കവിതപോലെ ബിയ്യാത്തുഞ്ഞ

സുറാബ് No image

കളിപ്രായത്തിലെ ആങ്ങളയെയും പെങ്ങളെയുമാണ് എനിക്കിഷ്ടം. ഒരിക്കലും വളരണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന പ്രായം. മിഠായി വാങ്ങി ഓഹരിവെച്ചെടുക്കുന്ന പ്രായം. വളര്‍ന്നപ്പോള്‍ ഓഹരിയും നമ്മോടൊപ്പം വളര്‍ന്നു. അവസാനം പെങ്ങളെ കെട്ടിയ അളിയന്‍ പറഞ്ഞു; 'മേലേക്കണ്ടം ഞങ്ങള്‍ക്കു മതി....' വീതം വാങ്ങി അവള്‍ അങ്ങനെ മറ്റൊരിടത്തായി. പിന്നീട് കക്ഷത്തു കുടയും വെച്ച് പെങ്ങളെ കാണാന്‍ പോകുമ്പോള്‍ ഒക്കത്തുള്ള കുഞ്ഞിനോട് അവള്‍ പറയും. 'ദേ, മോളേ മാമന്‍ വരുന്നു.....'

ഇവിടെ ജീവിതം മണ്ണുവാരിക്കളിക്കുന്നു. മണ്ണ് അളന്നു കൊടുക്കുന്നു. കളിയും കാര്യവും ഹൃദയത്തെ നോവിക്കുന്നു. അമ്മ, അഛന്‍, അനിയന്‍, പെങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ചുള്ള കാലം. അന്നതിന്റെ പടികള്‍ക്കു എന്ത് രസമായിരുന്നു. കയറാനും ഇറങ്ങാനുമുള്ള ചവിട്ടുപടികള്‍. പൊട്ടിച്ചിരികള്‍. 

എനിക്ക് രണ്ടു പെങ്ങന്മാരാണുള്ളത്. രണ്ടും അനിയത്തിമാര്‍. അതുകൊണ്ട് ആങ്ങള എന്ന മൂത്തവന് ഉത്തരവാദിത്തം കൂടുതലായിരുന്നു. അവരുടെ പൊട്ടത്തരങ്ങള്‍ക്കും കരച്ചിലുകള്‍ക്കും പിടിവാശികള്‍ക്കും നടുക്കു നിന്ന് ഒരു റഫറിയെപ്പോലെ നിയന്ത്രിക്കുന്നവന്‍. പള്ളിക്കൂടത്തില്‍ പോയാലും കളിക്കാന്‍ പോയാലും ഒരു കണ്ണ് എപ്പോഴും പെങ്ങന്മാരുടെ അടുത്ത് മാറ്റിവെക്കേണ്ടവന്‍. പുളിങ്കുരുവിനുപോലും തല്ലുകൂടുമ്പോള്‍ പുളി പറിച്ചുകൊടുക്കേണ്ടിവരുന്നതും കളിയായി കണ്ട കാലം.

പെങ്ങളെക്കുറിച്ച് പറയുമ്പോള്‍ ബിയ്യാത്തുഞ്ഞയെക്കുറിച്ചാണ് ഏറെ പറയാനുള്ളത്. പേര്, ബീഫാത്തിമ. മൂത്തമ്മയുടെ മകളാണ്. ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ. എനിക്ക് മൂത്തതായതുകൊണ്ട് ഇഞ്ഞ എന്നു വിളിക്കുന്നു. ഇക്കയെ 'ഇച്ച' എന്നും ഇത്തയെ 'ഇഞ്ഞ' എന്നുമുള്ള വടക്കന്‍ വിളിപ്പേര്.

