ഹലാലായ- നിയമവിധേയവും സംശുദ്ധവുമായ- സമ്പത്തിനുവേണ്ടിയുള്ള അധ്വാന പരിശ്രമങ്ങള്‍ ഭക്തിപൂര്‍വമുള്ള ദൈവാരാധന പോലെയും ധര്‍മസമരം പോലെയുമൊക്കെ ആണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
സമ്പത്ത് സമാര്‍ജിക്കുന്നതിന്റെ ഒന്നാമത്തെ മാര്‍ഗം, അത് വ്യാപാരമായാലും വ്യവസായമായാലും കാര്‍ഷിക
ഹലാലായ- നിയമവിധേയവും സംശുദ്ധവുമായ- സമ്പത്തിനുവേണ്ടിയുള്ള അധ്വാന പരിശ്രമങ്ങള്‍ ഭക്തിപൂര്‍വമുള്ള ദൈവാരാധന പോലെയും ധര്‍മസമരം പോലെയുമൊക്കെ ആണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
സമ്പത്ത് സമാര്‍ജിക്കുന്നതിന്റെ ഒന്നാമത്തെ മാര്‍ഗം, അത് വ്യാപാരമായാലും വ്യവസായമായാലും കാര്‍ഷിക വൃത്തിയായാലും മറ്റിതര തൊഴിലുകളോ സേവന പ്രവര്‍ത്തനങ്ങളോ ആയാലും തൊഴിലാണ്. താന്‍ ധനം സമ്പാദിച്ചതെങ്ങനെയെന്ന് പരലോകത്ത് കണിശമായി ചോദ്യം ചെയ്യപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ധനസമ്പാദനത്തിന്റെ ഉപാധിയായ തൊഴിലിനെയും കൂലിയെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്. അനുവദനീയമായ തൊഴിലേത്, നിഷിദ്ധമായതേത്, വിഹിതമേത്, അവിഹിതമേത് എന്ന് കൃത്യമായി വിലയിരുത്തി തൊഴിലിനെ സമീപിക്കേണ്ടതുണ്ട്. എങ്ങനെ സമ്പാദിച്ചുവെന്ന പരലോകത്തെ ചോദ്യത്തിന്റെ പരിധിയില്‍ ഇതൊക്കെ ഉള്‍പെടുന്നുണ്ട്. വേശ്യാലയങ്ങളുടെയും ചൂതാട്ട കേന്ദ്രങ്ങളുടെയും മദ്യഷാപ്പുകളുടെയും നടത്തിപ്പോ പലിശ സ്ഥാപനങ്ങളിലെ ജോലിയോ അല്ലാഹുവിന്റെ നിരോധനങ്ങളെ അനുവദനീയങ്ങളോ, അനിവാര്യങ്ങളോ ആക്കിത്തീര്‍ക്കുന്നില്ല. ഈ ദൃശ സംരംഭങ്ങളിലേര്‍പ്പെടാതിരുന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം പോവില്ലേ എന്ന തടസ്സവാദവും ശരിയല്ല. ന്യായവും അനുവദനീയവുമായ ഏറെ മാര്‍ഗങ്ങളും സാധ്യതകളും ഉണ്ടായിരിക്കെ, അവയില്‍ ശ്രദ്ധയൂന്നി പ്രാര്‍ഥനാപൂര്‍വം മുന്നേറിയാല്‍ തന്നെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മിതവും ന്യായവുമായ പുരോഗതി കൈവരിക്കാവുന്നതാണ്. 'പുരോഗമനം' എന്നത് അര്‍ഥമാക്കുന്നത് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ്. ഐഹിക ജീവിതത്തിനപ്പുറം ഒന്നും ദര്‍ശിക്കാത്ത ശുദ്ധഭൗതികര്‍ക്ക് പുരോഗമന പരമാകുന്നത് 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന അടിസ്ഥാന ആദര്‍ശത്തിലും പരലോകത്തിലും ഉറച്ച് വിശ്വസിക്കുന്നവര്‍ക്ക് പുരോഗമനപരമാകില്ല. 'പരലോകമാകുന്നു ഏറെ ഉത്തമവും എന്നെന്നും നിലനില്‍ക്കുന്നതും.'(87:17)
