കേരളത്തിന്റെ വീരപുത്രന്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട് No image

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും യുഗപുരുഷനും കേരളത്തിന്റെ വീരപുത്രനുമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ അനുസ്മരിക്കുന്നു.

 

1898-ല്‍ കൊടുങ്ങല്ലൂരിലെ എറിയാട് കറുകപ്പാടത്ത് അബ്ദുര്‍റഹ്മാന്റെയും അയ്യാരില്‍ കൊച്ചൈശുമ്മയുടെയും ആദ്യസന്താനമായാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ജനിച്ചത്. കേരള മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ച ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ സ്ഥാപിച്ച പ്രൈമറി സ്‌കൂളിലാണ് പ്രാഥമിക പഠനം. കൊടുങ്ങല്ലൂര്‍, വാണിയമ്പാടി മദ്‌റസത്തുല്‍ ഇസ്‌ലാമിയ, കോഴിക്കോട് ബാസല്‍ മിഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നു പഠിച്ചു. സ്‌കൂള്‍ ഫൈനല്‍ പാസായ അബ്ദുര്‍റഹ്മാന്‍ മദിരാശിയിലെ മുഹമ്മദന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. അതു പാസായ ശേഷം അദ്ദേഹം മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ ഓണേഴ്‌സിനു ചേര്‍ന്നു. അന്ന് ബി.എ പാസായാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉയര്‍ന്ന ജോലിയും പദവിയും ലഭിക്കുന്ന കാലമായിരുന്നു.
1920-ല്‍ പ്രസിഡന്‍സി കോളേജില്‍ പഠിക്കുന്ന കാലത്താണ് അബ്ദുര്‍റഹ്മാന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവമുണ്ടായത്. ഒരു ദിവസം സുഹൃത്തായ ചാവക്കാട്ടുകാരന്‍ മുഹമ്മദ് റൂമിലേക്ക് കയറി വരുമ്പോള്‍ നിറയെ പുസ്തകങ്ങള്‍ക്കു നടുവില്‍ കഴിയുന്ന അദ്ദേഹത്തെ കണ്ട് പുസ്തകപ്പുഴുവെന്നു കളിയാക്കി 'ഇതെങ്കിലുമൊന്ന് വായിച്ചുനോക്കൂ' എന്ന് പറഞ്ഞുകൊണ്ട് മൗലാനാ അബുല്‍ കലാം ആസാദ് എഴുതിയ ഖിലാഫത്ത് ഔര്‍ ജസീറതുല്‍ അറബ് എന്ന കൃതി അദ്ദേഹത്തിനു വായിക്കാന്‍ നല്‍കി. ഒറ്റ ഇരുപ്പില്‍ അത് വായിച്ചു തീര്‍ത്ത അബ്ദുര്‍റഹ്മാന് ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പഠനം പൂര്‍ത്തീകരിച്ച് ബ്രിട്ടീഷുദ്യോഗം സ്വീകരിച്ച് അവര്‍ക്ക് അടിമപ്പണി ചെയ്ത് ജീവിക്കണോ അഥവാ സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിലേക്കു എടുത്തുചാടി ഇന്ത്യയുടെ വിമോചനത്തിനുവേണ്ടി പടക്കളത്തിലേക്കിറങ്ങണോ എന്നായിരുന്നു അബ്ദുര്‍റഹ്മാന്റെ മനസ്സിനെ അസ്വസ്ഥമാക്കിയ പ്രശ്‌നം. അദ്ദേഹം പിറ്റേ ദിവസം കോളേജില്‍ പോയില്ല. തന്റേതുമാത്രമായ ഒരു തീരുമാനമെടുത്ത് മുഹമ്മദിന്റെ അടുത്തെത്തി ചോദിച്ചു, എന്താ നാളെ മുതല്‍ കോളേജ് ബഹിഷ്‌കരിക്കുകയല്ലേ? ഇങ്ങനെയൊന്ന്  പ്രതീക്ഷിക്കാതിരുന്ന മുഹമ്മദ് പറഞ്ഞു: അതിനു പിതാവിന്റെ സമ്മതം വാങ്ങേണ്ടേ? അബ്ദുര്‍റഹ്മാന്റെ ഉത്തരം: 'സത്യമാര്‍ഗത്തില്‍ നടക്കാന്‍ എനിക്കാരുടെയും അനുമതി വേണ്ടതില്ല' എന്നായിരുന്നു.