മൂത്തമ്മയും മകളും ദൂരെയാണ് താമസം. ഉമ്മയും മകളും മാത്രമുള്ള ആ വീട് അന്നെന്റെ കൊട്ടാരമായിരുന്നു. മണ്ണുകൊണ്ട് കെട്ടിയ ഓടിട്ട വീട്.  മടിപിടിച്ചു സ്‌കൂളില്‍ പോകാത്ത മിക്ക ദിവസങ്ങളിലും ഞാനവിടേക്കു എത്തിച്ചേരും. ഒളിക്കാന്‍ പറ്റിയ ഇടം. ഒളിവിലെ ഓര്‍മകളിലെ ആദ്യത്തെ അധ്യായം. വീട്ടില്‍നിന്ന് ഉമ്മയും ഉപ്പയും വഴക്കു പറഞ്ഞാലും ഞാന്‍ പിണങ്ങി ബിയ്യാത്തുഞ്ഞാന്റെ പുരയിലെത്തും. അവിടെ വലിയ രസമാണ്. ഇടതിങ്ങിയ പറങ്കി മാവുകളും വൃക്ഷങ്ങളും തണലുകളും ഉണ്ട്. ഊഞ്ഞാലുണ്ട്. പാട്ടുപുസ്തകമുണ്ട്. കമ്പിത്തിരിയും ചേരട്ട വെടിയുമുണ്ട്. എല്ലാം ഞാന്‍ ആഘോഷിച്ചത് ആ മുറ്റത്തു വെച്ചായിരുന്നു. സ്വന്തം വീട്ടില്‍ കിട്ടാത്ത സ്വാതന്ത്ര്യം  എനിക്ക് ബിയ്യാത്തുഞ്ഞ തന്നിരുന്നു. കശുവണ്ടി ചുട്ടതും പുഴുങ്ങിയ നാടന്‍ മുട്ടയും തരും. 'ആങ്ങളേ' എന്നുള്ള വിളിയില്‍ പെങ്ങളുടെ എല്ലാ  വാത്സല്യവും ഉണ്ടാകും. തീര്‍ന്നില്ല, സബീനപ്പാട്ടും ഒപ്പനയും ഞാനവിടെന്ന് കേട്ടു. എന്റെ മൂത്തമ്മയുടെ പുരയില്‍വെച്ച്. അന്നവര്‍ക്ക് പെട്ടിപ്പാട്ടുണ്ടായിരുന്നു, ഗ്രാമഫോണ്‍ പാട്ട്. തേഞ്ഞ സൂചി പെറുക്കിയെടുക്കുന്ന ബാല്യകൗമാര മുറ്റം. പിന്നീട് എന്റെ എഴുത്തിനു വളമായിത്തീര്‍ന്ന മണ്ണ്.

ചില വ്യാഴാഴ്ച ദിവസങ്ങളില്‍ 'പാമ്പൂച്ചിക്കുഞ്ഞിന്റെ' മംഗലമുണ്ടാകും. പാമ്പൂച്ചിക്കുഞ്ഞ് തുണികൊണ്ടുണ്ടാക്കിയ ആണും പെണ്ണും കോലങ്ങളാണ്. കുഞ്ഞു പാവകള്‍. അതിനായി തുന്നല്‍ക്കാരന്റെ പീടികയില്‍നിന്നും കത്രിച്ചിട്ട വര്‍ണ ശീലകള്‍ ശേഖരിക്കും. മഞ്ചാടിക്കുരു കൊണ്ട് അതിനു കണ്ണുണ്ടാക്കും. അവയെ ചമയിച്ചൊരുക്കും. അതാണ് പാമ്പൂച്ചിക്കുഞ്ഞിന്റെ മംഗലം. അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും അയല്‍വാസികള്‍ കൂടും. കൈമുട്ടിപ്പാട്ടും ഒപ്പനയും പെരുകും. അങ്ങനെ പാമ്പൂച്ചിയെ ഞങ്ങള്‍ അറയിലിരുത്തും. മണവാട്ടിയും മണവാളനും ആക്കും. എന്ത് പുകിലായിരുന്നു, എന്തെന്തു വര്‍ണങ്ങളായിരുന്നു ആ കാലം. 

