കനല്‍ ചിന്തുകള്‍

വി. നിഗാര്‍ ബീഗം No image

നാലു ദിവസം മുമ്പാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നുള്ള ആ എഴുത്ത് ജാനിക്ക് കിട്ടുന്നത്. ഭര്‍ത്താവും മകനും ഏറെ കൗതുകത്തോടെയാണ് ഒപ്പമിരുന്ന് അത് വായിച്ചതും.

പ്രിയ എഴുത്തുകാരി ജാനിക്ക്...
ഈ ജയിലിലുള്ള 555-ാം നമ്പര്‍ തടവുകാരനു വേണ്ടിയാണ് ഇതെഴുതുന്നത്. അദ്ദേഹം ഇവിടെ എത്തിയിട്ട് കാല്‍ നൂറ്റാണ്ടായി. പല വകുപ്പുകളിലായി പല കുറ്റങ്ങളുടെ പേരില്‍ ഇരുപത്താറു കൊല്ലത്തെ ശിക്ഷയാണ് കോടതി ശ്രീരാമന് വിധിച്ചത്. ഇതുവരെ പരോളിലിറങ്ങാത്ത ഒരാള്‍.
ഇരുപത്തഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം കോളേജ് അധ്യാപകനായിരുന്നു. ഇവിടത്തെയും അധ്യാപകനാണ്. സഹതടവുകാരെ പഠിപ്പിക്കുന്നു. ഈ ജയിലിലെ ഏറ്റവും മാന്യനായ തടവുകാരന്‍. ഇവിടത്തെ ലൈബ്രറി മുഴുവന്‍ ഉപയോഗിച്ച മനുഷ്യന്‍.
ഇപ്പോഴദ്ദേഹം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. ബാക്കിയുള്ള ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുമോ എന്നറിയില്ല.
ഏറെ നാളായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് നിങ്ങളെയൊന്ന് നേരില്‍ കാണണമെന്നത്. നമ്മളെ ആവശ്യമുള്ളവരുടെ അടുത്തേല്ല നമ്മളെത്തേണ്ടത്. ജാനിയുടെ ഓരോ പുസ്തകമിറങ്ങുമ്പോഴും പത്രത്തിലെ പുസ്തകാഭിപ്രായത്തില്‍നിന്നറിഞ്ഞ് അവ എന്നോട് വാങ്ങിപ്പിക്കും. നിങ്ങളുടെ വലിയൊരു ആരാധകനാണദ്ദേഹമെന്ന് എനിക്കറിയാം.
കോളേജ് അവധിയുള്ള ഒരു ദിവസം മാഡം ഇവിടെ വരെ ഒന്ന് വരണം. ജയില്‍ സന്ദര്‍ശനം കൊണ്ട് എഴുത്തുകാര്‍ക്ക് കൂടുതല്‍ അനുഭവങ്ങളും ലഭിക്കുമല്ലോ.
അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇതയക്കുന്നത്. കാരണം ശ്രീരാമന്‍ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ്.
വിശ്വസ്തതയോടെ, 
വാര്‍ഡന്‍ തോമസ് മാത്യു

കഥകളില്‍ മാത്രം കേട്ട, സങ്കല്‍പങ്ങളിലെ രാജകുമാരനെ നേരില്‍ കാണാന്‍ പോകുന്ന കൗമാരക്കാരിയുടെ അങ്കലാപ്പുണ്ടായിരുന്നു രാവിലെ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍. എഴുത്തുകാരിയോട് തോന്നുന്ന വെറുമൊരാരാധന മാത്രമാണോ ഈ ആഗ്രഹത്തിനു പിന്നില്‍
ശ്രീരാമന്‍! ആരാണിയാള്‍?
സമ്മര്‍ദം സഹിക്കവയ്യാതെ നെഞ്ചിന്‍കൂട് പൊളിയുന്നപോലെ തോന്നി. പേശികളെല്ലാം കോച്ചിപ്പിടിക്കുന്ന പോലെ.
ശ്രീരാമന്‍- എവിടെയാണ് പരിചയം. ജന്മാന്തരങ്ങളുടെ ബന്ധമുള്ളതുപോലെ തോന്നി ആ പേരിന്.
'ജാനീ... ഇനി നിന്റെ പഴയ അധ്യാപകനോ മറ്റോ ആണോ ഈ കക്ഷി?'
