ഇഫ്ഫ റാണി: സുഊദി സ്ത്രീ ശാക്തീകരണത്തിന്റെ അഗ്രഗാമിനി

ഷഹ്‌നാസ് ബീഗം No image

എം.ബി.എസ് എന്ന ചുരുക്കപ്പേരില്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്ന സുഊദി രാജകുമാരന്‍ മുഹമ്മദ്ബ്ന്‍ സല്‍മാന്റെ ഭരണപരിഷ്‌കരണങ്ങള്‍ ആ നാട്ടിന്റെ മുഖഛായ മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. സലഫിസം ഉപേക്ഷിച്ചു ഭരണം ഉദാരവാദം പരിരംഭണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സിനിമ തിയേറ്ററുകള്‍, പാട്ടുകാരി പെണ്ണുങ്ങളടക്കമുള്ളവര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരികള്‍ തുടങ്ങിയ ഇതേവരെ വിലക്കപ്പെട്ട കനികളൊക്കെ സുഊദി പൗരസഞ്ചയത്തിന് പ്രാപ്യമാകാന്‍ പോവുകയാണ്. മുത്വവ്വമാര്‍ എന്നറിയപ്പെടുന്ന മതപോലീസിന്റെ ലാത്തി നേരത്തേ തന്നെ തിരിച്ചുവാങ്ങിക്കഴിഞ്ഞിട്ടുണ്ട്. അന്തഃപുരങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരായ സ്ത്രീകള്‍ക്ക് ഇനി പൊതുരംഗത്തേക്ക് വരാന്‍ തടസ്സമില്ല. എത്രയോ കാലമായി കിട്ടാക്കനിയായി നില്‍ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് പ്രാപ്യമാകാന്‍ പോകുന്നതിന്റെ മധുരം നുണയുകയാണ് സുഊദി തരുണീമണികള്‍. വിലക്ക് നിലനിന്നിരുന്ന കാലത്ത് അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് റിയാദിലെ തെരുവിലൂടെ രാജകുമാരിമാര്‍ ദശകങ്ങള്‍ക്ക് മുമ്പ് കാറോടിച്ചു പോയത് സുഊദിക്ക് പുറത്ത് വലിയ വാര്‍ത്തയായിരുന്നു. പക്ഷേ, സലഫീ പൗരോഹിത്യ പ്രഭാവത്തില്‍ ആ പ്രതിഷേധം ചീറ്റിപ്പോവുകയായിരുന്നു. ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായ ഫഹ്മീ ഹുവൈദി തന്റെ പതിവ് കോളത്തില്‍ അന്നതൊരു ചര്‍ച്ചാവിഷയമാക്കിയതോര്‍ക്കുന്നു. വന്ദ്യവയോധികനായ സുഊദി മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖ് സംഗീതം ഹലാലാക്കി ഈയിടെ ഫത്‌വ പുറപ്പെടുവിച്ചത് പലരും അത്ഭുതത്തോടെയാണ് കേട്ടത്. കാരണം, മുന്‍കാലത്ത് അങ്ങനെയൊരു ഫത്‌വ അചിന്ത്യമായിരുന്നു. മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ കുടുംബത്തിന് കൊട്ടാരത്തിലുള്ള പിടി അയഞ്ഞുവരുന്നതിന്റെ ലക്ഷണമായാണ് ഇത് വായിക്കപ്പെടുന്നത്.

ഉദാരവാദത്തിന്റെ ശീഘ്രപാതയിലൂടെ പുതിയ സുഊദി ഭരണകൂടം മുന്നോട്ടു പോകുമ്പോള്‍ കീഴ്ക്കട മൂല്യങ്ങളുടെ കടപുഴക്കാതെ തന്നെ സ്ത്രീ ശാക്തീകരണത്തിന് അഗ്രഗാമിയായി വര്‍ത്തിച്ച ഒരു കൊട്ടാരവനിതയുടെ അനുസ്മരണം ഇവിടെ പ്രസക്തമാകുന്നു.

 

