ദൈവിക ഗ്രന്ഥത്തെ ഉള്‍ക്കൊള്ളുക

ഇല്‍യാസ് മൗലവി No image

ബുദ്ധിമാനായ മനുഷ്യന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും പിന്നില്‍ മുഖ്യമായ ഒരു ലക്ഷ്യമുണ്ടായിരിക്കും. പാടത്ത് നെല്‍കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്റെ മുഖ്യ ലക്ഷ്യം തനിക്കും കുടുംബത്തിനും നല്ല ഭക്ഷണത്തിനുള്ള വകയുണ്ടാക്കുകയാണ്. ഈ മുഖ്യ ലക്ഷ്യത്തിന് പുറമെ, തന്റെ വീട്ടിലെ കന്നുകാലികള്‍ക്കുള്ള വൈക്കോല്‍, കൃഷിയിടത്തിന്റെ സജീവത നിലനിര്‍ത്തല്‍, വരുമാനമുണ്ടാക്കല്‍. തുടങ്ങി പല ലക്ഷ്യങ്ങളും ഈ കര്‍ഷകനുണ്ടാവും. എന്നാല്‍ ഈ ഉപ ലക്ഷ്യങ്ങള്‍  മുഖ്യ ലക്ഷ്യങ്ങളായിരിക്കുകയില്ല.

വൈക്കോലിനു വേണ്ടി ആരും കഷ്ടപ്പെട്ട് നെല്‍കൃഷി ചെയ്യില്ല. അതുപോലെ നെല്‍കൃഷി ചെയ്താല്‍, കാലികള്‍ക്ക് തീറ്റ കൊടുക്കാന്‍ നല്ല വൈക്കോല്‍ കിട്ടുമെന്നതും നിഷേധിക്കാനാവില്ല.

ഇതു പോലെയാണ് ഖുര്‍ആനിന്റെയും അവസ്ഥ. ഈ ഗ്രന്ഥം അവതരിപ്പിച്ചതിന് ഒരു മുഖ്യ ലക്ഷ്യമുണ്ട്. അത് മനുഷ്യജീവിതത്തെയാസകലം ദൈവിക മാര്‍ഗദര്‍ശനമനുസരിച്ച് വാര്‍ത്തെടുക്കുക എന്നതാണ്. അത് ജീവിതത്തിന് വഴികാട്ടുകയും, അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി ഈ ലോകത്ത് ഐശ്വര്യത്തോടെ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയുമാണ്. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളും വിധിവിലക്കുകളുമാണ് ഖുര്‍ആനില്‍. ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ളതാണ് ഖുര്‍ആന്‍.

കേവല പാരായണത്തിന് യാതൊരു ഗുണവുമില്ലെന്നല്ല, കേവല പാരായണമല്ല ഖുര്‍ആന്‍ അവതരണത്തിന്റെ മുഖ്യ ലക്ഷ്യമെന്നാണ്.

വിശുദ്ധ ഖുര്‍ആനില്‍ 6236 ആയത്തുകളാണുള്ളത്. അവയില്‍ വിധിവിലക്കുകളുമായി നേര്‍ക്കുനേരെ ബന്ധപ്പെടുന്നവ 200 ആയത്തുകളുണ്ടാവും. ഇവ തന്നെ ഓരോ വിധിയെപ്പറ്റിയും പറയുന്നവ വിഷയക്രമത്തില്‍ ഒരിടത്തല്ല ഉള്ളത്. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഉദാഹരണമായി അനാഥകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിച്ചാല്‍ അല്‍ ബഖറ, അന്നിസാഅ്, അല്‍ അന്‍ആം, അല്‍ ഇസ്‌റാഅ് തുടങ്ങിയ സൂറത്തുകളിലായി ചിതറിക്കിടക്കുകയാണ്. മുഖ്യമായ കാര്യങ്ങള്‍ മാത്രം ഒരിടത്ത് പറയുന്നതും ബാക്കി വിശദാംശങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പറയുന്നതും കാണാം. ഒരേ വിഷയം തന്നെ ഒരേ സൂറത്തില്‍ വിവിധ സ്ഥലങ്ങളില്‍ പറഞ്ഞതും കാണാവുന്നതാണ്. എന്തുകൊണ്ടാണിങ്ങനെയെന്ന് ചിന്തിക്കുമ്പോഴാണ് ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശക ഗ്രന്ഥം എന്നതിന്റെ പ്രസക്തി മനസ്സിലാകുക. ഖുര്‍ആന്‍ കേവലം നിയമ പുസ്തകമല്ല. വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച ഒരു വൈജ്ഞാനിക ഗ്രന്ഥവുമല്ല. മറിച്ച് നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തടുക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റ ഉദ്ദേശ്യം.

