വേനല്‍ക്കാല രോഗങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ. നളിനി ജനാര്‍ദനന്‍ No image

വൈറല്‍ പനി
പനി, ജലദോഷം, തലവേദന എന്നിവ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ്.  വൈറസ്‌കൊണ്ട് ഉണ്ടാകുന്ന ഈ രോഗം വായു വഴി പകരുന്നു.
* ജലദോഷമുള്ളവര്‍ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ വായും മൂക്കും 
പൊത്തിപ്പിടിക്കുക.
* രോഗിയുടെ തോര്‍ത്തും കര്‍ച്ചീഫും മറ്റും പങ്കിടാതിരിക്കുക.
* രോഗി ധാരാളം വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.
* ഇളം ചൂടു വെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊണ്ടാല്‍ (gargle) തൊണ്ട വേദനക്ക് ആശ്വാസം കിട്ടും.
* തണുത്ത വെള്ളവും ഐസ്‌ക്രീം 
പോലുള്ള തണുത്ത ഭക്ഷണവും ഒഴിവാക്കുക.
* മരുന്നു കഴിച്ച് വിശ്രമിക്കുക.

ചെങ്കണ്ണ് 
കണ്ണു ചുവക്കുക, കണ്ണില്‍നിന്ന് വെള്ളവും പീളയും പഴുപ്പും വരിക, കണ്ണിന് ചൊറിച്ചിലോ വേദനയോ തരുതരുപ്പോ അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളും കാണാം.
* കണ്ണുരോഗമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. അവര്‍ ഉപയോഗിച്ച തോര്‍ത്തും കര്‍ച്ചീഫും കണ്‍മഷിയും മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
* ചെങ്കണ്ണു രോഗമുള്ളപ്പോള്‍ സ്വിമ്മിംഗ് പൂളിലും കുളങ്ങളിലും നീന്താതിരിക്കുക.

ജലജന്യ രോഗങ്ങള്‍
വൃത്തിയില്ലാത്ത ജലവും വൃത്തികെട്ട ഭക്ഷണവും വൃത്തിയില്ലാത്ത സാഹചര്യങ്ങളും മൂലം ഉണ്ടാകുന്നതാണ് വയറിളക്കം, ടൈഫോയ്ഡ്, കോളറ, വയറുകടി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍.

* തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക.
* ഭക്ഷണം പാകം ചെയ്യാന്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുക.
* പാത്രങ്ങളും പച്ചക്കറികളും കഴുകാന്‍ നല്ലവെള്ളം ഉപയോഗിക്കുക.
* പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കണം.
* ഭക്ഷണം ഉണ്ടാക്കുന്നതിനു മുമ്പും വിളമ്പുന്നതിനു മുമ്പും കഴിക്കുന്നതിനുമുമ്പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം.
* മലവിസര്‍ജനത്തിനുശേഷവും കുട്ടികള്‍ മലവിസര്‍ജനം ചെയ്താല്‍ അവരെ വൃത്തിയാക്കിയ ശേഷവും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം.
* പഴകിയ ഭക്ഷണം ഒഴിവാക്കുക. പഴയ ഭക്ഷണം ഫ്രിഡ്ജില്‍ വെച്ച് ഇടക്കിടെ ചൂടാക്കി കഴിക്കാതിരിക്കുക.
* വഴിവക്കില്‍ തുറന്നുവെച്ച ഭക്ഷണം, മുറിച്ചുവെച്ച സാലഡ്, പഴങ്ങള്‍, വൃത്തികെട്ട ചുറ്റുപാടില്‍ ഉണ്ടാക്കിയ ഭക്ഷണം എന്നിവ കഴിക്കാതിരിക്കുക.

