അരുണോദയം ആഹ്ലാദചിത്തരാക്കുന്നത് പക്ഷിമൃഗാദികളെ മാത്രമല്ല, പ്രകൃതിയെയും പുളകം കൊള്ളിക്കുന്നു. സൂര്യരശ്മികള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജം വൃക്ഷലതാദികള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും ഏറെ ഗുണകരമാണ്. സൂര്യപ്രകാശത്തിലൂടെ അപാരമായ പ്രതിരോധശേഷി ലഭ്യമാവുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
അരുണോദയം ആഹ്ലാദചിത്തരാക്കുന്നത് പക്ഷിമൃഗാദികളെ മാത്രമല്ല, പ്രകൃതിയെയും പുളകം കൊള്ളിക്കുന്നു. സൂര്യരശ്മികള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജം വൃക്ഷലതാദികള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും ഏറെ ഗുണകരമാണ്. സൂര്യപ്രകാശത്തിലൂടെ അപാരമായ പ്രതിരോധശേഷി ലഭ്യമാവുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഹൃദയത്തിന്റെ താളാത്മകത നിലനിര്‍ത്തുവാനും ഓരോ അവയവങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അസംഖ്യം പ്രക്രിയകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനക്ഷമതക്കും പൊന്‍വെയില്‍ ഊര്‍ജം പകരുന്നുവെന്നത് യാഥാര്‍ഥ്യമാണ്.
ഒരു കൊക്കൂണില്‍ (Pupa) നിന്നും ദുര്‍ബലമായൊരു ചിത്രശലഭം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതും നിമിഷങ്ങള്‍ക്കകം ആവേശത്തോടെ പറന്നുയരുന്നതും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ തന്നെ. വിത്തിനകത്ത് നിന്നും പുറത്തെത്തുന്ന ഇളം നാമ്പ്, മണ്ണിനെ വകഞ്ഞുമാറ്റി വെളിച്ചം തേടുന്ന പ്രക്രിയക്കും അനിവാര്യമായ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍.
വെല്ലുവിളികളെ തരണം ചെയ്യാനും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുവാനും കെല്‍പുള്ള രീതിയിലാണ് മനുഷ്യശരീരഘടന സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, ജീവിതശൈലിയിലെ അനാരോഗ്യപ്രവണതകള്‍ പല രോഗങ്ങള്‍ക്കും വളംവെക്കുന്നു.
പുഞ്ചിരി തൂകുന്ന സൂര്യനുനേരെ ജാലകങ്ങള്‍ കൊട്ടിയടച്ച് വിരികള്‍ വലിച്ചിട്ട് മുറിക്കകം എല്ലായ്‌പ്പോഴും ഇരുട്ടാക്കുമ്പോള്‍ നമുക്ക് അന്യമാവുന്നത് പ്രകൃതിദത്തമായ പ്രകാശം മാത്രമല്ല, ആ പൊന്‍പ്രഭയില്‍നിന്ന് ഉത്ഭൂതമാവുന്ന പ്രസരിപ്പ് കൂടിയാണ്.
തുള്ളിച്ചാടി തിമര്‍ക്കുന്ന കുട്ടികളിലെ പ്രസരിപ്പ് എവിടെയോ നഷ്ടമാവുന്നു. പ്രകൃതിരമണീയത ആസ്വദിക്കാനാവാതെ പുസ്തകങ്ങള്‍ക്ക് മുന്നിലും യന്ത്രോപകരണങ്ങള്‍ക്ക് മുന്നിലും തളച്ചിടുമ്പോള്‍ അനാരോഗ്യം വ്യത്യസ്ഥ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
കാല്‍സ്യത്തിന്റെ (Calcium) അപര്യാപ്തതയും ആധിക്യവും ഒരേ ആളില്‍ തന്നെ പരസ്പര വിരുദ്ധങ്ങളായ രണ്ട് രോഗാവസ്ഥകള്‍ ഉണ്ടാക്കുന്നുവെന്നത് ഗവേഷകരില്‍ കൗതുകമുണര്‍ത്തി. കാല്‍സ്യക്കുറവ് മൂലമുണ്ടാകുന്ന ബലക്ഷയവും (Osteoporosis) കാല്‍സ്യത്തിന്റെ ആധിക്യം കാരണമുണ്ടാവുന്ന ഹൃദയധമനികളിലെ ദൃഢീകരണവും (Atherosclerosis) ഒരേ രോഗിയില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന അവസ്ഥാവിശേഷമാണിത്. സമീകൃതാഹാരത്തിന്റെ (Balanced diet) അഭാവമോ വ്യായാമമില്ലായ്മയോ മാത്രമല്ല ഇതിന് കാരണമെന്നും കണ്ടെത്തി.
