മനുഷ്യന്റെ ധാര്‍മിക സംസ്‌കരണത്തോടൊപ്പം തന്നെ ആരോഗ്യത്തിനും ശക്തിക്കും വലിയ പ്രാധാന്യം ഇസ്‌ലാം നല്‍കി. മനുഷ്യന്‍ ആരോഗ്യവാനും ശക്തനും കര്‍മനിരതനുമായി ജീവിക്കണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. 'ശക്തനായ വിശ്വാസി ദുര്‍ബലനായ
മനുഷ്യന്റെ ധാര്‍മിക സംസ്‌കരണത്തോടൊപ്പം തന്നെ ആരോഗ്യത്തിനും ശക്തിക്കും വലിയ പ്രാധാന്യം ഇസ്‌ലാം നല്‍കി. മനുഷ്യന്‍ ആരോഗ്യവാനും ശക്തനും കര്‍മനിരതനുമായി ജീവിക്കണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. 'ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും എനിക്കേറെ പ്രിയപ്പെട്ടവനുമാണെ'ന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മതത്തിന്റെ ആത്മാവായ ആരാധനകളനുഷ്ഠിക്കുമ്പോള്‍ തന്നെ ശരീരത്തെയും ആരോഗ്യത്തെയും പരിഗണിക്കണം. ആരാധനകളില്‍ അതിരുകവിഞ്ഞിരുന്ന അനുചരന്മാരെ 'നിങ്ങളുടെ ശരീരത്തോട് നിങ്ങള്‍ക്ക് ബാധ്യതയുണ്ടെ'ന്ന് നബി(സ) താക്കീത് ചെയ്തിരുന്നു. രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ ആളുകള്‍ കുറ്റകരമായ അനാസ്ഥ കാണിക്കാറുണ്ട്. ആരോഗ്യവും അവസരങ്ങളുമാണവ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തേണ്ട ഇവയെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ മഹാഭാഗ്യശൂന്യരാണ്.
ആരോഗ്യവും ജീവിത വിഭവങ്ങളും ലഭിച്ചിട്ടുള്ളവര്‍ അത് സമ്മാനമായി മനസ്സിലാക്കണമെന്ന് പ്രവാചക വചനങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍, അവ എപ്പോഴാണ് നഷ്ടപ്പെട്ട് പോകുന്നതെന്ന് മനുഷ്യനറിയുകയില്ല. പിന്നീട് അവര്‍ എത്രതന്നെ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിച്ചാലും അതിന്നവര്‍ക്ക് സാധിക്കുകയുമില്ല. നബി(സ) പറഞ്ഞു: 'അഞ്ചുകാര്യങ്ങള്‍ (ഭവിക്കുന്നതിന്) മുമ്പുള്ള അഞ്ചുകാര്യങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കുക. വാര്‍ധക്യത്തിനുമുമ്പുള്ള നിന്റെ യുവത്വം, രോഗത്തിനുമുമ്പായി ആരോഗ്യം, ദാരിദ്ര്യത്തിനുമുമ്പായി ഐശ്വര്യം, തിരക്കിനുമുമ്പായി ഒഴിവുസമയം, മരണത്തിനുമുമ്പായി ജീവിതം'. ഈ അനുഗ്രഹങ്ങള്‍ അധ്വാനമോ പരിശ്രമമോ കൂടാതെ മനുഷ്യന് കരഗതമാകുന്നതാണ്. അതിനാല്‍, അതിന്റെ യഥാര്‍ഥ വിലയോ മൂല്യമോ അവന് മനസ്സിലാകില്ല. നഷ്ടപ്പെട്ടുപോകുമ്പോഴാണ് അത് എന്തുമാത്രം വിലപ്പെട്ടതായിരുന്നുവെന്നും എത്രത്തോളം അശ്രദ്ധമായാണ് താനത് കൈകാര്യം ചെയ്തിരുന്നതെന്നും അവര്‍ക്ക് ബോധ്യപ്പെടുക. ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു ഉമര്‍ നബി(സ)യോട് ഉപദേശം ആരാഞ്ഞപ്പോള്‍ അവിടന്ന് പറഞ്ഞു: 'പ്രദോഷമായാല്‍ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ നീ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്. ആരോഗ്യവേള രോഗകാലത്തേക്കുവേണ്ടി പ്രയോജനപ്പെടുത്തുക. ജീവിതത്തെ മരണത്തിനു (ശേഷമുള്ള ജീവിതത്തിനു) വേണ്ടിയും പ്രയോജനപ്പെടുത്തുക'.