ആസാദിന്റെ ആഹ്വാനം മറ്റുപലരെയും ആകര്‍ഷിച്ചിരുന്നു. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍, ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. 1920-ല്‍ രൂപംകൊണ്ട ജാമിഅ മില്ലിയ്യ എന്ന ദേശീയ വിദ്യാലയം അവരെയൊക്കെയും ഒന്നിപ്പിച്ചു. മൗലാനാ മുഹമ്മദലിയായിരുന്നു വൈസ് ചാന്‍സ്‌ലര്‍. മൗലാനാ ആസാദ്, അന്‍സാരി തുടങ്ങിയവര്‍ അധ്യാപകരും. അധികകാലം ക്ലാസ് മുറികളിലിരുന്ന് പഠനം നടത്താന്‍ അബ്ദുര്‍റഹ്മാന്റെ മനസ്സ് അനുവദിച്ചില്ല. അവര്‍ അങ്ങനെ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസില്‍ സജീവ അംഗങ്ങളായി. 1921-ല്‍ നാഗ്പൂരില്‍വെച്ച് നടന്ന ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു. കേരളത്തില്‍ കെ. മാധവന്‍ നായര്‍ മാത്രമാണ് പ്രതിനിധിയായി പങ്കെടുത്തത്. ഇരുവരും കേരള സംസ്ഥാനം രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. ഐക്യ കേരളത്തിനുവേണ്ടി ആദ്യമായി ദേശീയ തലത്തില്‍ ആവശ്യമുന്നയിച്ചവരില്‍ അബ്ദുര്‍റഹ്മാന്‍ പങ്കാളിയായി.
മൗലാനാ മുഹമ്മദലിയുടെ നിര്‍ദേശാനുസരണം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തന്റെ പ്രവര്‍ത്തന മേഖല മലബാറിലേക്ക് മാറ്റി. 1921-ല്‍ ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാരുടെ കിരാത ഭരണം ഖിലാഫത്ത് മുന്നേറ്റത്തിന് വേഗത വര്‍ധിപ്പിച്ചു. 1921 ഏപ്രിലില്‍ മഞ്ചേരിയില്‍ വെച്ചുണ്ടായ സമ്മേളനം ഖിലാഫത്ത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ചന്ദ്രക്കലയും പുണ്യവചനങ്ങളുമുള്ള വെള്ളപ്പതാകക്കു കീഴെ ഖിലാഫത്ത് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. ബ്രിട്ടീഷുകാരുടെ ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറി. അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിന് അബ്ദുര്‍റഹ്മാന്‍ തന്റെ സര്‍വശക്തിയും ഉപയോഗിച്ചു. തിരൂരങ്ങാടിയില്‍വെച്ച് ഒരു കാളവണ്ടിയില്‍ കയറിനിന്ന് അബ്ദുര്‍റഹ്മാന്‍ ഉറക്കെ ചോദിച്ചു: 'അവിവേകം പ്രവര്‍ത്തിക്കാനാണോ നിങ്ങള്‍ പുറപ്പെടുന്നത്? നിങ്ങളാണോ ഖിലാഫത്തിന്റെയും കോണ്‍ഗ്രസിന്റെയും ആജ്ഞയും അച്ചടക്കവുമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍? നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതായിരിക്കണം.' 1921-ലെ മലബാര്‍ കലാപം വന്‍ ദുരന്തമയി പര്യവസാനിച്ചു. 200-ലധികം ഗ്രാമങ്ങളില്‍ വെള്ളപ്പട്ടാളക്കാരുടെയും പോലീസിന്റെയും നരനായാട്ടു നടന്നു. ആയിരക്കണക്കിനു മനുഷ്യജീവന്‍ പൊലിഞ്ഞു. സ്ത്രീകള്‍ വിധവകളും കുട്ടികള്‍ അനാഥരുമായി. കൈയില്‍ കിട്ടിയ യുവാക്കളെ അന്തമാനിലേക്ക് നാടുകടത്തി. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടിയും കലാപം അവസാനിപ്പിക്കുന്നതിനുവേണ്ടിയും അദ്ദേഹം മലബാറിലുടനീളം സഞ്ചരിച്ചു. പട്ടാള നിയമമനുസരിച്ച് അവസാനം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ബെല്ലാരി ആലിപൂര്‍ ജയിലിലേക്കയച്ചു.
1923 ആഗസ്റ്റ് ഒമ്പതിന് അബ്ദുര്‍റഹ്മാന്‍ സാഹിബ് ജയില്‍മോചിതനായി. ആഗസ്റ്റ് പതിനൊന്നിന് അദ്ദേഹം കോഴിക്കോട്ടെത്തി സമരബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. താറുമാറായി കിടക്കുന്ന സാമ്പത്തിക-സാമൂഹിക-കുടുംബഘടന അദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചു.
