ടെറ്റനസ് ഡിഫ്ത്തീരിയ വാക്സിനുകളിലൂെട ഗര്‍ഭനിേരാധനം

റഹ്മാന്‍ മുന്നൂര്‌ No image

ലോകാരോഗ്യസംഘടന (WHO)യുടെ ആഭിമുഖ്യത്തില്‍ പുതിയ തരം ഗര്‍ഭനിരോധന വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ സംരംഭങ്ങള്‍ ശാസ്ത്രജ്ഞരുടെയും വനിതാ ആരോഗ്യപ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധങ്ങളെ വകവെക്കാതെ തുടരുകയാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തില്‍ ഇടപെട്ടുകൊണ്ട് ഗര്‍ഭധാരണം തടയുകയാണ് ഈ ഗവേഷണങ്ങള്‍ വഴി ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ഇതിനകം വികസിപ്പിച്ചെടുത്ത Anti HCG കുത്തിവെപ്പ് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതോടൊപ്പം അപകടകരമായ ദുരുപയോഗങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്നാണ് അതിനെതിരെ ശബ്ദമുയര്‍ത്തുന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്നാല്‍, ലോകാരോഗ്യ സംഘടനയും, വാക്‌സിന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരും ഇത്തരം ആരോപണങ്ങളെ നിഷേധിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ആണ് ചെയ്യുന്നത്. ടെറ്റനസ്, ഡിഫ്ത്തീരിയ എന്നിവക്കെതിരെയുള്ള വാക്‌സിനുകളുമായി സംയോജിപ്പിച്ചാണ് ആന്റി എച്ച്.സി.ജി വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. ഈയിടെ കെനിയയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ടെറ്റനസ് വാക്‌സിനുകളില്‍ ആന്റി എച്ച്‌സി ഹോര്‍മോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായുള്ള അവിടത്തെ റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ ആന്റി എച്ച്.സി.ജി വാക്‌സിന്റെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ ഉന്നയിക്കപ്പെട്ട ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കുന്നതാണ്.ആന്റി എച്ച്.സി.ജി വാക്‌സിന്‍

എന്താണ് ആന്റി എച്ച്.സി.ജി വാക്‌സിന്‍ എന്ന് മനസ്സിലാക്കാന്‍ എന്താണ് എച്ച്.സി.ജി എന്ന് അറിഞ്ഞിരിക്കണം. ഗര്‍ഭധാരണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭപാത്രത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍ ആണ് എച്ച്.സി.ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ പുരുഷ ബീജവുമായി കൂടിച്ചേര്‍ന്ന അണ്ഡ (സിക്താണ്ഡം)ത്തില്‍ നിന്നാണത് പുറപ്പെടുന്നത്. ഗര്‍ഭപാത്ര ഭിത്തിയില്‍ ഒട്ടിപ്പിടിച്ച് വളരാന്‍ സിക്താണ്ഡത്തെ സഹായിക്കുന്നത് എച്ച്.സി.ജി ഹോര്‍മോണ്‍ ആണ്. ഭ്രൂണവളര്‍ച്ചയുടെ ഓരോഘട്ടത്തിലും അനിവാര്യമായ ഒരു ഹോര്‍മോണ്‍ ആണത്. അക്കാരണത്താല്‍ തന്നെ പ്രസ്തുത ഹോര്‍മോണിന്റെ ഉല്‍പാദനം തടസ്സപ്പെടുത്തിയാന്‍ ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ നിലനില്‍ക്കാനാവുകയില്ല. അടുത്ത മാസമുറയില്‍ ആര്‍ത്തവ രക്തത്തോടൊപ്പം അത് പുറം തള്ളപ്പെടുകയും ഗര്‍ഭം അലസിപ്പോവുകയും ചെയ്യുന്നു.

