാടുകളെ കുറിച്ച് അറിയാനുള്ള താല്‍പര്യമാണ് കുട്ടികള്‍ക്ക് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ചുറ്റുവട്ടത്തുള്ള വസ്തുക്കളെ കുറിച്ച് ചോദിക്കുന്നത്. പ്രായഘട്ടങ്ങള്‍ക്കനുസരിച്ച് അറിയേണ്ട കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. അവരുടെ താല്‍പര്യങ്ങളും. അത് മാതാപിതാക്കള്‍ തിരിച്ചറിയണം. തങ്ങള്‍ക്ക് അറിയാത്തതിനെ പറ്റിയെല്ലാം അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അത് അവസാനിക്കുകയില്ല. അറിയാനുള്ള ഈ അഭിലാഷമാണ് ഒരാളെ ഉയരത്തിലെത്തിക്കുന്നത്.  ലോകത്തുണ്ടായ സര്‍വ പുരോഗതിയുടെയും പിന്നില്‍ ഇതേ ജിജ്ഞാസയുണ്ട്. വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്ത് സുസാധ്യമായത് അതുകൊണ്ടാണ്. 'ഈൃശീശെ്യേ ശ െവേല ങീവേലൃ ീള ഗിീംഹലറഴല' (ജിജ്ഞാസയാണ് അറിവിന്റെ മാതാവ്) എന്നാണല്ലോ ആപ്തവാക്യം. കളിപ്പാട്ടം കൈയില്‍ കിട്ടിയാല്‍ കുട്ടികള്‍ ആദ്യം അവയുടെ നിറവും ഭംഗിയും നോക്കിക്കൊണ്ടിരിക്കും. എന്നാല്‍ അതില്‍ മാത്രം അവര്‍ തൃപ്തരാകുന്നില്ല. അടുത്ത നിമിഷം അതിന്റെ ഉള്ളിലെന്തെന്ന് അറിയാനായിരിക്കും ജിജ്ഞാസ. അതോടെ പിന്നെ കളിപ്പാട്ടം തകര്‍ക്കാനുള്ള ശ്രമമാവും ഉണ്ടാവുക. പൊളിച്ചുകഴിഞ്ഞാല്‍ അതിന്റെ കൗതുകവും കുറച്ചുനേരം മാത്രം. ഉടനെ മറ്റൊന്നിലേക്ക് തിരിയും. ബുദ്ധിപരമായ വളര്‍ച്ചക്ക് ഉതകുന്ന ജിജ്ഞാസയെ അതുകൊണ്ടുതന്നെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ബോധപൂര്‍വം തന്നെ ചെവി കൊടുക്കണം. അവരുടെ സംശയങ്ങള്‍ പ്രധാനമോ അപ്രധാനമോ ആവട്ടെ. ഏതായിരുന്നാലും നമ്മുടെ ഉത്തരവും സമീപനവും പ്രധാനമായിരിക്കണം. അവര്‍ക്ക് പരമാവധി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയില്‍ മറുപടി നല്‍കണം. പ്രായത്തിനും ചോദ്യത്തിനും അനുസരിച്ചുള്ള മറുപടി. 'വലുതായാല്‍ മനസ്സിലാകും' എന്നത് ഉചിതമായ ഉത്തരമല്ലെന്നും ഓര്‍ക്കുക. ബോധപൂര്‍വം മറുപടി വൈകിക്കുക, ആക്ഷേപിക്കുക എന്നിവയും അരുത്.
കുഞ്ഞുങ്ങളുടെ ഏത് ചോദ്യങ്ങള്‍ക്കും മടിയേതും കൂടാതെ ഉത്തരം പറയുക. വളരെ ശാന്തമായും പക്വമായും ആയിരിക്കട്ടെ നമ്മുടെ ഉത്തരങ്ങള്‍. തിരക്കിനിടയില്‍ എപ്പോഴും അങ്ങനെ ചിന്തിച്ചും കണ്ടെത്തിയും മറുപടി നല്‍കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. എങ്കിലും പരമാവധി നേരായ വഴിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഇല്ലെങ്കില്‍ തന്നെയും ഒരിക്കലും നിരുത്സാഹപ്പെടുത്തിക്കൂടാ. കുഞ്ഞുങ്ങളെ പരിഗണിക്കുന്നുവെന്ന തോന്നല്‍ അവരിലുണ്ടാകണം. അത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല മാതാപിതാക്കളിലുള്ള അവരുടെ വിശ്വാസവും വളരും. മറിച്ച് അവഗണിക്കുന്നുവെന്ന തോന്നലുണ്ടായാല്‍ അപകര്‍ഷ ബോധമാണ് ഉടലെടുക്കുക. കൂടാതെ ഉള്‍വലിഞ്ഞ പ്രകൃതക്കാരും സ്വഭാവക്കാരുമായി അവര്‍ മാറും. ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി മാതാപിതാക്കളില്‍നിന്ന് ലഭിച്ചില്ലെങ്കില്‍ കുട്ടികളുടെ കുഞ്ഞുമനസ്സില്‍ ഒരുതരം കുറ്റബോധം ഉടലെടുക്കും. വീണ്ടും ചോദിക്കാനുള്ള വാസന മുരടിക്കുകയും ചെയ്യും. ചിലര്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മറ്റാരില്‍നിന്നെങ്കിലും കണ്ടെത്തും. ഇതാകട്ടെ മാതാപിതാക്കളിലുള്ള അവരുടെ വിശ്വാസം കുറക്കുകയും ചെയ്യും. 
ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് ശൈശവം. ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കാലം. ശിശുക്കളോട് ഏറ്റവും നന്നായി ആശയവിനിമയം നടത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ ഏത് കാര്യത്തിലും മാതാപിതാക്കളുമായി ഒരു വൈകാരിക പങ്കാളിത്തം ഉണ്ടായിത്തീരണം. ആശയവിനിമയവും ഇടപെടലുകളും ക്രിയാത്മകമാക്കുകയാണ് അതിനുള്ള മാര്‍ഗം. വ്യക്തിത്വ വികസനം, ഭാഷാ പരിജ്ഞാനം, പദ-പ്രയോഗങ്ങളുടെ പരിചയം... തുടങ്ങിയവയൊക്കെ ഇതിലൂടെ ലഭിക്കുന്നു. കുട്ടികളുമായി നല്ല ഇടപെടലുകള്‍ നടത്താനുള്ള കഴിവ് നാം ആര്‍ജിച്ചെടുക്കണം. നാം വലിയ അധ്യാപകനോ പ്രഫസറോ ഡോക്ടറോ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലോ ആണെന്നതുകൊണ്ട് മാത്രം അതിനാവില്ല. മനസ്സറിഞ്ഞും ശ്രദ്ധയോടെയും അതിന് തയാറാവുകയാണ് പ്രധാനം. കുട്ടികളുമായുള്ള നല്ല സമീപനം ഏതൊരാളുടെയും ഗുണമേന്മ അളക്കാനുള്ള മാനദണ്ഡം തന്നെയാണ്. കുഞ്ഞുങ്ങളോട് നന്നായി ആശയവിനിമയം നടത്തുന്നത് വലിയ ഫലങ്ങളുണ്ടാക്കുമെന്ന് മാനസികാരോഗ്യ-സാമൂഹിക മനഃശാസ്ത്ര വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു.
ചോദ്യങ്ങള്‍ ചോദിച്ച് ജിജ്ഞാസയുണ്ടാക്കി പഠിതാവില്‍ ആശയം ആഴത്തില്‍ പതിപ്പിക്കുന്ന രീതി വിദ്യാഭ്യാസരംഗത്ത് സാര്‍വത്രികമാണിന്ന്. ഖുര്‍ആനിക-പ്രവാചകാധ്യാപനങ്ങളിലും ചോദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടതായി കാണാം. ഇഹ്‌സാന്‍ എന്തെന്ന് സ്വഹാബത്തിനെ പഠിപ്പിച്ച സംഭവം സുപ്രസിദ്ധമാണല്ലോ. ജിബ്‌രീല്‍ എന്ന മാലാഖ മനുഷ്യരൂപത്തില്‍ പ്രവാചക സന്നിധിയിലെത്തി. എന്താണ് ഇസ്‌ലാം, എന്താണ് ഈമാന്‍, എന്നീ ചോദ്യങ്ങള്‍ക്കു ശേഷം അടുത്ത ചോദ്യം ഇഹ്‌സാന്‍ എന്തെന്നതായിരുന്നു. എല്ലാറ്റിനും തിരുനബി (സ) മറുപടി നല്‍കി. അപരിചിതനായ ഒരാള്‍ പെട്ടെന്ന് വന്നു പ്രവാചകന്റെ മുമ്പിലിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു. തിരുനബി മറുപടി പറയുന്നു. ആശ്ചര്യത്താല്‍ അന്ധാളിച്ചു നിന്ന അനുയായികളെ പ്രവാചകന്‍ അത് നിങ്ങള്‍ക്ക് ഇഹ്‌സാന്‍ പഠിപ്പിക്കാന്‍ വന്ന മാലാഖ ജിബ്‌രീലാണെന്ന കാര്യം ബോധ്യപ്പെടുത്തുന്നു. തിരുനബിയുടെ അധ്യാപന രീതിയും ജിജ്ഞാസയുണര്‍ത്തുന്നതായിരുന്നു. ഒരിക്കല്‍ അവിടുന്ന് ചോദിച്ചു. 'ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? അത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹമുണ്ടായിത്തീരും. നിങ്ങള്‍ക്കിടയില്‍ സലാമിനെ വ്യാപിപ്പിക്കലാണത്.' ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും അതിന് മറുപടി ഇങ്ങനെ പറയണമെന്നും നബി(സ)യെ അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ഖുര്‍ആന്‍ പലയിടത്തും പ്രയോഗിച്ച ഒരു ശൈലിയാണത്. 'റൂഹിനെ കുറിച്ച് അവര്‍ താങ്കളോട് ചോദിക്കും.അപ്പോള്‍ നബിയേ താങ്കള്‍ പറയുക....' 'ആര്‍ത്തവസ്ഥാനത്തെ കുറിച്ച് അവര്‍ ചോദിക്കും'. 'മദ്യത്തെ കുറിച്ച് അവര്‍ ചോദിക്കും.....'
ചുരുക്കത്തില്‍, ചോദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അതിനാല്‍ കുഞ്ഞുങ്ങളുടെ ചോദ്യങ്ങളെ മാതാപിതാക്കള്‍ അവഗണിക്കാതിരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top