മിച്ചധന സിദ്ധാന്തത്തിന്റെ മേന്മകള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി No image

ഇസ്‌ലാമികമായി സകാത്തിന്റെ അടിസ്ഥാനം മിച്ചധനമാണ്. ഒരാള്‍ തന്റെയും ആശ്രിതരുടെയും ന്യായമായ ജീവിതാവശ്യങ്ങള്‍ മാന്യമായി നിര്‍വഹിച്ചതിനു ശേഷം ബാക്കിയാകുന്നത് ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്നത് പെട്ടെന്ന് അത്യാവശ്യങ്ങളൊന്നും വരാതെ ഒരു വര്‍ഷമെങ്കിലും ബാക്കിയായാല്‍ അത് മിച്ചധനമാണ് (ഏതാണ്ട് 85 ഗ്രാം സ്വര്‍ണത്തിന് സമാനമായ തുക). സകാത്ത് സംബന്ധമായി പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ 'മാല്‍' എന്നതിന്റെ പൊരുള്‍ മിച്ചധനം അഥവാ സമ്പാദ്യം എന്ന് ഗ്രഹിക്കാവുന്നതാണ്. 'അവരുടെ സമ്പാദ്യങ്ങളില്‍ (മിച്ചധനം) ചോദിച്ചുവരുന്നവനും സമ്പാദിക്കാനുള്ള അവസരങ്ങളും സാഹചര്യം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്' (51:19). 'അവരുടെ മിച്ചധനത്തില്‍ ചോദിച്ചുവരുന്നവനും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവനും നിര്‍ണിതമായ അവകാശമുണ്ട്' (70:8).

അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ -സാഹചര്യങ്ങള്‍ അനുകൂലമാവാത്തതിനാല്‍- ജീവിതാവശ്യങ്ങള്‍ക്ക് തന്റെ വരുമാനം മതിയാവാത്തവനാണ് ഖുര്‍ആന്‍ പറഞ്ഞ സാഇല്‍. അവന്‍ 'മാലു'ള്ളവനല്ല. 'മാല്‍' എന്നു പറയുന്നത് ജീവിതാവശ്യങ്ങള്‍ മാന്യമായി നിര്‍വഹിച്ച് മിച്ചം വരുന്ന സാമാന്യം നല്ല തുക വരുന്ന സമ്പാദ്യത്തെയാണ്. 'അവരിലെ സമ്പന്നരില്‍നിന്ന് പിടിച്ചെടുത്ത് അവരിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടുന്നു' (ഹദീസ്) എന്ന് പ്രവാചകന്‍ നല്‍കിയ വിശദീകരണം ചിന്തനീയമാണ്. സകാത്തിന്റെ (നിര്‍ബന്ധ ദാനം) ഉപാധികളില്‍ സുഭിക്ഷാവസ്ഥ പുലരല്‍ (ظهر غنى) എന്നത് കര്‍മശാസ്ത്ര പണ്ഡിതര്‍ നിശ്ചയിച്ചതും അതുകൊണ്ടുതന്നെ. ഈ മിച്ചധനത്തെ നിര്‍ണയിക്കാനുള്ള പ്രായോഗിക മാനദണ്ഡം നബി(സ) നിശ്ചയിച്ചിട്ടുണ്ട്. കൊച്ചു സമ്പാദ്യത്തെ(ഇന്നത്തെ കണക്കിന് രണ്ടര ലക്ഷത്തില്‍ താഴെയുള്ളത്)യും ഇടവേളകളില്‍ താല്‍ക്കാലികമായുണ്ടായേക്കാവുന്ന സുഭിക്ഷാവസ്ഥയും ഇസ്‌ലാം മാനദണ്ഡമാക്കുന്നില്ല. ഇടവേളകളില്‍ വന്നേക്കാവുന്ന അത്യാവശ്യങ്ങളെയും അടിയന്തര പ്രശ്‌നങ്ങളെയും വരുമാനത്തില്‍ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലുകളെയും ഇസ്‌ലാം പരിഗണിക്കുന്നുണ്ട്. എന്നാല്‍ സാധാരണ പരോപകാരങ്ങള്‍ക്കോ കേവല ദാനധര്‍മങ്ങള്‍ക്കോ ഇങ്ങനെ ഒരു ഉപാധി ഇല്ല. അത് യഥാ സൗകര്യം എത്രയും എപ്പോഴും ആകാം. 'അവര്‍ക്കെന്താണോ നാമേകിയത് അതില്‍നിന്നവര്‍ ചെലവഴിച്ചുകൊണ്ടേയിരിക്കുന്നു' (അല്‍ബഖറ). ദാനശീലം സത്യവിശ്വാസിയുടെ പതിവ് ശീലമായിരിക്കും (സന്ദര്‍ഭാനുസരണം അപ്പപ്പോള്‍ ഉള്ളതില്‍നിന്ന് ഐഛിക ദാനധര്‍മങ്ങള്‍ ധാരാളമായി നടത്തണം).