'ലാഇലാഹ ഇല്ലല്ലാഹ്' മുഴുജീവിതത്തെയും ഉള്‍കൊള്ളുന്നുവെന്ന് ദൃഢബോധമുള്ള സത്യവിശ്വാസി ജീവിതത്തിലെ ഉപജീവനമാര്‍ഗം (തൊഴില്‍) ഉള്‍പെടെയുള്ള സകല വിശദാംശങ്ങളെയും ആ ആദര്‍ശവാക്യത്തിന്റെ തേട്ടവും പൊരുളുമനുസരിച്ച് സമീപിക്കാന്‍ സദാ ബാധ്യസ്ഥനാകുന്നു. ഒരു മുസ്‌ലിമിന് സ്വയം നിഷിദ്ധമായ ജോലികളേതെന്നും സ്വയം അനുവദനീയമായ ജോലികളേതെന്നും സാഹചര്യപരമായ കാരണങ്ങളാല്‍ നിഷിദ്ധമാകുന്ന തൊഴിലുകള്‍ ഏതൊക്കെയെന്നും അനിവാര്യ കാരണങ്ങളാലും സാഹചര്യത്തിന്റെ നിര്‍ബന്ധിതാവസ്ഥയിലും മാത്രം അനുവദനീയമായിത്തീരുന്ന തൊഴിലുകളേതൊക്കെയെന്നുമെല്ലാം വേര്‍തിരിച്ച് കൃത്യമായി നിര്‍ണയിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിമിന്റെ പുരോഗതി ഒരേ സമയം ഭൗതികവും ആത്മീയവുമായ ജീവിതങ്ങളോട് ബന്ധപ്പെട്ടതാണ്. അവന്റെ താല്‍ക്കാലികവും ക്ഷണികവുമായ ഭൗതിക പുരോഗതി അനശ്വരമായ പാരത്രിക ജീവിതത്തെ തുലച്ചു കൊണ്ടായിക്കൂടാ.
ഒരു പൂര്‍ണ മുസ്‌ലിമിന്റെ ശരിയായ പുരോഗതി അവന്‍ തന്റെ റബ്ബിന്റെ വിധിവിലക്കുകളെ എത്രമാത്രം അനുസരിച്ച് ജീവിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്. നാഥന്റെ ആജ്ഞാനിരോധങ്ങളെ തീരെ പരിഗണിക്കാതെ ജീവിക്കുമ്പോള്‍ അവന്‍ അധഃപതിക്കുന്നു. 'നിങ്ങള്‍ തന്നെയാണ് ഉന്നതര്‍, നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍.' (വി:ഖു:)
ആകയാല്‍ ഒരു സത്യവിശ്വാസിയുടെ തൊഴില്‍പരമോ ഉപജീവനപരമോ ആയ സമീപനത്തെ അവന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തില്‍നിന്നും തത്വത്തില്‍നിന്നും വേര്‍പെടുത്തി ക്ഷണിക നേട്ട കോട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച്, തത്വാധിഷ്ഠിതമായിട്ടാണ് വിലയിരുത്തേണ്ടത്. പക്ഷെ, തെറ്റായ രീതികളില്‍ ആണ്ടു പോയതിനാല്‍ മുസ്‌ലിം സമുദായത്തിന് തൊഴില്‍, ധനസമ്പാദനം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും സ്വന്തമായി വീക്ഷണമോ നിലപാടോ ഇല്ലാത്ത ദുരവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. 