ഒരേയൊരു റാണി

1932-ല്‍ അബ്ദുല്‍ അസീസുബ്‌നു അബ്ദുര്‍റഹ്മാന്‍ ആലു ഫൈസല്‍ ആലു സുഊദ് ആധുനിക സുഊദി ഭരണകൂടം സ്ഥാപിച്ചതുമുതല്‍ ഇപ്പോഴത്തെ സല്‍മാന്‍ രാജാവ് വരെ ഏഴു രാജാക്കന്മാര്‍ ഭരണസ്ഥാനത്ത് വന്നുവെങ്കിലും ഫൈസല്‍ രാജാവിന്റെ പത്‌നി ഇഫ്ഫ ബിന്‍തു മുഹമ്മദുബ്‌നു അബ്ദുല്ല ബ്‌നു സന്‍യാനുബ്‌നു ഇബ്‌റാഹീമുസ്സന്‍യാന്‍ അല്ലാതെ മറ്റൊരു രാജപത്‌നിയും റാണി എന്ന പദവിയില്‍ അറിയപ്പെട്ടിരുന്നില്ല. സുഊദിയിലെ ഒരേയൊരു റാണി എന്നാണ് ബഹ്‌റൈനി കോളമിസ്റ്റായ ഡോ. അബ്ദുല്ല മദനി അവരെ വിശേഷിപ്പിക്കുന്നത്. ഫൈസല്‍ രാജാവിന് മുഹമ്മദ്, സുഊദ്, അബ്ദുര്‍റഹ്മാന്‍, ബന്ദര്‍, തുര്‍ക്കി എന്നീ അഞ്ചു പുത്രന്മാരെയും സാറ, ലത്വീഫ, ലുഅ്‌ലുഅ, ഹൈഫാ എന്നീ നാലു പുത്രിമാരെയും നല്‍കിയ ഇഫ്ഫ റാണി നിര്യാതയായത് 85-ാമത്തെ വയസ്സില്‍ ഒരു സര്‍ജറിയെ തുടര്‍ന്ന് 2000 ഫെബ്രുവരി 15-നാണ്. ആ പ്രായത്തിലും ഒരു ശസ്ത്രക്രിയക്ക് വഴങ്ങിയത് അവരുടെ മനക്കരുത്തിനെയാണ് കാണിക്കുന്നത്. ആണ്‍മക്കള്‍ മാത്രമല്ല പെണ്‍മക്കളും അവരെപ്പോലെ തന്നെ കഴിവ് തെളിയിച്ചവരായിരുന്നു. 'ഫൈസല്‍ പലിശ രഹിതബാങ്ക്' ശൃംഖലകളുടെ സ്ഥാപകനാണ് മുഹമ്മദ് രാജകുമാരന്‍. സുഊദുല്‍ ഫൈസലാകട്ടെ ദീര്‍ഘകാലം വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ നയതന്ത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ്. ചാരിറ്റി രംഗത്ത് സജീവയായിരുന്ന സാറ 'ജംഇയ്യത്തുന്നഹ്ദ അന്നിസാഇയ്യ' എന്ന വനിതാ സംഘടനയുടെ സ്ഥാപകയാണ്. ഫൈസല്‍ രാജാവിന്റെ കൊച്ചുമകള്‍ റീം ഫൈസല്‍ മികച്ച ഫോട്ടോഗ്രാഫറായിരുന്നു. പാരീസിലെ അറബ് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച മക്കയുടെ ചരിത്ര ഘട്ടങ്ങള്‍ ഒപ്പിയെടുത്ത അവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഛായാപടങ്ങളുടെ പ്രദര്‍ശനം യൂറോപ്യന്‍ കലാലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.

 

തുര്‍ക്കി വേരുകള്‍

ഇഫ്ഫ റാണിയുടെ ജീവിത നാള്‍വഴികളും സാമൂഹിക രംഗപ്രവേശവും വളരെ രസകരമാണ്. പിതൃവഴിക്ക് ആലു സുഊദ് പാരമ്പര്യത്തിന്നവകാശിയാണെങ്കിലും തുര്‍ക്കിയിലാണ് അവരുടെ മാതൃ താവഴിയുടെ വേരുകള്‍. അവരുടെ പിതാമഹന്മാരില്‍ ഒരാളായ മുഖ്‌രീന്‍ പ്രഥമ സുഊദി രാഷ്ട്രസ്ഥാപകനായ ഇമാം മുഹമ്മദുബ്‌നു സുഊദിന്റെ സഹോദരനായിരുന്നു. ഈ താവഴിയിലൂടെയാണ് അവരുടെ കുടുംബ വേരുകള്‍ സുഊദി വംശത്തില്‍ എത്തിച്ചേരുന്നത്. ഉസ്മാനിയ ഖിലാഫത്തിന്റെ പ്രതിനിധിയായി ഈജിപ്ത് ഭരിച്ചിരുന്ന മുഹമ്മദലി പാഷയുടെ മകന്‍ ഇബ്‌റാഹീം പാഷ 1818-ല്‍ നടത്തിയ ആക്രമണത്തില്‍ ഇമാം മുഹമ്മദുബ്‌നു സുഊദിന്റെ രാഷ്ട്രം നിലംപൊത്തി. ഈ സംഭവത്തിനു ശേഷം ഇഫ്ഫയുടെ പിതാമഹനായ അബ്ദുല്ലയെയും കുടുംബത്തെയും മുഹമ്മദലി പാഷ ഇസ്തംബൂളിലേക്ക് പറഞ്ഞയച്ചു. ഉസ്മാനീ സുല്‍ത്താന്‍ അവര്‍ക്കവിടെ താമസം അനുവദിച്ചു. ഇഫ്ഫയുടെ പിതാമഹന്‍ അബ്ദുല്ല 'ദോല്‍മെ ബഹ്ജ'യില്‍ താമസിക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. അന്ന് ഇഫ്ഫ ജനിച്ചിട്ടില്ല. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് തുര്‍ക്കിയില്‍ വെച്ച് രണ്ട് വിവാഹം കഴിക്കുകയുണ്ടായി. ആദ്യവിവാഹം സര്‍ക്കശി വംശജയായ റൂഹ്താസ് ഹാനിമുമായിട്ടായിരുന്നു. അവരില്‍ മുഹമ്മദ്, അഹ്മദ്, സുലൈമാന്‍ എന്നീ മൂന്ന് പുത്രന്മാര്‍ അദ്ദേഹത്തിന് ജനിച്ചു. ആസിയാ ഹാനിം എന്ന തുര്‍ക്കി വംശജയായിരുന്നു രണ്ടാമത്തെ ഭാര്യ. 1915-ല്‍ അവരില്‍ അദ്ദേഹത്തിന് ഇഫ്ഫ ജനിച്ചു; പിന്നെ സഹോദരന്‍ സക്കിയും പിറന്നു.