ആരോഗ്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് വൃത്തിയേയും ശുചിത്വത്തേയും കുറിച്ചുള്ള നിര്‍ദേശങ്ങളാണ്. വൃത്തിക്കും വെടിപ്പിനും ഒരുതരം ആകര്‍ഷണശക്തിയുണ്ട്. വൃത്തിയായി ജീവിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. ചുറ്റുപാടും മലീമസമായ ജീവിതം മനുഷ്യനെ നന്മയില്‍നിന്നും ധര്‍മത്തില്‍നിന്നും അകറ്റുകയും ഭൗതികതയോട് അടുപ്പിക്കുകയും ചെയ്യുന്നു. അത് ആത്മാവിനെത്തന്നെ ദുഷിപ്പിക്കുന്നു. വൃത്തി വിശ്വാസത്തിന്റെ പാതിയാകുന്നതും അതുകൊണ്ട് തന്നെയാണ്. നമസ്‌കരിക്കുന്ന പള്ളിയും താമസസ്ഥലവും വൃത്തിയായി സൂക്ഷിക്കണമെന്നത് ഇസ്‌ലാമിന്റെ കര്‍ശന നിര്‍ദേശമാണ്. 'അല്ലാഹു വിശുദ്ധനാകുന്നു. വെണ്മ ഇഷ്ടപ്പെടുന്നു. മാന്യനാകുന്നു, മാന്യത ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും (ശുദ്ധി കാംക്ഷിക്കുക) നിങ്ങളുടെ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുക. യഹൂദികളെപ്പോലെയാകരുത്'. യഹൂദികളുടെ സ്വഭാവത്തെ സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ടില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നവരാണ് എന്നുവന്നിട്ടുണ്ട്. അതുപോലെത്തന്നെ പൊതുവഴികളും കവലകളും വൃത്തികേടാക്കുന്നതിനെയും ഇസ്‌ലാം എതിര്‍ക്കുന്നു. നബി പറഞ്ഞു: 'ജനങ്ങള്‍ ശാപം ചൊരിയുന്ന രണ്ട് കാര്യങ്ങളെ സൂക്ഷിക്കുക'. ആ രണ്ട് അഭിശപ്ത കാര്യങ്ങള്‍ ഏതാണെന്ന് സ്വഹാബികള്‍ ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: 'ജനങ്ങളുടെ വഴിയിലും അവരുടെ തണലുകളിലും മലവിസര്‍ജനം ചെയ്യലാണവ'. പള്ളിയില്‍ തുപ്പുന്നത് കുറ്റകരമാണെന്നും അതിനുള്ള പ്രായശ്ചിത്തം അത് മൂടിക്കളയലാണെന്നും നബി പറയുമ്പോള്‍ ഇസ്‌ലാം വൃത്തിയെ എത്ര ഗൗരവത്തോടെ സമീപിക്കുന്നു എന്നു മനസ്സിലാക്കാം.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി ഭക്ഷണശീലങ്ങളും മര്യാദകളും ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. നല്ലവയെ ഭുജിക്കാന്‍ പ്രേരിപ്പിച്ചു. തിയ്യതിനെ നിഷിദ്ധമാക്കി വിലക്കുകയും ചെയ്തു. ഭക്ഷണ പാനീയങ്ങളില്‍ ധാരാളിത്തം കാണുന്നതിനെതിരെ താക്കീത് നല്‍കി. നല്ല ഭക്ഷണശീലങ്ങള്‍ പരിശീലിപ്പിച്ചു. ഭക്ഷണ പാനീയങ്ങള്‍ മൂടിവെക്കുന്നതിന് അനുശാസിച്ചു. വലത് കൈകൊണ്ട് കഴിക്കുക, മൂന്ന് വിരലുകള്‍ മാത്രം ഉപയോഗിക്കുക, വയറു നിറച്ചുണ്ണാതിരിക്കുക, സുപ്ര ഉപയോഗിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും വായും കൈയും വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. പാത്രത്തിലേക്ക് ഉഛ്വസിക്കരുത്, ഒറ്റശ്വാസത്തില്‍ കുടിക്കരുത്, പാത്രത്തില്‍ തലയിട്ട് കുടിക്കരുത് തുടങ്ങിയ പാനീയ മര്യാദകളുമുണ്ട്. ഉച്ഛ്വാസ നിശ്വാസങ്ങളിലെ രോഗാണു സംക്രമണത്തെക്കുറിച്ച് യാതൊന്നുമറിയാത്ത സമൂഹത്തിനുമുന്നിലായിരുന്നു നബി(സ) ഇത്തരം മര്യാദകള്‍ പഠിപ്പിച്ചത്.