മിച്ചധനമുള്ള സമ്പന്നര്‍ക്ക് അത് നേടാനായത് സാഹചര്യങ്ങള്‍ ഒത്തുവന്നതിനാലും അങ്ങനെ അവസരങ്ങള്‍ ലഭിച്ചതിനാലുമാണ്. ആയതിനാല്‍ അല്ലാഹുവിനോട് കൃതജ്ഞത കാണിക്കേണ്ടതുണ്ട്. തനിക്ക് അല്ലാഹു നല്‍കിയത് അങ്ങനെ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഉദാരമായി വിശാലമനസ്സോടെ പങ്കുവെക്കലാണ് ഉദാത്തമായ നന്ദിപ്രകടനം.

ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ പലവിധ കാരണങ്ങളാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ചെലവിലാണ് സമ്പന്നന് അത് സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നത് എന്ന വസ്തുത മറന്നുകൂടാ. ആയതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് മറ്റുള്ളവരുടെ സമ്പാദ്യങ്ങളില്‍ (മിച്ചധനം) ന്യായമായ അവകാശങ്ങള്‍ ഉണ്ട് എന്ന നിയമം വളരെ ശരിയാണ്. നാം യഥാവിധി അത് ഉള്‍ക്കൊള്ളേണ്ടതുണ്ട്.

കാറല്‍ മാര്‍ക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തേക്കാള്‍ സകാത്ത് വ്യവസ്ഥക്ക് നിദാനമായ ഇസ്‌ലാമിലെ മിച്ചധന സിദ്ധാന്തത്തിന്റെ മേന്മകള്‍ വിശകലനവിധേയമാക്കിയാല്‍ ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനം നന്നായി ഗ്രഹിക്കാനാവും.

ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാല്‍ മെച്ചപ്പെട്ട വേല ചെയ്ത് സമ്പാദിക്കാന്‍ അവസരവും സൗകര്യവും ലഭിക്കാതെ പോയതിനാല്‍ ജീവിതത്തില്‍ വളരെ പ്രയാസപ്പെടുന്നവരെ വിപണി മാത്സര്യത്തിന് വിട്ടുകൊടുത്ത് നിസ്സംഗമായി മാറിനില്‍ക്കാന്‍ ഇസ്‌ലാം സന്നദ്ധമല്ല. ജൈവോല്‍പത്തിക്കും പരിണാമത്തിനും പിന്നെ നിലനില്‍പിനും നിദാനമെന്ന് ചാള്‍സ് ഡാര്‍വിന്‍ ഊഹിച്ചെടുത്ത 'ഏറ്റവും അര്‍ഹതയുള്ളതിന് അതിജീവനം' (Survival of the Fittest) എന്ന ആശയത്തെ മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളിലേക്ക് കൂടി ബാധകമാക്കി ദരിദ്ര-പിന്നാക്ക വിഭാഗങ്ങളെ കടുത്ത മത്സരത്തിന്റെ ബലിയാടുകളാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അതിക്രൂര സമീപനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇസ്‌ലാം പ്രശ്‌നത്തെ തികച്ചും മാനുഷികമായി അനുകമ്പാപൂര്‍വം സമീപിക്കുന്നു. ന്യായവും മാന്യവും പ്രത്യുല്‍പാദനക്ഷമവുമായ മത്സരത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ധനികരുടെ സമ്പാദ്യത്തില്‍ (മിച്ചധനം) ഇസ്‌ലാം 'അവകാശം' നിര്‍ണയിച്ചിരിക്കുന്നു. കൂടാതെ അവര്‍ക്ക് പല നിലക്കുള്ള പരിഗണനകളും നല്‍കിയിരിക്കുന്നു.