പുരുഷ ബീജത്തെ സ്വീകരിച്ച അണ്ഡം അതിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് അനിവാര്യമായ എച്ച്.സി.ജി ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത് തടസ്സപ്പെടുത്തി ഗര്‍ഭം അലസാന്‍ വഴിയൊരുക്കുകയാണ് ആന്റി-എച്ച്.സി.ജി വാക്‌സിന്‍ ചെയ്യുന്നത്. മറ്റൊരു വാക്‌സിന്റെ ഭാഗമായിട്ടല്ലാതെ, സ്വന്തമായി കുത്തിവെക്കാന്‍ സാധിക്കുകയില്ല എന്നതാണ് ആന്റി എച്ച്.സി.ജിയുടെ പ്രത്യേകത. അതിനാല്‍, സാധാരണഗതിയില്‍, ടെറ്റനസ്, ഡിഫ്ത്തീരിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന പ്രതിരോധ മരുന്നുകളുമായി സംയോജിപ്പിച്ചാണ് ആന്റി എച്ച്.സി.ജി വാക്‌സിന്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അറിഞ്ഞും അറിയാതെയും ദുരുപയോഗിക്കപ്പെടാനുളള സാധ്യത ഏറെയാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ കുത്തിവെപ്പുകളില്‍ ഉള്‍പ്പെടുത്തുകവഴി ഗര്‍ഭധാരണത്തെയും ഒരു പകര്‍ച്ചവ്യാധിയായാണ് ലോകാരോഗ്യസംഘടന കാണുന്നത് എന്നും ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്.

സ്‌പെഷല്‍ പ്രോഗ്രാം ഓഫ് റിസര്‍ച്ച്, ഡവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് ടെയ്‌നിംഗ് ഇന്‍ ഹ്യൂമര്‍ പ്രൊഡക്ഷന്‍ (HRP) എന്ന പേരില്‍ 1972-ല്‍ ലോകാരോഗ്യസംഘടന തുടക്കം കുറിച്ച പദ്ധതി പ്രകാരമാണ് ആന്റി എച്ച്.സി.ജി വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നത്. ഇന്ത്യ, അമേരിക്ക, ആസ്ത്രലിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളിലെ വന്‍കിട പരീക്ഷണ ശാലകളിലാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ആദ്യം IIMA-യില്‍ നടന്ന ഗവേഷണം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിലിയിലേക്ക് മാറ്റുകയുണ്ടായി. അമേരിക്കയില്‍ പോപുലേഷന്‍ കൗണ്‍സിലിന്റെ കീഴിലും ആസ്‌ത്രേലിയയിലും സ്വീഡനിലും ലോകാരോഗ്യസംഘടനയുടെ നേരിട്ടുള്ള നേതൃത്വത്തിലുമാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ഇന്ത്യയില്‍ ഡോ: ജി.പി തല്‍വാറും സംഘവും നടത്തുന്ന ഗവേഷണവും സ്വീഡനില്‍ ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നടക്കുന്ന ഗവേഷണവും 1990കളുടെ തുടക്കത്തില്‍തന്നെ രണ്ടാം ഘട്ട ക്ലിനിക്കല്‍ ടെസ്റ്റ് പൂര്‍ത്തീകരിച്ച് ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ പോപുലേഷന്‍ കൗണ്‍സിലിന്റെയും ആസ്‌ട്രേലിയയിലും ഓഹിയോ (അമേരിക്ക)യിലും ലോകാരോഗ്യസംഘടനയുടെയും ആഭിമുഖ്യത്തിലും വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവ ഒന്നാം ഘട്ട ക്ലിനിക്കല്‍ ടെസ്റ്റ് മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.