കായികാഭ്യാസത്തിലൂടെയും കുതിരസവാരി മുതലായ മത്സരങ്ങളിലൂടെയും ശാരീരിക ക്ഷമത ഉറപ്പുവരുത്താന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. അസ്ത്രവിദ്യയെ പ്രോത്സാഹിപ്പിച്ചു.
'രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്' എന്ന തത്വത്തെ ഇസ്‌ലാം മുറുകെപ്പിടിക്കുന്നു. ഇനി രോഗം വന്നുകഴിഞ്ഞാല്‍ അതിനെ ചികിത്സിക്കണമെന്നും അതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗൗരവപൂര്‍വം ഉണര്‍ത്തുന്നു.
രോഗത്തില്‍ വ്യാകുലപ്പെട്ട് ജീവിതത്തോട് തന്നെ നിരാശനായി കുത്തിയിരിക്കുന്നതിനോട് ഇസ്‌ലാം യോജിക്കുന്നില്ല. അതുപോലെത്തന്നെ രോഗത്തിന്റെ കാഠിന്യം കൊണ്ട്, ചികിത്സിക്കുന്നതിനു പകരം രോഗിയെ ദയാവധത്തിനു വിധേയമാക്കുന്നതിനോടും അത് വിയോജിക്കുന്നു. ദയാവധം രോഗിയോട് അനുഭാവം കാണിക്കലാണെന്ന വാദത്തെ ഇസ്‌ലാം ഖണ്ഡിക്കുന്നു. ക്ഷമയോടും സ്ഥിരചിത്തതയോടും കൂടി ദൈവത്തില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് രോഗത്തെ ചികിത്സിക്കാനാണ് അത് പഠിപ്പിക്കുന്നത്.
ചികിത്സ നടത്തുന്നത് ധര്‍മാനുസൃതമായിരിക്കണം. എന്നാല്‍, നിര്‍ബന്ധിത സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട വസ്തുക്കള്‍ക്കൊണ്ടുപോലും ചികിത്സിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ രോഗത്തിനുമുള്ള മരുന്ന് അന്വേഷിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം. 'എല്ലാ രോഗത്തിനും മരുന്നുണ്ടെന്നും മരുന്നില്ലാത്ത ഒരുരോഗവും അല്ലാഹു ഇറക്കിയിട്ടില്ലെ'ന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'എല്ലാ രോഗത്തിനും മരുന്നുണ്ട്' എന്ന നബിയുടെ നിര്‍ദേശം രോഗിക്കും വൈദ്യനും ആശ്വാസം നല്‍കുന്നതാണ്. രോഗിക്ക് പ്രതീക്ഷയും വൈദ്യന് അന്വേഷണ പരീക്ഷണങ്ങള്‍ നടത്താനുള്ള ത്വരയും അതുണ്ടാക്കുന്നു. മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെയും വന്നിട്ടുണ്ട്. 'അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ ചികിത്സ തേടുക. മരണവും വാര്‍ധക്യവും ഒഴിച്ച് മറ്റെല്ലാ രോഗത്തിനും അല്ലാഹു പ്രതിവിധിയും നിശ്ചയിച്ചിട്ടുണ്ട്.'
രോഗം സാംക്രമിക്കുമെന്നും രോഗത്തില്‍നിന്ന് മുന്‍കരുതല്‍ എടുക്കണമെന്നും ഇസ്‌ലാം പറയുന്നു. രോഗമുള്ള ഒട്ടകത്തെ, ആരോഗ്യമുള്ള ഒട്ടകങ്ങള്‍ വെള്ളം കുടിക്കുന്നിടത്ത് കൊണ്ടുപോകരുത് തുടങ്ങിയ പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കുഷ്ഠരോഗത്തില്‍നിന്ന് അകന്നുനില്‍ക്കുക, പ്ലേഗ് ബാധിച്ച പ്രദേശത്ത് പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളും കാണാവുന്നതാണ്.
