പേടിക്കേതില്ല; ഈ പരീക്ഷാ കാലത്തെ
പ്രൊഫ. നസീറാ നജീബ്
2016 മാര്‍ച്ച്
ഇനി പരീക്ഷക്കാലം. കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും അധ്യാപകരിലും കടുത്ത സമ്മര്‍ദ്ദവും പിരിമുറുക്കവും ഉറക്കകുറവും വരെ പ്രത്യക്ഷപ്പെടുന്ന കാലം.
പഠനത്തിന്റെ എല്ലാ തലങ്ങളിലും കുട്ടികള്‍ വല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഇതു പലപ്പോഴും വീട്ടിലെയും വിദ്യാലയത്തിലെയും കാര്‍ക്കശ്യം കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ സൃഷ്ടിക്കപ്പെടുന്നതാണ്. താന്‍ പഠിക്കുന്ന
ഇനി പരീക്ഷക്കാലം. കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും അധ്യാപകരിലും കടുത്ത സമ്മര്‍ദ്ദവും പിരിമുറുക്കവും ഉറക്കകുറവും വരെ പ്രത്യക്ഷപ്പെടുന്ന കാലം.
പഠനത്തിന്റെ എല്ലാ തലങ്ങളിലും കുട്ടികള്‍ വല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. ഇതു പലപ്പോഴും വീട്ടിലെയും വിദ്യാലയത്തിലെയും കാര്‍ക്കശ്യം കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ സൃഷ്ടിക്കപ്പെടുന്നതാണ്. താന്‍ പഠിക്കുന്ന കോഴ്‌സിന്റെ പരീക്ഷക്കപ്പുറം വരാനിരിക്കുന്ന ഏതോ പ്രവേശന പരീക്ഷയുടെ ഉയര്‍ന്ന റാങ്ക് സ്വപ്‌നം വരെ കുട്ടികളില്‍ ഉണ്ടാക്കുന്നത് രക്ഷാകര്‍ത്താക്കളാണ്. ഇതും സമ്മര്‍ദ്ദ കാരണമാണ്. കുട്ടിയുടെ കഴിവിനും പ്രാപ്തിക്കും നിപുണതക്കും അപ്പുറം വലിയ പ്രതീക്ഷകളാണ് രക്ഷിതാക്കളും അധ്യാപകരും വെച്ചുപുലര്‍ത്തുന്നത്. ബന്ധുക്കളുടെയോ അയല്‍വാസിയുടെയോ സഹജീവനക്കാരുടെയോ സുഹൃത്തുക്കളുടെയോ മക്കളുടെ മികവും നേട്ടവും എടുത്തുകാട്ടി വാശിയോടെ തന്റെ മക്കളെ അവരെക്കാള്‍ മികച്ചവരാക്കണമെന്ന ചിന്ത ഒരു ഘട്ടത്തില്‍ ദുരാഗ്രഹമായി മാറുന്നു. ഇത് കുട്ടികളില്‍ സൃഷ്ടിക്കുന്ന പ്രതികൂലാവസ്ഥ കണ്ണുതുറന്നു കാണണം.
കലോത്സവങ്ങളിലെ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള രക്ഷിതാക്കളുടെ മത്സരങ്ങള്‍ ചര്‍ച്ചയാവാറുണ്ടെങ്കിലും പഠനത്തിന്റെ പേരിലുള്ള രക്ഷാകര്‍തൃ മത്സരം അത്രത്തോളം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. പേടിയും ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദവും വളര്‍ത്തുന്ന ഈ പഠന പരീക്ഷാ മത്സരങ്ങള്‍ നിര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയിലെ റാങ്കിംഗ് സംവിധാനം ഇത്തരത്തിലുള്ള ഒരു ചുവടുവെപ്പായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് എന്ന പുതിയ മത്സരം വീണ്ടും സമ്മര്‍ദ്ദമുണ്ടാക്കുന്നു. പരീക്ഷയെ കുറിച്ചുള്ള അനാവശ്യമായ മുന്‍വിധികളെല്ലാം പരീക്ഷപ്പേടി സൃഷ്ടിക്കാന്‍ പോന്നവയാണ്.
കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ ഉല്‍ക്കണ്ഠാകുലരാകുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അധ്യാപകര്‍ കൂടി അത്തരം സ്ഥിതിവിശേഷത്തിലെത്തുന്നതിനു കാരണം കൂടി പരിശോധിക്കേണ്ടതുണ്ട്. മൂല്യനിര്‍ണയ പ്രവര്‍ത്തനത്തില്‍ തന്റെ കുട്ടികള്‍ക്കു മാര്‍ക്കോ ഗ്രേഡോ കുറഞ്ഞാല്‍ അത് തന്റെ കഴിവുകേടാണെന്നതിനാലാണ് അധ്യാപകരും ഉല്‍ക്കണ്ഠാകുലരാകുന്നത്. പോരാത്തതിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്ഥാപിത താല്‍പര്യങ്ങളും അവരെ പ്രതിസന്ധിയിലാക്കും.
