ശബ്‌ന സിയാദ്

സംവരണവും ജനാധിപത്യ സര്‍ക്കാറും No image

അധികാരത്തില്‍ പങ്കുചേര്‍ന്നാലേ സമൂഹികമായി രക്ഷപ്പെടുകയുള്ളൂവെന്ന് കേരളത്തില്‍ ആദ്യമായി മനസ്സിലാക്കിയത് മുന്നാക്ക വിഭാഗക്കാരായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കേരളത്തില്‍ ഉദ്യോഗപ്രാതിനിധ്യത്തിനു വേണ്ടി 1891-ല്‍ നായര്‍ സമുദായം ഒരു സമരം നടത്തി. അതായിരുന്നു സംവരണത്തിന് വേണ്ടിയുള്ള ആദ്യപോരാട്ടം. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസന്റെ വിയോഗശേഷം ദിവാന്‍പദവിക്കര്‍ഹനായിരുന്ന അനന്തരവന്‍ ദുര്‍ബലനായിരുന്നു. ഈ അവസരം മുതലെടുത്ത് കൊട്ടാരത്തിലെ ഉദ്യോഗപദവിയിലുണ്ടായിരുന്ന ചെട്ടി, നമ്പൂതിരി, ക്രിസ്ത്യന്‍ വിഭാഗക്കാരായിരുന്ന മൂന്നു സമുദായക്കാര്‍ ചേര്‍ന്ന് ഭരണം കൈയാളി. ഇവരുടെ ഭരണത്തിന്‍ കീഴില്‍ നായര്‍ സമുദായം അസംതൃപ്തരായി മാറി. ഈ സമയത്താണ് നായന്‍മാരിലെ സമ്പന്നര്‍ നികുതി കൊടുക്കണമെന്ന വിളംബരമുണ്ടാകുന്നത്. അതോടെ നാട്ടുകൂട്ടം ചേര്‍ന്ന് നായര്‍ സമുദായാംഗങ്ങള്‍ വേലുത്തമ്പി ദളവയുടെ നേതൃത്വത്തില്‍ സംഘടിച്ച് കൊട്ടാരം മാര്‍ച്ച് നടത്തി. കൊട്ടാരത്തില്‍ ഉദ്യോഗ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഈ മാര്‍ച്ച്. മുന്നാക്ക സമുദായക്കാര്‍ നടത്തിയ ഈ മാര്‍ച്ചാണ് കേരളത്തില്‍ ഉദ്യോഗപ്രാതിനിധ്യത്തിന് വേണ്ടിയുളള ആദ്യസമരം. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കുചേരാന്‍ അവസരം കൊടുത്താലേ സാമുദായികവും സാമൂഹികവുമായ ഉച്ചനീചാവസ്ഥയില്‍നിന്നും സമൂഹം രക്ഷപ്പെടുകയുള്ളൂവെന്നത് വസ്തുതയാണ്. 
ഇവിടെ ഏതാണ് അധഃസ്ഥിത വിഭാഗമെന്ന തര്‍ക്കമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ ജാതീയമായി പിന്നാക്കാവസ്ഥയിലുള്ളവരോ ആരെയാണ് ഇത്തരത്തില്‍ കണക്കാക്കേണ്ടതെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ ചില വസ്തുതകള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. 
കേന്ദ്ര ഗവണ്‍മെന്റിന്റെ 40 മന്ത്രാലയങ്ങളിലും 48 വകുപ്പുകളിലുമായി ജനസംഖ്യാനുപാതികമായ ഉദ്യോഗ പ്രാതിനിധ്യം നിലവിലുള്ള സംവരണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 15, 7.5, 27 ശതമാനം എന്നിങ്ങനെ വീതം വേണം. എന്നാല്‍ നിലവിലത് 13, 4, 7 എന്നിങ്ങനെയാണെന്നാണ് 2015-ലെ വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്. 
എന്നുവെച്ചാല്‍ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന  പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസില്‍ 24 ശതമാനം പ്രാതിനിധ്യം മാത്രമാണുള്ളതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 ശതമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്ക് 76 ശതമാനം പ്രാതിനിധ്യവും. പ്രഫഷണല്‍ സ്ഥാപനങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പേരിന് പോലും പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള പ്രാതിനിധ്യമില്ല. 
