മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം. ഒരു വര്‍ഷത്തിലെ ഏതാണ്ട് എല്ലാ ദിനങ്ങളും ഓരോ വിഭാഗത്തിനു വേണ്ടി ഇങ്ങനെ വേര്‍തിരിച്ച് നമ്മള്‍ ആചരിക്കുന്നുണ്ട്. സല്‍വിചാരത്തോടെയാണിതെല്ലാമെങ്കിലും, ഒരു ആചരണം എന്നതിലപ്പുറം, ഏതെങ്കിലുമൊരു വിഭാഗത്തിന് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കുനേരെയുള്ള
മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം. ഒരു വര്‍ഷത്തിലെ ഏതാണ്ട് എല്ലാ ദിനങ്ങളും ഓരോ വിഭാഗത്തിനു വേണ്ടി ഇങ്ങനെ വേര്‍തിരിച്ച് നമ്മള്‍ ആചരിക്കുന്നുണ്ട്. സല്‍വിചാരത്തോടെയാണിതെല്ലാമെങ്കിലും, ഒരു ആചരണം എന്നതിലപ്പുറം, ഏതെങ്കിലുമൊരു വിഭാഗത്തിന് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരിക തന്നെയാണ് - സ്ത്രീശാക്തീകരണ സെമിനാറുകള്‍ക്കോ മറ്റു ഇടപെടലുകള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയാതെ! എത്രയെത്ര വൃദ്ധകളും കുടുംബിനികളും ക്രൂരമായി പീഢിപ്പിക്കപ്പെട്ടനിലയില്‍ അഭിശപ്തജീവിതം നയിക്കുന്നു! പ്രകൃത്യാതന്നെ പുരുഷനാണ് കൂടുതല്‍ കായിക ബലം. അതുകൊണ്ടാണ് സ്ത്രീകളെ അബലകളെന്ന് വിളിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളുടെമേല്‍ പരാക്രമം കാണിക്കുന്നതും അവര്‍ക്ക് അടിയറവു പറയേണ്ടിവരുന്നതും. പക്ഷേ, അത്രക്കൊന്നും ബലപ്രയോഗത്തിന്റെ ആവശ്യമില്ലാതെ തന്നെ പെണ്‍കുഞ്ഞുങ്ങള്‍ പോലും നശിപ്പിക്കപ്പെടുന്നു എന്നത് ചില പുരുഷമനസ്സുകളുടെ പൈശാചികതയല്ലേ?
ഈ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രശസ്ത കവയിത്രി സുഗതകുമാരിയെ തിരുവനന്തപുരത്ത് അവരുടെ അഭയ(വഞ്ചിയൂര്‍)യില്‍ ചെന്നുകാണുവാനും അവരോടൊപ്പം ഏറെനേരം ചിലവഴിക്കാനും ഭാഗ്യമുണ്ടായി. അന്നവിടെ, സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നുവിദ്യാര്‍ഥികള്‍ സുഗതകുമാരിയുടെ കവിത അവരുടെ തന്നെ സാന്നിധ്യത്തില്‍ ആലപിക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു. കൂടെ ചാനലുകാരുമുണ്ടായിരുന്നു.
'ഏതു കവിതയാണു ചൊല്ലുന്നത്?' സുഗതകുമാരി. കുട്ടി കവിതയുടെ പേരുപറഞ്ഞു. അപ്പോള്‍ ബഹുമാനപ്പെട്ട കവിയിത്രി സങ്കടത്തോടെ പറയുകയാണ് 'ആ കവിത എഴുതാനുള്ള പശ്ചാത്തലം ഒന്നുകേള്‍ക്കുക. അടുത്തൊരു റെയില്‍പാളത്തില്‍, ഒന്നരവയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ പീഢിപ്പിക്കപ്പെട്ട നിലയില്‍ കൊണ്ടിട്ടിരിക്കുന്നു! അതിന്റെ രണ്ടുകൈകളും മേലോട്ടുപിടിച്ച് എന്തോ പറയുന്നതുപോലെ. കണ്ണുകള്‍ കൂമ്പിയിരിക്കുന്നു. കടിച്ചു പറിക്കപ്പെട്ട ചുണ്ടുകള്‍ വിതുമ്പുന്നു. ആ കുഞ്ഞുടലിന്റെ വയര്‍ വരെ കീറപ്പെട്ടിരിക്കുന്നു.'