പാര്‍ശ്വഫലങ്ങള്‍

ആന്റി എച്ച്.സി.ജി വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കും എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അവയിലൊന്ന് പിറ്റിയൂട്ടറി ഗ്ലാന്റുമായി ബന്ധപ്പെട്ടതാണ്. പിറ്റിയൂട്ടറി ഗ്ലാന്റില്‍നിന്ന് എച്ച്.എല്‍.എച്ച് എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ആര്‍ത്തവ ചക്രത്തിന്റെ താളക്രമം നിലനിര്‍ത്താനും അണ്ഡോല്‍പാദനത്തിനും എച്ച്.എല്‍.എച്ച് ആവശ്യമാണ്. എന്നാല്‍, എച്ച്.സി.ജി ഹോര്‍മോണിലെ ബീറ്റാ ഘടകത്തിന് തുല്യമായ ഒരു ഘടകം എച്ച്.എല്‍.എച്ച് ഹോര്‍മോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍, ആന്റി എച്ച്.സി.ജി വാക്‌സിന്‍ പിറ്റിയൂട്ടറി ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് ആര്‍ത്തവ ചക്രത്തെ താളം തെറ്റിക്കുകയും അണ്ഡോല്‍പാദനത്തെ തടസ്സപ്പെടുത്താനും ഇടയുണ്ട്. പിറ്റിയൂട്ടറി ഗ്ലാന്റിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെതന്നെ അത് തകിടം മറിച്ചേക്കുമെന്നും ആശങ്കിക്കപ്പെടുന്നു. പോപ്പുലേഷന്‍ കൗണ്‍സില്‍ കുരങ്ങുകളിലും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി മനുഷ്യരിലും നടത്തിയ പരീക്ഷണങ്ങളില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണപ്പെട്ടില്ലെന്നാണ് WHO പറയുന്നത്. അതോടൊപ്പം തന്നെ ഇങ്ങനെയുള്ള അപകടസാധ്യതയെ അത് തീര്‍ത്തും തള്ളികളയുന്നുമില്ല, ശരീരത്തിലെ ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത മറ്റു സത്തകളുമായും ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കാമെന്നും കൂടി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്.

ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ എച്ച്.സി.ജി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടോ എന്ന കാര്യം ശാസ്ത്രത്തിന് ഇതുവരെ വ്യക്തമായിട്ടില്ല. ഉണ്ടെങ്കില്‍ ആന്റി എച്ച്.സി.ജി വാക്‌സിനുകള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ച് എന്തുതരം പാര്‍ശ്വഫലങ്ങളാണ് ഉളവാക്കുക എന്നതും പഠനവിധേയമാക്കേണ്ട കാര്യമാണ്.

എച്ച്.സി.ജി വാക്‌സിന്‍ എല്ലാ സ്ത്രീകളിലും ഒരേ ഫലം കാണിക്കണമെന്നില്ല. ഇതുവരെ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് ഓരോരുത്തരിലും ഓരോ വിധത്തിലാണ് അതിന്റെ ഫലം പ്രകടമാകുന്നത് എന്നാണ്. വാക്‌സിന്‍ ഫലിക്കാതെ കുത്തിവെപ്പെടുത്ത സ്ത്രീകള്‍ പ്രസവിച്ച സംഭവങ്ങള്‍ ഇന്ത്യയിലും സ്വീഡനിലും ഉണ്ടായിട്ടുണ്ട്. ഇപ്രകാരം കുത്തിവെപ്പ് ഫലിക്കാതെ ഭ്രൂണം വളരാനിടവന്നാല്‍ ഗര്‍ഭസ്ഥശിശുവിനെ അതെങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയുകയില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ക്ലിനിക്കല്‍ ടെസ്റ്റില്‍ മൂന്ന് സ്ത്രീകളില്‍ ഇങ്ങനെ സംഭവിക്കുകയുണ്ടായി. അവര്‍ പ്രസവിച്ച ശിശുക്കളില്‍ യാതൊരു കുഴപ്പവും കാണപ്പെടുകയുണ്ടായില്ലത്രെ. ഇത് വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് ഒരുറപ്പാണെങ്കിലും അത് എല്ലാവരിലും അങ്ങനെത്തന്നെ സംഭവിക്കുമെന്ന് ഉറപ്പിച്ചുപറയാനാവുകയില്ലെന്നാണ് WHO-യുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍ ശാസ്ത്രജ്ഞരും വനിതാ ആരോഗ്യപ്രവര്‍ത്തകരും ആന്റി എച്ച്.സി.ജി  വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന മിക്ക വിമര്‍ശങ്ങളും ലോകാരോഗ്യസംഘടന അംഗീകരിക്കുന്നുണ്ട്. WHO പറയുന്നതിതാണ്: ''ആന്റി എച്ച്.സി.ജി വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്. അതിന്റെ കാര്യക്ഷമതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഒരുപാട് പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്. എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കി വാക്‌സിന്‍ വിതരണത്തിന് സജ്ജമാകണമെങ്കില്‍ പതിറ്റാണ്ടുകള്‍ ഇനിയുമെടുക്കും. അതിനാല്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഇപ്പോഴുള്ള ആശങ്കകള്‍ അസമയത്തും അനവസരത്തിലുമുള്ളതാണ്.''