'അവരുടെയിടയില്‍ കാലം കുറേയേറെ കഴിഞ്ഞപ്പോള്‍ അവരുടെ മനസ്സുകള്‍ മരവിച്ചുപോയി. തല്‍ഫലമായി അവരിലധികവും മ്ലേഛരായി.' (57:16) 'അവര്‍ സമ്പാദിച്ചു കൂട്ടിയത് നിമിത്തം അവരുടെ മനസ്സുകള്‍ കറപുരണ്ടു.' (83:14) മാന്യമായ ഉപജീവനം തേടിക്കൊണ്ടുള്ള അധ്വാന പരിശ്രമങ്ങളെ സംബന്ധിച്ച് ഇസ്‌ലാമിന് വളരെ ഉദാത്തമായ കാഴ്ചപ്പാടാണുള്ളത്. തീര്‍ച്ചയായും നാം മാനവനെ അത്യധ്വാനം ചെയ്യേണ്ടതിനാണ് സൃഷ്ടിച്ചിട്ടുള്ളത്.' (90:4)
'ഹേ! മനുഷ്യാ നീ അധ്വാനിക്കുന്നവനാകുന്നു. കഠിനാധ്വാനം ചെയ്യുന്നവനായിക്കൊണ്ട് നിന്റെ റബ്ബിനെ നീ കണ്ടുമുട്ടേണ്ടവനുമാകുന്നു.' (84:6)
സൃഷ്ടികളില്‍ വളരെ ശ്രേഷ്ഠനായ മനുഷ്യനില്‍ റബ്ബ് നിക്ഷേപിച്ച 'അമാനത്തി'ന്റെ (53:72) തേട്ടവും പാലനവുമാണ് അധ്വാനിച്ച് മുന്നേറുകയെന്നത്. നബി(സ) പറഞ്ഞു: 'സത്യവിശ്വാസി നെറ്റി വിയര്‍ത്തുകൊണ്ട് അഥവാ അധ്വാനപരിശ്രമങ്ങളില്‍ നിരതനായിക്കൊണ്ട് മരണം പ്രാപിക്കുന്നു.' മഹാന്മാരായ പൂര്‍വികര്‍ നല്‍കിയ മറ്റൊരു ഉപദേശം ഇങ്ങനെ: 'നിന്റെ പരലോക നന്മക്കുവേണ്ടി യത്‌നിക്കുമ്പോള്‍ നീ നാളെ മരിക്കുമെന്നപോലെ ചെയ്യുക; ചെയ്യാനുള്ളത് പിന്നെയാവാമെന്ന് കരുതി നീട്ടിവെക്കാതെ കര്‍മനിരതനാവുക. നിന്റെ ഐഹിക കാര്യങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ എന്നെന്നും ജീവിക്കുമെന്ന പോലെ അനന്ത ഭാവിയെ മുന്നില്‍ കണ്ട് പരിശ്രമിക്കുക.'
ഒരു സത്യവിശ്വാസി ധനസമ്പാദനം നടത്തുമ്പോള്‍ അവന്‍ ലോകാന്ത്യം വരെയുള്ള മനുഷ്യവംശത്തിന്റെ സുദീര്‍ഘ ശൃംഖലയിലെ ഒരു കണ്ണിയാണ്. ആകയാല്‍ ഭാവിതലമുറയെ മുന്നില്‍ കണ്ടുകൊണ്ടാണ് അവന്‍ അധ്വാനിക്കേണ്ടതെന്നതാണ് മേല്‍ ഉല്‍ബോധനത്തിന്റെ പൊരുള്‍. വേലയുടെ കൂലിയുമായി ബന്ധപ്പെട്ട് നബിയുടെ അധ്യാപനം, 'അധ്വാനിച്ചവന്റെ വേതനം അവന്റെ വിയര്‍പ്പ് വറ്റി ഉണങ്ങുന്നതിന് മുമ്പെ നല്‍കണ'മെന്നതാണ്. ഉല്‍പാദനത്തിനും ഭൗതിക വിഭവസമാഹരണത്തിനും വേണ്ടിയുള്ള അധ്വാന പരിശ്രമങ്ങളെ പുണ്യകരമായ ആരാധനയായി കാണുന്ന ഇസ്‌ലാം അധ്വാനത്തെ മാനിച്ചുകൊണ്ട് സകാത്തില്‍ നല്‍കുന്ന ഇളവുകള്‍ ചിന്തനീയമാണ്.
