ഇബ്‌നു ജുബൈറിന്റെ യാത്രകള്‍

നജ്ദ.എ /യാത്ര No image

അറബ് മുസ്‌ലിം യാത്രകള്‍ - 4
മതപണ്ഡിതനും ഗ്രാനഡയിലെ നയതന്ത്രവിഭാഗത്തിലെ അംഗവുമായിരുന്ന അബുല്‍ഹുസൈന്‍ ഇബ്‌നു അഹ്മദ് ഇബ്‌നു ജുബൈര്‍, ഭിഷഗ്വരനായ അബൂ ജഅ്ഫര്‍ അഹ്മദ് ഇബ്‌നു ഹസ്സനോടൊപ്പം പുണ്യമക്കയിലേക്ക് തീര്‍ഥാടനം നടത്തുവാനായി എ.ഡി 1183-ല്‍ ജന്മനാട്ടില്‍ നിന്ന് പുറപ്പെട്ടു. ലോകത്താകെയുള്ള മുസ്‌ലിംകള്‍ മക്കയില്‍ ഹജ്ജ് ചെയ്യാനാഗ്രഹിക്കുമെങ്കിലും ഇബ്‌നു ജുബൈറിന്റെ യാത്രക്ക് മറ്റൊരുകാരണം കൂടിയുണ്ടായിരുന്നു. അന്നത്തെ മൂര്‍ (മധ്യകാലഘട്ടത്തില്‍ മഗ്‌രിബ് ദേശങ്ങളായ ഐബിരിയ, സിസിലി തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ മൂര്‍ എന്നാണറിയപ്പെട്ടിരുന്നത്) ഗവര്‍ണര്‍ ഇബ്‌നു ജുബൈറിനെ നിര്‍ബന്ധിച്ച് ഏഴ് കോപ്പ മദ്യം കുടിപ്പിക്കുകയുണ്ടായി. ഇസ്‌ലാമില്‍ വിലക്കപ്പെട്ട കാര്യമായതിനാല്‍ ഗവര്‍ണര്‍ ഖേദിക്കുകയും പകരമായി സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇബ്‌നു ജുബൈര്‍ പക്ഷേ പുണ്യമക്കയില്‍ തീര്‍ഥാടനം ചെയ്ത് പാപത്തില്‍ നിന്ന് വിശുദ്ധനാവാനായിരുന്നു തീരുമാനിച്ചത്. പണ്ഡിതനും നയതന്ത്രവിഭാഗത്തിലെ ഉദ്യോഗസ്ഥനുമായതിനാല്‍ തീര്‍ഥാടനവേളയില്‍ നഗരങ്ങളെയും ആളുകളെയും അദ്ദേഹം ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. ദിവസവും യാത്രാ കുറിപ്പുകളില്‍ അവയൊക്കെ വിശദമായിത്തന്നെ എഴുതിവെക്കുകയും ചെയ്തിരുന്നു. 1183 ഫെബ്രുവരി മൂന്നിനാണ് ഇബ്‌നു ജുബൈര്‍ ഗ്രാനഡ വിട്ടത്. കരമാര്‍ഗം ജിബ്രാള്‍ട്ടറിന്റെ തെക്കുപടിഞ്ഞാറുള്ള തായിഫിലെത്തുകയും അവിടെനിന്ന് കടലിടുക്ക് താണ്ടി സന്‍ആയിലെത്തി കപ്പല്‍മാര്‍ഗം അലക്‌സാന്‍ഡ്രിയയിലെത്തുകയും നൈലിനോരം യാത്രചെയ്ത് ഖൂസിലെത്തുകയും അവിടെനിന്ന് അയ്ദബി(ജിദ്ദ)യിലേക്ക് പോവുകയായിരുന്ന ഖാഫിലക്കൂട്ടത്തില്‍ ചേരുകയും ചെയ്തു. അവിടെനിന്ന് പുണ്യകര്‍മങ്ങളനുഷ്ഠിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. 8 മാസം മക്കയില്‍ താമസിച്ചതിനുശേഷം അദ്ദേഹം മുഹമ്മദ് നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കുകയും മരുഭൂമിതാണ്ടി കൂഫയിലും ബാഗ്ദാദിലും മസൂലിയിലുമൊക്കെ യാത്രചെയ്തു. മടക്കത്തില്‍ മെസൊപ്പൊട്ടോമിയ കടന്ന് ആലെപ്പോയും ഡമാസ്‌കസും സന്ദര്‍ശിച്ചു. ജോര്‍ദാനടുത്തുള്ള സെന്റ് ജിന്‍സി ആക്‌റിലെ പനേസ് കോട്ട കടന്ന് ഇബ്‌നു ജുബൈര്‍ കാര്‍ട്ടെഗാനയിലെത്തുകയും അവിടെ നിന്ന് എ.ഡി 1185 ഏപ്രില്‍ 25-ന് ഗ്രാനഡയില്‍ തിരിച്ചെത്തുകയും ചെയ്തു.
