പെണ്‍കരങ്ങളില്‍ അറുപത് തികഞ്ഞൊരു വായനശാല

എം. ഇഹ്‌സാന No image

പെ ണ്ണുങ്ങളില്ലാത്ത ഇടം അപൂര്‍വമാണിന്ന്. അവള്‍ക്കുവേണ്ടി അവള്‍ തന്നെ നടത്തുന്ന പലതുമുണ്ട് താനും. അറിവും വിവരവും കൂടുന്നതിനനുസരിച്ച് ആവേശവും കാര്യപ്രാപ്തിയും കൂടുതലാണ്. സിലബസിനപ്പുറവും പഠിക്കുകയും വായിക്കുകയുമാണവള്‍. സാഹിത്യവും കലയും പെണ്ണിന്റെ വിരല്‍ത്തുമ്പിനും ഒതുങ്ങുമെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പുരക്കുള്ളിലിരുന്ന് മാത്രമല്ല പുറത്തിറങ്ങിയും അവള്‍ വായിക്കുകയാണ്. അതിനായി അവള്‍ തന്നെ നിയന്ത്രിക്കുന്ന ലൈബ്രറികളുമുണ്ട്. അതില്‍ ആദ്യത്തേത് ഏതാണെന്നു ചോദിച്ചാല്‍ തര്‍ക്ക വിഷയമാണ് ഈ ചോദ്യമെന്നു തോന്നും. പക്ഷേ, തൃശൂര്‍ നഗരത്തില്‍ നെടുപുഴയില്‍ സ്ഥിതിചെയ്യുന്ന കസ്തൂര്‍ബ ഗ്രാമിനോടനുബന്ധിച്ച വനിതാ ഗ്രന്ഥശാലയാണ് സംസ്ഥാനത്തെ ആദ്യ ഗ്രന്ഥശാലയെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഏതായാലും 1951 മുതല്‍ കസ്തൂര്‍ബ ഗ്രാമില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഗ്രന്ഥശാലയും വായനശാലയുമുണ്ട്. അതിനെ നിയന്ത്രിക്കുന്നതും സ്ത്രീകള്‍ തന്നെ. തന്റെ പ്രിയ സഹധര്‍മിണിയുടെ സ്മരണക്കായി ഗാന്ധിജി രൂപവത്കരിച്ച കസ്തൂര്‍ബ ഗാന്ധി സ്മാരക ട്രസ്റ്റിന്റെ വകയാണ് ഈ ലൈബ്രറി. കണ്ണൂര്‍ പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം ബാലരാമപുരം വരെ കസ്തൂര്‍ബ ഗാന്ധി സ്മാരക ട്രസ്റ്റിന് സംസ്ഥാനത്ത് 57 കേന്ദ്രങ്ങളുണ്ട്. സ്ത്രീ ശാക്തീകരണമാണ്  കസ്തൂര്‍ബാ ഗാന്ധി ട്രസ്റ്റിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. അതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വായനശാലയും ഗ്രന്ഥശാലയും നാടിന്റെ പല ഭാഗങ്ങളിലും തുടങ്ങിയത്. കേരളത്തില്‍ ട്രസ്റ്റിന്റെ ആസ്ഥാനമാണ് നെടുപുഴ. 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ (ഇപ്പോള്‍ ലൈബ്രറി കൗണ്‍സില്‍) ഗ്രാന്റോടെയാണ് ഈ ഗ്രന്ഥശാല പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആദ്യകാലത്ത് കസ്തൂര്‍ബ ഗ്രാമിന്റെ ഗ്രാമസേവികമാര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നതെന്ന് കസ്തൂര്‍ബ ഗ്രാമിന്റെ ഇപ്പോഴത്തെ ചുമതല വഹിക്കുന്ന 'പ്രതിനിധി' ശാരദ വ്യക്തമാക്കി. പിന്നീട് വായനശാലയുടെ പ്രവര്‍ത്തനം ചെറിയ ഒരു മുറിയിലേക്ക് മാറ്റി.  നെടുപുഴയില്‍ തുടങ്ങിയതിന്റെ ശാഖ അധികം താമസിയാതെ ബാലരാമപുരത്തും തുറന്നു. 
