ജോലി; വരുമാനം മാത്രമല്ല

സാജിറ ഷാജഹാന്‍, മതിലകം No image

സ്ത്രീകള്‍ക്ക് വരുമാനം ഉണ്ടാക്കുന്ന തൊഴില്‍ വേണമോ വേണ്ടയോ എന്നത് ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍ വിവാഹിതരാവുന്നതോടെ ഇക്കാര്യത്തില്‍ അവളുടേതായ ഒരു നിലപാട് എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പലര്‍ക്കും വിവാഹവും കുടുംബജീവിതവും തൊഴില്‍ മേഖലയില്‍നിന്ന് പിന്നോട്ടു വലിയാനുള്ള ഒരു കാരണമായി. അതുപോലെ വിദ്യാഭ്യാസവും യോഗ്യതയും കുടുംബജീവിതം നടത്തുന്നതിന് തടസ്സമായും കാണുന്നു.

കുടുംബമെന്ന ഉത്തരവാദിത്തത്തോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലും പങ്കുവഹിക്കാനാകും. അവളുടെ മേല്‍ താങ്ങാനാവാത്ത ഒരു ഭാരമായി അതു മാറാതിരിക്കണമെങ്കില്‍ കുടുംബത്തിലെ ഉത്തരവാദിത്തമായ വീട്ടുജോലികളും കുട്ടികളെ നോക്കലും പങ്കുവെക്കപ്പെടണം. സ്ത്രീക്ക് തൊഴിലിടങ്ങളില്‍ ഏകാഗ്രത കൈവരണമെങ്കില്‍ കുടുംബത്തില്‍ കൂട്ടുത്തരവാദിത്തം അനിവാര്യമാണ്. തൊഴില്‍ രംഗത്തേക്കും സാമൂഹിക രംഗത്തേക്കും അധികാര രംഗത്തേക്കുമുള്ള സ്ത്രീകളുടെ കടന്നുവരവ് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. തൊഴില്‍ വരുമാന മാര്‍ഗം മാത്രമല്ല, അത് വ്യക്തിത്വവും അന്തസ്സും സാമൂഹിക സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്.

 ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലുണ്ടായ ഒരു സംവാദത്തിനു ശേഷം 'ങലി മൃല എശിശവെലറ' എന്നൊരു കാഴ്ചപ്പാട് ഉദയം ചെയ്തിരിക്കുന്നു. അതായത് ആഗോളതലത്തില്‍ തൊഴിലിടങ്ങളില്‍ പുരുഷ മേധാവിത്വം കുറഞ്ഞുകൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യം പരമ്പരാഗതമായി പുരുഷന്മാര്‍ കൈയടക്കിവെച്ചിരുന്ന തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളും കടന്നുവന്നുകൊണ്ടിരിക്കുന്നു. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലിടങ്ങളിലുള്ള ലിംഗ അസമത്വം ശ്രദ്ധേയമായ രീതിയില്‍ ഇല്ലാതാകുന്നുണ്ട്. ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ് തുടങ്ങിയ സമ്പന്ന രാജ്യങ്ങളില്‍ പൊതു തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനവും അവസരങ്ങളുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ വേതനത്തിലും അവസര സമത്വത്തിലും സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വലിയ വ്യത്യാസം കണ്ടുവരുന്നു.

ഒരു രാജ്യത്തിന്റെ വികസനവും സാമ്പത്തിക അടിത്തറയും അവിടത്തെ സ്ത്രീകളുടെ പദവിയും ജോലിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഒരു പൗരന്റെ വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ വികസന മാനദണ്ഡമാകുന്നതുപോലെതന്നെയാണ് സ്ത്രീകളുടെ ജോലിയെന്ന പദവിക്ക് സമൂഹത്തില്‍ സ്ഥാനമുള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം കൊണ്ടുതന്നെയാണ് ഇന്ന് സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് എത്തിപ്പെട്ടത്. അത് ആരുടെയും ഔദാര്യം കൊണ്ടൊന്നുമല്ല.