ഇഫ്ഫ ജനിച്ചതും വളര്‍ന്നതും സെക്കന്ററി തലം വരെ വിദ്യാഭ്യാസം നേടിയതും തുര്‍ക്കിയിലായിരുന്നു. തുര്‍ക്കി ഭാഷയുടെ അറബി ലിപി അത്താതുര്‍ക്കിന്റെ കാലത്ത് ലാറ്റിനിലേക്ക് മാറ്റിയപ്പോള്‍ അതിലും അവര്‍ പരിചയം നേടുകയുണ്ടായി. ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തിനും കമാല്‍പാഷയുടെ അധികാരാരോഹണത്തിനും വന്‍ ശക്തികള്‍ ഉസ്മാനിയാ സാമ്രാജ്യം വീതിച്ചെടുക്കുന്നതിനുമെല്ലാം സാക്ഷിയായിരുന്നു ഇഫ്ഫ. ആഭ്യന്തര രംഗത്തും അന്താരാഷ്ട്ര തലത്തിലും അരങ്ങേറുന്ന രാഷ്ട്രീയ വടംവലികളെക്കുറിച്ച് ധാരണകള്‍ വികസിപ്പിക്കാന്‍ ഈ സാഹചര്യങ്ങള്‍ അവരെ പ്രാപ്തമാക്കി. വിദ്യാഭ്യാസ രംഗത്തിലെ, വിശിഷ്യാ സ്ത്രീ വിദ്യാഭ്യാസ രംഗത്തിലെ പുതിയ പ്രവണതകള്‍ തുര്‍ക്കി ജീവിതത്തില്‍ അവരുടെ ശ്രദ്ധയാകര്‍ഷിച്ചു.

യാതനാപൂര്‍ണമായ ഒരു ജീവിതം താണ്ടിക്കൊണ്ടാണ് തുര്‍ക്കിയില്‍നിന്ന് അവര്‍ സുഊദി കൊട്ടാരത്തിലേക്കെത്തിച്ചേരുന്നത്. ഒരു പില്‍ക്കാല അലങ്കാരം മാത്രമായിരുന്നു അവരെ സംബന്ധിച്ചേടത്തോളം രാജകീയത. ജനിക്കുമ്പോള്‍ അവരുടെ ചുണ്ടില്‍ വെള്ളിക്കരണ്ടിയുണ്ടായിരുന്നില്ല. എന്നിട്ടും നിയതിയുടെ കൈകള്‍ അവരുടെ ജീവിതത്തെ കൊട്ടാരക്കെട്ടിന്റെ ശീതളതയിലെത്തിച്ചു.

അവരുടെ പിതാവ് തുര്‍ക്കി സൈന്യത്തിലെ ഒരു ഭടനായിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ബാല്‍ക്കന്‍ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടു. അതോടെ അവരുടെ ജീവിതം ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷാഘാതം ബാധിച്ച പിതൃസഹോദരി ജൗഹറാനും ഉമ്മ ആസിയ ഹാനിമും കൊച്ചനിയന്‍ സക്കിയും ഒരു ചെറിയ കൂരയില്‍ ഒറ്റപ്പെട്ടു. പിതാവിന്റെ തുഛമായ പെന്‍ഷന്‍ തുക ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പര്യാപ്തമല്ലാതായപ്പോള്‍ ഉമ്മ ആസിയ ഹാനിം തൊഴില്‍ തേടാന്‍ നിര്‍ബന്ധിതയായി. നല്ലൊരു തയ്യല്‍ക്കാരിയായിരുന്നു അവര്‍. അയല്‍ക്കാര്‍ക്കും പരിചയക്കാര്‍ക്കും വസ്ത്രങ്ങള്‍ തയ്ച്ചുകൊടുത്ത് അവര്‍ അധിക വരുമാനമുണ്ടാക്കാന്‍ ആരംഭിച്ചു. നാലു പേരുടെ ഉപജീവനവും കുട്ടികളുടെ വിദ്യാഭ്യാസവും പിന്നെയും പ്രയാസമായതോടെ അവര്‍ വീണ്ടും വിവാഹിതയാകാന്‍ നിര്‍ബന്ധിതയായി. കൊച്ചുമകന്‍ സക്കിയുമായി അവര്‍ രണ്ടാം ഭര്‍ത്താവിന്റെ താമസസ്ഥലത്തേക്ക് മാറി. അതോടെ ഇഫ്ഫയും ജൗഹറാനും വീട്ടില്‍ തനിച്ചായി. പിതാവിന്റെ പെന്‍ഷന്‍ മാത്രമായിരുന്നു അവരുടെ ഉപജീവനാധാരം.