ദുരുപയോഗത്തെക്കുറിച്ച് ആശങ്ക

ആന്റി എച്ച്.സി.ജി വാക്‌സിന്റെ ഒരു പ്രത്യേകത, മറ്റു വാക്‌സിനുകളെപ്പോലെ അതിന് സ്വന്തമായി നിലനില്‍ക്കാനാവുകയില്ല എന്നുള്ളതാണ്. അതിനാല്‍ മറ്റൊരു വാക്‌സിനുമായി സംയോജിപ്പിച്ചാണ് അത് നിര്‍മിക്കപ്പെടാറുള്ളത്. ടെറ്റനസ്, ഡിഫ്ത്തീരിയ എന്നീ രോഗങ്ങള്‍ക്ക് എതിരെ നല്‍കുന്ന വാക്‌സിനുകളെയാണ് ഈ ആവശ്യാര്‍ഥം ഉപയോഗിക്കുന്നത്. ഇതിലെ അപകട സാധ്യത വ്യക്തമാണ്. രോഗത്തിനുള്ള വാക്‌സിനും ഗര്‍ഭനിരോധനത്തിനുള്ള വാക്‌സിനും പരസ്പരം മാറിനല്‍കാനുള്ള സാധ്യതയാണത്. ഇത് അബദ്ധത്തില്‍ സംഭവിക്കാം. അറിഞ്ഞും ആസൂത്രിതമായും അങ്ങനെ ചെയ്യാനുമിടയുണ്ട്. സാധാരണ ക്ലിനിക്കുകള്‍ മുതല്‍ ബഹുജന പ്രതിരോധ കാംപെയ്‌നുകളില്‍ വരെ, ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി ഇത്തരം വാക്‌സിന്‍ ദുരുപയോഗം നടക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെപ്പറ്റി ലോകാരോഗ്യസംഘടനയുടെ വിശദീകരണം ഇപ്രകാരമാണ്: ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് ആന്റി എച്ച്.സി.ജി വാക്‌സിനുകളുടെ ആദിരൂപങ്ങള്‍ മാത്രമാണ്. ടെറ്റനസ്, ഡിഫ്ത്തീരിയ വാക്‌സിനുകളില്ലാത്ത മറ്റേതെങ്കിലും വാഹകങ്ങളെ ഉപയോഗപ്പെടുത്താനാവുമോ എന്ന അന്വേഷണം നടന്നുവരികയാണ്. അതേസമയം ബോധപൂര്‍വമായ ദുരുപയോഗങ്ങളെ തടയുവാന്‍ മാര്‍ഗമില്ലെന്നും കൂടി WHO പറയുന്നുണ്ട്. കുടുംബാസൂത്രണ സര്‍വീസുകളിലൂടെയും, കര്‍ശന മേല്‍നോട്ടമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും മാത്രം വിതരണം ചെയ്യുക, രോഗപ്രതിരോധ കാംപെയ്‌നുകളിലൂടെ വിതരണം ചെയ്യാതിരിക്കുക എന്നിവയാണ് വാക്‌സിന്‍ ദുരുപയോഗം തടയുവാന്‍ WHO നിര്‍ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍. എന്നാല്‍ ജനസംഖ്യാനിയന്ത്രണം സര്‍ക്കാറിന്റെ തന്നെ അജണ്ടയാവുകയും നിര്‍ബന്ധിത വന്ധീകരണം പോലുള്ള  കടുത്തനടപടികള്‍ വരെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുകയും ചില ജനവിഭാഗങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയെപ്പറ്റി അനാവശ്യ ഭീതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങളൊന്നും പ്രായോഗികമല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