ആ സംഭവം ഒരിക്കല്‍ കൂടി കാണുന്നതിന്റെ ചകിതഭാവം ആ മുഖത്തു ഞാന്‍ ദര്‍ശിച്ചു. പ്രകൃതിക്കുവേണ്ടിയും പെണ്ണിനുവേണ്ടിയും ഒരുപാടുകരഞ്ഞ ആ കണ്ണുകള്‍ വീണ്ടും ഈറനണിയുന്നതും ഞാന്‍ കണ്ടു. ബഹുമാന്യയായ കവിയിത്രി തുടരുന്നു. 'ഒരാഴ്ചയോളം എനിക്ക് ശബ്ദിക്കാനേ കഴിഞ്ഞില്ല. ഒന്നിനും കഴിഞ്ഞില്ല. പിന്നെയാണീ കവിതയുല്‍ഭവിച്ചത്. ഇനി കവിത ചൊല്ലൂ...'
ആ കുട്ടി കവിത ചൊല്ലിത്തുടങ്ങി. ആ കൗമാരശബ്ദത്തിന് പ്രായത്തില്‍കവിഞ്ഞ തീക്ഷ്ണതയനുഭവപ്പെട്ടു. നടുക്കുന്ന ആ രംഗം അനാവരണം ചെയ്തപ്പോള്‍, നരകത്തില്‍ കിടക്കുന്ന പ്രതീതിയാണനുഭവപ്പെട്ടത്. കുഞ്ഞുടല്‍ തകര്‍ത്ത ആ ക്രൂരതയോട്, മൂര്‍ച്ചയേറും വാക്കുകള്‍ തൊടുത്തും കൈയുയര്‍ത്തി കേഴുന്ന ആ കുഞ്ഞിനോട് ഈ ലോകത്തുനിന്നും പൊയ്‌ക്കൊള്ളുക എന്നാശീര്‍വദിച്ചും പെയ്തിറങ്ങിയ ആ കാവ്യബിംബം, എന്റെ മനസ്സിന്റെ അഗാധതയില്‍ അലതല്ലുന്ന ദുഖത്തിരമാലകളെ ഉയര്‍ത്തി, എന്നോടൊപ്പമുണ്ടായിരുന്ന തിരുവനന്തപുരത്തെ നഷീദാബിയും കരയുകയായിരുന്നു. ചുറ്റും നോക്കുമ്പോള്‍ എല്ലാവരും സ്തബ്ധരായിനില്‍ക്കുന്നു!!
കവിത ചൊല്ലിയ കുട്ടിയോട് കവയിത്രി ചൊല്ലി: 'കുട്ടീ.. നീയിതിന് വേറെ സമ്മാനം മോഹിക്കണ്ട. നീയിത് ലോകത്തോട് വിളിച്ചുപറയുന്നുണ്ടല്ലോ. നന്നായി പഠിക്കുക. ലോകത്തോട് നന്നായി ഇടപെടുക...!'
സമ്മാനം കിട്ടിയ പ്രതീതിയോടെ അവര്‍ മടങ്ങി. അതിനുശേഷവും ഇവ്വിഷയകമായിരുന്നു ഞങ്ങളുടെ സംസാരം. സുഗതകുമാരി ടീച്ചര്‍ പറയുന്നു. 'എത്രയെത്ര കുരുന്നുകള്‍, കൗമാരപ്രായക്കാര്‍, ചതിക്കപ്പെട്ടയുവതികള്‍ എന്റെ മുന്നില്‍ വന്നിരിക്കുന്നു! വീട്ടിലുള്ള മുതിര്‍ന്ന പുരുഷന്മാരാല്‍ പീഢിപ്പിക്കപ്പെട്ട പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍! അവര്‍ അവരുടെ കുഞ്ഞുടുപ്പുയര്‍ത്തിപ്പിടിച്ച് പറയുന്നു. എന്നെ നോവിച്ചു... എന്നെ നോവിച്ചു...'