1923 ഡിസംബറില്‍ ആന്ധ്രയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍ മലബാറിലെ ദുരിതങ്ങള്‍ ഹൃദയസ്പൃക്കായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചു. അതുകേട്ട പലരും മലബാറിനെ സഹായിക്കാന്‍ തയാറായി മുന്നോട്ടു വന്നു. അവരില്‍ പ്രമുഖനാണ് പഞ്ചാബിയായ മൗലാനാ അബ്ദുല്‍ഖാദര്‍ ഖസൂരി. അങ്ങനെയാണ് കോഴിക്കോട്ടെ ജെ.ഡി.റ്റി അനാഥാലയം സ്ഥാപിതമാകുന്നത്. അതിന്റെ പ്രചോദകന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും.
1926 മെയ് മാസത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് വിവാഹിതനായി. തന്റെ കുടുംബത്തില്‍ പെട്ട കറുകപ്പാടത്ത് നമ്പിടിയിന്‍ ചാലില്‍ കുഞ്ഞിപ്പോക്കരുകുട്ടിയുടെ മകള്‍ കുഞ്ഞി ബീവാത്തുവായിരുന്നു വധു. ഇനിയുള്ള ഭാഗം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍(1978) എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കാം:
''വധുവിനെ കൊണ്ടുവന്നത് അല്‍ അമീന്‍ ലോഡ്ജിലേക്കാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ബാധിച്ച ആ താമസസ്ഥലം ഗാര്‍ഹികമായ അടച്ചുറപ്പു നല്‍കാന്‍ പര്യാപ്തമായിരുന്നില്ല. അന്ന് അല്‍ അമീന്‍ തുടങ്ങിയിരുന്നു. പത്രത്തിന് അഭിപ്രാ യത്തിനു വരുന്ന പുസ്തകങ്ങള്‍ വായിച്ചു അവര്‍ സമയം കഴിച്ചു.'
ഭര്‍ത്താവിനു അവര്‍ പ്രാണനായിരുന്നു. അവര്‍ക്കു ഭര്‍ത്താവിനെയും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കടന്നുവരുന്ന ഭര്‍ത്താവിനു അവര്‍ ആശ്വാസം പകര്‍ന്നുകൊടുത്തു. പ്രേമനിലാവു പെയ്യുന്ന ആണ്ടുകള്‍ രണ്ടുകഴിഞ്ഞു. അവര്‍ ഗര്‍ഭിണിയായി. സാഹിബിന്റെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. എപ്പോഴും അദ്ദേഹം ഭാര്യയെ പരിചരിച്ചുകൊണ്ടിരുന്നു.
ദിവസങ്ങള്‍ നീങ്ങിപ്പോയി. പ്രതീക്ഷകള്‍ വികസിച്ചു. രണ്ടുപേരും അഗാധമായ ആഹ്ലാദത്തിന്റെ നിമിഷം കൊതിച്ചിരുന്നു. ഇളംകുഞ്ഞിന്റെ ജീവിതാഹ്വാനം പിറവിയെടുക്കുന്ന ആ മുഹൂര്‍ത്തവും കാത്തു അവര്‍ കഴിച്ചുകൂട്ടി. ആയിടക്കാണ് വസൂരിബാധ നാട്ടിലെങ്ങുമുണ്ടായത്. കടുപ്പമുള്ള മാരകമായ വസൂരി നാട്ടിലെങ്ങും പരന്നു. അവര്‍ക്കു ഗര്‍ഭം ഒമ്പത് മാസമായിരുന്നു.
വസൂരിയില്‍നിന്ന് ഏവരും അകന്നുനില്‍ക്കുന്ന കാലം. അഛനമ്മമാര്‍പോലും മക്കളുടെ അരികില്‍ പരിചരണത്തിന് സമീപിക്കാത്ത കാലമെന്നാണ് മൊയ്തുമൗലവി ആ ഉല്‍ക്കണ്ഠ നിറഞ്ഞ നാളുകളെ കുറിച്ചു പറഞ്ഞത്. കുഞ്ഞി ബീവാത്തുവിനു വസൂരി ബാധിച്ചു. അബ്ദുര്‍റഹ്മാന് പേടിയില്ല. ഭാര്യയെ രാവും പകലും ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ അവര്‍ രോഗത്തിന്റെ കാഠിന്യമറിഞ്ഞില്ല. സ്‌നേഹം വേദനയെ മായ്ച്ചുകളഞ്ഞു. ഡോക്ടര്‍മാര്‍ ശുശ്രൂഷിച്ചു. പ്രസവിച്ചാല്‍ രക്ഷ കിട്ടാനിടയുണ്ട്. ആശയുടെ നാളം പ്രതികൂലമായ കാറ്റില്‍ ആണ്ടു പുളഞ്ഞു. അബ്ദുര്‍റഹ്മാന്റെ ഭാര്യ പ്രസവിച്ചു.