നിലവിലുള്ള ഗര്‍ഭനിരോധന ഉപാധികളെല്ലാം തന്നെ ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതും വിതരണം ചെയ്യപ്പെടുന്നതുമാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ദരിദ്രകോടികളുടെ ജനപ്പെരുപ്പം തടയുകയാണ് അവയുടെ ലക്ഷ്യം. ഇക്കാര്യം ലോകാരോഗ്യസംഘടന തന്നെ അതിന്റെ ഒരു റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്. 'തീര്‍ച്ചയായും 1960-കളിലെയും 70-കളിലെയും ജനസംഖ്യാ സാഹിത്യങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകുന്നതാണ്. തുടക്കത്തില്‍ ആധുനിക ഗര്‍ഭനിരോധനസാമഗ്രിക(ഉദാഹരണം ഗുളിക, IUD)ളെക്കുറിച്ച് നടത്തപ്പെട്ട എല്ലാ ഗവേഷണ പഠനങ്ങളുടെയും, വാക്‌സിന്‍ നിര്‍മാണത്തിന്റെയും പ്രധാന ലക്ഷ്യം ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുകയായിരുന്നു. ജനസംഖ്യാവളര്‍ച്ച നിയന്ത്രിക്കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കും എന്നതായിരുന്നു അതിനു പിന്നിലെ പരികല്‍പന. (ഫെര്‍ടിലിറ്റി റഗുലേറ്റിംഗ് വാക്‌സിന്‍സ് പേജ് 13)

ഇപ്പോള്‍ വാക്‌സിന്‍ നിര്‍മാണത്തിന് അങ്ങനെയൊരു ലക്ഷ്യമില്ലെന്ന ധ്വനി മേല്‍പ്രസ്താവനയിലുണ്ട്. അത് ശരിയല്ല. ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായാണ് ഇന്നും വാക്‌സിനുകള്‍ നിര്‍മിക്കപ്പെടുന്നത്. വാക്‌സിന്‍ നിര്‍മാണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വെബ്‌സൈറ്റുകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാവും. 

ജനസംഖ്യാനിയന്ത്രണം എന്ന വാക്ക് ഇപ്പോള്‍ പ്രയോഗിക്കാറില്ലെന്നേയുള്ളൂ. പകരം ഫാമിലി പ്ലാനിംഗ്, പ്ലാന്‍ഡ് പാരന്റ് ഹുഡ്, റീപ്രൊഡക്ടീവ് ഹെല്‍ത്ത് തുടങ്ങിയ പേരുകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പേരില്‍ മാത്രമേ ഈ മാറ്റമുള്ളൂ. ലക്ഷ്യം ജനസംഖ്യാനിയന്ത്രണം തന്നെ.

എതിര്‍പ്പുകള്‍

ആന്റി എച്ച്.സി.ജി വാക്‌സിന്ന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച 1970-കളില്‍ തന്നെ അതിനെതിരായ എതിര്‍പ്പുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു വിഭാഗം ശാസ്ത്രജ്ഞരും വനിതാ ആരോഗ്യപ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 1980-കളുടെ അവസാനമായപ്പോഴേക്കും ഈ പ്രതിഷേധങ്ങള്‍ ആഗോള വ്യാപകമായ ഒരു പ്രസ്ഥാനത്തിന്റെ രൂപം കൈകൊള്ളുകയുണ്ടായി. 

ആന്റി എച്ച്.സി.ജി വാക്‌സിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി 1993 ജൂണില്‍ ജര്‍മനിയിലെ ബീല്‍ഫെല്‍ഡ് (ആലഹലളലഹറ)ല്‍ ഒരു അന്താരാഷ്ട്ര ശിബിരം സംഘടിപ്പിക്കപ്പെടുകയുണ്ടായി. ബുകോ ഫാര്‍മാ കാംപയ്ന്‍ ജര്‍മനി, വുമന്‍സ് ഹെല്‍ത്ത് ആക്ഷന്‍ ഫൗണ്ടേഷന്‍, നെതര്‍ലാന്റ്‌സ്, വുമന്‍സ് ഗ്ലോബല്‍ നെറ്റ്‌വര്‍ക് ഫോര്‍ റിപ്രൊഡക്ടീവ് റൈറ്റ്‌സ്, നെതര്‍ലാന്റ്‌സ്, എന്നീ പ്രസ്ഥാനങ്ങളായിരുന്നു അതിന്റെ പ്രധാന സംഘാടകര്‍ 90 വനിതകള്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. അര്‍ജന്റീന, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, ഫിന്‍ലാന്റ്, ജര്‍മനി, ഇന്ത്യ, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലാന്റ്, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍.