ചര്‍മരോഗങ്ങള്‍
വിയര്‍പ്പു കൂടുന്നതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മരോഗങ്ങളുണ്ടാവാനും ചര്‍മരോഗികള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന ചര്‍മരോഗം വര്‍ധിക്കാനും സാധ്യതയുണ്ട്.
ശരീരം വൃത്തിയായി സൂക്ഷിക്കണം. ദിവസവും രണ്ടു നേരം കുളിക്കുക. വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്‌സുകളും ധരിക്കുക. അവ മുഷിഞ്ഞാല്‍ ഇടക്കിടെ മാറ്റണം. സ്വന്തം അടിവസ്ത്രങ്ങളും സോക്‌സുകളും മറ്റുള്ളവരുമായി പങ്കിടരുത്.

ചൊറിയും വിയര്‍പ്പുകുരുവും 
ചൂടുകുരു (വിയര്‍പ്പുകുരു)വും ചൊറിയും ഉണ്ടാവാനുള്ള സാധ്യത വേനല്‍ക്കാലത്ത് കൂടുതലാണ്.
ദിവസവും രണ്ടു നേരം കുളിക്കുക. വൃത്തിയുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ധരിക്കുക. വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. നഖം വെട്ടുക. ശരീരം പോലെതന്നെ തലമുടിയും വൃത്തിയാക്കണം. ഷാംപു തേച്ച് മുടി കഴുകുക. ചര്‍മരോഗം കണ്ടാല്‍ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങണം. രോഗിയുമായി സമ്പര്‍ക്കം കുറക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുക.

മൂത്രാശയ രോഗങ്ങള്‍
വിയര്‍പ്പു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കുന്നില്ലെങ്കില്‍ മൂത്രത്തില്‍ പഴുപ്പുണ്ടാവാനിടയുണ്ട്. ഇടക്കിടെ മൂത്രമൊഴിക്കുക, അടിവയറ്റില്‍ വേദന, നടുവേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയുണ്ടാവാം. ധാരാളം വെള്ളം കുടിക്കാനും ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങാനും ശ്രദ്ധിക്കുക.

സൂര്യാഘാതവും നിര്‍ജലീകരണവും
കടുത്ത സൂര്യതാപമേല്‍ക്കുന്നവര്‍ക്ക് സൂര്യാഘാതവും നിര്‍ജലീകരണവും ഉണ്ടാവാനും ചിലപ്പോള്‍ അബോധാവസ്ഥയിലെത്താനും സാധ്യതയുണ്ട്. തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായാലും നിര്‍ജലീകരണം ഉണ്ടാവാം.
കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നതും വെയിലത്ത് പണിയെടുക്കുന്നതും ഒഴിവാക്കുക. സൂര്യാഘാതമുണ്ടായ രോഗിക്ക് ഉടനെ പ്രഥമ ശുശ്രൂഷ നല്‍കുകയും വിദഗ്ധ ചികിത്സക്കായി ആസ്പത്രിയിലേക്ക് കൊണ്ടു
പോവുകയും വേണം. വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഇളം നിറമുള്ള കുട, തലയില്‍ തൊപ്പി, ദുപ്പട്ട അല്ലെങ്കില്‍ സ്‌കാര്‍ഫ്, കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.