ബിയ്യാത്തുഞ്ഞയുടെ കല്യാണം കഴിഞ്ഞിരുന്നു. കെട്ടിയോന്‍ ഒഴിവാക്കിപ്പോയി. പിന്നീട് ഒറ്റക്കായി. ജീവിതം ഒറ്റക്ക് പൊരുതിയവളായി. ഒടുവില്‍ ഒരു കുട്ടിയെ ദത്തെടുത്തു ഒറ്റപ്പെടലില്‍നിന്ന് മോചിതയായി. വല്ലാത്ത തന്റേടമായിരുന്നു എന്റെ പെങ്ങള്‍ക്ക്. 

ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ബിയ്യാത്തുഞ്ഞാന്റെ കല്യാണം കഴിഞ്ഞത്. ആരായിരുന്നു കെട്ട്യോന്‍ എന്നോ എന്തിനായിരുന്നു അയാള്‍ എന്റെ പെങ്ങളെ ഉപേക്ഷിച്ചതെന്നോ എനിക്കറിയില്ല. അസീച്ചയും എന്നോട് പറഞ്ഞില്ല. അസീച്ച മറ്റൊരു മൂത്തമ്മാന്റെ മകനാണ്. പണ്ട് കവിതയുടെ അസ്‌കിതയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നെപ്പോലെ അസീച്ചയും ബിയ്യാത്തുഞ്ഞയുടെ ആങ്ങളയാണ്. ഞങ്ങളുടെ രണ്ടു പേരുടെയും മൂത്തതാണ് ബിയ്യാത്തുഞ്ഞ. എന്നാല്‍ ഞങ്ങളേക്കാള്‍ ഇളയതുപോലെയാണ് പെരുമാറ്റം. അസീച്ചയെപ്പോലെ ബിയ്യാത്തുഞ്ഞയും ബീഡി തെറുക്കുമായിരുന്നു. ബീഡിപ്പണിയാണ് അക്കാലത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗം. ഗായകനായ അസീച്ച കലാസമിതിയില്‍ നാടകം കളിക്കുകയും ചെയ്തിരുന്നു. ബിയ്യാത്തുഞ്ഞയും പാടും. എന്റെ കുടുംബത്തിലെ ആദ്യത്തെ കലാകാരനും കലാകാരിയും അസീച്ചയും ബിയ്യാത്തുഞ്ഞയുമാണ്. ഞാന്‍ അവരുടെ ഒരു ആരാധകനും കാണിയുമാണ്.

ഇതൊക്കെ കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷമാണ് ബിയ്യാത്തുഞ്ഞ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. അക്കാലത്ത് ദത്തെടുക്കല്‍ ഒരു സംഭവമാണ്. പത്രത്തില്‍ വലിയ വാര്‍ത്തയും ഫോട്ടോയുമൊക്കെ വന്നിരുന്നു. കുറേകാലം ആ പത്രവാര്‍ത്ത ബിയ്യാത്തുഞ്ഞ സൂക്ഷിച്ചിരുന്നു. പിന്നീടെല്ലാം കാലഹരണപ്പെട്ടു; കശുമാവിന്‍ കൂട്ടവും കശുമാങ്ങയുടെ മണവും പാട്ടും പെട്ടിപ്പാട്ടും പാട്ടുപുസ്തകവുമെല്ലാം. ഇന്ന്, ബിയ്യാത്തുഞ്ഞക്കു സുഖമില്ല. കണ്ണിനു കാഴ്ചയുമില്ല.

ആ പെങ്ങളെക്കുറിച്ചെഴുതിയ കവിതയാണ് 'ആമിന.' ഇന്നോളം എഴുതിയ കവിതകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കവിത. കവിതപോലെ, എഴുത്തുപോലെ  ബിയ്യാത്തുഞ്ഞയും ആമിനയും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top