ജീവിതത്തിലൊരിക്കലും ഒരു നിയമത്തിനോ വ്യവസ്ഥക്കോ വഴങ്ങിയിട്ടില്ലാത്ത സമൂഹത്തെ ചരിത്രം കണ്ടതില്‍ വെച്ചേറ്റവും ഉത്തമവും ഉദാത്തവുമായ സമൂഹമാക്കിത്തീര്‍ക്കാന്‍ പ്രവാചകന് സാധിച്ചത് ഈ ഖുര്‍ആനിലൂടെയായിരുന്നു. ഖുര്‍ആനിലൂടെ അല്ലാഹു സ്വികരിച്ചിട്ടുള്ളത് വ്യതിരിക്തമായ ഒരു ശൈലി തന്നെയാണ്. നിയമം അടിച്ചേല്‍പിക്കുകയോ അധികാരത്തിന്റെ മുഷ്‌കുപയോഗിച്ച് നടപ്പാക്കുകയോ ചെയ്യാതെ തന്നെ പൗരന്മാര്‍ സ്വമേധയാ നിയമങ്ങള്‍ക്ക് വഴിപ്പെടാന്‍ പാകത്തില്‍ അവരെ സന്നദ്ധരാക്കുകയാണ് ചെയ്തിട്ടുള്ളത്.

നിയമങ്ങള്‍ പാലിക്കുന്നതുവഴി ഇഹത്തിലും പരത്തിലും ഉണ്ടാവാനിരിക്കുന്ന സല്‍ഫലങ്ങള്‍ എടുത്തുപറഞ്ഞും പാലിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ചും അതേക്കുറിച്ച്  താക്കീതു നല്‍കിയും അതിലേക്ക് വെളിച്ചം നല്‍കുന്ന ചരിത്രങ്ങളൂം കഥകളും നിരത്തിയുമുള്ള ഖുര്‍ആനിന്റെ ശൈലി അത്യപാരമായ സ്വാധീനമാണുണ്ടാക്കിയതെന്നത് ചരിത്രസത്യം. ഈ നിയമങ്ങള്‍ തന്നെ ഒറ്റയടിക്ക് നല്‍കാതെ ഘട്ടംഘട്ടമായി  അവതരിപ്പിച്ചു എന്നതുകൂടി ഇതോട് ചേര്‍ത്തുവായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാവുന്നതാണ്. അത്തരം ഒരു സമൂഹത്തില്‍ ഇത്തരം നിയമങ്ങളും വിധിവിലക്കുകളും ഒന്നിച്ചവതരിച്ചിരുന്നുവെങ്കില്‍ ഈ ഒരു വിപ്ലവം സാധ്യമാകുമായിരുന്നില്ല എന്നതില്‍ ഒട്ടും സംശയമില്ല. അക്കാര്യം പ്രഗത്ഭ പണ്ഡിതയായ മഹതി ആഇശ (റ) പറയുന്നത് കാണുക:

''സ്വര്‍ഗത്തെയും നരകത്തെയും പറ്റി പരാമര്‍ശിക്കുന്ന സൂറത്തുകളായിരുന്നു ആദ്യഘട്ടത്തില്‍ അവതരിച്ചിരുന്നത്. ആളുകള്‍ ഇസ്‌ലാം ഉള്‍ക്കൊണ്ടു തുടങ്ങിയതില്‍ പിന്നെയാണ് വിധിവിലക്കുകള്‍ അവതരിച്ചത്. പ്രഥമ ഘട്ടത്തില്‍ തന്നെ നിങ്ങള്‍ മദ്യപിക്കരുത് എന്ന് അവതരിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മദ്യം ഒഴിവാക്കാന്‍ പോകുന്നില്ല എന്നവര്‍ പറയുമായിരുന്നു. അതുപോലെ നിങ്ങള്‍ വ്യഭിചരിക്കരുത് എന്ന് ആദ്യമേ തന്നെ ഇറങ്ങിയിരുന്നുവെങ്കില്‍ വ്യഭിചാരം ഞങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ പോകുന്നില്ല എന്നവര്‍ പറയുമായിരുന്നു'' (ബുഖാരി: 4993).