ചര്‍മ സംരക്ഷണം
മുഖത്തിന്റെയും കഴുത്തിന്റെയും ചര്‍മം വെയിലേറ്റ് വരണ്ടുപോകാനും അതില്‍ അഴുക്കും വിയര്‍പ്പും അടിഞ്ഞുകൂടാനും കരുവാളിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ചര്‍മസംരക്ഷണം വളരെ പ്രധാനം തന്നെയാണ്.
* ദിവസം രണ്ടുനേരം മൃദുവായ ഫേസ് വാഷോ ഗ്ലിസറിന്‍ സോപ്പോ ഉപയോഗിച്ച് മുഖം കഴുകണം.
* അതിനുശേഷം മോയ്‌സ്ച്ചറൈസര്‍ പുരട്ടുക. റോസ് വാട്ടര്‍ (പനിനീര്‍ജലം) മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് കരുവാളിപ്പു കുറക്കാനും സഹായിക്കും.
* മുഖം കഴുകാനുപയോഗിക്കുന്ന വെള്ളം വളരെയധികം തണുത്തതോ വളരെ കൂടുതല്‍ ചൂടുള്ളതോ ആവാന്‍ പാടില്ല. സാധാരണ താപനിലയിലുള്ള വെള്ളംകൊണ്ട് മുഖം കഴുകാം.
* കറ്റാര്‍വാഴ ജൂസ് (Aloe Vera gel) അടങ്ങിയ മോയ്‌സ്ച്ചറൈസറുകള്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ നല്ലതാണ്.
* വെയിലേറ്റു കരുവാളിക്കുന്നതു കുറക്കാനായി വത്തക്ക (Watermelon) അല്ലെങ്കില്‍ കക്കിരിക്കയുടെ ജൂസ് പുരട്ടാവുന്നതാണ്.
* കട്ടിയേറിയ മേക്കപ്പും എണ്ണക്കൂടുതലുള്ള ക്രീമുകളും വേനല്‍ക്കാലത്ത് മുഖത്ത് ഉപയോഗിക്കാതിരിക്കുക. അതിനു പകരം ടാല്‍കം പൗഡറിടാം.
* തൂവാലകള്‍, ടവ്വലുകള്‍, തോര്‍ത്തുകള്‍ എന്നിവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.
* വൃത്തികെട്ട തൂവാലയോ ടവ്വലോ ഉപയോഗിച്ച് മുഖം തുടയ്ക്കരുത്.
* രാവിലെയും വൈകുന്നേരവും കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
* കുളിക്കുമ്പോള്‍ മുടി നന്നായി കഴുകുക. മൂന്നു ദിവസത്തിലൊരിക്കല്‍ ഷാംപൂ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതല്‍ എണ്ണ പുരട്ടാനോ ഇടക്കിടെ ഷാംപൂ ചെയ്യാനോ പാടില്ല.
* പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ്, ഉയര്‍ന്ന ടജഎ ഉള്ള സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടുക. മുഖത്തും കഴുത്തിലും കൈകാലുകളിലും (വെയില്‍ കൊള്ളുന്ന ശരീരഭാഗങ്ങളില്‍) പുരട്ടണം.
* വെയില്‍ കൊണ്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയാല്‍ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകണം.
* കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കേണ്ടി വന്നാല്‍ ഓരോ മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടണം.


ഭക്ഷണരീതി

ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും ഇലക്കറികളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. തണ്ണിമത്തന്‍, വെള്ളരിക്ക, കക്കിരിക്ക പോലുള്ള ജലാംശം കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. എണ്ണയില്‍ വറുത്തു പൊരിച്ച ഭക്ഷണങ്ങളും വെണ്ണയും നെയ്യും മധുരപാനീയങ്ങളും ഒഴിവാക്കി കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, മോര്, സംഭാരം എന്നിവ കഴിക്കാം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതായിരിക്കും നല്ലത്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ വീട്ടില്‍നിന്ന് കുടിവെള്ളം കൊണ്ടുപോവുകയോ പുറത്തുനിന്ന് സീല്‍ ചെയ്ത വെള്ളക്കുപ്പി വാങ്ങുകയോ ചെയ്യുക. വൃത്തിയുള്ള ഹോട്ടലില്‍നിന്നുമാത്രം ഭക്ഷണം കഴിക്കുക. വേനല്‍ക്കാലത്ത് ഏകദേശം രണ്ടു ലിറ്ററോളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.


വസ്ത്രധാരണം

വേനല്‍ക്കാലത്ത് പരുത്തികൊണ്ടുള്ളതും അയഞ്ഞുകിടക്കുന്നതും കാറ്റുകടക്കുന്നതുമായ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കി ഇളംനിറമുള്ള വസ്ത്രങ്ങളിടുക. സില്‍ക്ക്, നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചുമാത്രം വെയിലത്ത് പുറത്തു പോവുക. കട്ടി വളരെ കൂടിയതോ കുറഞ്ഞതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top