ഡ്രൈവ് ചെയ്യുന്നതിനിടെ ഹരിയേട്ടന്റെ ചോദ്യം കേട്ട് ഞെട്ടിപ്പോയി. ദൈവമേ, മറവിയുടെ ഇരുമ്പു മറക്കുള്ളില്‍ അടക്കപ്പെട്ട ആ മുഖം തന്നെയായിരിക്കുമോ ഇത്?
ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മനസ്സില്‍നിന്ന് അഛന്‍ പടിയിറക്കിയ ജയമോഹന്‍ സാര്‍. ഹരിയേട്ടന്റെ ചോദ്യം ചിന്തകളെ കൗമാരത്തിലേക്കെത്തിച്ചു.
വടക്കന്‍ കേരളത്തിലെ പ്രശസ്തമായ തുറമുഖപട്ടണത്തിലേക്ക് ട്രാന്‍സ്ഫറായ അഛന്റെ കൂടെ, അമ്മക്കും ദീപുവിനുമൊപ്പം യാത്രയാകുമ്പോള്‍ പ്രീഡിഗ്രി റിസള്‍ട്ടറിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിരുന്നുള്ളൂ. തൊട്ടയല്‍പക്കത്തെ രണ്ടു മക്കളും അധ്യാപകരായിട്ടുള്ള കോളേജില്‍ ഡിഗ്രിക്ക് സീറ്റുകിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
മിതഭാഷിയും ഗൗരവക്കാരനുമായ മൂത്തയാള്‍ ജയകൃഷ്ണനും സംസാരപ്രിയനും തമാശക്കാരനുമായ രണ്ടാമന്‍ ജയമോഹനും.
അധ്യാപകരോടുള്ള ആദരവിനേക്കാള്‍ ഏട്ടന്മാരോടുള്ള സ്‌നേഹമായിരുന്നു അവരോട്. വിളിച്ചതും 'ഏട്ടാ' എന്നു തന്നെയായിരുന്നു.
മോഹനേട്ടനുമായുള്ള ചങ്ങാത്തമാണ് തന്നെ വായനയുടെ വിശാല ലോകത്തെത്തിച്ചത്. അദ്ദേഹത്തിന്റെ മുറി ഒരു ലൈബ്രറി തന്നെയായിരുന്നു. അവിടെനിന്നാണ് തകഴിക്കും എം.ടിക്കുമൊപ്പം ലെനിനും ഏംഗല്‍സും മാര്‍ക്‌സും തനിക്ക് പ്രിയപ്പെട്ടവരായത്.
അദ്ദേഹത്തിന്റെ മേശപ്പുറത്ത് കണ്ടിരുന്ന ലഘുലേഖകള്‍ അന്നേ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. രാത്രി ഏറെ വൈകിയും മോഹനേട്ടന്റെ മുറിയില്‍ വെച്ചു നടക്കുന്ന നിശാക്ലാസുകളും സംശയങ്ങളുയര്‍ത്തി. ചങ്ങാതിയെപ്പോലെ കണ്ടിരുന്ന അഛനോട് ഒരിക്കല്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍, എല്ലാം നേരത്തേ മനസ്സിലാക്കിയിട്ടുണ്ടെന്നപോലെ മെല്ലെ, എന്നാല്‍ അമര്‍ത്തി ഒന്നു മൂളുക മാത്രം ചെയ്തു.
ഡിഗ്രി മൂന്നാം വര്‍ഷം അവസാനം... അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ മോഹന്‍ സാര്‍ വീട്ടില്‍ കയറിവന്നു. മുഖവുരയൊന്നുമില്ലാതെ അഛനോട് തന്നെ വിവാഹം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. മോഹനേട്ടനെ ഒരുപാടിഷ്ടമായിരുന്നെങ്കിലും മകളെ കൊടുക്കാന്‍ അഛന് താത്പര്യമില്ലായിരുന്നു. പിന്നീടാണ് അഛന്റെ താല്‍പര്യക്കുറവിന്റെ കാരണം താനും അമ്മയും മനസ്സിലാക്കുന്നത്.