അതിനുമുമ്പ് ബുകോ ഫാര്‍മാ കാംപയ്ന്‍ വനിതകളുടെ ഒരു അന്താരാഷ്ട്ര സമ്മേളനവും ഇതേ വിഷയത്തില്‍ സംഘടിപ്പിച്ചിരുന്നു. 'ഗര്‍ഭധാരണ വിരുദ്ധ കുത്തിവെപ്പ്, ഗവേഷകരുടെ പകല്‍ക്കിനാവ്, സ്ത്രീകളുടെ പേക്കിനാവ്' എന്നായിരുന്നു സമ്മേളനത്തിന്റെ തീം. ഗര്‍ഭനിരോധ കുത്തിവെപ്പ് സംബന്ധമായുള്ള എല്ലാ ഗവേഷണങ്ങളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്തുത രണ്ട് പരിപാടികളും പര്യവസാനിച്ചത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍ക്കും അവയെ സഹായിക്കുന്ന ഫണ്ടിംഗ് ഏജന്‍സികള്‍ക്കും കത്തെഴുതാനും വര്‍ക്‌ഷോപ്പില്‍ തീരുമാനിക്കുകയുണ്ടായി.

ഉഗാണ്ടയില്‍ 1993 സെപ്തമ്പറില്‍ ചേര്‍ന്ന അന്താരാഷ്ട്ര വനിതാ - ആരോഗ്യസമ്മേളനത്തിലും ലാറ്റിന്‍ അമേരിക്കയിലെ സാന്‍വഡോറില്‍ അതേ വര്‍ഷം നടന്ന ഫെമിനിസ്റ്റ് സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

ഗര്‍ഭധാരണവിരുദ്ധ കുത്തിവെപ്പ് അത്ഭുതമോ ആപത്തോ എന്ന പേരില്‍ Juditk Ritcher and രചിച്ച ഒരു പുസ്തകം 1993 സെപ്തംബറില്‍ ബൂകോ ഫാര്‍മാ കേം പെയ്ന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും പ്രമാണങ്ങളും രേഖപ്പെടുത്തപ്പെട്ട പുസ്തകം നേരത്തെ പറഞ്ഞ ഉഗാണ്ടയിലെ സമ്മേളനത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യപ്പെട്ടത്.

അതേവര്‍ഷം നവംബറില്‍ ഗര്‍ഭനിരോധന കുത്തിവെപ്പ് ഗവേഷണങ്ങള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുക്കൊണ്ട് 18 രാജ്യങ്ങളില്‍ നിന്നുള്ള 232 വനിതാ സംഘടനകള്‍ ഒപ്പ് വെച്ച കത്ത് ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഫണ്ടിംഗ് ഏജന്‍സികള്‍ക്കും നല്‍കുകയുണ്ടായി.

തുടര്‍ന്ന് ഇന്ത്യയടക്കമുള്ള ഒട്ടനവധി രാജ്യങ്ങളില്‍ വനിതാ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ അപകടകരമായ ഈ ഗവേഷണ പദ്ധതിക്കെതിരെ വിവിധരൂപങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. 

1992 ആഗസ്റ്റില്‍ WHO ജനീവയില്‍ ശാസ്ത്രജ്ഞരുടെയും വനിതാ ആരോഗ്യപ്രവര്‍ത്തകരുടെയും ഒരുയോഗം വിളിച്ചു ചേര്‍ത്തു. ഗര്‍ഭനിരോധന വാക്‌സിനുകള്‍ക്ക് വേണ്ടി ണഒഛയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗവേഷണങ്ങളുടെ അന്നുവരെയുള്ള പുരോഗതി അതില്‍ വിശദീകരിക്കപ്പെട്ടു. ആന്റി-എച്ച്.സി.ജി വാക്‌സിനുകളുടെ ചില ആദിരൂപങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ പരാതികളും പരിഹരിച്ച് പൂര്‍ണസുരക്ഷിതമായ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. അതിനു ഇനിയും പതിറ്റാണ്ടുകള്‍ ആവശ്യമായി വരും. അതിനാല്‍, ഇപ്പോഴത്തെ ആശങ്കകളും വിമര്‍ശനങ്ങളും അനവസരത്തിലും അകാലത്തിലുമുള്ളതാണ് എന്നായിരുന്നു യോഗത്തില്‍ ണഒഛ യുടെ ഔദ്യോഗിക വിശദീകരണം.