എന്താണിവിടെ സംഭവിക്കുന്നതെന്നുപോലും തിരിച്ചറിയാനാവാത്ത കുരുന്നുകളോടാണീ ക്രൂരത!! കുഞ്ഞുങ്ങളെ മാത്രമല്ല മുത്തശ്ശിമാരെപ്പോലും വെറുതെവിടുന്നില്ല, ന്യൂജനറേഷന്‍ സന്തതികള്‍!! പീഢനത്തിനിരയായ മുത്തശ്ശിമാര്‍ പറയുന്നു. 'ഞാന്‍ ചത്തോളാം. അവരെ വെറുതെ വിട്ടേക്കൂ...!'
രണ്ടു തലമുറകളെ പാലൂട്ടിവളര്‍ത്തിയ ഒരു സ്ത്രീഹൃദയത്തിന് ഒരിക്കലും താങ്ങാന്‍ കഴിയാത്ത അഭിശപ്തനിമിഷങ്ങളെ നേരിടേണ്ടിവന്നിട്ടും എന്തൊരു ഗുണകാംഷയാണെന്നോര്‍ത്തുനോക്കൂ. അതാണ് സ്ത്രീ ഹൃദയം.
തിരുവനന്തപുരത്തെ മനോരോഗാശുപത്രിയിലെ അന്തേവാസിനികള്‍ തൊട്ടടുത്ത പോലീസ് ക്യാമ്പില്‍ ഉപയോഗിക്കപ്പെടുന്നു എന്നറിഞ്ഞ് അന്വേഷിക്കാന്‍ പോയതാണ് സുഗതകുമാരി ടീച്ചറും കൂടെയുള്ളവരും. ഭീകരമായിരുന്നു അവിടത്തെ അവസ്ഥ! 1985 ലാണിത്. അന്നുതന്നെ അഭയ എന്ന സ്ഥാപനം ജന്മമെടുത്തു. സുഗതകുമാരി ടീച്ചര്‍ അതിന്റെ സ്ഥാപക സെക്രട്ടറിയാണ്. കേരള ഹൈക്കോടതിയില്‍ മനോരോഗാശുപത്രികളുടെ ദുരവസ്ഥകളെപ്പറ്റി ആദ്യത്തെ പൊതുതാല്‍പര്യഹരജി നല്‍കി. അതിന്റെ ഫലമായി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ഒന്നരനൂറ്റാണ്ടായി (150 കൊല്ലം) അടഞ്ഞുകിടന്ന ആ നരകകവാടം തുറക്കപ്പെടുകയും മാറ്റങ്ങളുടെ കാറ്റുവീശുകയും ചെയ്തു. ഇങ്ങനെയുള്ള ശക്തമായ ഇടപെടലുകളുടെ ഉദാഹരണങ്ങള്‍ ഏറെയാണവിടെ. ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിയും അഭയയും സംയുക്തമായി നടത്തുന്ന ലോക് അദാലത്തില്‍ സ്ത്രീകള്‍ക്ക് പരാതി പറയുവാനും പരിഹരിക്കാനും അവസരമുണ്ട്. സിറ്റിംഗ് ജഡ്ജിയുടെ സഹായവും ലഭിക്കുന്നു. തിരുവനന്തപുരം മഞ്ചാടി ഗ്രാമത്തിലാണ് അഭയ സ്ഥിതിചെയ്യുന്നത്. പത്തേക്കറില്‍ പരന്നുകിടക്കുന്ന ഈ സ്ഥാപനത്തില്‍ സമൂഹത്തിലെ പീഢിതരും അവശരും ആലംബഹീനരും അഗതികളുമായ സ്ത്രീകളും കുഞ്ഞുങ്ങളുമാണ് അധിവസിക്കുന്നത്.
മറ്റാരാലോ ജീവിതം തകര്‍ത്തെറിയപ്പെട്ടവര്‍ക്ക് ജീവിതം നല്‍കുന്ന ഒരിടം. വീടില്ലാത്തവര്‍ക്ക് ഒരു വീട്. വിവിധ തൊഴിലുകള്‍ ചെയ്ത്, പാട്ടുപാടിയും കളിച്ചുരസിച്ചും അനേകങ്ങള്‍ അവിടെ കഴിയുന്നു. പല മതസ്ഥരും ഒരേ ദൈവത്തിന്റെ ആശ്രിതരായി അവരവരുടെ മതവിശ്വാങ്ങള്‍ക്കൊത്ത് ജീവിക്കുന്നു. അവിടെയുള്ള മുസ്‌ലിംകളെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന വ്യക്തിയാണ് എന്റെ കൂടെയുണ്ടായിരുന്ന നഷീദാബി.