ജീവിതം ഇവ്വിധം തട്ടിയും മുട്ടിയും മുന്നോട്ടുപോകുമ്പോഴാണ് അബ്ദുല്‍ അസീസ് ഹിജാസിലെ ഭരണാധിപനാകുന്നത്. 1931-ല്‍ അവര്‍ അബ്ദുല്‍ അസീസ് രാജാവിന്നൊരു കത്തെഴുതി; പിതൃസഹോദരി ജൗഹറാനോടൊപ്പം ഹജ്ജ് തീര്‍ഥാടനം നിര്‍വഹിച്ചു തുര്‍ക്കിയിലേക്ക് തന്നെ മടങ്ങാനുള്ള അനുമതി തേടിക്കൊണ്ട്. കത്ത് കിട്ടിയ രാജാവ് അവര്‍ രണ്ടുപേരെയും സുഊദിയിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുതി. തന്റെ രണ്ടാമത്തെ പുത്രനും ഹിജാസിലെ ഡെപ്യൂട്ടിയുമായ ഫൈസല്‍ രാജകുമാരനെ അവരെ സ്വീകരിക്കാനായി നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് ഫൈസലും ഇഫ്ഫയും ആദ്യമായി കണ്ടുമുട്ടുന്നത്. അധികം താമസിയാതെ അതവരുടെ വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു.

അബ്ദുല്‍ അസീസ് രാജാവിന് ഇഫ്ഫയുടെ പിതൃസഹോദരന്‍ അഹ്മദ് സന്‍യാനെ അറിയാമായിരുന്നു. തുര്‍ക്കിയില്‍നിന്ന് ഒളിച്ചോടി സുഊദിയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ രാജാവ് തന്റെ ഉപദേശകനായി നിയമിച്ചിരുന്നു. 1919-ല്‍ രാജാവ് ആദ്യമായി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവും സഹയാത്രികനായിരുന്നു. കാരണം ബഹുഭാഷാ വിദഗ്ധനായിരുന്നു അദ്ദേഹം.

 

അറബി അറിയാത്ത രാജകുമാരി

ഇഫ്ഫയും ജൗഹറാനും സുഊദിയിലെത്തിയപ്പോള്‍ ഫൈസല്‍ സ്ഥലത്തുണ്ടായിരുന്നില്ല. മടങ്ങി വന്ന ശേഷമാണ് ഇഫ്ഫയെ അദ്ദേഹം കാണുന്നത്. ആ പ്രഥമ കൂടിക്കാഴ്ചയെക്കുറിച്ച് ഇഫ്ഫ തന്നെ അനുസ്മരിക്കുന്നത് സമീറ ഇസ്‌ലാമിന്റെ 'ഇഫ്ഫതുസ്സന്‍യാന്‍ താരീഖുന്‍ വ ഇന്‍ജാസ്' (ഇഫ്ഫയുടെ ചരിത്രവും സംഭാവനകളും) എന്ന പുസ്തകത്തിലും ദാറുല്‍ ഹനാന്‍ പ്രസിദ്ധീകരിച്ച 'സീറത്തുല്‍ അമീറ ഇഫ്ഫതുസ്സന്‍യാന്‍' എന്ന ജീവചരിത്രത്തിലും ഉദ്ധരിക്കുന്നുണ്ട്:

'കുടുംബക്കാരെന്ന നിലയില്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ഇരുവര്‍ക്കും പരസ്പരം പൊരുത്തം തോന്നി. അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ വശീകരിച്ചു. ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറേകാലം ഞങ്ങള്‍ സംസാരിച്ചിരുന്നത്. കാരണം അക്കാലമത്രയും ഞാന്‍ തുര്‍ക്കിയിലായിരുന്നു. പിന്നെ ഞാന്‍ കുറേശ്ശെ കുറേശ്ശെ അറബി ഭാഷ പഠിച്ചുതുടങ്ങി. ആദ്യകാലത്ത് വലിയ വിഷമസ്ഥിതിയിലായിരുന്നു ഞാന്‍. ഭാവിയെ സംബന്ധിച്ച് ഒരു പിടുത്തവുമുണ്ടായിരുന്നില്ല. സംസാരിക്കാന്‍ അറബി ഭാഷയുമറിയില്ല. മുന്‍പരിചയമൊന്നുമില്ലാത്ത പുതിയ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെട്ടു പോവുമെന്നതായിരുന്നു എന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നം. തുര്‍ക്കിയില്‍നിന്ന് സുഊദിയിലേക്കുള്ള യാത്രയില്‍ വല്ല ബുദ്ധിമുട്ടുമുണ്ടായോ എന്ന് ആദ്യസമാഗമത്തില്‍ ഫൈസല്‍ രാജകുമാരന്‍ എന്നോടു ചോദിച്ചത് ഓര്‍ക്കുന്നു. എന്താണ് അദ്ദേഹം ചോദിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. ഒന്ന് രണ്ടു തവണ അദ്ദേഹം ആ ചോദ്യം ആവര്‍ത്തിച്ചു. എന്നിട്ടും എനിക്കത് മനസ്സിലായില്ല. അതോടെ എനിക്ക് അറബിഭാഷ അറിയില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി. അന്ന് തന്നെ അറബിഭാഷ പഠിക്കാനുള്ള ആഗ്രഹം ഞാന്‍ അദ്ദേഹത്തോടു പ്രകടിപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അറബി ഭാഷയും സുഊദി സംസാര ശൈലിയും ഞാന്‍ പഠിച്ചെടുത്തു.'

ഈ സന്ദര്‍ഭത്തിലാണ് ഇഫ്ഫ സുഊദി ജനതയുടെ സംസ്‌കാരവും ആചാര സമ്പ്രദായങ്ങളും പരിചയപ്പെടുന്നത്. ആ ജീവിതം ആസ്വദിക്കാനുള്ള വാഞ്ഛയും അപ്പോള്‍ അവരുടെ മനസ്സില്‍ മൊട്ടിട്ടു. സുഊദി ജനതയുടെ കുറവുകളും പെട്ടെന്ന് അവരുടെ ശ്രദ്ധയില്‍പെട്ടു. വിദ്യാഭ്യാസത്തിന്റെ അഭാവമായിരുന്നു അത്. അതിനെ കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ: 'സുഊദി ജനതയെ അടുത്തറിഞ്ഞപ്പോള്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ അഭാവം എന്നെ അമ്പരപ്പിച്ചു. എവിടെ പാഠശാലകളും വിദ്യാഭ്യാസവും എന്നതായിരുന്നു എന്റെ ചോദ്യം.'

അപ്പോള്‍ തന്നെ ഇഫ്ഫ ഒരു തീരുമാനമെടുത്തു. ഈ നാട്ടില്‍ വേറിട്ടു നില്‍ക്കുന്ന ഒരു സ്ത്രീയായിരിക്കണം താനെന്ന തീരുമാനം. അങ്ങനെ തന്റെ സഹജീവികളായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവര്‍ സ്വയം ഉഴിഞ്ഞുവെച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരുടെ തുറന്ന സഭയില്‍ ചര്‍ച്ച ചെയ്തു. ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ചുകൊടുത്തു. സ്ത്രീകള്‍ക്ക് വിദ്യനല്‍കി പുതിയൊരു ലോകം സമ്മാനിക്കാന്‍ അവര്‍ വെമ്പല്‍കൊണ്ടു. സഹജീവികളായ സ്ത്രീകളുടെ പ്രശ്‌നങ്ങളും ഉത്കണ്ഠകളും അവര്‍ ഭര്‍ത്താവായ ഫൈസല്‍ രാജകുമാരന്റെ ശ്രദ്ധയില്‍ പെടുത്തി. കൂട്ടുകാരിയുടെ സ്വപ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഭര്‍ത്താവായിരുന്നു ആ ഭരണാധികാരി. പ്രിയപത്‌നിയുടെ സ്ത്രീശാക്തീകരണ പരിപാടികള്‍ക്ക് അദ്ദേഹം സര്‍വാത്മനാ പിന്തുണ നല്‍കി. മതാധികാരികളുടെ കടുംപിടുത്തവും സുഊദി സമൂഹത്തിന്റെ അടഞ്ഞ പ്രകൃതവും കാരണം സ്ത്രീ വിദ്യാഭ്യാസ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കാന്‍ വളരെ പാടുപെടേണ്ടി വന്നു അവര്‍ക്ക്. അക്കാലത്തെ സാമൂഹികാവസ്ഥയെ കുറിച്ച് അവര്‍ പറയുന്നു: 'വളരെ ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കുന്നതു കണ്ട് എനിക്ക് അതിയായ ദുഃഖമുണ്ടായി. പ്രായവുമായി പൊരുത്തപ്പെടാത്തവിധം ഗാര്‍ഹിക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു അക്കാലത്ത് ഈ പാവം പെണ്‍കുട്ടികള്‍. അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതവും ഭാവിയും പ്രദാനം ചെയ്യാനുള്ള വഴികളെ കുറിച്ചായിരുന്നു എന്റെ ആലോചനകള്‍ മുഴുവന്‍.'