ഇതുകാരണമാണ് സ്‌കൂള്‍ രക്ഷാകര്‍തൃ സമിതിയിലും ക്ലാസ് പി.ടി.എ യോഗങ്ങളിലും രക്ഷകര്‍ത്താക്കള്‍ക്ക് അവരുടെ കുട്ടികളുടെ പോരായ്മകളും ചില വിഷയങ്ങളിലെ അവരുടെ പ്രയാസങ്ങളും ചൂണ്ടിക്കട്ടി അവ ദൂരീകരി്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
മാര്‍ക്കിന്റെയും ഗ്രേഡിന്റെയും പേരില്‍ കുട്ടികളെ അധിക്ഷേപിക്കാതെ വളരെ സ്വകാര്യമായി അവരുടെ പ്രശ്‌നങ്ങളും പോരായ്മകളും പരിഹാരമാര്‍ഗങ്ങളും ബോധ്യപ്പെടുത്തുന്ന മികച്ച അധ്യാപകര്‍ നമുക്കുണ്ടെന്നതും സത്യമാണ്. ഇത്തരം അധ്യാപകരോട് കുട്ടിക്കും രക്ഷാകര്‍ത്താവിനും ആദരവും സ്‌നേഹവും ബഹുമാനവും കടപ്പാടും ഉണ്ടാവും. മാതൃകാധ്യാപകരായി മാറുന്നതും ഇവരായിരിക്കും. ഇത്തരം അധ്യാപകര്‍ പരീക്ഷയുടെയോ മൂല്യനിര്‍ണയത്തിന്റെയോ പേരില്‍ കുട്ടികളുടെ മാനസിക പിരിമുറുക്കം കൂട്ടുകയില്ല. എന്നുമാത്രമല്ല അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരുകയും ചെയ്യും. ഗ്രൂപ്പു തിരിഞ്ഞ് ഒരുമിച്ചിരുന്നു പഠിക്കാനും മുന്‍കാല ചോദ്യപേപ്പറുകള്‍ വര്‍ക്ക്ഔട്ട് ചെയ്യാനും ക്ലാസ് മുറികള്‍ തികഞ്ഞ ആശ്വാസം നല്‍കുന്നതാകാനും മാതൃകാ അധ്യാപകര്‍ ശ്രദ്ധിക്കും.ഇത്തരത്തില്‍ നല്ല പഠന പിന്തുണ നല്‍കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. ടെലിവിഷന്‍ - കമ്പ്യൂട്ടര്‍ എന്നിവയുടെ ശല്യമില്ലാതെ ശാന്തമായ മുറികള്‍ പഠനത്തിനു നല്‍കണം. മാതാപിതാക്കള്‍ യാതൊരു സമ്മര്‍ദ്ദവും പുറത്തുകാട്ടുകയോ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുകയോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയോ അരുത്. ആഹാര കാര്യത്തില്‍ മിതത്വം പാലിക്കാനും സമീകൃതാഹാരം നല്‍കാനും ആവശ്യത്തിന് ഉറങ്ങാനുമുള്ള അവസരം നല്‍കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
മാതാപിതാക്കള്‍ തമ്മിലോ മറ്റാരെങ്കിലുമായോ സംഘര്‍ഷവും പരസ്പര വഴക്കും ഒക്കെ കുട്ടികള്‍ക്കു മുന്നിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
പരീക്ഷാദിനങ്ങളില്‍ അന്നന്ന് അവലോകനം നടത്തി പേടിപ്പെടുത്താതെ സാന്ത്വനവും ധൈര്യവും പകര്‍ന്നു നല്‍കുക.
മുന്‍കൂട്ടി ടൈംടേബിള്‍ തയ്യാറാക്കി പ്രയാസകരമായി തോന്നുന്ന വിഷയങ്ങള്‍ക്ക് സമയം നീക്കിവെച്ചും അത്യാവശ്യം കളി തമാശകളില്‍ ഏര്‍പ്പെടാന്‍ അനുവദിച്ചും പ്രോത്സാഹിപ്പിക്കാം.
വായന- പഠന മുറിയില്‍ നല്ല വെളിച്ചവും ശുദ്ധവായുവും ഉറപ്പാക്കണം. പഠനസാമഗ്രികള്‍ ക്രമീകരിക്കാനും പെട്ടെന്നു എടുത്തുപയോഗിക്കാനും തക്ക ഫര്‍ണിച്ചറുകള്‍ നല്‍കണം. കിടക്കമുറി പഠനമുറിയാക്കാന്‍ ശ്രമിക്കരുത്.