ഇതുവരെ പറഞ്ഞത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെപ്പറ്റിയാണ്. എന്നാല്‍ ഇനി പറയുന്നത് സുഗതകുമാരി ടീച്ചറുടെ വാക്കുകളിലൂടെ കേള്‍ക്കൂ.
'കുറച്ചുനാള്‍മുമ്പ് ഇവിടെ മാന്യനായ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ വന്ന് അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പതിനെട്ടുകാരിയായ ഏക മകള്‍. അവള്‍ വീട്ടില്‍ നിന്നുമിറങ്ങും. പിന്നെ മൂന്നോ നാലോ ദിവസങ്ങള്‍ക്കുശേഷം കയറിവരും. മലിനപ്പെട്ട വസ്ത്രങ്ങള്‍ അഴിച്ചുവെക്കും. പുതിയത് ധരിക്കും. ആവശ്യം പോലെ ആഹാരം കഴിക്കും. ആവശ്യമായ സാധനങ്ങള്‍ പാക്കുചെയ്ത് വീണ്ടും ഇറങ്ങും. അതിനിടയില്‍, മാതാപിതാക്കള്‍ ഇടപെട്ടാല്‍ അവള്‍ ശക്തമായി ഭീഷണിമുഴക്കും. നിങ്ങടെ കണ്‍മുമ്പില്‍ ഞാന്‍ ആത്മഹത്യ ചെയ്യും!! എന്നിട്ടവള്‍ സധൈര്യം വീടുവിട്ടിറങ്ങും. വീണ്ടും അതാവര്‍ത്തിക്കുന്നു. ഞങ്ങള്‍ എന്തുചെയ്യും ടീച്ചറേ... അദ്ദേഹം ഈ മേശപ്പുറത്ത് തലതല്ലിക്കരയുന്നു.. ഇതിനൊക്കെ എന്തു പ്രതിവിധിയാണ് നമുക്ക് ചെയ്യാന്‍ കഴിയുക.' നിസ്സഹായയായി അവര്‍ ചോദിക്കുന്നു.
'സ്വയം നശിക്കാന്‍ പുറപ്പെട്ട ന്യൂജനറേഷന്‍ പെണ്‍കുട്ടികളും നമുക്കിടയിലുണ്ട്. ഇതാണ് സ്ത്രീ സ്വാതന്ത്ര്യം എന്നാണവര്‍ കരുതുന്നത്. പറന്നുനടക്കുന്ന പറവകളെ പോലെയാവാന്‍ അവര്‍ ശ്രമിക്കുന്നു. മക്കള്‍ക്ക് ശിക്ഷണം നല്‍കുന്നിടത്തെവിടെയോ പറ്റുന്ന വീഴ്ചകളാകാം ഇത്തരം സ്വഭാവ വിശേഷങ്ങള്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ രക്ഷിതാക്കളുടെ ജീവിതത്തില്‍ നിന്നും മക്കള്‍ കണ്ടെത്തുന്ന പഴുതുകളാകാം. രണ്ടായാലും മാതാപിതാക്കളുടെ കറകളഞ്ഞ സ്‌നേഹത്തെ കണ്ടില്ലെന്നു നടിക്കുന്ന സ്വാര്‍ഥമോഹികളായ മക്കള്‍ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ തേടിപ്പോകുന്ന കാലത്തിലൂടെ നാം സഞ്ചരിക്കുമ്പോള്‍, പഞ്ചേന്ദ്രിയങ്ങള്‍ സദാ സമയവും തുറന്നുവെച്ച്, ജാഗരൂഗരായിവേണം കുടുംബത്തേയും കുഞ്ഞുങ്ങളെയും പോറ്റിവളര്‍ത്താന്‍. ജോലിത്തിരക്കോ, വീട്ടിലെ സാഹചര്യങ്ങളോ ഒന്നും തന്നെ പുതുതലമുറക്ക് നാം പകര്‍ന്നുനല്‍കേണ്ട സ്വഭാവമഹിമക്കും സംസ്‌കാരങ്ങള്‍ക്കും ക്ഷതമേല്‍ക്കാന്‍ കാരണമാകരുത്. സമൂഹത്തിന്റെ നല്ലപാതിയാണ് സ്ത്രീ. സമൂഹത്തിന്റെ മാതാവുമാണവള്‍. ചുരുക്കത്തില്‍, സമൂഹത്തെ വാര്‍ത്തെടുക്കുന്നവളും സംരക്ഷിച്ച് പോറ്റുന്നവളുമാണ് സ്ത്രീ. അവളെ പരിരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.