ഖുര്‍ആനിലെ വിധി വിലക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ വിശദമായ പ്രതിപാദനത്തിനു പകരം സംക്ഷിപ്തമായ പ്രതിപാദന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നു കാണാം. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളായ നമസ്‌കാരം, സകാത്ത് തുടങ്ങിയ ആരാധനകളുടെ വിശദാംശങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ല. ഇനി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംക്ഷിപ്തമായിത്തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ പല അടിസ്ഥാന തത്വങ്ങളും അതിലുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

സാമ്പത്തിക മേഖലയില്‍ അന്യായ മാര്‍ഗത്തിലൂടെ അന്യരുടെ സമ്പത്ത് അനുഭവിക്കാന്‍ പാടില്ല എന്ന് സംക്ഷിപ്തമായി പറയുകയാണ് ചെയ്തിട്ടുള്ളത്. അതുപോലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും കൂടിയാലോചന വേണമെന്നേ പറഞ്ഞിട്ടുള്ളൂ. വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല. വളരെ വലിയ യുക്തി അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. കാലദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ ഇടപാടുകളും സാമ്പത്തിക വരുമാന മാര്‍ഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അവിടെയൊക്കെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന പൊതു മാനദണ്ഡങ്ങളും അടിസ്ഥാനങ്ങളും പറയുകയാണ് യുക്തി. ഇസ്‌ലാമിക ശരീഅത്ത് സാര്‍വകാലികവും സാര്‍വജനീനവും സാര്‍വലൗകികവുമൊക്കെയാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഈ അടിസ്ഥാനങ്ങളും പൊതു തത്വങ്ങളും തന്നെ മതി അവിടങ്ങളിലൊക്കെയുള്ള ഇസ്‌ലാമിക വിധികള്‍ കണ്ടെത്താന്‍. പലിശ നിരോധിച്ചുകൊണ്ടുള്ള ആയത്തുകള്‍ മാത്രം പരിശോധിച്ചുനോക്കുക. പടിപടിയായിട്ടാണ് ഈ ഒടുവിലത്തെ വിധി അവതരിക്കുന്നത്. എന്നിട്ട് പോലും അതിന്റെ ഭാഷയും ശൈലിയും ഒന്ന് ശ്രദ്ധിച്ചുനോക്കുക: 

''പലിശ തിന്നുന്നവരാരോ അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതു പോലെയാകുന്നു. കച്ചവടവും പലിശപോലെത്തന്നെ എന്നു വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതി വന്നത്. എന്നാല്‍ കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്നു വിരമിക്കുകയും ചെയ്താല്‍, അയാള്‍ മുമ്പ് അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരോ, നരകാവകാശികള്‍ തന്നെയാകുന്നു. അവരതില്‍ നിത്യവാസികളല്ലോ. അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നന്ദികെട്ട ദുര്‍വൃത്തരായ ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്തവരുണ്ടല്ലോ, അവരുടെ പ്രതിഫലം നിസ്സംശയം അവരുടെ രക്ഷിതാവിങ്കലുണ്ട്. അവര്‍ ഭയപ്പെടുന്നതിനോ ദുഃഖിക്കുന്നതിനോ ഇടയാകുന്നതല്ല. അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, പലിശയിനത്തില്‍ ജനങ്ങളില്‍നിന്ന് കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍-നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തന്നെയാണെങ്കില്‍. അപ്രകാരം ചെയ്യുന്നില്ലെങ്കിലോ, എങ്കില്‍, അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്നറിഞ്ഞുകൊള്‍വിന്‍. ഇനി പശ്ചാത്തപിക്കുക(പലിശ വര്‍ജിക്കുക)യാണെങ്കില്‍ സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു; നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും. നിങ്ങളുടെ കടക്കാരന്‍ ഞെരുക്കത്തിലാണെങ്കില്‍ അയാള്‍ക്കു ക്ഷേമമാകുന്നതുവരെ അവധി കൊടുക്കുക. അതു ദാനമായി നല്‍കുന്നതാണ് ഏറെ ഉത്തമം-നിങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍. അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്ന ആ നാളിലെ അപമാനത്തില്‍നിന്നും ആപത്തില്‍നിന്നും നിങ്ങള്‍ രക്ഷതേടുവിന്‍. അന്ന്, ഓരോ മനുഷ്യന്നും അവന്‍ നേടിവെച്ച നന്മതിന്മകളുടെ പരിപൂര്‍ണ പ്രതിഫലം നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും യാതൊരക്രമവുമുണ്ടാകുന്നതല്ല''(അല്‍ ബഖറ: 275).

