ഹോമിയോപ്പതി ഒരു ലഘുപരിചയം

ഡോ. അബ്ദുറഹ്മാന്‍.കെ (ബി.എച്ച്.എം.എസ്) No image

എന്താണ് ഹോമിയോപ്പതി?

ഇതര വൈദ്യശാസ്ത്രങ്ങള്‍ രോഗത്തിന് ചികിത്സ നിശ്ചയിക്കുമ്പോള്‍ ഹോമിയോപ്പതി രോഗിയെ ചികിത്സിക്കുന്നു. ഹോമിയോപ്പതി ഒരു രോഗത്തിന് മരുന്ന് നിര്‍ണയിക്കുന്നത് പ്രസ്തുത രോഗത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല. പകരം പ്രസ്തുത രോഗം അനുഭവിക്കുന്ന രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍, ശീലങ്ങള്‍, സ്വഭാവ സവിശേഷതകള്‍ എന്നിവകൂടി പരിഗണിച്ചുകൊണ്ടാണ്. അതുമൂലം ഒരേ രോഗമനുഭവിക്കുന്ന വ്യത്യസ്ത രോഗികള്‍ക്ക് വ്യത്യസ്ത മരുന്നുകളാണ് നിര്‍ദേശിക്കപ്പെടുന്നത്. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യസ്തരാണല്ലോ. 

രോഗിയെ ഒരു പൂര്‍ണ വ്യക്തിയായിക്കണ്ട് മരുന്ന് നിര്‍ദേശിക്കുന്നുവെന്നതാണ് ഹോമിയോപ്പതിയുടെ മറ്റൊരു പ്രത്യേകത. ഇതര വൈദ്യശാസ്ത്ര ശാഖകള്‍, ഒരേ രോഗിയുടെ തന്നെ വ്യത്യസ്ത അവയവങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഒരേസമയം വ്യത്യസ്ത സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ വൈവിധ്യമാര്‍ന്ന ചികിത്സ നിശ്ചയിക്കുന്നു. എന്നാല്‍ ഹോമിയോപ്പതിയാകട്ടെ, വ്യത്യസ്ത അവയവങ്ങളില്‍ രോഗമനുഭവിക്കുന്ന രോഗിയെ ഒരു വ്യക്തിയായിക്കണ്ട് ചികിത്സ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 

രോഗമുണ്ടാവാനുള്ള കാരണങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് പലരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഔഷധങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ഉദാഹരണത്തിന്, പനിയുള്ള ഒരു രോഗിയെ പരിഗണിക്കുക. ഇതര വൈദ്യശാസ്ത്രങ്ങള്‍ പനി കുറക്കാനുള്ള ഒരേ മരുന്നാണ് എല്ലാ വ്യക്തികള്‍ക്കും നല്‍കുന്നത്. ഇവിടെ പനിയുടെ കാരണമോ പനിയിലേക്ക് നയിച്ച ഘടകങ്ങളോ പനിയുള്ള വ്യക്തിയുടെ പ്രത്യേകതകളോ പരിഗണിക്കപ്പെടുന്നില്ല. അഥവാ, പനിയുടെ കാരണം പരിഗണിക്കുന്നുവെങ്കില്‍തന്നെ അത് ഏത് തരം രോഗാണു മൂലമാണുണ്ടായതെന്നാണ് പരിഗണിക്കപ്പെടുന്നത്. പ്രസ്തുത രോഗാണുവിനെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് പനി ബാധിക്കുന്നത് വിയര്‍ത്തിരിക്കുമ്പോള്‍ കുളിച്ചത് കൊണ്ടാകാം. അല്ലെങ്കില്‍, തണുപ്പിച്ച പാനീയം കഴിച്ചതുകൊണ്ടോ മറ്റ് ചില രോഗങ്ങളുടെ മുന്നറിയിപ്പോ മൂലമാകാം. അതുമല്ലെങ്കില്‍, ചിലപ്പോള്‍ എന്തെങ്കിലും ഭയം നിമിത്തമാകാം. ഹോമിയോപ്പതിയില്‍ ഈ കാരണങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്നത്. അതിനാല്‍, കാരണങ്ങള്‍ക്കനുസരിച്ച് മരുന്നുകളും വ്യത്യസ്തമായിരിക്കും. പനിപിടിച്ച രോഗിയുടെ പ്രതികരണങ്ങളും ഹോമിയോപ്പതി മരുന്ന് നിര്‍ദേശിക്കപ്പെടുമ്പോള്‍ പരിഗണനീയമാണ്. പനിപിടിച്ചയാളുടെ വിശപ്പ്, ദാഹം, ക്ഷീണം, സംസാരം, വിയര്‍പ്പ്, വിറയല്‍ തുടങ്ങിയ ശാരീരിക പ്രത്യേകതകളും അയാളുടെ മാനസികാവസ്ഥകളും മരുന്ന് നിര്‍ദേശിക്കുന്നതിന് പരിഗണിക്കപ്പെടുന്നു. ഇങ്ങനെ വ്യക്തിയുടെ വിവിധ വശങ്ങള്‍ പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് നല്‍കുമ്പോള്‍ വേഗത്തില്‍ തന്നെ രോഗം ഭേദമാവുകയും രോഗിക്ക് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും അനുഭവപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മരുന്നുകാരണം ശരീരത്തില്‍ ദോഷകരമായ യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകുന്നുമില്ല.