അദ്ദേഹത്തെപ്പോലെയുള്ള ഒരു പണ്ഡിതനിലും എഴുത്തുകാരനിലും പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഉള്‍ക്കാഴ്ചയും ഉറച്ചതീരുമാനങ്ങളും, കൃത്യവും വ്യത്യസ്തവുമായ (കപ്പല്‍ യാത്രകളെക്കുറിച്ചും കപ്പല്‍ തകരുന്നതിന്റെ ഭീകരതയെക്കുറിച്ചുമൊക്കെയുള്ള) വിവരണരീതികളും ബൃഹദ് ആഖ്യാനത്തില്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത റോളണ്ട് ബ്രോഡ്ഹസ്റ്റ് ആമുഖത്തില്‍ പറയുന്നുണ്ട്. നോര്‍മന്‍ സിസിലിയില്‍ കുരിശുയുദ്ധത്തിലേര്‍പ്പെട്ടിരുന്ന സിറിയയെക്കുറിച്ചുള്ള ബാലന്‍സ്ഡ് അഭിപ്രായങ്ങളില്‍ വളരെ അപൂര്‍വമായൊരു മധ്യമനിലപാട് കാണാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മതവിശ്വാസിയായിരുന്നു ഇബ്‌നു ജുബൈര്‍. യാത്രയിലുടനീളം ദൈവത്തെ സ്തുതിച്ചും പ്രാര്‍ഥിച്ചും അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. അദ്ദേഹത്തിന്റെ കൃതിയില്‍ ദൈവത്തെ സ്തുതിക്കാത്തതായ ഒരു പേജുപോലുമില്ല.
അറബികള്‍ക്കിടയില്‍ ഇബ്‌നു ജുബൈറിന് ലഭിച്ച ഉയര്‍ന്ന സാഹിത്യപദവി അദ്ദേഹത്തിന്റെ കവിതാത്മകമായ ശൈലികൊണ്ടുകൂടിയാണ്. ആദ്യമായി സമീപിക്കുമ്പോള്‍ എഴുതിയ കവിതയും, ഈജിപ്ത് കടക്കുമ്പോള്‍ മക്കാതീര്‍ഥാടകരുടെ മേല്‍ ചാര്‍ത്തിയിരുന്ന ഉയര്‍ന്ന നികുതിയെക്കുറിച്ച് സലാഹുദ്ദീനെ അഭിസംബോധന ചെയ്യുന്ന മറ്റൊരു കവിതയും ഇതിനുദാഹരണമാണ്. ചാന്ദ്രകലണ്ടറിന്റെ ഉപയോഗവും യാത്രകളോടുള്ള താല്‍പര്യവും സ്ഥലകാലബോധത്തിലുള്ള ആഖ്യാനവുമാണ് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിന്റെ പ്രത്യേകതകള്‍.