ആദ്യമായി നിയമത്തിലെ യുക്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. തുടര്‍ന്ന് ആ നിയമം പാലിക്കാന്‍ പ്രേരണ നല്‍കുന്നു. അതുകഴിഞ്ഞ് പാലിക്കുന്നിടത്ത് അലംഭാവം കാണിച്ചാല്‍ ഉണ്ടാവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ഭീഷണിയും. എന്തുകൊണ്ടാണ് ഈ അവതരണ ശൈലി എന്ന് ചോദിച്ചാല്‍ ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമായതുകൊണ്ടു തന്നെ എന്നാണുത്തരം. അധികാരത്തിന്റെ മുഷ്‌ക് കൊണ്ടും ചാട്ടവാറിന്റെ ശക്തി കൊണ്ടും ഒരു നിയമം അടിച്ചേല്‍പിക്കുകയായിരുന്നില്ല ഖുര്‍ആന്‍, മറിച്ച് മനഃപരിവര്‍ത്തനത്തിലൂടെ യാതൊരു ബാഹ്യപ്രേരണകളോ സമ്മര്‍ദങ്ങളോ കൂടാതെ വ്യക്തികള്‍ സ്വമേധയാ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആവേശത്തോടെ മുന്നോട്ടുവരുന്ന തരത്തില്‍ സംസ്‌കരണം നടത്തുകയായിരുന്നു ഖുര്‍ആന്‍. ഖുര്‍ആന്‍ സൃഷ്ടിച്ച വമ്പിച്ച വിപ്ലവവും അതുതന്നെ.

ഖുര്‍ആന്‍ സൂക്തങ്ങളെ പൊതുവെ പരിശോധിക്കുമ്പോള്‍ അവ രണ്ട് വിധത്തിലുള്ളവയാണെന്നു കണ്ടെത്താം. അറബി ഭാഷ അറിയുന്നവര്‍ക്ക് കേട്ട മാത്രയില്‍ തന്നെ ആശയം വ്യക്തമാവുന്ന, ഉദ്ദേശ്യം ബോധ്യപ്പെടുന്ന, ഭിന്നാഭിപ്രായങ്ങള്‍ക്കോ വ്യാഖ്യാനങ്ങള്‍ക്കോ ഒട്ടും പഴുതില്ലാത്ത ആയത്തുകള്‍; ഉദാഹരണമായി അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നോക്കുക.

ഇങ്ങനെ ഒരാള്‍ക്കും അവ്യക്തതയുണ്ടാക്കാത്ത വിധത്തിലുള്ളതും, വിശദീകരണത്തിനോ വ്യാഖ്യാനത്തിനോ പഴുതില്ലാത്ത വിധത്തിലുള്ളതുമൊക്കെയായ നിയമങ്ങളുമായി ബന്ധപ്പെട്ട വചനങ്ങള്‍ തുലോം വിരളമാണ്. ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ വളരെ ചെറിയ ശതമാനം മാത്രമേയുള്ളൂ എന്ന് കാണാവുന്നതാണ്.

ഇതും ഖുര്‍ആനിന്റെ സാര്‍വകാലികതക്കും സാര്‍വലൗകികതക്കും തെളിവാണ്. കാരണം ഇവിടെ ഏതെല്ലാം വിധിവിലക്കുകള്‍ കാലദേശ ഭേദമന്യേ പരിവര്‍ത്തനവിധേയമാവാതെ നിലനില്‍ക്കല്‍  സദാചാര-ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ ഒരു മാതൃകാ സമൂഹത്തിന് ആവശ്യമാണോ അത്തരത്തിലുള്ളവയാണ് അതെല്ലാം തന്നെ.