തിരുനെല്ലിയിലും പുല്‍പ്പള്ളിയിലും മുന്‍ഗാമികള്‍ മുഴുമിക്കാതെ വിട്ട കര്‍മങ്ങളിലേക്ക് മോഹനേട്ടനും കൂട്ടരും നടന്നെത്തിയിരുന്നു. തിരിച്ചു നടക്കാനാവാത്തവിധം ആ യാത്ര മുന്നോട്ടായിട്ടുണ്ടായിരുന്നു. തീപാറിയ എഴുത്തിലൂടെ മോഹനേട്ടന്‍ അടിച്ചമര്‍ത്തപ്പെട്ട പലരുടെയും ആശ്വാസകേന്ദ്രമായി മാറിയിരുന്നു.
ശ്രീരാമന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന അദ്ദേഹം വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന അറിവ് വല്ലാതെ വേദനിപ്പിച്ചു.
അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ഒരിക്കലും തന്റെ മകള്‍ക്ക് സുരക്ഷിതത്വം നല്‍കില്ല എന്ന ബോധ്യത്തില്‍ അറുത്തുമുറിച്ച തീരുമാനം അഛന്‍ പെട്ടെന്നെടുത്തു.
വൈകാതെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി അഛന്‍ ഞങ്ങളെയും കൊണ്ട് തിരിച്ചുപോന്നു.
ഒരിക്കല്‍ കൂട്ടുകാരി സലീന എഴുതി... 'നീ കൂടെയുണ്ടായിരുന്നെങ്കില്‍ സാര്‍ ആ വഴിയില്‍നിന്ന് തിരിച്ചു നടക്കുമായിരുന്നു. യാത്രപോലും പറയാതെയുള്ള നിന്റെ പോക്ക് ഞങ്ങള്‍ക്കും കോളേജിനും ഒരു നല്ല അധ്യാപകനെ നഷ്ടപ്പെടുത്തി. അദ്ദേഹം ഇന്നെവിടെയാണെന്ന് ആര്‍ക്കുമറിയില്ല.'
'ജാനീ... നമ്മളെത്തി' - ഹരിയേട്ടന്റെ വിളിയാണ് ഭൂതകാലത്തുനിന്ന് ഉണര്‍ത്തിയത്.
'ഞാനീ പരിസരമൊക്കെ ഒന്ന് കാണട്ടെ... വാര്‍ഡന്‍ അതാ പുറത്ത് തന്നെ കാത്തുനില്‍ക്കുന്നു.'
എത്ര ഭംഗിയായാണ് ഹരിയേട്ടന്‍ ആ സംഘര്‍ഷത്തില്‍നിന്ന് തന്നെ രക്ഷിച്ചത്..
നേരത്തേ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതിനാല്‍ തോമസ് സാര്‍ പുറത്ത് തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജയില്‍ ഹോസ്പിറ്റലിലേക്കാണ് അദ്ദേഹത്തോടൊപ്പം നടന്നത്.
'ശ്രീരാമന് കാന്‍സറാണെന്ന് തിരിച്ചറിയാന്‍ കുറച്ചു വൈകി. തേഡ് സ്റ്റേജ് എത്തിയിട്ടുണ്ട്. എണ്ണപ്പെട്ട ദിവസങ്ങളേ ഇനിയുള്ളു. എഴുതിയ ഒരുപാട് ലേഖനങ്ങളുണ്ട്. അത് നിങ്ങളെത്തന്നെ ഏല്‍പിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം. അതിനാലാണ് ഞാനങ്ങനെയൊരു കത്തയച്ചത്. 'നടക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
ജയില്‍ ഹോസ്പിറ്റലിലെ കട്ടിലില്‍ കിടക്കുന്ന ആ രൂപം കണ്ട് തളര്‍ന്നുപോയി. മെലിഞ്ഞു, പൂര്‍ണമായും നരച്ചുപോയ ഒരു രൂപം. അമ്പത്തഞ്ചു വയസ്സു മാത്രമുള്ള ഒരു വൃദ്ധന്‍.
ആ കണ്ണുകളിലിപ്പോഴും പക്ഷേ കനലുകളെരിയുന്നു. പഴയ വിപ്ലവാഗ്നി അണഞ്ഞിട്ടില്ല. കൈയില്‍ അപ്പോഴുമൊരു പുസ്തകമുണ്ട്.