ഇബ്‌നു ജുബൈറിന്റെ യാത്രയാണ് ഇബ്‌നു ബത്തൂത്തയുടേതടക്കമുള്ള യാത്രാവിവരണത്തിനുതന്നെയും മാതൃകയാവുന്നത്. അറിവന്വേഷണത്തെക്കാള്‍ ഇബ്‌നു ജുബൈര്‍ യാത്രകൊണ്ടുദ്ദേശിച്ചത് പാപമുക്തിയാണെങ്കിലും അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ എവിടെയും അങ്ങനെ പറയുന്നില്ല. ഫെര്‍നന്റ് ബ്രോഡലിന്റെ പഠനപ്രകാരം യാത്രകൊണ്ടുള്ള നാലുദ്ദേശങ്ങളില്‍ ഹജ്ജും രിഹ്‌ലയുമാണ് ആന്ദലൂസിയക്കാരനായ ഇബ്‌നു ജുബൈറിലുള്ളത് എന്ന് ഇയാന്‍ നെട്ടന്‍ പറയുന്നു. ആ രണ്ട് ഘടകങ്ങളോടൊപ്പം സഞ്ചാരതൃഷ്ണ കൂടെ ഇബ്‌നു ബത്തൂത്തയില്‍ കാണാം. അധികാരത്തോടുള്ള ആര്‍ത്തിയാണ് അദ്ദേഹത്തിലില്ലാത്ത ഘടകം. തിരച്ചെത്തിയ ഇബ്‌നു ജുബൈര്‍ മഗ്‌രിബിലെ യുവാക്കളോട് കിഴക്കിലെ ദമസ്‌കസ് പോലെയുള്ള പ്രധാനനഗരങ്ങളിലേക്ക് വിദ്യക്കായും വിജയത്തിനായും യാത്രചെയ്യണമെന്ന് ഉപദേശിച്ചിരുന്നു.

ഇബ്‌നു ജുബൈറിന്റെ ഭാഷയും ശൈലിയും
അറബിഭാഷയില്‍ മനോഹരമായി ചിട്ടപ്പെടുത്തിയ ഈ കൃതിക്ക് മികച്ച സാഹിത്യകൃതിയുടെ ഗുണങ്ങളുണ്ട്. ചാന്ദ്രമാസാടിസ്ഥാനത്തിലുള്ള മാസങ്ങളുടെ പേരുകളാണ് അധ്യായങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. സമയമറിയാനുള്ള ആധുനിക സൗകര്യങ്ങളില്ലാ
തിരുന്ന അക്കാലത്ത്, ചാന്ദ്രകലണ്ടറിനെ അടിസ്ഥാനമാക്കിയത് യാത്രാവിവരണത്തിന് കൃത്യതയുണ്ടാക്കി. അല്ലാഹുവിനെ സ്തുതിച്ചും പ്രവാചകനും അനുചരന്‍മാര്‍ക്കുമുള്ള സ്വലാത്തും എഴുതിയാണ് യാത്രാവിവരണം ആരംഭിക്കുന്നത്. യാത്രയിലുണ്ടായ ചില സംഭവങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് കൃത്യമായ ദിവസവും ശവ്വാല്‍ 30 വെള്ളി, 1183- ഫെബ്രുവരി 25, സ്ഥലവും (കടല്‍, ജബല്‍ ശുലൈറിനെതിര്) അടയാളപ്പെടുത്തുന്നുണ്ട്. രണ്ട് വര്‍ഷവും മൂന്നരമാസവും യാത്ര ചെയ്തുകൊണ്ടാണ് ഗ്രാനഡയിലെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് കൃതി അവസാനിക്കുന്നത്.

ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍
ആഫ്രിക്കയുടെ വടക്കുള്ള ടാന്‍ജിയന്‍ എന്ന നഗരത്തിലെ മാന്യനും മാലികീ മദ്ഹബിന്റെ പണ്ഡിതനും സൂഫി അനുയായിയും യാത്രക്കാരന്റെ യാത്രക്കാരന്‍ എന്ന് പേരെടുത്ത അബൂഅബ്ദുല്ല മുഹമ്മദ്, ഇബ്‌നു ബത്തൂത്ത എന്നാണറിയപ്പെടുന്നത്. 1304-ല്‍ ജനിച്ച് 1368- ല്‍ മരിച്ച അദ്ദേഹത്തിന്റെ ആയുസ്സിന്റെ പകുതിയും ജന്മനാട്ടിനു പുറത്തായിരുന്നു. 75000 മൈല്‍ അദ്ദേഹം യാത്രചെയ്തിട്ടുണ്ടാവുമെന്ന് കണക്കുകള്‍ പറയുന്നു. മാര്‍ക്കോപോളോയുടെ 60000 മൈല്‍ യാത്രയെക്കാള്‍ വരുമിത്. അന്നത്തെ എല്ലാ മുസ്‌ലിം രാജ്യങ്ങളും, കോണ്‍സ്റ്റാന്റിനോപ്പിള്‍, സിലോണ്‍, ഇന്ത്യ, ചൈന, ബംഗാള്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ച ഏക മധ്യകാലസഞ്ചാരിയും അദ്ദേഹമാണ്. പ്രാഥമികലക്ഷ്യം മക്ക സന്ദര്‍ശിക്കലായിരുന്നെങ്കിലും, സാധാരണ മാര്‍ഗങ്ങളൊഴിവാക്കി രാജ്യങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ യാത്ര. 14-ാം നൂറ്റാണ്ടിലെ ഇസ്‌ലാമികലോകത്തിലെ പണ്ഡിതന്മാരിലെ ഒരു സാധാരണസ്വഭാവമായിരുന്നു ഇബ്‌നു ബത്തൂത്തയിലുണ്ടായിരുന്നത്. ഒരു തലത്തില്‍, ഇസ്‌ലാമിക നാഗരികത സാമൂഹികവലങ്ങളുടെയും സാംസ്‌കാരിക വിനിമയങ്ങളുടെയും മികച്ച അന്താരാഷ്ട്ര സംവിധാനമായി വര്‍ത്തിച്ചുവെന്ന് Travels of Ibn Battuta എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ H.A.R. Gibb പറയുന്നു. എ.ഡി 1500 വരെയുള്ള ഇസ്‌ലാമിന്റെ വിജയത്തേരോട്ടത്തിനു കാരണവും അതാണ്.
ഇസ്‌ലാമികരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെക്കുറെ സുസ്ഥിരവും അസാധാരണമാംവിധം യാത്രകള്‍ക്കനുകൂലവുമായിരുന്നു. മധ്യകാല മുസ്‌ലിം സമൂഹം ഒരു മതകീയ സമൂഹമായതിനാലും, രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് പ്രാധാന്യം കുറവായിരുന്നു. അതിന്റെ നിലനില്‍പിനും, ഭാഷക്കും, സാമൂഹിക ഘടനക്കും, നിയമങ്ങള്‍ക്കും, ഐക്യബോധത്തിനും എല്ലാം മതത്തോടാണ് കടപ്പെട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ യാത്രകളില്‍ തീര്‍ഥാടകന്റെയും പണ്ഡിതന്റെയും സൂഫിയുടെയും വേഷങ്ങളദ്ദേഹം അണിഞ്ഞിരുന്നു. ഇബ്‌നു ജുബൈറില്‍നിന്ന് വ്യത്യസ്തമായി, ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണം അദ്ദേഹം പറഞ്ഞു കൊടുത്തതനുസരിച്ച് ഇബ്‌നു ജുസയ്യ് ആണ് എഴുതുന്നത്.
'22-ാം വയസ്സില്‍, (75 റജബ് 2 വ്യാഴം) പുണ്യഗേഹത്തിലേക്കും പ്രവാചകന്റെ ശവകുടീരത്തിലേക്കും തീര്‍ഥാടനം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ എന്റെ ജന്മനാടായ ടാന്‍ജിയറില്‍നിന്ന് ഞാന്‍ പുറപ്പെട്ടു. വഴിയില്‍ ആനന്ദം പകരാന്‍ സുഹൃത്തുക്കളില്ലാതെ സഞ്ചാരിക്കൂട്ടങ്ങളില്ലാതെ ഒറ്റക്ക്. ഏറെ നാളത്തെ ആഗ്രഹമായ പുണ്യനഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉള്ള യാത്രയില്‍ എന്റെ സുഹൃത്തുക്കളെയും വീടിനെയും വിട്ടുപോരുകയായിരുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നതിനാല്‍, അവരെ പിരിയേണ്ടിവരുന്നത് എനിക്കും അവര്‍ക്കും ഒരുപോലെ സങ്കടകരമായിരുന്നു.' എന്ന് പറഞ്ഞുകൊണ്ടാണ് ഇബ്‌നു ബത്തൂത്ത തുടങ്ങുന്നത്.