സംസ്ഥാനത്തെ എയ്ഡഡ് മേഖലകളിലെ പ്രാതിനിധ്യം കൂടി പരിശോധിക്കേണ്ടതുണ്ട്. 8233 അധ്യാപകരുള്ള എയ്ഡഡ് കോളേജുകളില്‍ 49 പേര്‍ മാത്രമാണ് എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നുള്ളത്. ഹൈസ്‌കൂള്‍, യു.പി, എല്‍.പി സ്‌കൂളുകള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളിലായി 1,54,360 പേര്‍ ജോലി ചെയ്യുന്നതില്‍ എസ്.സി, എസ്.ടി വിഭാഗം 0.37 ശതമാനം മാത്രമാണ്. മറ്റൊന്ന് മുന്നാക്ക വിഭാഗക്കാരായ എന്‍.എസ്.എസ് കേരളത്തില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. 
ഇവിടെ ഏഴ് കോളേജുകളില്‍ അധ്യാപക തസ്തികകള്‍ 420, അനധ്യാപക തസ്തിക 162 എന്നിങ്ങനെയാണ്. ഇവരുടെ ജാതീയമായ കണക്കെടുത്താല്‍ കാണാന്‍ കഴിയുന്നത് ഇവരിലൊന്നില്‍ പോലും പിന്നാക്കവിഭാഗത്തില്‍നിന്നുള്ളവരില്ലെന്നാണ്. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം മുന്നാക്കക്കാരിലെ പിന്നാക്കക്കാരനെ പറ്റി ചര്‍ച്ച ചെയ്യാന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ഒരു എളുപ്പവഴിയായിട്ടാണിവിടെ സംവരണത്തെ നിര്‍വചിക്കുന്നതു തന്നെ. സംവരണം ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയേയല്ല. സാമൂഹികമായ കാരണങ്ങളാല്‍, ജാതിവ്യവസ്ഥയെന്ന അനീതി മൂലം നൂറ്റാണ്ടുകളായി പ്രാതിനിധ്യം നിഷേധിക്കപ്പെട്ട സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനു വേണ്ടി കാലങ്ങളായി പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഈ സംവരണമെന്ന പ്രക്രിയ. അതിനെ കേവലം സാമ്പത്തിക ഉന്നമനത്തിന്റെ പേരു പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 
10 ശതമാനം സവര്‍ണ സംവരണം അനുവദിക്കുന്ന ബില്‍ പാസാക്കി നടപ്പാക്കാന്‍ പോകുന്നത് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയും ഭരണഘടനാവിരുദ്ധമായിട്ടുമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വിവിധ സമുദായങ്ങളുടെ കണക്കോ,  ജാതീയമായ പിന്നാക്കാവസ്ഥയുടെ പട്ടികയോ പുറത്തുവിടാതെയാണ് 10 ശതമാനം മുന്നാക്ക സംവരണം നടപ്പാകാന്‍ പോകുന്നത്. ഇപ്പോഴും ഇന്ത്യയില്‍ ജാതിവിവേചനം നിലനില്‍ക്കുകയും അസമത്വം നിഴലിക്കുകയും ചെയ്യുമ്പോഴാണീ മുന്നാക്ക സംവരണ ബില്ല് പാസാക്കിയിരിക്കുന്നത്. 
