ജനുവരി ലക്കം ആരാമം മാസിക വളരെ നന്നായിട്ടുണ്ട്. ഓരോ കവിതയും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 'സ്‌നേഹംകൊണ്ട് മാത്രം നമുക്ക് ജീവിക്കാനാവുമോ' എന്ന ടി. മുഹമ്മദ് വേളം എഴുതിയ ലേഖനം സ്‌നേഹത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച്, സ്‌നേഹം കാറ്റില്‍ വിതറിപ്പോവുന്ന പുഷ്പങ്ങളാവരുത് എന്ന സന്ദേശം
ജനുവരി ലക്കം ആരാമം മാസിക വളരെ നന്നായിട്ടുണ്ട്. ഓരോ കവിതയും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 'സ്‌നേഹംകൊണ്ട് മാത്രം നമുക്ക് ജീവിക്കാനാവുമോ' എന്ന ടി. മുഹമ്മദ് വേളം എഴുതിയ ലേഖനം സ്‌നേഹത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച്, സ്‌നേഹം കാറ്റില്‍ വിതറിപ്പോവുന്ന പുഷ്പങ്ങളാവരുത് എന്ന സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്നു. ഓരോ ലക്കത്തിലും കാലോചിതമായ പംക്തികള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന ആരാമം മാസികക്കും അണിയറ ശില്‍പികള്‍ക്കും നന്ദി.
കരിഞ്ചീരകം
2016 ജനുവരിയിലെ ആരാമത്തില്‍ ഡോ:മുഹമ്മദ് ബിന്‍ അഹ്മദ് കരിഞ്ചീര കത്തെക്കുറിച്ചെഴുതിയ ലേഖനം നന്നായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
വളരെ തെറ്റിദ്ധരിക്കപ്പെട്ടതും കുടില കച്ചവട ലക്ഷ്യങ്ങള്‍ക്ക് ഹദീസി ന്റെ പിന്‍ബലം പോലും ദുരുപയോഗം ചെയ്യപ്പെട്ടതുമായ അമൂല്യവും ദുര്‍ലഭ വുമായ ഒരു മരുന്നാണ് കരിഞ്ചീരകം. യഥാര്‍ഥ കരിഞ്ചീരകം ഒറ്റനോട്ടത്തില്‍ തന്നെ ജീരക കുടുംബത്തില്‍ പെട്ടതാണെന്നു തിരിച്ചറിയുന്നതും, നമുക്ക് സുപരിചിതമായ നല്ല ജീരകം, പെരും ജീരകം, സഹജീരകം (ഉത്തരേന്ത്യയില്‍ ഷാഹ്ജീരകം) എന്നിവ ഉള്‍പ്പെടുന്ന അുശമരലമല കുടുംബത്തില്‍പെട്ട സസ്യവര്‍ഗവുമാണ്.
എന്നാല്‍ ഇന്ന് കരിഞ്ചീരകം എന്ന പേരില്‍ വമ്പിച്ച പരസ്യങ്ങളോടെ വിറ്റുവരുന്ന, കാഴ്ചയില്‍ ജീരകവര്‍ഗവുമായി ഒരു സാമ്യവുമില്ലാത്തതും, ഒറ്റനോട്ടത്തില്‍ ഏകദേശം എള്ളുപോലെ തോന്നിക്കുന്നതുമായ സുഗന്ധമുള്ള കറുത്തവിത്ത് കരിഞ്ചീരകമോ ജീരകവര്‍ഗമോ അല്ല എന്നതാണ് സത്യം.
Nigella sativa എന്ന ആ ചെടി Ranunculaceae കുടുംബത്തില്‍പെട്ട മറ്റൊരു സസ്യമാണ്.
കരിഞ്ചീരകത്തിനോട് ഏകദേശം സമാനമായ മണം ഇതിനുമുണ്ട് (മല്ലിച്ചപ്പും ആഫ്രിക്കന്‍ മല്ലിയും പോലെ) എന്നതാണ് കച്ചവട ലോബി ഇതിനെ കരിഞ്ചീരകമാക്കാനുള്ള കാരണം. ആഫ്രിക്കന്‍ മല്ലിക്ക് ഒരുപാട് ഗുണഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നിരിക്കെക്കൂടി, മണം ഒരുപോലെയാണെന്ന പേരില്‍മാത്രം മരുന്നില്‍ മല്ലിച്ചപ്പ് (Coriandrum Sativum) ചേര്‍ക്കാന്‍ പറഞ്ഞിടത്ത് പകരം ആഫ്രിക്കന്‍ മല്ലി (Eryngium feotidum) ഉപയോഗിക്കില്ലല്ലോ.