1. കാര്‍ഷികോല്‍പന്നങ്ങളുടെ സകാത്ത് ഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയതാണെങ്കില്‍ അഞ്ച് ശതമാനം മതി. അധ്വാനം സ്വയം നടത്തിയതാവണമെന്നില്ല. കൂലി നല്‍കി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിച്ചതായാലും മതി.
അവനവനായാലും മറ്റാരെങ്കിലുമായാലും ഫലത്തില്‍ അധ്വാനമാണ് നടക്കുന്നത്. അതിനെയാണ് മാനിക്കേണ്ടത്. കൂലിച്ചെലവ് എന്ന ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ അത് സാമ്പത്തികം മാത്രമായി ചുരുങ്ങിപ്പോകും. സ്വയം കഠിനധ്വാനം ചെയ്ത് ഉല്‍പാദനം നടത്തുന്നവന് അധിക സാമ്പത്തിക ചെലവ് ഉണ്ടാകണമെന്നില്ല. സാമ്പത്തിക ചെലവില്ലെങ്കില്‍ പത്തുശതമാനം കൊടുക്കണമെന്ന് പറഞ്ഞാല്‍ അധ്വാനിക്കുന്നവനെ പ്രതികൂലമായി ബാധിക്കും. മണ്ണില്‍ പാടുപെട്ടു പണിയെടുക്കുന്നവനുള്ള ആദരവും ഇളവുമാണ് അവന്‍ അഞ്ച് ശതമാനം സകാത്ത് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ. അധ്വാനിക്കാതെ പ്രകൃതിയുടെ ആനുകൂല്യങ്ങളെ മാത്രം അവലംബിച്ച് ഉല്‍പാദനം നടത്തുന്നവരില്‍നിന്ന് പത്ത് ശതമാനം വസൂല്‍ ചെയ്യണമെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.
2. കൃഷിയിടം എന്ന നിലയില്‍ ഭൂമിക്ക് സകാത്തില്ല. (റിയല്‍ എസ്റ്റേറ്റ് എന്ന ഏര്‍പ്പാടില്‍ ഭൂമി കച്ചവട വസ്തുവകയായതിനാല്‍, അപ്പോള്‍ അതിന്റെ മൂല്യത്തിന് സകാത്തുണ്ട്.) വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന്റെ പുരോഗതി കൃഷിയോട് ഉപമിച്ചിട്ടാണ് വിശദീകരിച്ചിട്ടുള്ളത് (ഉദാ: 2:261). ഇഹലോകത്തെ പരലോകത്തേക്ക് വിഭവങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്നതിനുള്ള കൃഷിയിടം എന്ന് നബി(സ) വിശേഷിപ്പിച്ചതിലും ഗുണപാഠങ്ങളുണ്ട്. കൃഷി ഭൂമിക്ക് സകാത്തില്ല എന്ന് ഇസ്‌ലാം നിര്‍ണയിച്ചത് ഭൂമി, കര്‍ഷകന്‍, അധ്വാനം എന്നിവ തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം പരിഗണിച്ചു കൂടിയാണ്. 'അല്ലാഹുവിന്റെ ഭൂമി' (അര്‍ളുല്ലാഹ്) എന്നാണല്ലോ ഖുര്‍ആന്‍ പ്രയോഗിച്ചത്. ഇസ്‌ലാമിക ദൃഷ്ട്യാ വ്യക്തിക്ക് ഭൂമിയില്‍ സോപാധികമായ പ്രാതിനിധ്യ കൈകാര്യാവകാശമേ ഉള്ളൂ. വരണ്ട ഭൂമിയെ ഉജ്ജീവിപ്പിച്ച് ഉല്‍പാദനം നടത്തുകയെന്നതാണ് ഉപാധി. ഈ ഉപാധി ഫലപ്രദമായി നടപ്പാക്കുന്നതിനെ ആസ്പദമാക്കിയാണ് ഭൂമിയുടെ മേല്‍ മനുഷ്യനുള്ള കൈകാര്യാധികാരം. ഈ കൈവശാവകാശം (താല്‍ക്കാലിക ഉടമസ്ഥത) ക്രമീകരിക്കുന്നതില്‍ ഇസ്‌ലാമിക ഭരണ കൂടത്തിന്റെ കര്‍ശനമേല്‍നോട്ടം സദാ ഉണ്ടായിരിക്കണം.