സംവരണ വിഭാഗത്തിന് നിലവിലുള്ള 50 ശതമാനം സംവരണം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് 10 ശതമാനം മുന്നാക്ക സംവരണം അനുവദിക്കുന്നതെന്നാണ് മറ്റൊരു വാദം. അതായത് സംവരണ വിഭാഗത്തിന് കിട്ടാനുള്ളത് കിട്ടുന്നുണ്ട്, ശേഷിക്കുന്നവ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ലഭിക്കട്ടേയെന്ന്. എന്നാല്‍ ഇതിലുള്ള വസ്തുതയെന്താണ്? നിലവില്‍ 50 ശതമാനം സംവരണവും 50 ശതമാനം ജനറല്‍ കാറ്റഗറിയുമെന്നുള്ളത് 60 ശതമാനം സംവരണവും 40 ശതമാനം ജനറല്‍ എന്ന രീതിയിലേക്ക് മാറ്റപ്പെടും. ഇതോടെ ജനറല്‍ കാറ്റഗറിയിലെത്തുന്ന പിന്നാക്ക വിഭാഗക്കാരന്റെ 10 ശതമാനം സീറ്റുകള്‍ അവിടെ മുന്നാക്കക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതായത് പിന്നാക്കക്കാരന് സംവരണേതര സീറ്റായ 40 ശതമാനത്തില്‍നിന്നും എന്തെങ്കിലും കിട്ടിയാലായി. അതിനാല്‍ മുന്നാക്ക സംവരണം കൊണ്ട് സംവരണവിഭാഗക്കാര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് വാദിക്കുന്നവര്‍ ഇത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍തല നിയമനങ്ങള്‍ നടത്തുന്നത് പബ്ലിക് സര്‍വീസ് കമീഷന്‍ വഴിയാണല്ലോ. ഇവിടെ കാലങ്ങളായി പി.എസ്.സി മെറിറ്റ് സീറ്റുകള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. ചില തെളിവുകള്‍ ഇതുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലുണ്ട്. ഇത്തരത്തില്‍ പി.എസ്.സി നിയമനങ്ങളില്‍ അട്ടിമറികള്‍ നടക്കുന്നുവെന്ന് സംശയിക്കാനുള്ള കാരണം തന്നെ  ജനസംഖ്യാനുപാതികമായി നിലവില്‍ വരേണ്ടതിനും എത്രയോ കൂടുതല്‍ പ്രാതിനിധ്യം മുന്നാക്ക വിഭാഗങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോള്‍തന്നെയുണ്ടന്നതാണ്. 20 യൂനിറ്റ് പ്രകാരമുള്ള ഇപ്പോഴത്തെ റൊട്ടേഷന്‍ സമ്പ്രദായപ്രകാരം ജനറല്‍ സീറ്റില്‍ നിയമനം ലഭിക്കേണ്ട പിന്നാക്ക വിഭാഗക്കാരന്‍ റിസര്‍വേഷന്‍ ടേണില്‍ നിയമിക്കപ്പെടുന്നുണ്ട്. ഒരു ജനറല്‍ സീറ്റിന് പിന്നാലെ ഒരു റിസര്‍വേഷന്‍ സീറ്റ് എന്നിങ്ങനെയാണ് റൊട്ടേഷന്‍ സമ്പ്രദായം നിലവിലുള്ളത്. ഈ രീതി പിന്തുടരുമ്പോള്‍ ഇപ്പോള്‍ തന്നെ അപാകതയുണ്ടാകുന്നു. ഇതിനിടയിലേക്കാണ് 10 ശതമാനം മുന്നാക്ക സംവരണവും ചേര്‍ക്കേണ്ടത്. ആശയക്കുഴപ്പം നിറഞ്ഞ  റൊട്ടേഷന്‍ വ്യവസ്ഥിതിയിലേക്ക് ഈ പത്ത് ശതമാനക്കാരെയും കൂടി ചേര്‍ക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണത എങ്ങനെ പരിഹരിക്കപ്പെടുമെന്നതും ആശങ്കയാണ്. 
രാജ്യത്തിന്റെ അധികാരം (Power) സര്‍ക്കാരിന്റെ കൈയില്‍ മാത്രമാണ്. ഈ അധികാരം വീതിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഈ ഉദ്യോഗസ്ഥരെന്നാല്‍  ജനാധിപത്യരാജ്യത്തില്‍ മുഴുവന്‍ ജനങ്ങളുടേതുമാകണം, അതായത് മുഴുവന്‍ വിഭാഗത്തില്‍നിന്നുള്ളവരുമുണ്ടാകണം. അല്ലാതെ ചിലര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കാനായി ഉദ്യോഗസ്ഥരാക്കുകയല്ല വേണ്ടത്. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് എല്ലാവരെയും ഒപ്പമെത്തിക്കുക, ദുര്‍ബല വിഭാഗത്തെ കൈപിടിച്ചുയര്‍ത്തുക. ഇതാണ് ജനാധിപത്യബോധമുള്ള സര്‍ക്കാരിന്റെ ബാധ്യത.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top