തിരസ്‌കരിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയോടെ അറച്ചറച്ചാണ് ഇഫ്ഫ തന്റെ സ്വപ്‌ന പദ്ധതികള്‍ ഭര്‍ത്താവിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. പക്ഷേ, നിരുത്സാഹപ്പെടുത്തുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയാണ് പില്‍ക്കാലത്ത് രാജാവായിത്തീര്‍ന്ന ഫൈസല്‍ ചെയ്തത്.

 

കൊട്ടാരത്തിലെ പള്ളിക്കൂടം

അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിലെ നാല്‍പതുകളില്‍ ഇഫ്ഫ ത്വാഇഫ് മോഡല്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ശാഖയും കൂടി തുടങ്ങി. പക്ഷേ, നാട്ടുകാര്‍ പെണ്‍കുട്ടികളെ സ്‌കൂളിലേക്കയച്ചില്ല എന്ന് മാത്രമല്ല ഇഫ്ഫയുടെ പദ്ധതിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ത്വാഇഫ് സ്‌കൂളിലായിരുന്നു ഇഫ്ഫയുടെ പെണ്‍മക്കള്‍ പഠിച്ചിരുന്നത്. അവരത് തുടങ്ങിയത് സ്വന്തം പെണ്‍മക്കള്‍ക്ക് മാത്രമായിരുന്നില്ല. അതിനാല്‍ കൊട്ടാരത്തിനുള്ളില്‍ തന്നെ അവര്‍ ഒരു പാഠശാല തുടങ്ങി. അതിന്റെ എല്ലാ ചുമതലയും അവര്‍ തന്നെ ഏറ്റെടുത്തു; അധ്യാപനമടക്കം. നാട്ടുകാരുടെ മനോഭാവം പ്രോത്സാഹജനകമായിരുന്നില്ലെങ്കിലും ഇഫ്ഫ അടങ്ങിയിരുന്നില്ല. അവര്‍ നാട്ടിന്റെ പല ഭാഗങ്ങളിലും പെണ്‍പള്ളിക്കൂടങ്ങള്‍ തുറന്നു. അവര്‍ തന്നെ അതിന്റെ മേല്‍നോട്ടവും ഏറ്റെടുത്തു. തുടക്കത്തില്‍ യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു അവര്‍ക്ക്. 'ഫിത്‌നയുടെ കവാടങ്ങള്‍' എന്നാണ് ഇഫ്ഫയുടെ പള്ളിക്കൂടങ്ങള്‍ക്ക് അവര്‍ നല്‍കിയ വിശേഷണം. പെണ്ണിന്റെ സ്ഥാനം വീടകമാണെന്നായിരുന്നു അവരുടെ തത്ത്വശാസ്ത്രം.

അധ്യാപികമാരുടെ ദൗര്‍ലഭ്യതയായിരുന്നു ഇഫ്ഫ അഭിമുഖീകരിച്ച വലിയ പ്രശ്‌നം. അവര്‍ വിദേശത്തു നിന്ന് അധ്യാപികമാരെ കൊണ്ടുവരാന്‍ ശ്രമിച്ചു. എണ്ണ കണ്ടെത്തുന്നതിന് മുമ്പായിരുന്നു ഇഫ്ഫയുടെ ഈ സംരംഭം. സമൃദ്ധിയുടെ യുഗം ആരംഭിച്ചിട്ടില്ലായിരുന്നു. അതിനാല്‍ അധ്യാപികമാര്‍ സുഊദിയിലേക്ക് വരാന്‍ മടിച്ചു. അനുയോജ്യമായ പാഠ്യപദ്ധതികളുടെ ആവിഷ്‌കാരവും ഒരു പ്രശ്‌നമായിരുന്നു. പക്ഷേ, ഇതൊന്നും തന്റെ സംരംഭത്തില്‍നിന്ന് പിന്മാറാന്‍ ഇഫ്ഫക്ക് കാരണമായില്ല. സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ ശ്രമങ്ങളുമായി അവര്‍ മുന്നോട്ടുപോയി. 1955-ല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെ 'ദാറുല്‍ ഹനാന്‍' സ്‌കൂള്‍  ശൃംഖല സ്ഥാപിക്കുന്നതിലൂടെ അവരുടെ സ്വപ്‌ന പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെട്ടു. പിന്നീട് രാജ്യത്തുടനീളം സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടങ്ങള്‍ തലയുയര്‍ത്തിത്തുടങ്ങി. സ്വന്തം മക്കളുടെ പരിപാലനത്തിലും ഇതോടൊപ്പം അവര്‍ ശ്രദ്ധപുലര്‍ത്തി. അവര്‍ക്ക് മതവിദ്യാഭ്യാസവും അറബിക്ക് പുറമെ വിദേശ ഭാഷകളും പഠിപ്പിക്കാനായി അവര്‍ പ്രത്യേക ട്യൂട്ടര്‍മാരെ ഏര്‍പ്പാടാക്കി. വിദ്യാഭ്യാസത്തോടൊപ്പം ഉയര്‍ന്ന ഇസ്‌ലാമിക മൂല്യങ്ങളും അവരില്‍ നട്ടുവളര്‍ത്താന്‍ ദത്തശ്രദ്ധയായിരുന്നു അവര്‍. പൊങ്ങച്ചപ്രകടനങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനും ജീവിതത്തില്‍ വിനയവും സത്യസന്ധതയും പുലര്‍ത്താനും മാതാവ് തങ്ങളെ സദാ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് അവരുടെ മക്കള്‍ തന്നെ അനുസ്മരിക്കുന്നുണ്ട്.