ജന്തുജന്യമായ ഭക്ഷ്യവസ്തുക്കളില്‍നിന്ന് കിട്ടുന്ന വൈറ്റമിന്‍ കെ2 (Menaquinone) ഉം സൂര്യപ്രകാശത്തിലെ വൈറ്റമിന്‍ ഡി യും കാല്‍സ്യത്തിന്റെ ഉപാപചയപ്രക്രിയ(Metabolism)യില്‍ നിര്‍ണായകമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പച്ചപ്പുല്ല് ആഹരിക്കുന്ന പശുവിന്റെ തിളപ്പിക്കാത്ത പാലിലും ഹൃദയം, കരള്‍, കിഡ്‌നി എന്നിവയിലും വൈറ്റമിന്‍ കെ2 ഉണ്ട്. ജാപ്പനീസ് ഭക്ഷണമായ നറ്റോ(Natto)യില്‍ വൈറ്റമിന്‍ കെ2 കൂടുതലായി കണ്ടുവരുന്നു. കുടലിലുള്ള ബാക്ടീരിയ വൈറ്റമിന്‍ കെ2 ഉല്‍പാദിപ്പിക്കുന്നുണ്ടങ്കിലും ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം മൂലവും മറ്റും അത് ശരീരത്തിനുപകാരപ്പെടാതെ പോകുന്നു.
കാല്‍സ്യത്തെ രക്തത്തിലൂടെ എത്തിക്കുവാന്‍ വൈറ്റമിന്‍ ഡി യും എല്ല്, പല്ല് എന്നിവ യഥാസ്ഥാനത്ത് നിക്ഷേപിക്കുവാന്‍ വൈറ്റമിന്‍ കെ2 ഉം ആവശ്യമാണ്. അതായത്, വൈറ്റമിന്‍ ഡി ഒരു വാഹനം പോലെയും വൈറ്റമിന്‍ കെ2 നിക്ഷേപകനെ (Depositor) പോലെയും വര്‍ത്തിക്കുന്നു. ഇവരണ്ടും ലഭ്യമല്ലാതെ വരുമ്പോള്‍ കാല്‍സ്യത്തിന്റെ വിതരണം തടസ്സപ്പെടുകയും അസ്ഥാനത്ത് കാല്‍സ്യം കെട്ടിക്കിടക്കുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു.
ഹൃദയധമനികളിലെ കാഠിന്യമേറിയ കാല്‍സ്യം നിക്ഷേപത്തിന് (Artery Calcification) എല്ലിനോട് സാദൃശ്യമുണ്ടെന്നതും ഗവേഷകരില്‍ അത്ഭുതമുളവാക്കി. ധമനികളില്‍ കാലക്രമേണ കാല്‍സ്യം അടിഞ്ഞുകൂടി ഒരു എല്ല് രൂപം കൊള്ളുന്നതുപോലെ. അതേസമയം, അതേ രോഗിയില്‍തന്നെ കാല്‍സ്യം ആവശ്യമുള്ള ഇടങ്ങളില്‍ കാല്‍സ്യം എത്താതെ അസ്ഥികള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. കാല്‍സ്യം ഗുളികകളും വൈറ്റമിന്‍ ഡി അടങ്ങിയ മരുന്നുകളും കഴിച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ല.