ഇന്ന് ഏതാണ്ട് 30 സെന്റ് സ്ഥലത്ത് നിലകൊള്ളുന്ന കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും സ്ത്രീകളുടെ കൈകളിലാണ് അതിന്റെ നിയന്ത്രണം.  ലൈബ്രേറിയനും വനിത തന്നെ. പരിസരത്തെ 50-ഓളം സ്ത്രീകളാണ് ഇതിലെ അംഗങ്ങള്‍. രാവിലെ ഒമ്പതു മുതല്‍ നാല് വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ, വായിച്ചു വളരാന്‍ വിവിധ പത്രങ്ങളും ആനുകാലികങ്ങളും എത്തുന്നു. സോഷ്യല്‍ മീഡിയാ കാലത്തെ വായനയുടെ രീതി മാറുന്നതുകൊണ്ടായിരിക്കാം വായനക്കാരായി എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാലും, 50 അംഗങ്ങള്‍ വായനക്കനുസരിച്ച് പുസ്തകങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.
അടുത്തുള്ള വൃദ്ധ സദനത്തിലെ അന്തേവാസികള്‍ എല്ലാവരും വായനശാലാ അംഗങ്ങളും വായനക്കാരുമാണ്. വായനശാലയിലെ പത്രങ്ങളും ആനുകാലികങ്ങളും വൃദ്ധസദനത്തില്‍ എത്തിക്കും. ലക്ഷ്യം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണമായതിനാല്‍ 10 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കേ വായനശാലയുടെ ഗുണഭോക്താവാകാന്‍ സാധിക്കൂ. 
നിരവധി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ വായനശാലയെ ഉപയോഗപ്പെടുത്തുന്നുണ്ട്. തങ്ങളുടെ പഠനത്തിനായി  റഫറന്‍സിനായാണ് അവര്‍ എത്തുന്നത്. വായനശാലക്കടുത്താണ് ജില്ലയിലെ ഏക വനിതാ പോളിടെക്‌നിക് കോളേജ് നിലകൊള്ളുന്നത്. ശാസ്ത്ര വിഷയങ്ങള്‍ അടക്കം വായനശാലക്ക് ഉള്ള സമ്പന്നമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 1691 റഫറന്‍സ് ഗ്രന്ഥങ്ങള്‍ വായനശാലയിലുണ്ട്. മറ്റു പുസ്തകങ്ങളുടെ എണ്ണം 30,000- ഓളം വരും. ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേഷനുള്ള 'ബി' ക്ലാസ് ഗ്രന്ഥശാലയാണിത്. കൗണ്‍സിലിന്റെ വാര്‍ഷിക ഗ്രാന്റും ലഭിക്കുന്നു. 
കൃത്യമായ വരിസംഖ്യ ആരില്‍നിന്നും ഈടാക്കുന്നില്ലെങ്കിലും ചില അംഗങ്ങള്‍ പരമാവധി 10 രൂപ വരെ വരിസംഖ്യ നല്‍കുന്നു. അതേസമയം എല്ലാ മാസവും ലൈബ്രറി കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായി വിവിധ പരിപാടികള്‍ ഇവിടെ നടത്താറുണ്ടെന്ന് ശാരദ പറഞ്ഞു. അംഗങ്ങളും നാട്ടുകാരുമെല്ലാം വായനശാല നടത്തുന്ന എല്ലാ പരിപാടികള്‍ക്കും സഹകരണങ്ങള്‍ നല്‍കുന്നുമുണ്ട്. വായനശാലയോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ഗാന്ധി ബുക്് ഹൗസും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top