എന്നാല്‍ കാലദേശഭേദമനുസരിച്ച് മാറുന്നതും മാറുന്നതുകൊണ്ട് അടിസ്ഥാന മൂല്യങ്ങള്‍ക്കോ ധാര്‍മിക വ്യവസ്ഥക്കോ ഭംഗം വരാത്തതും പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് അതിനനുസരിച്ച് പാകപ്പെടുത്തി വിധികള്‍ നിര്‍ധാരണം ചെയ്യാനും പരുവത്തിലുള്ള കാര്യങ്ങള്‍ പൊതു തത്വങ്ങളായി പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഉദാഹരണത്തിന്, കൂടിയാലോചനാ സമ്പ്രദായം വിശ്വാസികളുടെ വിശിഷ്ട ഗുണങ്ങളിലൊന്നായി എണ്ണിയിരിക്കുന്നു; 'കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും.' ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാതത്വം പാലിക്കണമെന്നാണ് ഇസ്‌ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്.  

അന്യായമായ വഴിയിലൂടെ ധനസമ്പാദനം മറ്റൊരു ഉദാഹരണമാണ്. ''അല്ലയോ, വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധ മാര്‍ഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക. അത് ഉഭയസമ്മതത്തോടെയുള്ള കൊള്ളലും കൊടുക്കലുമായിരിക്കണം.....'' 

'നിഷിദ്ധ മാര്‍ഗം' എന്നുവെച്ചാല്‍ സത്യവിരുദ്ധവും, ശരീഅത്തിലോ സദാചാരമുറയിലോ അനാശാസ്യവുമായ സകല മാര്‍ഗങ്ങളുമാകുന്നു. 'ക്രയവിക്രയം' കൊണ്ടുള്ള വിവക്ഷ, ആദായങ്ങളോ ലാഭങ്ങളോ അധ്വാനഫലങ്ങളോ കൈമാറുന്ന എല്ലാ ഇടപാടുകളുമാണ്. വാണിജ്യം, വ്യവസായം, തൊഴില്‍ ആദിയായ ഇടപാടുകളില്‍ ഒരുത്തന്‍ ഇതരന്റെ ആവശ്യാര്‍ഥം അധ്വാനിക്കുകയും ഇതരന്‍ ആ അധ്വാനത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ ഈ വിനിമയങ്ങള്‍ 'തിജാറത്തി'(ക്രയവിക്രയം)ന്റെ പരിധിയില്‍പെട്ടതാണ്. ഉഭയസമ്മതം എന്നുവെച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമോ ചതിയോ വഞ്ചനയോ കൂടാതെ പരസ്പരം തൃപ്തിപ്പെടുകയെന്നര്‍ഥം. പലിശയും കൈക്കൂലിയും കരിഞ്ചന്തയുമൊക്കെ പരസ്പര ഹിതാനുസാരമുള്ളതെന്നു ബാഹ്യത്തില്‍ തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ആ സംതൃപ്തി നിര്‍ബന്ധിതവും സമ്മര്‍ദഫലവുമാണ്. ചൂതാട്ടം, ഭാഗ്യക്കുറി തുടങ്ങിയ ഇടപാടുകളിലുള്ള പരസ്പരഹിതം പിഴച്ച ഒരു പ്രതീക്ഷയുടെ പേരിലായതിനാല്‍ അത് യഥാര്‍ഥമാവുന്നില്ല. അതിനാല്‍ പ്രസ്തുത കൊള്ളക്കൊടുക്കകളെല്ലാം നിഷിദ്ധങ്ങളാകുന്നു.

അബൂഹുറയ്റ(റ)യില്‍നിന്ന്. നബി(സ) പറഞ്ഞു: 'ഒരു സംഘം ആളുകള്‍ അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ഭവനത്തില്‍ സംഗമിച്ച് ആശയം ഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം നടത്തുകയും അത് ചര്‍ച്ച ചെയ്ത് പഠിക്കുകയുമാണെങ്കില്‍ അവരുടെ മേല്‍ ശാന്തി വര്‍ഷിക്കും. ദിവ്യകാരുണ്യം അവരെ മൂടും. മലക്കുകള്‍ അവരെ ആവരണം ചെയ്യും. അല്ലാഹു അവരെ കുറിച്ച് തന്റെയടുക്കലുള്ളവരോട് പറയും' (അബൂദാവൂദ്).