ഇസ്‌ലാമിന്റെ മിച്ചധന സിദ്ധാന്തം കാറല്‍ മാര്‍ക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തെ പോലെ വെറും ഉല്‍പന്നത്തിന്റെ മാര്‍ക്കറ്റ് വിലയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല നിലകൊള്ളുന്നത്. പ്രത്യുത, ഒരാളുടെ മൊത്തം സാമ്പത്തികാവസ്ഥയെ സമഗ്രമായി പരിഗണിച്ചുകൊണ്ടാണ്. ഇതുവഴി അവശ-ദരിദ്ര സഹോദരങ്ങളുടെ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുകയെന്നത് സമ്പാദ്യം (മിച്ചധനം) ഉള്ളവരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ആ സംഗതി ഉറപ്പുവരുത്തണമെന്നും അവരുടെ ന്യായമായ സംരക്ഷണം സാധ്യമാക്കണമെന്നും ഇസ്‌ലാം വളരെ ഗൗരവപൂര്‍വം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിച്ചധനം (സമ്പാദ്യം) വിലയിരുത്താന്‍ ഒരാണ്ട് എന്ന സമയപരിധി നിര്‍ണയിക്കുക വഴി ഹ്രസ്വകാല-ദീര്‍ഘകാല ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയും കൂടി പരിഗണിക്കാനുള്ള പഴുതും ഇസ്‌ലാം നല്‍കുന്നുണ്ട്.

മിച്ചധന സിദ്ധാന്തം പാവങ്ങളുടെ ന്യായമായ അവകാശങ്ങള്‍ മാര്‍ക്കറ്റ് മെക്കാനിസത്തിന് അഥവാ വിതരണ-ചോദന മേഖലകളിലെ മെക്കാനിസത്തിന് വിട്ടുകൊടുക്കുന്നില്ല. അവശവിഭാഗത്തിന്റെ അവകാശത്തെ ഇസ്‌ലാം മാര്‍ക്കറ്റ് മെക്കാനിസത്തിന്നതീതമായി പ്രതിഷ്ഠിച്ചിരിക്കുന്നു. തൊഴിലാളികളല്ലാത്ത പാവങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തില്‍ വലിയ പരിഗണനയില്ല. എന്നാല്‍ ഇസ്‌ലാം വളരെ ഉയര്‍ന്ന പരിഗണന നല്‍കുന്നു. അതാണ് സകാത്ത്.

മിച്ചധനത്തിന്റെ തുഛ വിഹിതമേ തല്‍ക്കാലം ആവശ്യപ്പെടുന്നുള്ളൂ. സമ്പന്നന്റെ വശം മിച്ചധനത്തിന്റെ സിംഹഭാഗവും വിട്ടുകൊടുക്കുന്നു. ഇത് അദ്ദേഹത്തിന് മിച്ചധനം വീണ്ടും വീണ്ടും വര്‍ധിപ്പിക്കാനുള്ള സാധ്യത നല്‍കുന്നു. കൂടാതെ മിച്ചധനമെല്ലാം ഇന്നത്തെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനായി ഒറ്റയടിക്ക് തീര്‍ത്തുകൂടാ. മറിച്ച് വരുംകാലങ്ങളിലെ അവശരെയും ദുര്‍ബലരെയും കൂടി പരിഗണിക്കാനുള്ള വക നിലനിര്‍ത്തുകയും ചെയ്യുന്നു.

