2016 ജനുവരി 2 കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന് ശ്രദ്ധേയമായ ഒരു ദിനമായിരുന്നു. ജീവദാനം അതിമഹത്തായ സല്‍കര്‍മമാണെന്നും അവയവദാനത്തിന് മതത്തിന്റെ വിലക്കില്ലെന്നും കേരള മുസ്‌ലിം ജനതയെ പ്രത്യേകമായി ഉണര്‍ത്തി മുഴുവന്‍
2016 ജനുവരി 2 കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന് ശ്രദ്ധേയമായ ഒരു ദിനമായിരുന്നു. ജീവദാനം അതിമഹത്തായ സല്‍കര്‍മമാണെന്നും അവയവദാനത്തിന് മതത്തിന്റെ വിലക്കില്ലെന്നും കേരള മുസ്‌ലിം ജനതയെ പ്രത്യേകമായി ഉണര്‍ത്തി മുഴുവന്‍ സുമനസ്സുകളിലേക്കും ഈയൊരു സന്ദേശം പകര്‍ന്ന്, ഐ.എസ്.എം. 5000 യുവാക്കളുടെ അവയവദാന സമ്മതപത്രം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിക്ക് സമര്‍പിച്ച ശുഭമുഹൂര്‍ത്തമായിരുന്നു അന്ന്. കേരളത്തില്‍ ആദ്യമായാണ് ഒരു മുസ്‌ലിം യുവജന സംഘടന ഈ മഹാദാൗത്യത്തിന് പ്രായോഗികമായി പ്രഖ്യാപനം നടത്തുന്നത്. അവയവദാനത്തിന് മതത്തിന്റെ വിലക്കേര്‍പെടുത്തുന്നത് സത്യമതത്തിന്റെ മാനവികദര്‍ശനത്തെ ചോദ്യം ചെയ്യലാണെന്ന തിരിച്ചറിവാണ് ഐ.എസ്.എമ്മിനെ ഈ ധീരമായ ചുവടുവെപ്പിന് പ്രേരിപ്പിച്ചത്. അവയവസ്വീകര്‍ത്താക്കളായി ആതുരാലയങ്ങളില്‍ കനിവുതേടുന്നവര്‍ക്ക് ദാതാക്കളായി മാറുന്നതിന് വിലക്കുണ്ടെന്ന് പ്രഖ്യാപിക്കുന്നത് എത്രവലിയ അല്‍പത്തരമാണെന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്.
അവയവങ്ങള്‍ മാറ്റിവെക്കുന്നത് വൈദ്യശാസ്ത്ര രംഗത്തോ പൊതുസമൂഹത്തിലോ അത്ഭുതവാര്‍ത്തയൊന്നുമല്ല ഇക്കാലത്ത്. രക്തദാനം പോലെ സാര്‍വത്രികമാവുകയാണ് അവയവ ദാനവും. ഹൃദയമാറ്റശസ്ത്രക്രിയകള്‍ ആശ്ചര്യത്തോടെ കാണുന്ന ഒരു കാലമല്ല ഇത്.
അവയവദാനം മതത്തിന്റെ മൗലി
കാശയങ്ങളില്‍നിന്ന് നിര്‍ധരിക്കുവാന്‍ കഴിയുന്ന പുതിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്. പ്രത്യക്ഷനിര്‍ദേശങ്ങളിലൂടെ വായിച്ചെടുക്കാവുന്നവയായിരിക്കും മതം അഭിമുഖീകരിക്കുന്ന എല്ലാ കാര്യവും എന്ന് വരുകയാണെങ്കില്‍ ഇജ്തിഹാദിന് (ഗവേഷണം) പ്രസക്തി നഷ്ടപ്പെടും. മതത്തിന്റെ മൗലിക ആശയ നിര്‍ധാരണ മേഖലകളിലൊന്നായ താരതമ്യ നിര്‍ധാരണ രീതി (ഖിയാസ്) പ്രസക്തമാവുന്നത് സുവ്യക്തവും നേര്‍ക്കുനേരെയും പ്രതിപാദിച്ച പ്രമാണരേഖകളിലല്ല എന്നത് സര്‍വാംഗീകൃതമാണല്ലോ.