അവിടെയാണ് സൂര്യപ്രകാശത്തിന്റെ പ്രസക്തി. ചര്‍മത്തിലെ കൊളസ്‌ട്രോള്‍ (Cholesterol) വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയക്ക് സൂര്യപ്രകാശം ആവശ്യമാണ്. ഉച്ചനേരത്തുളള (ഒരുമണി) വെയിലില്‍ ധാരാളമായുള്ള UVB കിരണങ്ങള്‍ (Rays) ചര്‍മത്തില്‍ വസ്ത്രമില്ലാത്ത ഭാഗത്ത് പതിക്കുകയാണെങ്കില്‍ 10 മിനുട്ട് കൊണ്ട് ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി വെളുത്ത നിറമുള്ളവരില്‍ ഉല്‍പാദിപ്പിക്കപ്പെടും. നിറം കുറഞ്ഞവരില്‍ 15 മിനുട്ട് മുതല്‍ 20 മിനുട്ട് വരെ വെയില്‍ ഏല്‍ക്കേണ്ടിവരും. രാവിലേയും വൈകുന്നേരവും ഉള്ള വെയിലില്‍നിന്ന് വൈറ്റമിന്‍ ഡി വളരെ കുറച്ചേ ലഭ്യമാവുകയുള്ളൂ. സ്ഫടികത്തിലൂടെയോ (Glass) വസ്ത്രത്തിലൂടെയോ കടന്നുവരുന്ന സൂര്യപ്രകാശത്തില്‍നിന്ന് വൈറ്റമിന്‍ ഡി ലഭ്യമാവുകയില്ല.
പ്രായം കൂടുന്തോറും വൈറ്റമിന്‍ ഡി കൂടുതല്‍ ആവശ്യമാണ്. വെയില്‍ കുറവുള്ള രാജ്യങ്ങളില്‍ വൈറ്റമിന്‍ ഡി യുടെ കുറവ് നികത്താന്‍ മരുന്ന് രൂപത്തില്‍ (വൈറ്റമിന്‍ ഡി3) കഴിക്കുന്ന പതിവുണ്ട്. മരുന്ന് രൂപത്തിലുള്ള വൈറ്റമിന്‍ ഡി, രക്തത്തില്‍ അതിന്റെ ആധ്യക്യമുണ്ടാവാനും ദോഷഫലം (Toxictiy) ഉളവാക്കുവാനും സാധ്യതയുണ്ട്.
വെയിലില്‍നിന്ന് നിഷ്പ്രയാസം കിട്ടുന്ന വൈറ്റമിന്‍ ഡി ആണ് മികച്ചത്. കാരണം, ശരീരത്തിനാവശ്യമായ അളവ് ആയിക്കഴിഞ്ഞാ ല്‍ ശരീരസംവിധാനം വൈറ്റമിന്‍ ഡി യുടെ ഉല്‍പാദനം തടയും. പിന്നെ എത്ര വെയില്‍കൊണ്ടാലും വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുകയില്ല. കൂടുതല്‍ നേരം വെയില്‍കൊള്ളുന്നത് കൊണ്ട് പ്രയോജനമില്ല.
മുഖത്ത് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുഖചര്‍മത്തിലൂടെ വൈറ്റമിന്‍ ഡി വേണ്ടത്ര ലഭിക്കുകയില്ല. മുഖം ഒഴികെയുള്ള ശരീരഭാഗങ്ങളിലാണ് വെയിലേല്‍ക്കേണ്ടത്. ഇളം റോസ് നിറമാവുന്നത്ര സമയം കൊണ്ടാല്‍ മതി.
മുട്ടയുടെ മഞ്ഞക്കരു, പാല്‍, കരള്‍ (Liver), മത്തി, അയല എന്നിവയില്‍ നിന്നെല്ലാം കുറഞ്ഞ അളവില്‍ വൈറ്റമിന്‍ ഡി കിട്ടുമെങ്കിലും ഉച്ചനേരത്തെ സൂര്യകിരണങ്ങളിലെ ഡഢആ കിരണങ്ങളാണ് വൈറ്റമിന്‍ ഡി യുടെ പ്രധാന ഉറവിടം.
സ്ത്രീപുരുഷഭേദമന്യേ വൈറ്റമിന്‍ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങള്‍ വ്യക്തികളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. പലരിലും വൈറ്റമിന്‍ ഡി യുടെ കുറവ് മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ് ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്, കൈകാല്‍ കഴപ്പ് എന്നിവ. കാലക്രമേണ പ്രശ്‌നം രൂക്ഷമായി എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം, ഗ്രന്ഥികളിലെ കല്ലുകള്‍, സന്ധിവേദന, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, വിഷാദരോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്തനാര്‍ബുദം, പ്രൊസ്റ്റേറ്റ് കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു. ആവശ്യമായ അളവില്‍ വെയിലേല്‍ക്കുകയാണ് ഇതിന് പ്രതിവിധിയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.