മാര്‍ക്‌സിന്റെ മിച്ചമൂല്യ (Surplus Value) സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ചിന്താധാര വര്‍ഗസംഘട്ടനത്തിലാണ് ഊന്നുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ഊഷ്മളമല്ലാത്ത ബന്ധമാണ് അതുണ്ടാക്കിത്തീര്‍ക്കുന്നത്. വൈരവും വിദ്വേഷവുമാണ് കമ്യൂണിസ്റ്റ് വര്‍ഗസംഘട്ടനത്തിന്റെ കാതലായി വര്‍ത്തിക്കുന്നത്. എന്നാല്‍ സകാത്ത് വ്യവസ്ഥയില്‍ ദയയും സഹതാപവും പങ്കുവെപ്പിനുള്ള വാഞ്ഛയുമാണ് ഉണ്ടാകുന്നത്. വര്‍ഗസംഘട്ടനത്തിനപ്പുറം നല്ല രീതിയിലുള്ള വര്‍ഗ സഹകരണമാണ് ഈ സിദ്ധാന്തം പലനിലക്കും ഉണ്ടാക്കിയെടുക്കുന്നത്. കൂടാതെ മിച്ചമൂല്യ സിദ്ധാന്തം തികഞ്ഞ കേവല ഭൗതികതയിലാണ് അടിമുടി നിലകൊള്ളുന്നത്. എന്നാല്‍ സകാത്തിന് നിദാനമായ സമഗ്രദര്‍ശനം ഭൗതികതക്കപ്പുറം ആത്മീയതക്കാണ് വലിയ ഊന്നല്‍ നല്‍കുന്നത്. ഉറച്ച പരലോക വിശ്വാസം മിച്ചധനം സമസൃഷ്ടികളുമായി പങ്കുവെക്കാന്‍ പ്രേരണയായി വര്‍ത്തിക്കുന്നു. മിച്ചമൂല്യ സിദ്ധാന്തത്തിന്റെ ആളുകള്‍ക്ക് അങ്ങനെ ഒരു പ്രേരണ ഇല്ല. വര്‍ഗസംഘട്ടനത്തിനപ്പുറം ഫലപ്രദമായ വര്‍ഗ സഹകരണം ഉണ്ടാകുംവിധമാണ് സകാത്തിന് പ്രേരണയേകുന്ന പരലോക വിശ്വാസം.

മിച്ചധന സിദ്ധാന്തം തൊഴിലാളിയുടെ വേതനവുമായോ അവകാശവുമായോ മാത്രമല്ല ബന്ധപ്പെട്ടു കിടക്കുന്നത്. ഇസ്‌ലാം സമ്പത്തിനെ മുതലാളിക്കും തൊഴിലാളിക്കുമിടയിലെ തര്‍ക്കപ്രശ്‌നമായി ഗണിക്കുന്നേയില്ല. മറിച്ച് മിച്ചധന സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാം ഉപജീവനത്തിന് ആവശ്യമായ വരുമാനമില്ലാത്തവര്‍, ഒരുവിധം തികയുന്നവര്‍, ജീവിതാവശ്യങ്ങള്‍ മാന്യമായി നിറവേറിയ ശേഷം സാമാന്യം മിച്ചധനമുള്ളവര്‍ എന്നിങ്ങനെയാണ് സമൂഹത്തെ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ദരിദ്രര്‍, അഗതികള്‍, അനാഥര്‍, വികലാംഗര്‍, പല കാരണങ്ങളാല്‍ സാമ്പത്തികമായി പിന്നാക്കം തള്ളപ്പെട്ടവര്‍ തുടങ്ങിയ സകല വിഭാഗങ്ങളെയും മൊത്തം ഉള്‍ക്കൊള്ളുകയും സമ്പന്നന്റെ സ്വത്തില്‍ അവര്‍ക്കെല്ലാം ന്യായമായ അവകാശം മാന്യമായ രീതിയില്‍ വകവെച്ചുകൊടുക്കുകയും ചെയ്യുന്നു.

മിച്ചധനത്തിലുള്ള ദരിദ്രരുടെ അവകാശം വര്‍ഷാവര്‍ഷം വ്യവസ്ഥാപിതമായും സംഘടിതമായും വിതരണം ചെയ്യപ്പെടുന്നു. ആയുഷ്‌കാലത്ത് ഒരിക്കല്‍ മാത്രം നല്‍കിയാല്‍ പോരാ.

മിച്ചധന സിദ്ധാന്തം വിഹിതവും ന്യായവുമായ മാര്‍ഗങ്ങളിലൂടെ പരമാവധി സമ്പത്ത് സമ്പാദിക്കുന്നതിനെയും ഉടമപ്പെടുത്തുന്നതിനെയും ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ലെന്നു മാത്രമല്ല നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി തന്റെ വിശ്വാസ സംഹിതയെ മുറുകെ പിടിച്ച് ധനസമ്പാദനം നടത്തുമ്പോള്‍ അത് ദൈവാരാധന ആണ്. സമ്പാദ്യത്തെ നിക്ഷേപമാക്കി മാറ്റാനുള്ള പ്രേരണകള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. ദരിദ്രരുടെയും അവശ വിഭാഗങ്ങളുടെയും അവകാശം കൊല്ലംതോറും നല്‍കാന്‍ ബാധ്യസ്ഥനായ ധനികന് തന്റെ സമ്പാദ്യങ്ങളെ ലാഭകരമായ പ്രത്യുല്‍പാദന പരിപാടികളിലേക്ക് തിരിച്ചുവിടാനുള്ള മാര്‍ഗം ആരായേണ്ടി വരിക തന്നെ ചെയ്യും. ഇത് തൃണമൂല വിതാനത്തിലുള്‍പ്പെടെ എല്ലാ തലത്തിലും സാമ്പത്തിക വളര്‍ച്ചക്ക് നിമിത്തമായിത്തീരും.