അവയവദാന വിഷയത്തിലെ അഭിപ്രായങ്ങള്‍ ഖിയാസ്, ഇജ്തിഹാദ് എന്നീ രംഗങ്ങളിലാണ് പ്രസക്തമാവുന്നതും ചര്‍ചയായിട്ടുള്ളതും. ഇജ്തിഹാദിയായ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ലോകത്തുള്ള വിവിധ കര്‍മശാസ്ത്ര വിധിനിര്‍ണയ സമിതികള്‍ (ഫിഖ്ഹ് കൗണ്‍സില്‍) ഗൗരവത്തില്‍തന്നെ ഇക്കാര്യം കൈകാര്യം ചെയ്തിട്ടുണ്ട്. സാമ്പ്രദായിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങൡ വരെ ഈ മേഖലകളിലേക്ക് ദിശാവെളിച്ചം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാണാവുന്നതാണ്.
ജീവനും ജീവിതവും അതിമഹത്തരമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ആത്മപീഢനം വഴി ജീവന്‍ അപായപ്പെടുത്തുന്നതും ആത്മഹത്യവഴി നശിപ്പിച്ച് കളയുന്നതും കൊലപാതകവും മഹാപാപവുമായാണ് ഇസ്‌ലാം കാണുന്നത്. മത-ദേശ വ്യത്യാസങ്ങള്‍ ഈ രംഗത്ത് ഇസ്‌ലാം വളര്‍ത്തുന്നില്ല.
ജീവനുള്ള ശരീരമോ മരണപ്പെട്ട ശരീരമോ അനാദരിക്കാനോ അപമാനിക്കാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. അത് സ്വയം ചെയ്യുവാനോ മറ്റുള്ളവരില്‍ നിര്‍വഹിക്കാനോ പാടില്ലാത്തതാകുന്നു. യുദ്ധങ്ങൡ മരിച്ചവരുടെ മൃതദേഹം പോലും വികൃതമാക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. മനുഷ്യരില്‍ മാത്രമല്ല, പച്ചക്കരളുള്ള ജീവന്‍ തുടിക്കുന്ന ഒരു ജീവിയില്‍പോലും ഇവ്വിധം നിര്‍വഹിക്കുന്നതില്‍ ജാഗ്രത പാലിക്കാന്‍ മതം അനുശാസിക്കുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ തന്നെയാണ് ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഇളവുകളും അനുവദനീയങ്ങളും ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുള്ളതും (ഖുര്‍ആന്‍ 5:3). പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കേണ്ടിവരുന്നത് അനിവാര്യഘട്ടങ്ങളിലാണ്. മൃതശരീരത്തിന്റെ സ്വച്ഛന്ദമായ അവസ്ഥക്ക് അത് വലിയ വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. പോസ്റ്റുമോര്‍ട്ടം, സര്‍ജറി എന്നിവക്ക് മതത്തിന്റെ വിലക്ക് നല്‍കുന്ന അവസ്ഥ എവിടെയെങ്കിലും കാണുന്നുണ്ടോ? എന്തുകൊണ്ട് ഇല്ല എന്നതിന്റെ മാനവിക യുക്തിബോധം തന്നെയാണ് പൊതുനിര്‍ദേശങ്ങൡ ഇളവുകള്‍ നല്‍കുന്നിടത്ത് നാം പരിഗണിക്കുന്നതും.
ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവനും രക്ഷിച്ചതിന് തുല്യമാണെന്ന (5:32) ഖുര്‍ആനിക പ്രഖ്യാപനം ആധുനിക ജീവദാനരംഗങ്ങളിലേക്ക് ദിശാവെളിച്ചം പകരുന്ന മൗലിക പ്രമാണരേഖയാണ്. ജീവന്‍രക്ഷക്ക് അതിരുകള്‍ നിശ്ചയിച്ച ഏകശിലാമാര്‍ഗമേ ലോകത്തുള്ളൂ എന്നാരും വാദിക്കുന്നില്ല. മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നത്, ചില സന്ദര്‍ഭങ്ങളില്‍ അവയവങ്ങള്‍ മുറിച്ചുകളഞ്ഞുപോലും ആവാറുണ്ട് (അര്‍ബുദ കോശങ്ങള്‍ നീക്കംചെയ്യുന്നത്). ശരീരത്തില്‍ കേടുപാടുകളില്ലാത്ത അവയവ ഭാഗങ്ങള്‍ എടുത്ത് കേടുപാടുളളിടങ്ങളില്‍ വെച്ചുപിടിപ്പിക്കാറുണ്ട്. അപകടങ്ങളില്‍ പെടുന്ന വ്യക്തികളുടെ കൈകാലുകള്‍ ഭാഗികവും പൂര്‍ണമായും മുറിച്ച് കളഞ്ഞ് ജീവന്‍ രക്ഷിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടല്ലോ. ഇത്തരം ഘട്ടങ്ങളിലൊന്നും മത ഫത്‌വകളില്‍ അഭിരമിച്ച് ജീവന്‍ നഷ്ടപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? അതോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തെറ്റല്ലാത്ത ചികിത്സാവഴികളുടെ ഭാഗമായി അവ അംഗീകരിച്ച് ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണോ ചെയ്തിട്ടുള്ളത്?
കിഡ്‌നി മാറ്റിവെക്കുന്നത് സര്‍വസാധാരണമായി കാണുന്നു. സ്വീകര്‍ത്താവ് മുസ്‌ലിംകളുമുണ്ട്. അവയവ ദാതാവാകാന്‍ പാടില്ലെന്ന് ശഠിക്കുന്നതുവഴി 'മുസ്‌ലിം ജീവിതം' രക്ഷിച്ചെടുക്കുകയോ അതോ അപായപ്പെടുത്തുകയോ? മുകളില്‍ പരാമര്‍ശിച്ച ഘട്ടങ്ങളിലൊന്നും തെറ്റുണ്ടെന്ന് പ്രഖ്യാപിക്കുന്ന മതനിര്‍ദേശങ്ങള്‍ പൊതുവില്‍ മുസ്‌ലിം ലോകത്ത് വന്നിട്ടില്ല.
മസ്തിഷ്‌ക്കമരണം സംഭവിക്കുന്ന ഘട്ടങ്ങളില്‍ ഒരുവ്യക്തി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നും വന്നിട്ടില്ലെന്നും വൈദ്യശാസ്ത്രം പ്രഖ്യാപിക്കുന്നു. അവയവദാന രംഗത്ത് ഏറെ സങ്കീര്‍ണമായ ഒരു തലം ഇവിടെയാണ്. ഇത്തരം ഘട്ടങ്ങളിലാണ് ജീവന്‍ തുടിക്കുന്ന ഹൃദയം പോലുള്ള അവയവങ്ങള്‍ മാറ്റിവെക്കുന്നത്.
ഇത് ജീവന്‍ നശിപ്പിക്കലല്ലെന്നും ദാതാവിന് ദോഷകരമാവാത്തവിധം മറ്റൊരുജീവന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനുമായി നടത്തുന്ന അവയവദാനത്തിന്, ഖുര്‍ആന്‍ വചനപ്രകാരം (5:32) തെറ്റല്ലെന്നും ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (കുവൈറ്റ് ഫത്‌വാ സമിതി, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി സഊദി, നാഷണല്‍ ഫത്‌വാ കൗണ്‍സില്‍ ഓഫ് മലേഷ്യ, ഇസ്‌ലാമിക് റിലീജ്യസ് കൗണ്‍സില്‍ ഓഫ് സിങ്കപ്പൂര്‍).