 

ഭര്‍തൃവിയോഗം

തന്റെ സംരംഭങ്ങളെ അകമഴിഞ്ഞു പിന്തുണച്ച ഭര്‍ത്താവ് ഫൈസല്‍ രാജാവിന്റെ വിയോഗം അവര്‍ക്ക് വലിയ ആഘാതമായി. രാജാവ് അവരെ അഗാധമായി സ്‌നേഹിച്ചിരുന്നു. ഭര്‍ത്താവിനെ സംബന്ധിച്ച് അവര്‍ പറയുന്നത് ശ്രദ്ധേയമാണ്: 'ധൈര്യവും നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ പഠിച്ചത്. ആ ഗുണങ്ങളൊക്കെ എന്റെ മക്കള്‍ക്കും സുഊദി പൗരജനങ്ങള്‍ക്കും പകര്‍ന്നുനല്‍കാനായിരുന്നു എന്റെ പരിശ്രമങ്ങളൊക്കെയും.'

ഫൈസല്‍ രാജാവ് കൊല്ലപ്പെട്ട വിവരം മകന്‍ തുര്‍ക്കി അല്‍ഫൈസലാണ് അവരെ അറിയിക്കുന്നത്. ആ സന്ദര്‍ഭത്തിലെ അവരുടെ അവസ്ഥ 'ശര്‍ഖുല്‍ ഔസത്ത്' (28.2.2000) പത്രത്തിലെഴുതിയ 'എന്റെ മാതാവിനൊരു കുറിപ്പ്' എന്ന ലേഖനത്തില്‍ തുര്‍ക്കി അനുസ്മരിക്കുന്നുണ്ട്. ആ ഖാദുക വാര്‍ത്ത അറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞില്ല. അസാമാന്യ ധൈര്യത്തോടെ അവര്‍ പറഞ്ഞത് മൃതദേഹത്തിനരികിലേക്ക് തന്നെ കൊണ്ടുപോകൂ എന്നായിരുന്നു. തുര്‍ക്കി എഴുതുന്നു; 'പിതാവിന്റെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പിന്നിലെ കരുത്തായിരുന്നു അവര്‍. അവയ്ക്ക് മുന്നില്‍ തടസ്സം നില്‍ക്കുന്നവരോടു അവര്‍ തര്‍ക്കിക്കുമായിരുന്നു. തന്റെ പദ്ധതികളോടു വിയോജിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ പിതാവ് അവരെ ബോധ്യപ്പെടുത്താന്‍ മാതാവിന്റെ അടുത്തേക്കയക്കുക പതിവായിരുന്നു.'

നാട്ടുകാരോട് അളവറ്റ സ്‌നേഹമായിരുന്നു ഇഫ്ഫ റാണിക്ക്. അവര്‍ നിര്യാതയായപ്പോള്‍ അര്‍ധ സഹോദരനായ കമാല്‍ അദ്ഹമിന്റെ(സുഊദി രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നു അന്ന് കമാല്‍) സ്‌നേഹിതനായ സുഊദി എഴുത്തുകാരന്‍ അഹ്മദ് മുഹമ്മദ് ബാദീബ് 'ജനഹൃദയം കീഴടക്കിയ റാണി നിര്യാതയായി' എന്നായിരുന്നു അന്നദ്‌വ പത്രത്തില്‍ (2.3.2000) എഴുതിയത്.' ഭര്‍ത്താവ് മക്ക ഗവര്‍ണറായിരുന്ന കാലത്തും ത്വാഇഫ് ഗവര്‍ണറായിരുന്ന കാലത്തും രാജാവായ കാലത്ത് ജിദ്ദയിലും നാട്ടുകാര്‍ക്കു വേണ്ടി അവര്‍ തന്റെ ഹൃദയവും വീടും തുറന്നിട്ടു. നിഷ്പ്രയോജനകരമായ ഒന്നിനും അവര്‍ സമയം പാഴാക്കാറില്ലായിരുന്നു.'