നീതിപൂര്‍വകവും സന്തുലിതവുമായ സമ്പദ് വിതരണം ഉറപ്പു വരുത്താന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധികളിലൊന്നാണ് സകാത്ത്. അത് ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്ക് സമ്പത്തിന്റെ ഒഴുക്ക് സുസാധ്യമാക്കുന്ന ചാലുകളാണ്. എന്നാല്‍ സമ്പത്തിന്റെ സന്തുലിത വിതരണം ഉറപ്പുവരുത്താന്‍ ദാനധര്‍മങ്ങള്‍, വഖ്ഫ്, പലിശ നിരോധം, വാണിജ്യ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്ന വിവിധ ചട്ടങ്ങള്‍, അനന്തരാവകാശം, കൃഷി ഉറപ്പുവരുത്തുന്ന ഭൂവിതരണ ചട്ടങ്ങള്‍ തുടങ്ങി പലതും ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ്.

സകാത്തിന്റെ എട്ട് അവകാശികളില്‍ ഏഴ് അവകാശികളെയും വിലയിരുത്തിയാല്‍ സകാത്ത് നേര്‍ക്കുനേരെ അവശ-ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഗ്രഹിക്കാനാകും. സമ്പന്നനും ദരിദ്രനും ഒരുപോലെ ഗുണഭോക്താവാകുന്ന പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്ക് സകാത്ത് ഉപയോഗപ്പെടുത്താവതല്ല. പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണ നിര്‍വഹണത്തിനും രാഷ്ട്രത്തിന് അതിന്റെ പൗരന്മാരില്‍നിന്ന് വേറെ നികുതി പിരിക്കാം. സകാത്ത് ഒരിക്കലും നികുതിയല്ല.  നികുതി കൊടുത്താല്‍ സകാത്തിന്റെ ബാധ്യത തീരില്ല. സകാത്ത് ദൈവാരാധനയാണ്.

സകാത്ത് വ്യവസ്ഥ ഫലപ്രദമായി നടപ്പാക്കാന്‍ ഇസ്‌ലാം ഭക്തിയുടെയും ഭരണാധികാര ശക്തിയുടെയും മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. സത്യവിശ്വാസിയുടെ പരലോക ബോധം തന്നെ സകാത്ത് ബന്ധപ്പെട്ടവരെ ഏല്‍പിക്കാന്‍ പ്രേരകമാണ്. എന്നാല്‍ എല്ലാവരില്‍നിന്നും എപ്പോഴും അത് പ്രതീക്ഷിക്കാവതല്ല. മറ്റെല്ലാ സാമൂഹിക-രാഷ്ട്രീയ ചട്ടങ്ങള്‍ പോലെ പരിശുദ്ധ ഇസ്‌ലാമിലെ സാമ്പത്തിക ചട്ടങ്ങളും പരിപാടികളും മറ്റും പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിന് ശക്തമായ ഭരണാധികാരം അനുപേക്ഷണീയമാണ്.

സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ കൃത്യമായ ഇസ്‌ലാമിക സമീപനം പുലര്‍ത്താതെ സാമ്പത്തിക രംഗത്തുമാത്രം ഇസ്‌ലാമിക നിലപാട് പൂര്‍ണാര്‍ഥത്തില്‍ പുലര്‍ത്തുക അസാധ്യമാണ്; ശകലത്തില്‍ സകലവും ദര്‍ശിക്കാവതല്ല- കൃത്രിമമായ വേലികള്‍ ഉണ്ടാക്കി സമഗ്രമായ ഇസ്‌ലാമിനെ അതിനകത്ത് പരിമിതപ്പെടുത്തി നമ്മള്‍ ആ വേലിക്ക് വെളിയില്‍ വിഹരിച്ചാല്‍ നാം വലിയ കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ തിരുത്തുകള്‍ വരുത്താന്‍ ഇനിയും വൈകിക്കൂടാ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top