അവയവദാനം ഒരിക്കലും സാമ്പത്തിക നിബന്ധനയാല്‍ പാടില്ലാത്തതാണ്. ഉടമസ്ഥാവകാശ തര്‍ക്കങ്ങളും അനുവാദവും മാത്രമല്ല, മറിച്ച് അവയവവില്‍പ്പന മാനവികതയുടെയും പൊതുനന്മയുടെയും രംഗത്ത് തികച്ചും വിരുദ്ധ പക്ഷമാണ്. വാണിജ്യമാവുക വഴി അവയവമോഷണവും റാക്കറ്റുകളും ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നേത്രദാനം ആപേക്ഷികമായി ഭിന്നവീക്ഷണങ്ങള്‍ കുറവുള്ള തലമാണ്. മൃതദേഹത്തിന് വൈരൂപ്യമുണ്ടാവുന്ന ചെറിയ സാധ്യതയില്ലെന്നു മാത്രമല്ല, പൂര്‍ണമായും മരണം നടന്നശേഷവും ഇതിന് സൗകര്യം വൈദ്യശാസ്ത്രരംഗത്ത് ലഭ്യമാണ്. അതിനാല്‍ നേത്രദാനം പണ്ഡിതലോകം രക്തദാനംപോലെ പ്രോത്സാഹിപ്പിക്കുകയും വിലക്കിന്റെ വലിയ ശബ്ദങ്ങള്‍ പൊതുവില്‍ കുറവുമാണ് ഉള്ളത്. നേത്രദാനത്തിനായി വസ്വിയത്ത് ചെയ്യുന്നതിന് വിരോധമില്ലെന്നാണ് മുസ്‌ലിം ലോകത്തിന്റെ പൊതുമതപക്ഷം.
അവയവദാനത്തിനും സ്വീകരിക്കുന്നതിനും വ്യവസ്ഥാപിതമായ നിയമങ്ങളും നിബന്ധനകളും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിലവിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് തന്നെ ഇതിന് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സംവിധാനങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ നല്‍കുന്നവരും സ്വീകരിക്കാന്‍ താല്‍പര്യമുള്ളവരും കൃത്യമായി ഗവണ്‍മെന്റിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മുന്‍ഗണനാക്രമം കൃത്യമായി പാലിക്കണമെന്നും നിയമത്തില്‍ കര്‍ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആയതിനാല്‍, അടുത്ത ബന്ധുക്കളില്‍ അവയവദാന സന്നദ്ധരുണ്ടെങ്കിലും ബന്ധുക്കള്‍ക്ക് തന്നെ ദാനം ചെയ്യുക എന്നതിന് സ്വല്‍പം പ്രയാസങ്ങള്‍ ഉണ്ട്. വ്യവസ്ഥാപിതവും പ്രശ്‌നരഹിതവുമായി കാര്യങ്ങളുടെ ശാസ്ത്രീയ നിര്‍വഹണം ലക്ഷ്യം വെച്ചുള്ള സോദ്ദേശ്യമാണ് ഇക്കാര്യങ്ങളിലുള്ളത്. അതില്‍ സ്വയം സന്നദ്ധരാവുക മാത്രമല്ല, ഔദ്യോഗിക രജിസ്‌ട്രേഷന്‍ സംവിധാനം വഴി ക്രമീകരണം കൂടി വരുത്തേണ്ടതുണ്ടെന്നിരിക്കെ സഗൗരവം ഇക്കാര്യങ്ങളില്‍ മതപരവും സാങ്കേതികവുമായ ബോധവല്‍ക്കരണം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ താല്‍പര്യമാണ്. സ്വീകര്‍ത്താകള്‍ക്ക് സംസ്ഥാനതലത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും, ഒരാള്‍ക്കും സ്വന്തം ചെലവില്‍ ആശുപത്രികള്‍ വഴി ദാനം നല്‍കിയും സ്വീകരിച്ചും 'അവയവദാന കൈമാറ്റം' ചട്ടലംഘനം തന്നെ യാണെന്നിരിക്കെ ഇക്കാര്യങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ ഗൗരവബോധം ഉള്‍ക്കൊളേളണ്ടതുണ്ട്.
(ഐ.എസ്.എമ്മിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)