തില്‍മിസാന്‍ നഗരത്തിലെത്തിയ അദ്ദേഹത്തെ തൂനിസ് സുല്‍ത്താന്റെ അംബാസഡര്‍മാരിലൊരാള്‍ കൂടെ യാത്ര ചെയ്യാന്‍ ക്ഷണിച്ചു. അല്‍ജസാഇറും മിതിജയും ജുര്‍ജുറയും കടന്ന് അവര്‍ ബിജായയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പനിപിടിച്ചു. യാത്രയില്‍നിന്ന് പിന്മാറാന്‍ ഒരു സുഹൃത്ത് ഉപദേശിച്ചുവെങ്കിലും ദൈവം എന്റെ മരണമാണ് ഉദ്ദേശിച്ചതെങ്കില്‍, മക്കയിലേക്ക് മുഖം തിരിച്ചുകൊണ്ടുള്ള എന്റെ പാതയില്‍ തന്നെയാവട്ടെ എന്നു പറഞ്ഞുകൊണ്ട് യാത്ര തുടരുകയായിരുന്നു. കൊത്തുപണികളും സ്തൂപങ്ങളുമുള്ള അലക്‌സാന്‍ഡ്രിയന്‍ നഗരത്തിന്റെ ഭംഗി അദ്ദേഹത്തെ അതിശയിപ്പിച്ചു. ലൈറ്റ്ഹൗസും തൂണുകളുമുള്ള അലക്‌സാന്‍ഡ്രിയന്‍ തുറമുഖത്തെ, കേരളത്തിലെ കൊല്ലം, കോഴിക്കോട്, തുര്‍ക്കിയിലെ സുദക്, ചൈനയിലെ സെയ്തൂണ്‍ തുറമുഖങ്ങളോടൊപ്പം ലോകത്തിലേറ്റവും മികച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.
പ്രവാചകന്റെ ഖബറിടം, നഗരങ്ങളുടെ, നല്ലവരുടെ കഥകള്‍, പ്രധാന കലയും വാസ്തുവുമൊക്കെ വിശദമായി അദ്ദേഹം വിവരിക്കുന്നുണ്ട്. സന്ദര്‍ശിക്കുന്ന നഗരങ്ങളിലെ ഖാദിമാരെയും ഷെയ്ക്കുമാരെയും കാണുന്നതും ഇബ്‌നുബത്തൂത്തയുടെ ശീലമായിരുന്നു. നഗരങ്ങളെക്കാള്‍ ആളുകള്‍ തന്നെയായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നത്. അലക്‌സാന്‍ഡ്രിയയില്‍ വെച്ച് ബുര്‍ഹാനുദ്ദീന്‍ എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ മുഖലക്ഷണം നോക്കി വിദേശയാത്രകള്‍ ചെയ്യാന്‍ താല്‍പര്യമുള്ളത് പറഞ്ഞിരുന്നു. ഷെയ്ക്ക് അല്‍മുര്‍ശിദിയോടൊപ്പം താമസിക്കുമ്പോഴാണ്, വലിയ പക്ഷിയുടെ ചിറകിലിരുന്ന്, മക്കയും പിന്നെ യമനും കിഴക്കുദേശങ്ങളും അവിടന്ന് തെക്കും പിന്നെ കിഴക്കോട്ടും യാത്രചെയ്ത് കടുംപച്ചരാജ്യത്തിറങ്ങുന്നത് ഇബ്‌നു ബത്തൂത്ത സ്വപ്‌നം കാണുന്നത്. നിങ്ങള്‍ ഹജ്ജ് ചെയ്യുമെന്നും പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കുമെന്നും യമനും ഇറാഖും തുര്‍ക്കികളുടെ രാജ്യവും കടന്ന് ഇന്ത്യയില്‍ ഏറെനാള്‍ തങ്ങുമെന്നും ഷെയ്ഖ് വ്യാഖ്യാനിച്ച ആ സ്വപ്‌നം ഇബ്‌നു ബത്തൂത്തയുടെ ജീവിതത്തില്‍ പുലരുകതന്നെ ചെയ്തു. തന്റെ സഹോദരന്‍ ദില്‍ഷാദിനെ സന്ദര്‍ശിക്കാനും, അദ്ദേഹം ഇബ്‌നു ബത്തൂത്തയെ രക്ഷിക്കുമെന്നും ഷെയ്ഖ് പറഞ്ഞിരുന്നു.