വീടിന്റെ തണല്‍ നഷ്ടപ്പെട്ടവരും, ദുരിതങ്ങളില്‍നിന്നു കയറിപ്പോന്നവരും, ദാരിദ്ര്യം കൊണ്ടും, സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാലും, സഹായം ആവശ്യമായിത്തീര്‍ന്നവരുമെല്ലാം ഇവരിലുണ്ട്. ഇങ്ങനെയുള്ളവരുടെ പുനരധിവാസം സമൂഹത്തിന്റെ ബാധ്യതയാണ്. അതൊക്കെ ഭാരിച്ചപണച്ചെലവും അധ്വാനവും വേണ്ട കാര്യങ്ങളാണ് എന്നതാണ് നാം അറച്ചുനില്‍ക്കാന്‍ കാരണമെങ്കില്‍, പങ്കിട്ടാല്‍ ഭാരം കുറയും എന്ന തത്വത്തെ സ്വീകരിക്കണം. നമ്മുടെ നാട്ടില്‍ ധാരാളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമായി അടച്ചുപൂട്ടിക്കിടപ്പുണ്ട്. അതുപയോഗപ്പെടുത്തിക്കൂടെ? നടത്തിപ്പിനുള്ള പണമാണെങ്കില്‍ പേടിക്കയേ വേണ്ട! അതിനു തയ്യാറായി സുമനസ്സുകള്‍ ഏറെയാണ്. വേണ്ടത് മികച്ച സംഘാടകത്വവും അര്‍പ്പണബോധമുള്ള പ്രവര്‍ത്തകരും മനസ്സാക്ഷിയെ വഞ്ചിക്കാത്ത ജോലിക്കാരുമാണ്. നാമൊന്നിറങ്ങിയാല്‍ ഈ സമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യജീവികള്‍ക്കും അതൊരു ജീവിതം നല്‍കലാകും.
നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ജീവിതത്തോടു പൊരുതിജയിക്കുന്ന കാഴ്ച നാം കാണുന്നില്ലേ? വെറുതെ പറയുകയാണ് അവര്‍ അബലകളാണെന്ന്. കേരളത്തില്‍ 2014-ലെ കണക്കനുസരിച്ച് 234251 ചെറുകിട സംരംഭങ്ങളുണ്ട്. അതില്‍, 58562 സംരംഭങ്ങള്‍ നേരിട്ട് നടത്തുന്നത് വനിതകളാണ്. മാത്രമല്ല, സംസ്ഥാനത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കീഴില്‍ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനം പരിഹരിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കണം. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പീഢനക്കേസിലെ പ്രതികളായ പകല്‍മാന്യന്മാര്‍ കുടുബസമേതം സുഖിച്ചുകഴിയവേ, അവളെ ഇനിയും സമൂഹത്തിന് വിചാരണക്കിട്ടു കൊടുക്കാതെ അവളുടെ പേരും രൂപവും മാറ്റി, പുതുജീവിതം നല്‍കി, ഭര്‍ത്താവും കുട്ടികളുമായി അഭയയുടെ വളര്‍ത്തുമകളായി സന്തോഷത്തോടെ കഴിയുന്നു. ഇതാണ് പുനരധിവാസം. മെയ്ക്കരുത്തിനെ മനക്കരുത്തുകൊണ്ട് നേരിടാന്‍ ഉതകുന്ന പുനരധിവാസം. അവിടെ പെണ്‍കുട്ടികളെ കരാട്ടെ വരെ അഭ്യസിപ്പിക്കുന്നു.