ലഭ്യമായ മിക്ക സസ്യങ്ങളേയു മെന്ന പോലെ Nigella sativa എന്ന ചെടി ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും പല രോഗങ്ങ ള്‍ക്കും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, തിരുനബി(സ) മരണമൊഴികെ ഏതുരോഗത്തിനും ശിഫയുണ്ടെന്നു പറഞ്ഞ കരിഞ്ചീര കം ആണെന്ന ധാരണയില്‍ ഭീമന്‍വിലകൊടുത്ത് വാങ്ങി ഉപയോഗിക്കാന്‍ മാത്രം അമൂല്യമോ ഏതുരോഗത്തിനും ഫലപ്രദമോ ഒന്നുമല്ല ഈ വ്യാജ കരിഞ്ചീരകവും അതില്‍ നിന്നെടുക്കുന്ന എണ്ണയുമെന്നു തിരിച്ചറിയുക. ഇന്ത്യയില്‍ ഒറിജിനല്‍ കരിഞ്ചീരകം കാശ്മീരില്‍ അനുകൂല കാലാവസ്ഥ നോക്കി വളരെക്കുറച്ചു മാത്രം കൃഷിചെയ്യാന്‍ സാധിച്ചുവരുന്ന സസ്യവും, വ്യാജ കരിഞ്ചീരകം പഞ്ചാബിലും സമീപ സ്ഥലങ്ങളിലും ധാരാളമായി കൃഷിചെയ്ത് വന്‍ വില വാങ്ങി വിശ്വാസത്തെ മറയാക്കി കൊള്ളലാഭത്തില്‍ വില്‍പന നടത്തുകയും ചെയ്തു വരുന്നു. ഈ കാര്യങ്ങള്‍ കൂടി പറയാതിരുന്നാല്‍ ലേഖനം അപൂര്‍ണവും അനുചിതവുമാകും, വന്നത് ആരാമത്തിലായതു കൊണ്ട്; ആരാമത്തിനൊരു വിശ്വാസ്യത യുള്ളതു കൊണ്ട്.
ഡോ. റഷീദ് ഹുസൈന്‍ ടി.പി
ചെറുപുത്തൂര്‍, മോങ്ങം
ആന്തമാനിലെ കുടുംബം
ചരിത്ര നിര്‍മിതിക്കിടയില്‍ ആരെയും കാണിക്കാതെ ബോധപൂര്‍വം മറച്ചുവെച്ചിരുന്ന പെണ്‍ജീവിതങ്ങള്‍ ചികഞ്ഞെടുത്ത് സമൂഹത്തിനുമുന്നിലേക്കെത്തിച്ച കഴിഞ്ഞ ലക്കത്തിലെ താളുകള്‍ മികവുറ്റതായി. ആന്തമാനിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മലബാര്‍ മാപ്പിളമാര്‍ക്കും കുടുംബമുണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിഞ്ഞത്! ആരാമത്തിനുവേണ്ടി ആന്തമാനില്‍ ചെന്ന് വീട്ടിക്കാടന്‍ ഫാത്തിമയെ കാണുകയും അനുഭവങ്ങള്‍ വായനക്കാര്‍ക്കായി നല്ല ഭാഷയില്‍ വിവരിക്കുകയും ചെയ്ത സദ്‌റുദ്ദീന്‍ വാഴക്കാടിനും അഭിനന്ദനങ്ങള്‍.
ഫിദ നബീല്‍
കൊയിലാണ്ടി
ജങ്ക്ഫുഡ്
മജീഷ്യന്നാഥിന്റെ ജങ്ക്ഫുഡ് (ജനുവരി ലക്കം) വായിച്ചു. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ജങ്ക്ഫുഡ് നിരോധിച്ച വാര്‍ത്ത സ്വാഗതാര്‍ഹം തന്നെ. സ്‌കൂള്‍പരിസരത്തും ഇവ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ പ്രീതിപറ്റാനും സൗകര്യവും നോക്കി ജങ്ക്ഫുഡ് സംസ്‌കാരം അരങ്ങേറുമ്പോള്‍ ആരോഗ്യമില്ലാത്ത രോഗവാഹകരമായ യുവതലമുറയെയും നമ്മള്‍ ചിന്തിക്കണം. ഈ കാരണത്താല്‍ ഞാന്‍ ജോലിചെയ്യുന്ന സീനിയര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 20 വര്‍ഷത്തോളമായി സ്‌കൂള്‍കാന്റീന്‍ വേണ്ടെന്നുവെച്ചിട്ട്. ആരോഗ്യം മാത്രമല്ല, സ്‌നേഹവും വീട്ടിലെ ഭഷണം തരും.