നബി(സ) നിര്‍ദേശിച്ച മരുന്നുകളിലും ചികിത്സാരീതികളിലും സത്യങ്ങളുണ്ടെന്ന് ഇന്ന് ശാസ്ത്രലോകം തെളിയിച്ചുകൊണ്ടിരിക്കുന്നു. നബി(സ)യുടെ നിര്‍ദേശങ്ങള്‍ ആരോഗ്യവിദഗ്ധരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 'കരിഞ്ചീരകത്തില്‍ എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ട്. മരണമൊഴികെ' എന്ന നബിവചനത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
'ഈച്ച ആരുടെയെങ്കിലും പാനീയത്തില്‍ വീണാല്‍ അവന്‍ അതിനെ മുക്കുകയും എന്നിട്ടതിനെ പുറത്തെടുക്കുകയും ചെയ്യട്ടെ. അതിന്റെ ഒരു ചിറകില്‍ രോഗമുണ്ട്; മറ്റേതില്‍ ശമനവും.' യൂറോപ്പിലും ജര്‍മനിയിലും ഇതിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്ന ഗവേഷണം പുറത്തുവരികയുണ്ടായി. ഈച്ചയുടെ ചിറകില്‍ ഒരു ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും പാനീയത്തില്‍ മുക്കുമ്പോള്‍ അതിന്റെ ചിറകില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം ആന്റിബോഡിയുടെ ഉല്‍പാദനത്തിനനിവാര്യ ഘടകമാണെന്നും പറയുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഈച്ച വിഷമുള്ള ഭാഗത്തെ മുന്തിപ്പിക്കുകയും ശമനത്തെ പിന്തിപ്പിക്കുകയും ചെയ്യുന്നു എന്നും വന്നിട്ടുണ്ട്.
പനി പിടിപെടുമ്പോള്‍ നബി(സ) തലയില്‍ പച്ചവെള്ളം ഒഴിക്കാന്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'പനി നരകത്തിന്റെ ജ്വാലയില്‍ നിന്നാണ്. അതുകൊണ്ട് നിങ്ങളതിനെ വെള്ളംകൊണ്ട് തണുപ്പിക്കുക'.
ശരീരതാപം 38 ഡിഗ്രി സെന്റിഗ്രേഡില്‍ നിന്ന് ഉയരുമ്പോള്‍ നമുക്ക് പനി തോന്നുന്നു. എന്നാല്‍ ഈ താപനില 41 ഡിഗ്രിയിലുമധികം ഉയരുമ്പോള്‍ അത് അപകടകരമായ പല അനര്‍ഥങ്ങള്‍ക്കും ഇടയാക്കും. പനിയുടെ തോത് വല്ലാതെ ഉയര്‍ന്നാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മരണം വരെ സംഭവിക്കുകയും ചെയ്യാം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രം അവലംബിക്കുന്ന പരിഹാരമാര്‍ഗം ശരീരം ഐസുവെച്ച് തണുപ്പിക്കുക എന്നതാണ്.
'തേനീച്ചയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. രോഗശാന്തിയരുളുന്ന രണ്ടുവസ്തുക്കള്‍ നിങ്ങള്‍ കൈവെടിയരുത്. തേനും ഖുര്‍ആനുമാകുന്നു അവ.'
തേനില്‍ പതിമൂന്ന് ശതമാനം പ്രോട്ടീനും ആറ് ശതമാനം അപൂരിത കൊഴുപ്പും ഇരുപത്തിയാറിലധികം ഫാറ്റിക് ആസിഡും ഇരുപതിലധികം അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ് തുടങ്ങിയവയുടെയെല്ലാം അളവ് ഏകദേശം മുപ്പത്തിയൊന്‍പത് ശതമാനത്തോളം വരും. അതോടൊപ്പം വൈറ്റമിന്‍ എ, സി, ഡി, ഇ എന്നിവക്കു പുറമെ വൈറ്റമിന്‍ ബി, ബി2, ബി3, ബി5, ബി6, ബി12 എന്നിവയുടെയും ഫോളിക് ആസിഡിന്റെയും പ്രകൃതിദത്തമായ ഉറവിടം കൂടിയാണ് തേന്‍. മുറിവ് ഉണങ്ങുന്നതിനും ആമാശയ വൃണത്തിന് ശമനം നല്‍കുന്നതിനും സഹായകമായ വൈറ്റമിന്‍ ബി5-ന്റെ തോതും തേനില്‍ കൂടുതലാണ്. ഇവക്കുപുറമെ കാല്‍സ്യം, പ്രോട്ടീന്‍, സിലിക്കണ്‍, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ്, സള്‍ഫര്‍, സിങ്ക് തുടങ്ങിയ സുപ്രധാനങ്ങളായ ഒട്ടേറെ ധാതുക്കളും, രോഗപ്രതിരോധത്തിനും കോശങ്ങളുടെ വളര്‍ച്ചക്കും സഹായകമായ അനവധി ഹോര്‍മോണുകളും എന്‍സൈമുകളും തേനിലടങ്ങിയിട്ടുണ്ട്.
മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കും ഓര്‍മശക്തി ത്വരിതപ്പെടുത്തുന്നതിനും സഹായകമായ അസറ്റിന്‍ കോര്‍ എന്ന രാസവസ്തു തേനില്‍ ധാരാളമായി അടങ്ങിയതുകൊണ്ട് ഇതിന്റെ അഭാവത്തില്‍ സംഭവിക്കാനിടയുള്ള അള്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ് തുടങ്ങിയ രോഗങ്ങള്‍ ചെറുക്കുന്നതിന് തേന്‍ സഹായകമാണ്. ശരീരചര്‍മത്തിന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്ന ജലാറ്റിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് രോഗാണുക്കളെ ചെറുക്കുന്നതിനും സൂര്യതാപം തടയുന്നതിനും തേന്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു.
തേന്‍ വെള്ളത്തില്‍ കലക്കിക്കുടിക്കുന്ന ശീലമാണ് പ്രവാചകനുണ്ടായിരുന്നത്. തേനിന്റെ ഔഷധഗുണം പറയുന്ന ഹദീസുകളില്‍ ശര്‍ബത് അസല്‍ അതായത് തേന്‍പാനീയം എന്ന പദപ്രയോഗമാണ് കാണുന്നത്. തേനിന്റെ ഔഷധഗുണങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനും ഇത് സഹായകമാകുന്നു. നബി(സ) രാവിലെ എഴുന്നേറ്റയുടനെ ഇത്തരത്തില്‍ തേന്‍കുടിച്ചതായി പറയുന്നു. വിശപ്പില്ലായ്മ, വിളര്‍ച്ച, വന്ധ്യത, ഭാരക്കുറവ്, വാതരോഗങ്ങള്‍, ശ്വാസതടസ്സം, രക്തസമ്മര്‍ദം തുടങ്ങിയ ഒട്ടേറെ രോഗങ്ങള്‍ക്ക് തേന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മരുന്ന് ഉപയോഗിക്കുക എന്നത് പ്രത്യക്ഷത്തിലുള്ള ചികിത്സാരീതിയാകുന്നു. ഫലപ്രാപ്തി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു. രോഗി അല്ലാഹുവുമായുള്ള തന്റെ ബന്ധം സുദൃഢമാക്കുന്നത് സ്വയം ഒരു ചികിത്സയാകുന്നു. അതുവഴി രോഗിക്ക് ശാന്തിയും സ്വസ്ഥതയും ലഭിക്കുന്നു. തന്റെ അവസ്ഥയും വേദനകളും അറിയുന്നു. സുഖദുഃഖങ്ങള്‍ മനസ്സിലാക്കുന്ന കാരുണ്യവാനും ഉദാരനുമായ, ബോധവും ശക്തിയുമരുളുന്നവനായ, അളവറ്റ ശക്തിക്കുടയവനും ഉദ്ദേശിക്കുന്ന നിമിഷം തന്നെ ആരോഗ്യവും ശക്തിയും നല്‍കാന്‍ കഴിയുന്നവനുമായ തന്റെ നാഥന്‍ തന്നോടൊപ്പമുണ്ടെന്ന ബോധം അവനെ നിരാശയില്‍നിന്നും മുക്തനാക്കുന്നു. അവന് പുതിയ ജീവിതവും ശക്തിയും പ്രദാനം ചെയ്യുന്നു. സര്‍വോപരി അവന്റെ അന്തരംഗത്ത് രോഗത്തെ നേരിടുവാനുള്ള ദൃഢനിശ്ചയവും ബോധവും ജനിപ്പിക്കുന്നു. അല്ലാഹുവുമായ സുദൃഢബന്ധമുണ്ടാക്കുന്ന ഖുര്‍ആന്‍, ഉത്തമ മരുന്നാണെന്ന് നബി പറയുകയുണ്ടായി. അവിടുന്ന് അരുളി: 'ആരെങ്കിലും ഖുര്‍ആന്‍ (നിസ്സാരവും ഫലശൂന്യവുമായി ധരിച്ച്) കൊണ്ട് സൗഖ്യം നേടാതിരുന്നാല്‍ അല്ലാഹു അവന് സൗഖ്യം നല്‍കുന്നതല്ല'. അതുപോലെത്തന്നെ, 'എഴുന്നേറ്റു നമസ്‌കരിക്കൂ, നമസ്‌കാരത്തില്‍ രോഗശാന്തിയുണ്ട്', 'നിങ്ങളുടെ രോഗങ്ങളെ സ്വദഖ കൊണ്ട് ചികിത്സിക്കുക അത് ദൈവകോപങ്ങളെ തടയുന്നതും ദുര്‍മരണങ്ങളില്‍നിന്ന് രക്ഷിക്കുന്നതുമാകുന്നു' തുടങ്ങിയ ഹദീസുകളും വന്നിട്ടുണ്ട്.
പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോള്‍ ക്ഷമകൈക്കൊള്ളാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. പ്രതിസന്ധികളില്‍ ദൃഢചിത്തനായിരിക്കുക എന്നത് വിശ്വാസിയുടെ സവിശേഷഗുണമാകുന്നു. രോഗാവസ്ഥയിലും അവര്‍ ക്ഷമ കൈവെടിയുന്നതല്ല. രോഗം കഠിനമാകുന്നതിനനുസരിച്ച് ക്ഷമ അഭികാമ്യവും സ്തുത്യര്‍ഹവുമായിത്തീരുന്നു. നിര്‍ബന്ധിതനായി വഴങ്ങിപ്പോകുന്നതിന്റെ പേരല്ല ക്ഷമ. ദൃഢചിത്തതയുടെയും ധീരതയുടെയും പേരാണത്. ക്ഷമാലുക്കള്‍ക്ക് അല്ലാഹു പ്രതിഫലം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. രോഗം കാരണമായി ചെയ്യാന്‍ കഴിയാതെ വന്ന സല്‍ക്കര്‍മങ്ങള്‍ക്കുവരെ പ്രതിഫലം ലഭിക്കുന്നതാണ്. 'ഒരാള്‍ സല്‍ക്കര്‍മം ചെയ്തുകൊണ്ടിരിക്കെ രോഗിയാവുകയോ യാത്രപോവേണ്ടതായി വരുകയോ ചെയ്തകാരണത്താല്‍ ആ കര്‍മം പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍, ആരോഗ്യാവസ്ഥയിലും നാട്ടിലുള്ളപ്പോഴും ചെയ്തിരുന്നതുപോലത്തെ പ്രതിഫലം അവന്റെ പേരില്‍ രേഖപ്പെടുത്തുന്നതാണ്'.
ഇത്തരം പ്രവാചക വചനങ്ങള്‍ രോഗിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
അതുപോലെത്തന്നെ രോഗിയോട് നിര്‍വഹിക്കേണ്ട ബാധ്യതകളും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ദുഃഖത്തിലും പ്രയാസത്തിലും പരസ്പരം പങ്കുചേരുക എന്നത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിയാണ്. അതുകൊണ്ട് രോഗീസന്ദര്‍ശനത്തിനും ആതുര ശുശ്രൂഷക്കും ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കുന്നു. 'ഒരു മുസ്‌ലിം, രോഗിയായ തന്റെ സഹോദരനെ സന്ദര്‍ശിക്കുകയാണെങ്കില്‍ അവിടന്ന് മടങ്ങുന്നതുവരെ സ്വര്‍ഗത്തോപ്പിലായിരിക്കും' എന്ന് നബി പറയുന്നു. സാന്ത്വനിപ്പിക്കുക, പ്രാര്‍ഥിക്കുക തുടങ്ങിയവ അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന പുണ്യകരമായ സംഗതികളാണ്.
ആരോഗ്യത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം വളരെ വിശാലമാണ്. ഒരു മുസ്‌ലിം നല്ല ആരോഗ്യമുള്ളവനും അതില്‍ ജാഗ്രതയുള്ളവനുമായിരിക്കണം എന്നത് അല്ലാഹുവിനോടുള്ള വിശ്വാസത്തിന്റെ താല്‍പര്യമാണ്.
വിശ്വാസത്തിന്റെ ആരോഗ്യം മാത്രമല്ല, വിശ്വാസിയുടെ ആരോഗ്യവും ഇസ്‌ലാമിന്റെ പ്രധാന പരിഗണനാ വിഷയമാണ്.