ഇവിടെ സ്ത്രീകള്‍ ഓര്‍ത്തിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. സമൂഹത്തില്‍ തന്റെ ഇടം കണ്ടെത്താന്‍ ഓരോ സ്ത്രീയും ശ്രമിക്കേണ്ടതാണ്. നമ്മുടെ റോഡുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. ഏകദേശം 35 ശതമാനത്തോളം സ്ത്രീകള്‍ ഡ്രൈവിംഗിലേക്ക് മാറിക്കഴിഞ്ഞു. ഡ്രൈവിംഗ് എന്നത് വാഹനമോടിക്കുക എന്ന പ്രവൃത്തി മാത്രമല്ല. അതിലൂടെ സ്ത്രീക്ക് സാമൂഹിക പദവിയും മറ്റൊരാളെ ആശ്രയിക്കാതെ യാത്ര ചെയ്യാനുള്ള അവസരവും ലഭ്യമായി. തൊഴില്‍ മൂലവും ഇതുപോലെ തന്നെയാണ് ഉണ്ടാകുന്നത്. മനസ്സിനിണങ്ങിയ ഒരു ജോലി തെരഞ്ഞെടുക്കുന്നതിലൂടെ സ്വയംപര്യാപ്തതയും സാമൂഹികപദവിയും പ്രാപ്തിയും അവള്‍ക്ക് കൈവരുന്നു. അതോടൊപ്പം തന്നെ അവളുടെ ക്രിയേറ്റിവിറ്റി വര്‍ധിക്കുന്നു. പലതരക്കാരായ ആളുകളോട് ഇടപഴകാന്‍ അവസരം ലഭിക്കുന്നതോടെ ഉയര്‍ന്ന ചിന്താഗതിയുാകുന്നു.

കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവരേണ്ടത് പുരുഷന്റെ മാത്രം ബാധ്യതയാണെങ്കിലും വരുമാനമുള്ള ജോലി സ്ത്രീ ചെയ്യുന്നതില്‍ അപാകതയില്ല എന്ന കാഴ്ചപ്പാട് മാറിവരുന്നതുപോലെ കുടുംബത്തിലെ ജോലി സ്ത്രീകള്‍ക്ക് മാത്രമാണ് എന്ന കാഴ്ചപ്പാടുകള്‍ക്കും മാറ്റം വരേണ്ടതുണ്ട്. 

കേരളത്തില്‍ സാധാരണ സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് വന്നതില്‍ 'കുടുംബശ്രീ' സംവിധാനത്തിന് വളരെ വലിയ പങ്കുണ്ട്. സ്ത്രീക്ക് കുടുംബത്തിലെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം തന്നെ തൊഴില്‍ രംഗത്തേക്കും കടന്നുവരാന്‍ സാധിക്കും എന്ന് കുടുംബശ്രീ സംവിധാനത്തിലൂടെ പുറംജോലിയെടുക്കുന്ന സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലിപ്പോള്‍ മഹാ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ പുതിയ പുതിയ സംരംഭങ്ങളിലേക്കും ചുവടുവെച്ചുകൊണ്ടിരിക്കുന്നു.