'ഭൂമി അതിനെ ഉജ്ജീവിപ്പിക്കുന്നവനുള്ളതാണ്' എന്ന പ്രഖ്യാതമായ പ്രവാചക വചനം ഭൂമിയുടെ മേലുള്ള വ്യക്തിയുടെ കൈവശാവകാശം, അവന്‍ അതില്‍ നടത്തുന്ന അധ്വാനത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കിത്തരുന്നു. ആരെങ്കിലും തുടര്‍ച്ചയായി മൂന്ന് കൊല്ലം കൃഷിയൊന്നും ചെയ്യാതെ ഭൂമിയെ തരിശായി ഇട്ടാല്‍ അത് ഇസ്‌ലാമിക ഭരണകൂടം പിടിച്ചെടുത്ത് കൃഷിചെയ്യുന്നവന് നല്‍കണമെന്ന ഇസ്‌ലാമിക തത്വം വിഷയത്തെ കൂടുതല്‍ സ്പഷ്ടമാക്കുന്നുണ്ട്.
ഒരാള്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി അതിന്റെ കായ്കനികള്‍ പക്ഷികള്‍ ഭുജിച്ചാലും, അതിന്റെ ഇല കന്നുകാലികള്‍ ഭക്ഷിച്ചാലും, അതിന്റെ ചോല വഴിയാത്രക്കാര്‍ക്ക് തണലേകിയാലും, അതിലെല്ലാം കര്‍ഷകന് മഹത്തായ പുണ്യമുണ്ടെന്ന പ്രവാചക വചനം കൂടി ഇതിനോട് ചേര്‍ത്തു പഠിക്കേണ്ടതുണ്ട്. ഇത്രയും പറഞ്ഞതില്‍നിന്ന് താഴെ പറയുന്ന പ്രധാന വസ്തുക്കള്‍ സംക്ഷേപിക്കാവുന്നതാണ്.
എ) മണ്ണില്‍ പാടുപെട്ട് പണിയെടുക്കുന്നവന് വലിയ പ്രോത്സാഹനവും പരിഗണനയും. അവന്‍ ഭൂമി എന്ന മൂലധനത്തിന്- അടിസ്ഥാനഘടകത്തിന്- അതെത്രമാത്രം വിശാലമായാലും സകാത്ത് നല്‍കേണ്ടതില്ല. ഭൂമിയില്‍ ആര്‍ക്കും പൂര്‍ണമായ ഉടമാധികാരമില്ല. കൈവശാവകാശം സോപാധികമാണ്. ഭൂമിയെ ഉജ്ജീവിപ്പിച്ച് പരമാവധി ഉല്‍പാദനം നടത്തണമെന്നതാണ് ഉപാധി. ഇത് കര്‍ഷകന് ഭൂമിയില്‍ ഫലപ്രദമായി വേല ചെയ്യാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കുന്നു. കാര്‍ഷികേതര പല വരുമാനങ്ങള്‍ക്കും വര്‍ഷം തോറും രണ്ടര ശതമാനം സകാത്ത് ആവശ്യപ്പെടുമ്പോള്‍ അത് ആവര്‍ത്തിച്ച് നല്‍കേണ്ടിവരുന്നുണ്ട്. എന്നാല്‍ കര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനത്തിന്റെ അഞ്ചോ പത്തോ ശതമാനം വിളവെടുക്കുമ്പോള്‍ ഒരിക്കല്‍ മാത്രം നല്‍കിയാല്‍ മതി.