 

സത് സന്തതികള്‍

താന്‍ ഏറ്റെടുത്ത ദൗത്യം തുടരാന്‍ സന്നദ്ധരായ സത് സന്തതികളെ വിട്ടേച്ചുകൊണ്ട് ഇഹലോകവാസം വെടിഞ്ഞത് അവരുടെ സൗഭാഗ്യമായിരുന്നു. മകള്‍ സാറ രാജകുമാരി റിയാദില്‍ ഇസ്‌ലാമിക സ്‌കൂളുകള്‍ സ്ഥാപിച്ചു. ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പുറമെ സുഊദിയിലും പുറത്തും മകന്‍ മുഹമ്മദ് ഫൈസല്‍ രാജകുമാരന്‍ മനാറാത്ത് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു. മകള്‍ ഹൈഫാ അല്‍ ഫൈസല്‍ അല്‍ ഖുബര്‍ പട്ടണത്തില്‍ ഫൈസലിയ്യ സ്‌കൂളുകള്‍ സ്ഥാപിച്ചു. മാതാവിന്റെ വിയോഗാനന്തരം ദാറുല്‍ ഹനാന്‍ സ്‌കൂള്‍ ശൃംഖലകള്‍ നോക്കി നടത്തിയിരുന്നതും അവരുടെ പെണ്‍മക്കളായിരുന്നു. എല്ലാ വിഭാഗം വരുമാനക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന അന്തരീക്ഷമായിരുന്നു ദാറുല്‍ ഹനാന്റെ പ്രത്യേകത. രാജകുമാരിമാരും സാധാരണ പെണ്‍കുട്ടികളും ഒന്നിച്ചായിരുന്നു അവിടെ പഠിച്ചിരുന്നത്. ഇതിലൂടെ എല്ലാ ഉച്ചനീചത്വങ്ങളും സമൂഹത്തില്‍നിന്ന് മായ്ച്ചുകളയുകയായിരുന്നു ഇഫ്ഫ റാണി.

 

സംസ്‌കാരസമ്പന്ന

വിപുലമായ ജീവിതാനുഭവങ്ങളുള്ള സംസ്‌കാരസമ്പന്നയായ സ്ത്രീയായിരുന്ന ഇഫ്ഫ നല്ലൊരു വായനക്കാരിയും കൂടിയായിരുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളുടെ വലിയൊരു ലൈബ്രറി അവര്‍ക്കുണ്ടായിരുന്നതായി മകള്‍ ലത്വീഫ അല്‍ ഫൈസല്‍ അനുസ്മരിക്കുന്നു. വായനയായിരുന്നു അവരുടെ ഇഷ്ടഹോബി. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ തുടങ്ങി കരിക്കുലബാഹ്യമായ പല പരിപാടികളും സ്‌കൂളുകളില്‍ അവര്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. 'വായനാവാര'വും ഈ പരിപാടികളിലൊന്നായിരുന്നു.

സാമൂഹിക ക്ഷേമപദ്ധതികളായിരുന്നു അവരുടെ മറ്റൊരു പ്രവര്‍ത്തന രംഗം. അതിനായുള്ള മന്ത്രാലയം രൂപീകരിക്കുന്നതിനു മുമ്പ് ദീര്‍ഘകാലം അവരായിരുന്നു ഈ സേവനം നിര്‍വഹിച്ചിരുന്നത്. റിയാദില്‍ അവര്‍ 'അല്‍ജസീറ വനിതാ സാംസ്‌കാരിക ക്ലബ് (നാദീ ഫതയാതില്‍ ജസീറ അസ്സഖാഫി) സ്ഥാപിക്കുകയുണ്ടായി. ഇത് പിന്നീട് 'അന്നഹ്ദ സംഘം' (ജംഇയ്യത്തുന്നഹ്ദ)യായി മാറി. അതിന് ബൈലോ ആവിഷ്‌കരിക്കാനുള്ള ചുമതല സ്വന്തം പെണ്‍മക്കളെയും സ്‌നേഹിതകളെയുമാണ് അവര്‍ ഏല്‍പിച്ചത്. സെമിനാറുകളും പ്രഭാഷണങ്ങളും വിനോദയാത്രകളും സംഘടിപ്പിക്കുന്നതിനൊപ്പം ദരിദ്ര കുടുംബ സഹായം, നിരക്ഷരതാ നിര്‍മാര്‍ജന യജ്ഞം, അന്ധതയുള്ളവര്‍ക്ക് ബ്രെയില്‍ ലിപി പരിശീലനം തുടങ്ങി വിശാലമായ മേഖലകളിലും അവരുടെ സേവനമെത്തുകയുണ്ടായി. ചുരുക്കത്തില്‍, സുഊദി അറേബ്യയുടെ സര്‍വതോമുഖമായ പുരോഗതിക്ക് അമൂല്യ സംഭാവനകളര്‍പ്പിച്ച വനിതാ രത്‌നമായിരുന്നു ഇഫ്ഫ റാണി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top