ഹോമിയോ മരുന്നുകഴിക്കുമ്പോള്‍ പ്രയാസകരമായ പഥ്യങ്ങള്‍ ഒന്നുമില്ല. പ്രമേഹ രോഗികള്‍ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കണം എന്നതുപോലെ രോഗവുമായി ബന്ധപ്പെട്ട പഥ്യങ്ങള്‍ മാത്രമേയുള്ളൂ. അലോപ്പതി പ്രകാരം ശസ്ത്രക്രിയ ആവശ്യമായ പല രോഗങ്ങളും ഹോമിയോ മരുന്നുകള്‍വഴി ഭേദമാകാറുണ്ട്. വൃക്കയിലെയും പിത്താശയത്തിലെയും കല്ലുകള്‍, ചില ട്യൂമറുകള്‍, തൈറോയിഡ് രോഗങ്ങള്‍, ഗര്‍ഭാശയത്തിലെയും അണ്ഡാശയത്തിലെയും മുഴകള്‍ തുടങ്ങിയവ ഹോമിയോ മരുന്നുകള്‍ക്ക് വഴങ്ങുന്നവയാണ്.

കാന്‍സര്‍ ചികിത്സയിലും ഹോമിയോ മരുന്നുകള്‍ ഏറെ ഫലപ്രദമാണ്. പ്രത്യേകിച്ചും പാലിയേറ്റീവ് ചികിത്സയില്‍. അന്നനാളത്തിലും മറ്റുമുള്ള കാന്‍സര്‍ രോഗത്തിന് ദീര്‍ഘകാലം കീമോതെറാപ്പിയും മറ്റും കഴിഞ്ഞ് ട്യൂബിലൂടെ മാത്രം ഭക്ഷണം നല്‍കുന്ന അവസ്ഥയില്‍ ശരീരം ക്ഷീണിച്ച് തളര്‍ന്ന ഹോമിയോ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന പല രോഗികള്‍ക്കും കുറച്ചുകാലത്തെ ഹോമിയോ ചികിത്സവഴി ആശ്വാസം ലഭിക്കുകയും, ട്യൂബ് എടുത്തുമാറ്റി സ്വന്തമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇത് രോഗിക്കും ബന്ധുക്കള്‍ക്കും ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്.

പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിലും ഹോമിയോ മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ചിക്കന്‍പോക്‌സ്, അഞ്ചാം പനി, ചിക്കുന്‍ഗുനിയ, ഡെങ്കി, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ സുഖപ്പെടുത്തുന്നതിലും പ്രതിരോധിക്കുന്നതിലും ഹോമിയോപ്പതി മരുന്നുകള്‍ ഇതര വൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് ഏറെ ഫലപ്രദമാണ്. മാത്രവുമല്ല, ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ പ്രതിരോധശേഷി വര്‍ധിക്കുകയും ഇടക്കിടെയുണ്ടാകുന്ന രോഗങ്ങളില്‍ കുറവ് വരികയും ചെയ്യുന്നു.

ഹോമിയോ മരുന്നുകളില്‍ മരുന്നി ന്റെ അംശമില്ലെന്നും അതിലുള്ളത് ജഹമരലയീ ലളളലര േമാത്രമാണെന്നുമുള്ള ആരോപണം പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ആധുനിക നാനോ ടെക്‌നോളജി അതിന് മറുപടി നല്‍കിയിരിക്കുന്നു. എത്രതവണ ആവര്‍ത്തിക്കപ്പെട്ട ഉന്നത പൊട്ടന്‍സിയിലുള്ള മരുന്നാണെങ്കിലും അവയിലെല്ലാം അടിസ്ഥാന മരുന്നിന്റെ സൂക്ഷ്മ കണങ്ങള്‍ അടങ്ങിയതായി നാനോ ടെക്‌നോളജി പരീക്ഷണങ്ങള്‍ തെളിയിക്കുകയും ചെയ്തിരിക്കുന്നു.

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top