സ്ത്രീകളെ സ്വയംപര്യാപ്തമാക്കുകയാണ് ഒന്നാമത്തെ കര്‍ത്തവ്യം. അവര്‍ക്കു ചെയ്യാവുന്ന തൊഴിലുകള്‍ പരിശീലിപ്പിക്കുക. നെയ്ത്ത്, തയ്യല്‍പ്പണി, കൗതുകവസ്തുക്കളുടെ നിര്‍മാണം, ആഭരണനിര്‍മാണം, സോപ്പ്, ഫിനോയില്‍, കുട നിര്‍മാണം, ജൈവപച്ചക്കറി കൃഷി, നാടന്‍ വിഭവങ്ങളുടെ സംഭരണവും വിതരണവും, അവ ഉപയോഗിച്ചുള്ള ഭക്ഷണശാലകളുടെ പ്രവര്‍ത്തനം ഇങ്ങനെ ഒട്ടേറെ തൊഴിലുകള്‍ നമ്മുടെ മുമ്പിലുണ്ട്. ഇവയൊക്കെ ഒറ്റക്കും കൂട്ടായും ചെയ്യുന്നതിനുള്ള ബോധവല്‍കരണം വേണ്ടതുണ്ട്.
മദ്യപാനവും ചൂതുകളിയും കുടുംബജീവിതത്തെ തകര്‍ക്കുന്ന കാഴ്ച നമ്മള്‍ കാണുന്നു. ഇതിന്റെ യാതനകള്‍ അനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇത്തരം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്നും കരകയറ്റാന്‍ നാം അവരോടൊപ്പം നില്‍ക്കുമ്പോള്‍ മദ്യപാനികളെയും കാലക്രമേണ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ഉത്തരവാദിത്വമുള്ള പുരുഷന്മാരായി പരിവര്‍ത്തിപ്പിക്കാനും കഴിയും. സൗജന്യ നിരക്കിലുള്ള റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട രീതിയില്‍ ലഭിക്കുന്നില്ല എന്നത് പലയിടങ്ങളിലും നാം കണ്ടുവരുന്നു. ഗവണ്‍മെന്റില്‍ നിന്നും അനുവദിക്കപ്പെടുന്ന സഹായങ്ങള്‍ സഹായാര്‍ഥികള്‍ക്ക് യഥാവിധി സാധിച്ചുകിട്ടുന്നതിനും നമുക്ക് സഹായിക്കാവുന്നതാണ്. അതിന് ഒരു കൂട്ടായ്മ വേണം. സന്നദ്ധ സേവകരുടെ കൂട്ടായ്മ. നമ്മുടെ ബോധവല്‍കരണ ക്ലാസ്സുകള്‍ക്കു മുന്നിലിരിക്കുന്നത് സമൂഹത്തിലെ പത്തുശതമാനത്തോളം ആളുകളാണ്. ബാക്കിയുള്ളവര്‍ പുറത്താണ്. അവര്‍ക്ക് വേണ്ടത് ജീവിതമാണ്. പുറത്തുള്ളവരോടൊപ്പം നമുക്ക് നില്‍ക്കേണ്ടതുണ്ട്. കുടുബത്തിലെ പ്രശ്‌നങ്ങള്‍ അനുഭവിച്ചു നീറിക്കഴിയുന്ന നമ്മുടെ സഹോദരിമാര്‍ക്കൊപ്പം നിന്ന് അതിനൊരു പരിഹാരം കാണുക. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തുക. സ്ത്രീ കയ്യേറ്റങ്ങളെ തടുക്കുക, അവര്‍ക്കു ജീവിതമൊരുക്കുക, ഇത്തരം മഹല്‍സംരംഭങ്ങള്‍ക്ക് സാക്ഷിയാകാന്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുവരിക! ഇതാകട്ടെ ഈ വര്‍ഷത്തെ വനിതാദിനാചരണത്തോടൊപ്പം മനസ്സില്‍ ആഴത്തില്‍ കുറിച്ചിടേണ്ട പ്രതിജ്ഞ' സുഗതകുമാരി ടീച്ചര്‍ എല്ലാവര്‍ക്കുമുള്ള വനിതാ ദിന സന്ദേശമെന്ന നിലയില്‍ പറഞ്ഞു നിര്‍ത്തി.