ഉറക്കമൊഴിഞ്ഞിരുന്നു വായിക്കുന്നതിനേക്കാള്‍ നല്ലത് അതിരാവിലെ എഴുന്നേറ്റ് വായിച്ചു പഠിക്കുന്നതാണ്. പ്രാര്‍ഥന, കൃത്യമായ കുളി, നടത്തം ഒക്കെ ഓര്‍മശക്തികൂട്ടും. ഒപ്പം ഏകാഗ്രതയുളള മനസ്സും ഉണ്ടാക്കും. ഭക്ഷണം അമിതമാവാതെയും ശ്രദ്ധിക്കണം. കഴിച്ചാലുടന്‍ വായനാമുറിയിലേക്ക് പോകാതിരിക്കുകയും വേണം. ഭക്ഷണം ദഹിച്ച ശേഷം മാത്രം വായന തുടങ്ങുക. രാത്രിയില്‍ നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പരീക്ഷയുടെ ഒരാഴ്ച മുമ്പ് പഠനക്കുറിപ്പുകള്‍ വീണ്ടും പരിശോധിക്കുകയും ആവര്‍ത്തനം നടത്തുകയും ചെയ്യുക. പരീക്ഷക്ക് പുറപ്പെടും മുമ്പുതന്നെ പരീക്ഷക്കുള്ള പേന, പെന്‍സില്‍, ഹാള്‍ടിക്കറ്റ് തുടങ്ങിയവയൊക്കെ ബാഗിലാക്കി ഒരുക്കിവെക്കുക.
സ്‌കൂള്‍ എത്ര അടുത്താണെങ്കിലും സാധാരണയിലും നേരത്തെ തിരിക്കുക. ഒരു കാരണവശാലും പരീക്ഷാ ദിനങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കരുത്.
ഹാളിലെത്തിയാല്‍ ഇരിപ്പിടം കണ്ടെത്തിയശേഷം മറ്റാരോടും അനാവശ്യ സംഭാഷണങ്ങളിലും സമ്മര്‍ദ്ദം കൂട്ടുന്ന കാര്യങ്ങളിലും ഇടപെടാതിരിക്കുക. മനസ്സ് സ്വസ്ഥമാക്കി ഒറ്റക്കിരിക്കാന്‍ ശ്രമിക്കുക.
ആദ്യബെല്ലടിച്ചാലുടന്‍ ഇരിപ്പിടത്തിലെത്തുക. പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ കിട്ടിയാല്‍ നിര്‍ദേശം, സമയം, ആകെ ചോദ്യങ്ങള്‍, അവയുടെ മാര്‍ക്ക് എന്നിവ പരിശോധിക്കുകയും ചോദ്യം ഒരാവര്‍ത്തി വായിക്കുകയും ചെയ്യുക.
ഉത്തരപേപ്പറില്‍ എഴുതേണ്ട കാര്യങ്ങളും രജിസ്റ്റര്‍ നമ്പറും യഥാസ്ഥാനത്ത് എഴുതുക. നന്നായറിയാവുന്ന ചേദ്യങ്ങള്‍ക്കു നേരെ ചെറിയ കുത്തിടുക. അവ മുന്‍ഗണനാ ക്രമത്തില്‍ എഴുതുക. പൂര്‍ണമാകാത്ത ഉത്തരങ്ങളുണ്ടെങ്കില്‍ അവയുടെ അവസാനം
അല്‍പം സ്ഥലം കൂടി വിട്ടേക്കുക. പിന്നീട് ഓര്‍മയിലെത്തുമ്പോള്‍ എഴുതാന്‍ ഇതുപകരിക്കും.
സമയം പൂര്‍ത്തിയായ ശേഷം മാത്രമേ ഹാള്‍ വിട്ടിറങ്ങാവൂ. നേരത്തെ എഴുതിക്കഴിഞ്ഞാല്‍ ഉത്തര പേപ്പര്‍ നന്നായി ഒരാവര്‍ത്തി വായിക്കുക. നമ്പര്‍ നല്‍കിയിട്ടുള്ളത് ശരിയാണെന്നു ഉറപ്പാക്കുക. പേജുകളില്‍ നമ്പര്‍ നല്‍കാനും ആകെ പേജുകള്‍ എഴുതാനും നിശ്ചിത കോളങ്ങളുണ്ടെങ്കില്‍ അവ എഴുതുക. പരീക്ഷ കഴിഞ്ഞാല്‍ നേരെ വീട്ടിലെത്തി വിശ്രമിച്ച ശേഷം അടുത്ത പരീക്ഷയെക്കുറിച്ച് ചിന്തിക്കുക.