വരകളിലൂടെ നിറം പകര്‍ന്ന്

കാമില കലാം No image

''വരയെന്നാല്‍ പ്രാന്താണെനിക്ക്.. ചിലപ്പോള്‍ രാത്രിയില്‍ ഉറക്കമിളച്ച് ഞാന്‍ വരച്ചോണ്ടിരിക്കും. ഭ്രാന്തമായ ചിന്തകള്‍ വന്ന് മനസ്സിനെ പൊതിയുമ്പോള്‍ എങ്ങനെ ഉറക്കം കിട്ടാനാണ്...''
ഇന്നലെ വരെ നഈമ മജീദ് വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. എന്നാല്‍ ഇന്ന് നാലാള്‍ അറിയുന്ന ഒരു ചിത്രകാരിയായി മാറിയിരിക്കുകയാണ്. 
'വിശ്വസിക്കാനാവുന്നുണ്ടോ ഈ മാറ്റം?' എന്ന് ചോദിക്കുമ്പോള്‍ നഈമ നിറഞ്ഞ് ചിരിക്കുകയാണ്.

നഈമയെ കുറിച്ച്
വടകര മയ്യിത്താഴെ വീട്ടില്‍ മജീദിന്റെയും ഹഫ്‌സത്തിന്റെയും മൂത്തമകള്‍. തൊട്ടുതാഴെ അനിയന്‍ നബീലും അനിയത്തി നദയും. 
ചെറുപ്പം മുതല്‍ക്കേ ഒരുപാട് സ്വപ്‌നങ്ങളുള്ള പെണ്‍കുട്ടിയായിരുന്നു നഈമ. കഴുത്തില്‍ കുഴലും തൂക്കി രോഗികള്‍ക്കൊപ്പം നടക്കാനുള്ള കുട്ടിക്കാലത്തെ സ്വപ്‌നം പിന്നീട് ദിശമാറി മറ്റൊരു ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു. 
ഇത് തന്റെ വഴിയാണെന്ന ബോധ്യത്തോടെയല്ല നഈമ വരച്ച് തുടങ്ങിയത്. അവളറിയാതെ അവളുടെ കൈകള്‍ മായാജാലം തീര്‍ക്കുകയായിരുന്നു. പതിയെ... പതിയെ അവള്‍ നിറങ്ങളുമായി കൂട്ടുകൂടി തുടങ്ങി. പ്രണയിച്ച് തുടങ്ങി. ശേഖരണ പുസ്തകങ്ങളിലെല്ലാം അവളുടെ ചിത്രങ്ങള്‍ പീലിവിരിച്ചാടി. അധ്യാപകരെല്ലാവരും പ്രോത്സാഹിപ്പിച്ചു. അവള്‍ വരച്ചുകൊണ്ടിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതത്തില്‍ മറ്റൊരു കാര്യം സംഭവിച്ചത്. 
ഉപരിപഠനം പൂര്‍ത്തിയാക്കുന്നതിന് മുന്നേ നഈമ വിവാഹിതയായി. പക്ഷേ വിവാഹം പഠനത്തിന് ഒരു തടസ്സമാകരുതെന്ന് അവളുടെ ഉമ്പാപ്പയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഈമയുടെ ഉമ്മയുടെ ഉപ്പയെയാണ് അവള്‍ ഉമ്പാപ്പ എന്ന് വിളിച്ചിരുന്നത്. എടച്ചേരി സ്‌കൂളിലെ മാത്‌സ് അധ്യാപകനായിരുന്നു മൊയ്തു മാസ്റ്റര്‍. തീര്‍ത്തും പുരോഗമന ചിന്താഗതിക്കാരനായിരുന്ന മൊയ്തു മാസ്റ്റര്‍ക്ക് പെണ്‍മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ പ്രത്യേക ശ്രദ്ധയായിരുന്നു. അതുകൊണ്ടാവണം കൊച്ചുമകളെ പെണ്ണ് ചോദിച്ചു വന്ന നൗഷിക് എന്ന ചെറുപ്പക്കാരനോട് 'അവളെ പഠിപ്പിക്കണം' എന്ന് നിര്‍ബന്ധം പറഞ്ഞത്. തന്റെ ചിത്രംവരകളില്‍ ഉമ്പാപ്പ കാര്യമായ സ്വാധീനംചെലുത്തിയിരുന്നതായി നഈമ പറയുന്നുണ്ട്. തറവാട്ടില്‍ വെച്ചാണ് നഈമ തന്റെ ചിത്രംവര തുടങ്ങിയത്. ആദ്യമൊക്കെ പെന്‍സില്‍ ഡ്രോയിംഗ് ആയിരുന്നു. പിന്നെയാണ് വര്‍ണങ്ങളെ കൂട്ടുപിടിച്ചത്. ഉമ്പാപ്പയെകുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ നഈമ ഉത്സാഹവതിയാകും. കണ്ണുകളില്‍ അതുവരെ കാണാത്ത ഒരു തിളക്കം അനുഭവപ്പെടും.