സങ്കടം വന്ന് തൊണ്ടയില്‍ മുട്ടിനില്‍ക്കുകയായിരുന്നു. എങ്ങനെ എവിടെ തുടങ്ങണമെന്നറിയാതെ പതറിനിന്നു.
'മോഹനേട്ടാ...' മെല്ലെ വിളിച്ചു. 'എന്തേ ഇപ്പൊ കാണണമെന്നു തോന്നിയത്?'
'മറ്റാരോടും ഒന്നും പറയാനില്ലെനിക്ക്.' ശൂന്യതയില്‍ തറച്ച കണ്ണുകള്‍ പറിച്ചെടുത്ത് അദ്ദേഹം ജാനിയുടെ മുഖത്തേക്ക് നോക്കി.
'എനിക്ക് പറയാനുണ്ടായിരുന്നതെല്ലാം നിന്നോടായിരുന്നു. അതെല്ലാം എഴുതിയ കടലാസുകളാണത്. ഇനിയതെല്ലാം നീ ഏല്‍ക്കണം. എന്റെ കാഴ്ചപ്പാടുകളും ചിന്തകളും സ്വപ്‌നങ്ങളുമാണത്. പൂക്കളും വര്‍ണങ്ങളും സംഗീതവും ഇഷ്ടപ്പെടുന്ന, ഫാന്റസിയും ക്രിയേറ്റിവിറ്റിയും മനസ്സിലുള്ള ഒരാള്‍ക്കേ അത് ഉള്‍ക്കൊള്ളാനാവൂ. മാനവികതയുടെ ഭാഷ മനസ്സിലാവുന്ന കരളില്‍ സ്‌നേഹത്തിന്റെ കടലാഴം സൂക്ഷിക്കുന്ന ആ വ്യക്തിത്വം നീ തന്നെയാണ്.'
'എങ്ങനെയാണ് ഈ ഇരുപത്താറു കൊല്ലത്തെ ശിക്ഷ?'
'ചെയ്തതും ചെയ്യാത്തതുമെല്ലാം ഏറ്റു. നിഷേധിക്കാനോ വാദിക്കാനോ പോയില്ല. നഷ്ടബോധത്തിന്റെ മരവിപ്പില്‍ വിധിയോട് പടവെട്ടാനും തോന്നിയില്ല. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നത്തിനു പിറകിലാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ടതെല്ലാം നഷ്മായിരുന്നു, നീയടക്കം.'
'കൈയിലുള്ള പുസ്തകമേതാണ്?'
'മേരി ഗബ്രിയേലിന്റെ ഘീ്‌ല & ഇമുശമേഹ.. പ്രണയവും മൂലധനവും.'
ജാനിയുടെ മുഖത്ത് വിസ്മയം നിറഞ്ഞു. മരണം പടിവാതില്‍ക്കലെത്തി എന്നറിഞ്ഞിട്ടും പ്രണയവും പ്രത്യയശാസ്ത്രവും നെഞ്ചേറ്റുന്ന ആ മനക്കരുത്തിനെ അവള്‍ ഉള്ളാലെ അപ്പോഴും പ്രണയിച്ചുപോയി. അവളുടെ മനമറിഞ്ഞെന്നപോലെ ജയമോഹന്‍ ജാനിയെ നോക്കി പ്രണയത്തില്‍ പൊതിഞ്ഞ ഒരു  ഇളംചിരി സമ്മാനിച്ചു.
'അടുത്ത ജന്മത്തിലെങ്കിലും' ജാനി മുഴുമിക്കും മുമ്പെ ജയമോഹന്‍ പൊട്ടിച്ചിരിച്ചു. ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കേട്ട അതേ കരുത്തും മുഴക്കവുമുള്ള ചിരി! പിന്നീട് ശാന്തമായി അവളെ നോക്കി. ഓര്‍മകളുടെ കടലിരമ്പത്താല്‍ ജാനി പിന്നെയും നീറി.
നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ കുനിഞ്ഞ്, കരുവാളിച്ച ആ നെറ്റിയില്‍ പതുക്കെ അവള്‍ ചുണ്ടുകളമര്‍ത്തി.
മടങ്ങുമ്പോള്‍ ജാനി 555-ാം നമ്പര്‍ തടവുകാരന്റെ കുറിമാനങ്ങള്‍, ഒരിക്കല്‍ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിച്ച ഹൃദയംപോലെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിരുന്നു. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top