ഹജ്ജിനുശേഷം വര്‍ഷങ്ങള്‍ കഅ്ബാ പരിസരത്ത് തങ്ങിയതിനുശേഷമാണ് ഒരു ഇറാഖ് യാത്രാ സംഘത്തോടൊപ്പം അദ്ദേഹം യാത്ര തിരിക്കുന്നത്. വേഷം കൊണ്ട് പണ്ഡിതനാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയപ്പെട്ട അദ്ദേഹത്തെ നഗരങ്ങളും പള്ളികളും മതനേതാക്കളും നന്നായി സ്വീകരിച്ചു. മംഗോള്‍ഖാന്റെ സാമ്രാജ്യങ്ങളിലൂടെ മധ്യേഷ്യയിലേക്ക് തിരിച്ച അദ്ദേഹം 1333-ന് ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ മാലികീ ഖാദിയായി മുഹമ്മദ് ബിന്‍ തുഗ്ലഖ് അദ്ദേഹത്തെ നിയമിച്ചു. ഏഴ് വര്‍ഷം അവിടെ സേവിച്ചു. ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം സേവനത്തില്‍നിന്ന് പിന്മാറേണ്ടിവന്ന അദ്ദേഹം സന്യാസജീവിതം നയിച്ചു. പിന്നീട് ഇബ്‌നു ബത്തൂത്തയുടെ കഴിവുകളും സഞ്ചാരതൃഷ്ണയും മനസ്സിലാക്കി സുല്‍ത്താന്‍ അദ്ദേഹത്തെ ചൈനയിലേക്ക് ദൂതനായി അയച്ചു. ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ കപ്പല്‍ തെന്നിന്ത്യന്‍ തീരങ്ങളിലടുക്കുകയും കോഴിക്കോട് നങ്കൂരമിടുകയും ചെയ്തു. മാലിദ്വീപിലും ഖാദിയായി അദ്ദേഹം ആദരിക്കപ്പെട്ടിരുന്നു. ആദ്യത്തെ മനുഷ്യന്‍ ആദംനബി കാലുകുത്തിയ സിലോണിലേക്ക് അദ്ദേഹം തീര്‍ഥാടനം നടത്തി. ചൈനയിലേക്കുള്ള വഴിയില്‍, ബംഗാളും പിന്നെ സുമാത്രയും സന്ദര്‍ശിച്ചു. അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുകയില്ലെന്ന് തീരുമാനിച്ചു. കോളറ ദുരന്തത്തിന്റെ കാലത്ത് അദ്ദേഹം സിറിയയിലായിരുന്നു. 28 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ യാത്രക്കിടയില്‍ എട്ട്  തവണ ഹജ്ജ് ചെയ്തു. ചുവന്ന പരവതാനി മുതല്‍ വധശിക്ഷവരെ ഉള്‍പ്പെടുന്ന വ്യത്യസ്തമായ അനുഭവങ്ങളാണ് ഇബ്‌നു ബത്തൂത്തക്ക് ഇന്ത്യ നല്‍കിയത്. ഡല്‍ഹി സുല്‍ത്താന്റെ ദൂതനായി ചൈനയിലേക്കുള്ള യാത്രയില്‍ അക്രമികളുടെ ആക്രമണത്തില്‍ ഇബ്‌നു ബത്തൂത്തയും സംഘവും ചിതറിപ്പോയി. അമ്പും വില്ലുമേന്തിയ നാല്‍പതോളം ആളുകള്‍ക്ക് മുന്നില്‍പെട്ട അദ്ദേഹത്തിന് കീഴടങ്ങാതെ നിവൃത്തിയില്ലായിരുന്നു. തന്നെ കൊല്ലാന്‍ ഏല്‍പിക്കപ്പെട്ട മൂന്നുപേരുടെ തന്നെ സഹായത്താല്‍ രക്ഷപ്പെട്ട അദ്ദേഹം ദിവസങ്ങളോളം നാടോ നഗരമോ മനുഷ്യരെയോ കാണാതെ അലയേണ്ടിവന്നു. അവസാനം അവിശ്വാസികളുടെ ഒരു ഗ്രാമത്തിലെത്തിയ അദ്ദേഹം ഭക്ഷണത്തിനായി യാചിച്ചെങ്കിലും ആരും നല്‍കിയില്ല. മറ്റൊരു ഗ്രാമത്തില്‍ ഏറെ അലഞ്ഞതിനുശേഷം ഒരു കിണര്‍ കണ്ടെത്തി. പക്ഷേ, വെള്ളംകോരാന്‍ സഹായിക്കുന്ന ഒന്നുമില്ലാത്തതിനാല്‍ തലപ്പാവ് നനച്ചുപിഴിഞ്ഞ് വെള്ളം കുടിക്കേണ്ടിവന്നു. പാദരക്ഷയുപയോഗിച്ച് ദാഹം ശമിപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഇബ്‌നു ബത്തൂത്തയെ 'സന്തോഷത്തത്തിന്റെ ഹൃദയം'' എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ രക്ഷിക്കുകയും കോയലിലേക്കുള്ള സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. വളരെ കഴിഞ്ഞിട്ടാണ് അത് ഷെയ്ക് ബുര്‍ഹാനുദ്ദീന്റെ സഹോദരന്‍ ദില്‍ഷാദ് (സന്തോഷത്തിന്റെ ഹൃദയം എന്നര്‍ഥം) ആണെന്ന് ഇബ്‌നു ബത്തൂത്ത തിരിച്ചറിയുന്നത്.
ഇബ്‌നു ബത്തൂത്ത പോയ വിശാല അനുഭവങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാലും അത്രകണ്ട് സഞ്ചാരതൃഷ്ണ ഇല്ലാത്തതിനാലും ഇബ്‌നു ജുബൈറിന്റേത് ഏറെക്കുറെ സുരക്ഷിതമായ യാത്രയായിരുന്നു. എന്നാല്‍ മലേറിയ പിടിപെട്ടും, വഴികാട്ടികളാല്‍ വഞ്ചിക്കപ്പെട്ടും, യാത്ര ചെയ്യാനുദ്ദേശിച്ച ചൈനീസ് കപ്പല്‍ കണ്‍മുന്നില്‍ മുങ്ങുന്നത് കണ്ടും, കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ കിടങ്ങുകളില്‍ ഒളിച്ചിരുന്നും, 21,000 പേര്‍ ദിനവും കോളറബാധിച്ച് മരിച്ചിരുന്ന കൈറോ കടന്നുപോയും സംഭവബഹുലമായിരുന്നു ഇബ്‌നു ബത്തൂത്തയുടെ 28 വര്‍ഷം നീണ്ട യാത്ര.
കൊട്ടും കുരവയും മേളങ്ങളുമായാണ് കോഴിക്കോട്ടെ കച്ചവടക്കാരും തീരദേശവാസികളും രാജപ്രതിനിധികളും അദ്ദേഹത്തിന്റെ സംഘത്തെ സ്വീകരിച്ചത്. കോഴിക്കോടൊഴിച്ച് മലബാര്‍ പ്രദേശങ്ങളില്‍ തകര്‍ന്ന കപ്പലിലെ ശേഖരങ്ങള്‍ ഖജനാവു മുതലായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കോഴിക്കോടാണെങ്കില്‍, ഉടമക്ക് അത് തിരിച്ചുകിട്ടുമായിരുന്നു. ഈയൊരു കാരണംകൊണ്ടുകൂടിയാണ് ഏറെ കച്ചവടക്കാരെ ആകര്‍ഷിക്കുകയും നഗരം സമ്പുഷ്ടിപ്പെടുകയും ചെയ്തതെന്ന് ഇബ്‌നു ബത്തൂത്ത പറയുന്നു. നല്ല ബസാറുകളും കത്തീഡ്രല്‍ മസ്ജിദുകളുമുള്ള നല്ലൊരു നഗരമാണ് കൊല്ലം എന്നും പറയുന്നുണ്ട്. മലബാര്‍ പ്രദേശങ്ങളില്‍ ചൈനയോടടുത്തതായതിനാല്‍ ചൈനീസ് കച്ചവടക്കാരായിരുന്നു അവിടെ അധികമെത്തിയിരുന്നത്.