കഴിവുകള്‍ ഉണ്ടായിട്ടും വെറുതെയിരിക്കുന്ന സ്ത്രീയുടെ കുടുംബഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ പാര്‍ട്ട് ടൈം ജോലികളിലേര്‍പ്പെട്ട് ഒഴിവുസമയത്തെ വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ സാധിക്കും. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാവുന്ന പല തൊഴിലുകളും ഉണ്ട്. മാത്രമല്ല, ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച തൊഴിലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും നമുക്ക് മുന്നിലുണ്ട്. വികസിത രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴിലിന് പ്രാധാന്യം നല്‍കുന്നതുപോലെ തന്നെ സമൂഹത്തിന്റെയും ഒരു സമുദായത്തിന്റെയും വികസനത്തിലും അഭിവൃദ്ധിയിലും സ്ത്രീകളുടെ തൊഴിലിനും അതില്‍നിന്നുണ്ടാകുന്ന സ്വയംപര്യാപ്തതക്കും പ്രാധാന്യമുണ്ട്. ഒഴിവു സമയത്തെ പാഴാക്കിക്കളയുന്ന സഹോദരിമാരും അവരെ ക്രിയാത്മക-നിര്‍മാണാത്മക രംഗത്തേക്ക് വഴിതിരിച്ചുവിടുന്നവരും മനസ്സിലാക്കേണ്ടത് ജോലിയിലേര്‍പ്പെടുന്നത് ഒരു സാമൂഹിക സേവനം കൂടിയാണ് എന്നാണ്. അത് വ്യക്തിക്കോ കുടുംബത്തിനോ മാത്രമല്ല സമൂഹത്തിനും കൂടി ഗുണകരമാണ്.

ഉദ്യോഗത്തിലൂടെ സ്ത്രീക്ക് സമൂഹവുമായി ഇടപെടാനും ഉത്തരവാദിത്ത തലങ്ങളും പ്രവര്‍ത്തന മണ്ഡലങ്ങളും വികസിപ്പിക്കാനും സാമൂഹിക സേവനവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകുന്നതോടൊപ്പം സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം അറിയാനും വഴിയൊരുക്കുന്നു. ഒരു സാമൂഹിക ജീവിയെന്ന നിലക്കുള്ള ഉത്തരവാദിത്തത്തിന്റെ വലുപ്പവും പ്രാധാന്യവും ബോധ്യപ്പെടുമ്പോള്‍ മാത്രമേ ഒരു വ്യക്തിയുടെ വ്യക്തിത്വവികാസം പ്രാപ്യമാകൂ. ഒരു വ്യക്തിയെന്ന നിലക്കുള്ള അടയാളപ്പെടുത്തലുകള്‍ കുടുംബത്തില്‍ മാത്രമല്ല, അവള്‍ നിലകൊള്ളുന്ന സമൂഹത്തിലും ഉണ്ടാകേണ്ടതുണ്ട്.

സ്ത്രീകള്‍ മുഖ്യധാരയിലെത്താത്തിടത്തോളം ഒരു സമൂഹത്തിന് ഉയര്‍ന്നുവരാന്‍ സാധിക്കില്ല. സ്ത്രീകളെ ഒഴിവാക്കിയ സമൂഹം പകുതിയില്ലാത്ത സൈന്യം പോലെയാണെന്നാണ് ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞത്. ഖുര്‍ആന്‍ പുരുഷന്മാര്‍ക്ക് പല സവിശേഷതകളും പറഞ്ഞിട്ടുണ്ട്. ''പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാക്കിയിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്'' (അന്നിസാഅ് 34).

പുരുഷന്റെ ശ്രേഷ്ഠതയല്ല ഇവിടെ പറയുന്നത്, യോഗ്യതയാണ്. ആ യോഗ്യതക്കുള്ള ഒരു കാരണം അവന്‍ തന്റെ ധനം ചെലവഴിക്കുന്നു എന്നതാണ്. സ്ത്രീയും തുല്യമായ രീതിയില്‍ സ്വത്ത് സമ്പാദിക്കുന്ന ഘട്ടത്തില്‍ ഈ സൂക്തത്തിന്റെ കാലോചിതമായ വ്യാഖ്യാനത്തിന് സാധ്യതയുണ്ട്. യൂസുഫുല്‍ ഖറദാവിയെ പോലുള്ള പ്രഗത്ഭ പണ്ഡിതന്മാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും കൂടുതല്‍ കാലഘട്ടം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഇക്കാര്യത്തിലുള്ള ഒരു പുനര്‍വിചിന്തനം നമുക്കാവശ്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top