ബി) കൃഷിയിറക്കാതെ ഭൂമിയെ പാഴാക്കിയിടുന്നവന് കര്‍ശന താക്കീത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം തരിശാക്കിയിട്ടാല്‍ കൈവശാവകാശത്തിന്റെ ഉപാധി പാലിച്ചില്ലെന്ന ന്യായത്തില്‍ ഭൂമി പിടിച്ചെടുത്ത് ഫലപ്രദമായ കൃഷി ചെയ്യുന്നവനു വിട്ടുകൊടുക്കുമെന്നത് ഭൂമിയെ സ്‌നേഹിക്കുന്ന, വിശിഷ്യാ സകാത്ത് വകയിലെ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആരെയും കൃഷിയിറക്കാന്‍ പ്രേരിപ്പിക്കും.
സി) സോപാധിക കൈവശാവകാശത്തിന്റെ സല്‍ഫലം ഉല്‍പാദനത്തില്‍ (വിളവുകളില്‍) ദൃശ്യമാകും. തരിശുഭൂമി പരമാവധി കുറയും. സകാത്തിന്റെ തോത് അഞ്ച് ശതമാനത്തില്‍ പരിമിതപ്പെടുത്താന്‍ കര്‍ഷകന്‍ തന്റെ അധ്വാനം വഴി ശ്രമിക്കും. ഇത് ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കും. ഭക്ഷ്യക്കമ്മി നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും. പരാന്നഭോജികളായും ഭൂമിക്ക് ഭാരമായും അലസരായി കഴിഞ്ഞുകൂടുന്ന ജന്മി വര്‍ഗത്തിന്റെ ഉന്മൂലനവും ഇത് വഴി സാധ്യമാകും.
അനുവദനീയമായ തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ തന്റെയും ആശ്രിതരുടെയും ജീവിതാവശ്യങ്ങള്‍ കഴിച്ച് മിച്ചം വരുന്ന വിഭവങ്ങളെ- ധനത്തെ- ആണ് ഖുര്‍ആന്‍ 'മാല്‍' എന്ന് വ്യവഹരിക്കുന്നത്. കാര്‍ഷികേതര വൃത്തികളിലൂടെയുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തിലാണ് കണക്കാക്കേണ്ടതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
1. സര്‍ക്കാറിനും വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും മാത്രമല്ല, കൃത്യമായി കണക്കു (അക്കൗണ്ടിംഗ്) വേണ്ടത്. ഇസ്‌ലാമിക ദൃഷ്ട്യാ എല്ലാ മുസ്‌ലിംകളും വരവും ചെലവും കൃത്യമായി എഴുതി സൂക്ഷിക്കണം. എങ്കിലേ സാമ്പത്തികമായ അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷാന്ത്യത്തില്‍ ബാലന്‍സ് ഷീറ്റ് തയ്യാറാക്കി മിച്ച ധനമുണ്ടെങ്കില്‍ സകാത്തിന്റെ വിഹിതം ഉത്തരവാദപ്പെട്ടവരെ ഏല്‍പിക്കേണ്ടതാകുന്നു. കടമിടപാടുകള്‍ കണിശമായി എഴുതിവെക്കേണ്ടതിന്റെ ആവശ്യകത 2:282, 83 സൂക്തങ്ങളില്‍ വിശദമായി ഗൗരവപൂര്‍വം പറഞ്ഞത് പ്രത്യേകം സ്മരണീയമാണ്. ഈ സൂക്തങ്ങളില്‍ 'തഖ്‌വ' (ഭയഭക്തി, സൂക്ഷ്മത) എന്നത് ഒന്നിലേറെ തവണ പറയുന്നുമുണ്ട്.
2. ഓരോ വ്യക്തിക്കും ഒരു സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കണം. (വര്‍ഷാന്ത്യം റമദാനാവണമെന്നൊന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ല.) ഒരു കൊല്ലം ഒരാളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ചെലവുകളും വരവുകളും മറ്റുകാര്യങ്ങളുമെല്ലാം ഉള്‍കൊള്ളാവുന്ന കാലാവധിയാണ്. മാനുഷികതയിലും സാമൂഹ്യതയിലും ഊന്നുന്ന ഒരു പ്രായോഗിക ജീവിത വ്യവസ്ഥിതിക്ക് അതിന്റെ പൗരന്മാരെ കേവലം സാമ്പത്തിക ദര്‍പണത്തില്‍ കാണാനാവില്ല; മറിച്ച്, മാനുഷിക തലത്തില്‍ കൂടി കാണേണ്ടതുണ്ട്. ആകയാല്‍, ഖുര്‍ആനും നബിചര്യയും കാലപരിഗണനയില്‍ നിന്ന് മാറ്റി നിര്‍ത്തിയ കൃഷി പോലുള്ള ഇനങ്ങള്‍ കഴിച്ചുള്ളവയില്‍ ഒരു സംവത്സരമെന്ന കാലാവധി പാലിക്കണം. കാര്‍ഷിക മേഖലയില്‍ വാര്‍ഷിക കാലാവധി ഇല്ലാതിരിക്കാന്‍ കാരണം താഴെ പറയുന്ന കാര്യങ്ങളാണെന്ന് അനുമാനിക്കാവുന്നതാണ്.
1. കാര്‍ഷികോല്‍പന്നങ്ങള്‍ മനുഷ്യന്റെ ദൈനംദിനാഹാരമാണ്. കാര്‍ഷികോല്‍പന്നങ്ങളില്‍ ചിലത് ദീര്‍ഘകാലം സൂക്ഷിക്കാന്‍ പ്രയാസമുള്ളതും എളുപ്പം ചീഞ്ഞു പോകുന്നതും (perishable) ആകാനിടയുണ്ട്. അതിന്റെ സകാത്ത്, വിളവെടുപ്പ് വേളയില്‍ തന്നെ വസൂല്‍ ചെയ്തില്ലെങ്കില്‍ അത് സകാത്തിന്റെ അവകാശികള്‍ക്ക് (ഗുണഭോക്താക്കള്‍ക്ക്) പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കും. അനുഭവിക്കാനാവാതെ പാഴാകാനിടയായേക്കും.
2. കര്‍ഷകന്‍ തന്റെ സകാത്ത്, ഉല്‍പന്നമായി തന്നെ നല്‍കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഇതുവഴി ആവശ്യ ഭക്ഷ്യസാധനങ്ങളുടെ കമ്മി കാരണം കമ്പോളത്തില്‍ വിലവര്‍ധിക്കാനുള്ള സാധ്യത തടയുന്നു.
3. ഉല്‍പന്നം- ഭക്ഷ്യപദാര്‍ഥം- നല്‍കുന്നതില്‍ ഒരു ഹൃദ്യത ഉണ്ട്. അധ്വാനിച്ചുണ്ടാക്കിയ ഉല്‍പന്നം തന്നെ ദാനമായി നല്‍കുമ്പോഴുള്ള ദാതാവിന്റെയും സ്വീകരിക്കുന്നവന്റെയും നിര്‍വൃതി ചിലപ്പോള്‍ കാശ് നല്‍കുമ്പോഴുണ്ടാവില്ല. മാത്രമല്ല, കാശ് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കല്ലാതെ താരതമ്യേന അപ്രധാനമോ അല്ലെങ്കില്‍ ഒരുവേള അനാവശ്യമോ ആയ കാര്യങ്ങളിലേക്ക് വഴിമാറിപ്പോകാനിടയുണ്ട്. അതുകൊണ്ടായിരിക്കാം, അന്നദാനം ഏറെ വിശിഷ്ടമാണെന്ന് പണ്ടുമുതലേ കരുതിപ്പോരുന്നത്.