ആര്‍.എം ഇബ്രാഹീം
വെളുത്തൂര്‍, തൃശൂര്‍
ആശ്വാസം
ഹൃദയത്തില്‍ കൊളുത്തി വലിച്ചു കല്‍പറ്റ നാരായണന്റെ 'ആശ്വാസം' എന്ന കവിത. അമ്മയുടെ സ്‌നേഹം എത്രകിട്ടിയിട്ടും മതിയാകാത്തതെന്താണാവോ?! നെഞ്ചിലെ നീറുന്ന നോവായിരിക്കും നഷ്ടപ്പെട്ടുപോയ അമ്മ. കവിതകള്‍ ആസ്വദിക്കാറുണ്ട്. പക്ഷെ, ഇതുപോലെ കരളില്‍ പിടിച്ച് തൂങ്ങിയാടാറില്ല കവിതകള്‍. സ്വയം ഒരമ്മയായതു കൊണ്ടോ വിവാഹത്തോടെ ഭാഗികമായെങ്കിലും അമ്മയെ പിരിയേണ്ടി വന്നതുകൊണ്ടോ എന്താണെന്നറിയില്ല ഈ കവിതയെന്നെ ഇങ്ങനെ പിന്തുടരുന്നത്. ഭര്‍തൃവീട്ടുകാരുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും സ്‌നേഹം കുറെനാള്‍ അനുഭവിച്ചു കഴിയുമ്പോഴാണ് നാം മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കുന്നത്. അമ്മയുടെ സ്‌നേഹം ശല്യമാകുന്ന കൗമാരത്തിന് മനസ്സിലാകുമോ ആവോ ഇത്. തിരക്കിന്റെ നെട്ടോട്ടത്തിനിടയില്‍ ഇത്രയും ആര്‍ദ്രത പകര്‍ന്നു തന്ന കവിക്ക് നന്ദി. ആയുസ്സ് വര്‍ധിച്ചു കിട്ടട്ടേ നമ്മുടെ മാതാപിതാക്കള്‍ക്ക്...
കെ.എം ജാസ്മിന്‍,
വടുതല
ചരിത്രത്തിലെ സ്ത്രീ
അബ്ദുല്ല നദ്‌വി കുറ്റൂരിന്റെ ചരിത്രത്തിലെ സ്ത്രീ എന്ന ലേഖനം സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. പ്രവാചകന്റെ രണ്ടാമത്തെ പുത്രിയായ റുഖിയയെ പരാമര്‍ശിക്കുന്ന ഭാഗം വളരെ നന്നായി. ചരിത്രത്തില്‍ സ്ത്രീകള്‍ അനുഭവിച്ച ക്ലേശങ്ങള്‍ നിരവധിയാണ്.
യുദ്ധത്തില്‍ യാതൊരു അമ്പരപ്പുമില്ലാതെ പോരാടിയ ഉമ്മുസുലൈം, സുമയ്യ(റ), ഭരണാധികാരികളുടെ നിഷ്ഠൂരതയെ ചോദ്യം ചെയ്ത ഹമീദാബാനു, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ ഇസ്‌ലാം അന്വേഷിച്ചു നടന്ന ഉമ്മുകുല്‍സു, ഇസ്‌ലാമിനു വേണ്ടി ഇരുട്ടറയില്‍ എല്ലാ പീഢനവും സഹിച്ച മാലികാ സ്വലാഹ് അങ്ങനെ എത്രയോ പേരെ ചരിത്രം പരിശോധിച്ചാല്‍ കാണാം. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനാവാതെ നിസ്സഹായരായി നില്‍ക്കുന്നവര്‍ക്ക് ചരിത്രത്തിലെ സ്ത്രീകള്‍ പ്രചോദനമാവട്ടെ
അന്‍ഷിദ ബാസില്‍
തൊടികപ്പുലം