അന്നേരം ചോരക്കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ചെവികൂര്‍പ്പിച്ചുനിന്ന അദ്ദേഹത്തെ നിശ്ശബ്ദമായ, ചലനരഹിതമായ ശവപിണ്ഡമാണ് സ്വാഗതം ചെയ്തത്.
മനുഷ്യന്‍ ഒന്നാശിക്കുന്നു. ദൈവം മറ്റൊന്ന് വിധിക്കുന്നു. അദ്ദേഹം കൂസിയില്ല. പതിവിലേറെ ഭാര്യയെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതനായി. മനോവേദന അവരില്‍നിന്നകറ്റുവാന്‍ പാടുപെട്ടു. രോഗം മൂര്‍ഛിച്ചു. ദിനരാത്രങ്ങള്‍ ഭയത്തിന്റെ കട്ടിപ്പുതപ്പു പുതച്ചുവന്നു. നാല്‍പത്തെട്ടു മണിക്കൂര്‍ കഴിഞ്ഞു ശുശ്രൂഷിക്കാന്‍ മാത്രമേ അബ്ദുര്‍റഹ്മാന്റെ കരങ്ങള്‍ക്ക് കഴിയുമായിരുന്നുള്ളൂ. അവരുടെ ശരീരം ചീര്‍ത്തു.
1929 ഏപ്രില്‍ 29. അവര്‍ പ്രിയതമന്റെ മടിയില്‍ തലവെച്ച് അന്ത്യശ്വാസം വലിച്ചു.
ഇ. മൊയ്തു മൗലവി ആ രംഗം വിവരിക്കുന്നതിങ്ങനെയാണ്: ''വിവരമറിഞ്ഞ് അനുയായികളും നേതാക്കളും അല്‍ അമീന്‍ ലോഡ്ജിന്റെ വരാന്തയിലും മുറ്റത്തും കൂടി. മയ്യിത്ത് മുകളില്‍ വെച്ച് തന്നെ കുളിപ്പിച്ചു. നേരം വൈകുന്നുണ്ടായിരുന്നു. ചീര്‍ത്ത ജഡത്തെ മുകളില്‍നിന്ന് താങ്ങിക്കൊണ്ടുവരുവാന്‍ അവിടെ സന്നിഹിതരായിരുന്ന ചുരുക്കം സ്ത്രീകള്‍ക്ക് കഴിഞ്ഞില്ല. അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. പരപുരുഷന്മാര്‍ക്കു കുഞ്ഞി ബീവാത്തുവിന്റെ ശരീരം തൊടാന്‍ പാടില്ല. മതശാസനകള്‍ക്ക് എതിരാണത്. എന്തു ചെയ്യും! ഉല്‍ക്കണ്ഠാകുലരായി സുഹൃത്തുക്കള്‍.
പതറാതെ അബ്ദുര്‍റഹ്മാന്‍ കോണിപ്പടിയില്‍ വന്നുനിന്നു.
'ഞാന്‍ താഴേക്കു കൊണ്ടുവരാം.'
ദുഃഖവിവശനായ ആ അതിമാനുഷന്റെ അത്ഭുതകരമായ മനഃസാന്നിധ്യം കണ്ട ചങ്ങാതിമാരൊക്കെ കരഞ്ഞുപോയി.
കുത്തനെയുള്ള മരത്തിന്റെ കോണിപ്പടിയാണ്. എത്രയും സൂക്ഷിക്കണം. കാലടിയൊന്നു പിഴച്ചാല്‍ മതി. ഉള്ളുരുകിയ ഒരാള്‍ക്ക് അതിനുള്ള ഉറപ്പുണ്ടാകുമോ?
അബ്ദുര്‍റഹ്മാന്‍ മയ്യിത്ത് അരുമയോടെ താഴേക്കു കൊണ്ടുവന്നു ജനാസ കട്ടിലില്‍ കിടത്തി.''
ആ വേര്‍പാട് ഹൃദയഭേദകമായിരുന്നു. മൂന്ന് കൊല്ലം മാത്രം നീണ്ടുനിന്ന ദാമ്പത്യം. എണ്ണമറ്റ പ്രതീക്ഷകളാണ് ചാവുപറമ്പിലേക്ക് അനുയാത്ര ചെയ്തത്. പ്രേമത്തിന്റെ സുവര്‍ണദിനങ്ങള്‍ പോയി. പ്രേമവല്ലരി മാരിവില്ലു പോലെ മാഞ്ഞുപോയി. പ്രാണപ്രേയസി പോയി. അബ്ദുര്‍റഹ്മാന്റെ ജീവിതം ശോകസങ്കലമായി.