ആശയം ഗ്രഹിക്കാതെയുള്ള കേവല പാരായണം ഖുര്‍ആനോടുള്ള പരിഗണനയുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. അല്ലാഹു പറയുന്നു: ''(നബിയേ) താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന ഗ്രന്ഥം അനുഗൃഹീതമാണ്. ആളുകള്‍ ഇതിലെ ആയത്തുകളെ കുറിച്ച് പഠിക്കാനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകുന്നതിനും വേണ്ടിയാണിത്'' (സ്വാദ്: 29).

മൂന്നില്‍ കുറഞ്ഞ നാളുകള്‍ക്കകം ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നത് പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു. അതിന് നബി(സ)പറഞ്ഞ ന്യായം അത്രവേഗത്തില്‍ ഓതിയാല്‍ അത് ഗ്രഹിക്കാനാവില്ല എന്നാണ് (അബൂദാവൂദ്, തിര്‍മിദി). ഇബ്നു മസ്ഊദ് പറയുന്നു: ''ഞങ്ങളിലൊരാള്‍ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല.'' ഇബ്നു ഉമര്‍ പറയുന്നു: ''ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്'' (ബൈഹഖി). 

ഖുര്‍ആന്‍ നാല് തവണ ചോദിക്കുന്നു: ''തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ'' (അല്‍ഖമര്‍). ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കാത്തവരെ അല്ലാഹു വിമര്‍ശിക്കുന്നതു നോക്കൂ: ''അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?'' (മുഹമ്മദ്: 24).

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സത്യവിശ്വാസിയുടെ ചിത്രം നോക്കിയാല്‍ ഖുര്‍ആന്‍ ഇഷ്ടമുള്ളവര്‍ പഠിച്ചാല്‍ മതി എന്ന ചിന്തയുടെ പൊള്ളത്തരം മനസ്സിലാവും. 'ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും'' (അന്‍ഫാല്‍: 2), ''ചര്‍മങ്ങള്‍ രോമാഞ്ചമണിയും'' (അസ്സുമര്‍: 23). സ്വര്‍ഗനരകങ്ങളെ കുറിച്ചും വിവിധ തരത്തിലുള്ള ശിക്ഷകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ ഒരേ താളത്തില്‍ നിര്‍വികാരതയോടെ ഓതിപ്പോകാന്‍ സത്യവിശ്വാസിക്ക് സാധിക്കില്ല എന്നര്‍ഥം.

ഖുര്‍ആന്‍ പഠിക്കാന്‍ ബഹുമുഖ സംവിധാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പഠനത്തിന് തടസ്സം നില്‍ക്കുന്ന ശാരീരികമോ ബുദ്ധിപരമോ ആയ അവശതകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇക്കാലത്ത് ഖുര്‍ആന്‍ പഠനത്തില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ മാത്രം വിഹരിച്ച് കാലം കഴിക്കുന്നത് ഒരു ആപത്സൂചനയായിട്ടാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: 'നിങ്ങളിലൊരു വിഭാഗം വരും. അവരുടെ നമസ്‌കാരം, നോമ്പ്, മറ്റു കര്‍മങ്ങള്‍ എന്നിവയുമായി തുലനം ചെയ്തുനോക്കുമ്പോള്‍ നിങ്ങളുടേത് വളരെ നിസ്സാരമായി തോന്നും. അവര്‍ ഖുര്‍ആന്‍ ഓതും. അത് അവരുടെ തൊണ്ടക്കപ്പുറത്തേക്ക് കടക്കുകയില്ല. വില്ലില്‍നിന്ന് അമ്പ് പോകുന്നതുപോലെ അവര്‍ ദീനില്‍നിന്ന് പുറത്തുപോകും' (ബുഖാരി, മുസ്ലിം).

ഖുര്‍ആന്‍ പഠനം നമ്മുടെ നിത്യജീവിതത്തിന്റെ അജണ്ടകളില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അത് ഖുര്‍ആനോടുള്ള നീതി പുലര്‍ത്തലിന്റെ ഭാഗവും ഒപ്പം, അതുല്യമായ പുണ്യകര്‍മവുമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top