യാത്രാവിവരണവും ആത്മകഥനവും ചേര്‍ത്തുള്ള ആഖ്യാനമായിരുന്നു ഇബ്‌നു ബത്തൂത്തയുടേത്. സ്വന്തം നന്മകളും പോരായ്മകളും ഒരുപോലെ പറയുന്ന തന്റെതന്നെ വിശ്വസ്ത ചിത്രമാണ് അദ്ദേഹം നല്‍കുന്നതെന്നും അതോടൊപ്പം, ഏതാണ്ട് മൃതമായിപ്പോയ ഒരു കാലത്തെ തന്നെ ഉണര്‍ത്തുന്നുണ്ടെന്നും HAR Gibb ആമുഖത്തില്‍ പറയുന്നുണ്ട്.
ഒരുപാട് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്ന അടിമകളെപ്പറ്റിയും, വേശ്യകളെപ്പറ്റിയും തുറന്ന് പറയുന്നുണ്ട്. അന്നത്തെ യാത്രക്കാരുടെ ഒരു രീതിയായിരുന്നു അത്. അടിമകളില്ലാത്തവരെ യാത്രക്കാരായ്‌പ്പോലും പരിഗണിച്ചിരുന്നില്ല. യാത്രയില്‍ അടിമകളെയും കുതിരകളെയും കൊണ്ടുപോകാന്‍ സാമ്പത്തികശേഷി വേണ്ടതിന്റെ രാഷട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്‌നു ബത്തൂത്ത യാത്രചെയ്തിരുന്ന മുസ്‌ലിം രാജ്യങ്ങള്‍ കൂടുതലായുള്‍പ്പെടുന്ന ദാറുല്‍ ഇസ്‌ലാമിന്റെ ഭൂമിശാസ്ത്ര പ്രദേശങ്ങള്‍ ഇന്നത്തെ ഗ്ലോബല്‍ വില്ലേജ് പോലെയാണെന്ന് ഇബ്‌നു ബത്തൂത്തയുടെ യാത്രകളുടെ അറബ് വസന്താനന്തരവായന നടത്തിയ അസ്‌ലന്‍ 'വേള്‍ഡ് വണ്ടറര്‍' എന്ന ലേഖനത്തില്‍ പറയുന്നു. ഒരൊറ്റ ദൈവത്തെ ആരാധിക്കുന്നു എന്നതൊഴിച്ചാല്‍ വ്യത്യസ്തങ്ങളായിരുന്നു ഓരോ പ്രദേശങ്ങളിലെയും സംസ്‌കാരവും ആചാരങ്ങളും കാഴ്ചപ്പാടുകളും. യാത്രകളും പലായനങ്ങളും വൈവിധ്യമേറുകയാണ് ചെയ്തത്. ഇബ്‌നു ബത്തൂത്ത ചെയ്തതുപോലെ രാജ്യങ്ങള്‍ കടന്നും ഇടപഴകിയും സുഗമമായി സഞ്ചരിക്കുക എന്നതും ആഗോളഗ്രാമത്തിന്റെ വിശേഷണം തന്നെ. ഇബ്‌നു ബത്തൂത്തയുടെ യാത്രകളെ ഇസ്‌ലാമിക് ഒഡീസി എന്നുവിളിക്കുന്നു,'ടൈംസ് ഇന്റര്‍നാഷണലി'ന്റെ എഡിറ്റര്‍ മൈക്കള്‍ എലിയറ്റ്.
അദ്ദേഹത്തിന്റെ പുസ്തകം കൃത്യതക്കുറവുകൊണ്ടും അതിശയോക്തിയാലും സംശയത്തിന്റെ നിഴലിലാണ്. യാത്രകഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മയില്‍ നിന്നെടുത്ത് പറയുമ്പോള്‍ കൃത്യത കൈമോശം വരുന്നു. അദ്ദേഹം സന്ദര്‍ശിക്കാത്ത സ്ഥലങ്ങള്‍ മറ്റുള്ളവരുടെ കുറിപ്പുകളുപയോഗിച്ച് എഴുതിയതാണെന്നും പറയപ്പെടുന്നു. എന്നാല്‍ ആയുസ്സും ആരോഗ്യവുമുള്ള കാലത്ത് അദ്ദേഹം 28 വര്‍ഷം യാത്രചെയ്തു എന്നത് സംശയാതീതമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top