അബ്ദുര്‍റഹ്മാന്റെ ഇളയ സഹോദരനായ ഇബ്‌റാഹീം പറഞ്ഞു: 'ഇക്ക, ജീവിതത്തില്‍ കണ്ണീരൊഴുക്കിയത് ഒരു തവണയേ ഞാന്‍ കണ്ടിട്ടുള്ളൂ. അന്നു മാത്രം.'
1929 ഏപ്രില്‍ 29-ന് അബ്ദുര്‍റഹ്മാന്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ആ വിശുദ്ധ പ്രേമത്തെക്കുറിച്ച് ഇങ്ങനെയെഴുതി:
'കഷ്ടം! ദയാവാരിധിയായ ദൈവം അവന്റെ ദിവ്യജ്ഞാനത്തില്‍ എന്നില്‍നിന്ന് എന്റെ പ്രിയതമയെ വേര്‍പെടുത്തുന്നത് ഉചിതമാണെന്ന് വിചാരിച്ചു. ഉച്ചക്ക് 12 മണിക്ക് അവള്‍ അന്ത്യശ്വാസം വലിച്ചു. രാത്രി 10 മണിക്ക് അവളെ കല്ലായി പള്ളിപ്പറമ്പില്‍ മറവു ചെയ്തു.
ദയാവാരിധിയും പരമകാരുണികനുമായ അല്ലാഹുവേ! അവളുടെ നിഷ്‌കളങ്കമായ ആത്മാവിനു സര്‍വ പാപങ്ങളില്‍നിന്നും മാപ്പു നല്‍കേണമേ. അവള്‍ക്ക് കാലാതീതമായ പരമാനന്ദം നല്‍കേണമേ! ശാശ്വത ശാന്തിയുടെയും അപരിമേയമായ പരമാനന്ദത്തിന്റെയും മന്ദിരത്തില്‍ ഞങ്ങളെ ഒത്തുചേര്‍ക്കേണമേ!'
അബ്ദുര്‍റഹ്മാന്റെ 31 ാം വയസ്സിലാണ് ഈ ദുരന്തമുണ്ടായത്. ഉറ്റവരും ഉടയവരും മറ്റൊരു വിവാഹത്തിന് അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പക്ഷേ അതൊന്നും അദ്ദേഹം അംഗീകരിച്ചില്ല.
ജീവിതസഖിയുടെ സ്വത്തിന്റെ ഒരംശം പോലും അദ്ദേഹം സ്വീകരിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴും അവരുടേതായ ഒരു സ്വത്തുണ്ടായിരുന്നു. കുഞ്ഞിബീവാത്തുവിന്റെ വസ്ത്രങ്ങള്‍. മരണം വരെ അതൊരു അമൂല്യനിധിയായി അബ്ദുര്‍റഹ്മാന്‍ സൂക്ഷിച്ചിരുന്നു. ഇതദ്ദേഹം ജയിലില്‍ പോയപ്പോഴും കൂടെ കൊണ്ടുപോയിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്ന ആ ഉരുക്കു മനുഷ്യന്‍ തന്നോടൊപ്പം മുസ്‌ലിം സമുദായവും വളരണമെന്ന് ആഗ്രഹിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി കൊച്ചിന്‍ മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 1924-ല്‍ ഐക്യസംഘം രൂപീകൃതമായ ശേഷം സാഹിബ് അതിനെ പ്രോത്സാഹിപ്പിക്കുകയും അല്‍ അമീനിലൂടെ അതിനെ പിന്തുണക്കുകയും ചെയ്തു.
തികഞ്ഞ മതഭക്തനായിരുന്ന സാഹിബ് ഇസ്‌ലാമിനെതിരാണെന്ന്് താന്‍ മനസ്സിലാക്കിയ സര്‍വകാര്യങ്ങളെയും വിമര്‍ശിക്കുന്നതിനും എതിര്‍ക്കുന്നതിനും യാതൊരു അമാന്തവും കാണിച്ചിരുന്നില്ല.
1945 നവംബര്‍ 23-ന് കൊടിയത്തൂരില്‍ ഒരു പ്രസംഗ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെ ധീരനായ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ത്യാഗസുരഭിലമായ ജീവിതത്തിനു തിരശ്ശീല വീണു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top