യോഗത്തിന്റെ 60 പേജുള്ള വിശദറിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

 

ഗവേഷണ സ്ഥാപനങ്ങള്‍

1. കോണ്‍ട്രാസെപ്റ്റീവ് റിസര്‍ച്ച് ആന്റ് ഡവപ്‌മെന്റ് പ്രോഗ്രാം (Comrad) ഈസ്‌റ്റേണ്‍ വിര്‍ജീനിയ മെഡിക്കല്‍ സ്‌കൂള്‍. വിര്‍ജീനിയ യു.എസ്.എ.Director : Dr. Henry Grablemick

 

2. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി. ന്യൂഡല്‍ഹി. ഡയറക്ടര്‍ Dr. G. Pran Talawar

3. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചെല്‍ഡ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് മെറിലാന്റ്. യു.എസ്.എ. ഡയറക്ടര്‍ Dr. Lorence P Haseltine.

 

4. ഓര്‍ഗനണ്‍ ഇന്റര്‍നാഷനല്‍ നെതര്‍ലാന്റ്‌സ് ഡയറക്ടര്‍ Mr. P.K. Broms

5. പോപ്പുലേഷന്‍ കൗണ്‍സില്‍ ന്യൂയോര്‍ക്ക് യു.എസ്.എ. ഡയറക്ടര്‍ Ms. Margaret Cateley.

6. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, സ്‌പെഷല്‍ പ്രോഗ്രാം ഓഫ് റിസര്‍ച്ച്, ഡവലപ്‌മെന്റ് ആന്റ് റിസെര്‍ച്ച് ട്രെയ്‌നിംഗ് ഇന്‍ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ (HRP). ജനീവ. സ്വിറ്റ്‌സര്‍ലാന്റ്. ഡയറക്ടര്‍ Mr. Guseppe Bemagiano.

 

ഫണ്ടിംഗ ്‌സ്രോതസ്സുകള്‍

1. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ ഒട്ടാവ, കാനഡ

2. റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍, ന്യൂയോര്‍ക്ക് യു.എസ്.എ.

3. യുനൈറ്റഡ് നാഷന്‍സ് ഡവല്‌മെന്റ് പ്രോഗ്രാം ന്യൂയോര്‍ക്ക് യു.എസ്.എ

4. യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFP) ന്യൂയോര്‍ക്ക്, യു.എസ്.എ

5. യുനൈറ്റഡ് സ്‌റ്റെയ്റ്റ്‌സ് അസിസ്റ്റന്‍സ് ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (USAID) വാഷിംഗ്ടണ്‍ ഡി.സി., യു.എസ്.എ.

6. വേള്‍ഡ് ബാങ്ക്, വാഷിംഗ്ടണ്‍ ഡി.സി., യു.എസ്.എ.

7. ഡന്‍മാര്‍ക്, ജര്‍മനി, ഇന്ത്യ, നെതര്‍ലാന്റ്‌സ്, നോര്‍വെ, സ്വീഡന്‍, യു.കെ., എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍.

Source

1. International Campaign for a halt to Research on anti fertiltiy vacciness (Immunological cotnroceptieves) women’s Global Network for reproductive Rights.

2. Fertility Regalating Vaccines World health organisation. ഗര്‍ഭനിയന്ത്രണ വാക്‌സിനുകളുടെ ഗവേഷണ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യ സംഘടന 1992 ആഗസ്റ്റ് 17-18 തിയ്യതികളില്‍ ജനീവയില്‍ വിളിച്ചുചേര്‍ത്ത ശാസ്ത്രജ്ഞരുടെയും വനിതാ ആരോഗ്യപ്രവര്‍ത്തകരുടെയും യോഗത്തിന്റെ റിപ്പോര്‍ട്ട്.

3. A vaccine that prevents pregnancy in Women 1994. G.P Talwar ഇന്ത്യയില്‍ ആന്റി HCG വാക്‌സിന്‍ വികസിപ്പിച്ചെടുത്ത Dr. ജി.പി. തല്‍വാറും സഹപ്രവര്‍ത്തരും ചേര്‍ന്ന് എഴുതിയ പ്രബന്ധം

4. The Geneology of controversy www.gipe.ac.in

5. wikipedia

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top