ഗണപതി ചിത്രം
വരയുടെ ആദ്യഘട്ടത്തിലാണ് തറവാട്ടില്‍ വെച്ചൊരു ഗണപതിയുടെ ചിത്രം നഈമ വരക്കുന്നത്. ഗണപതിയുടെ ചിത്രം വരച്ചതിന് ഉമ്പാപ്പ എന്തെങ്കിലും വഴക്ക് പറയുമോ എന്ന ആശങ്കയോടെയാണ് നഈമ ഉമ്പാപ്പയെ സമീപിക്കുന്നത്. വരച്ച ചിത്രം നീട്ടിക്കൊണ്ട് തലതാഴ്ത്തി, ഉമ്പാപ്പയോട്, 'ഇതിനെന്തെങ്കിലും പ്രശ്‌നമുണ്ടോ' എന്ന് ചോദിച്ചു. ചിത്രം അടിമുടിയൊന്ന് നോക്കി ഗൗരവഭാവത്തില്‍ മൊയ്തു മാസ്റ്റര്‍ പറഞ്ഞു; 'ഉണ്ട്, ഇതിന് ഒരു പോരായ്മയുണ്ട്.' മൊയ്തു മാസ്റ്ററിലേക്ക് ചെവി കൂര്‍പ്പിച്ച് നഈമ നിന്നു. 
''ഇതില്‍ ഗണപതിയുടെ താഴെയായിട്ട് എലിയെ കാണുന്നില്ലല്ലോ. എലി വേണ്ടേ.. എലി ഗണപതിയുടെ വാഹനമാണെന്നറിയില്ലേ നിനക്ക്...'' ഇതു പറഞ്ഞ് ചിരിച്ച് ഉമ്പാപ്പ അവളുടെ തോളില്‍ തട്ടി. അപ്പോഴാണ് ആ പതിനാറുകാരിയുടെ ശ്വാസം നേരെ വീണത്. വിലക്കുകള്‍ ഉണ്ടാക്കുന്നത് മതമല്ല, മനുഷ്യരാണെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു.
ഉമ്പാപ്പയെ കുറിച്ചോര്‍ക്കുമ്പോഴേക്കും നഈമയുടെ കണ്ണ് നിറയുന്നുണ്ട്, സംസാരിക്കുമ്പോള്‍ തൊണ്ടയിടറുന്നുണ്ട്. എങ്കിലും ഉമ്പാപ്പയുടെ അനുഗ്രഹം തന്റെ കൂടെയുണ്ടെന്നതാണ് അവള്‍ ഉറച്ചു വിശ്വസിക്കുന്നത്. 
വിവാഹസമയത്ത് നിന്നുപോയ പഠനം ഭര്‍ത്താവിന്റെ പിന്തുണയോടെ അവള്‍ പുനരാരംഭിച്ചു. ഹിന്ദിയില്‍ ടി.ടി.സി ചെയ്തു. പക്ഷേ, ജോലിക്ക് കയറിയില്ല. പൊതുവെ ഉള്‍വലിയുന്ന സ്വഭാവക്കാരിയായിരുന്നു നഈമ. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഒറ്റയ്ക്കിരിക്കാനും വരക്കാനുമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. വരകളും വര്‍ണങ്ങളും കൊണ്ട് തന്റേതായ ഒരു ലോകം തന്നെ സൃഷ്ടിച്ചെടുത്തിരുന്നു നഈമ. മാത്രമല്ല, കലാസ്വാദകനായ ഭര്‍ത്താവ് നൗഷിക് എല്ലാവിധ പിന്തുണയും നല്‍കി ഒപ്പമുള്ളതാണ് അവളുടെ ധൈര്യം. നൗഷിക്കിന്റെയും നൗഷിക്കിന്റെ വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇന്നത്തെ എന്നെ വാര്‍ത്തെടുത്തതെന്നും നഈമ കൂട്ടിച്ചേര്‍ക്കുന്നു. നഈമ ഔപചാരികമായി ചിത്രരചന പഠിച്ചിട്ടില്ല. ജന്മസിദ്ധമായ കിട്ടിയ കഴിവ്, അതിനെ അവള്‍ ഓമനിച്ച് കൊണ്ടു നടന്നു. മനസ്സിലിട്ട് വളര്‍ത്തിയെടുത്തു. 
വിവാഹം എന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാ പെണ്‍കുട്ടികളുടെയും ഉള്ളില്‍ ആധിയാണ്. ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിലങ്ങുകള്‍ വീഴുമ്പോ എന്നോര്‍ത്ത്. എന്നാല്‍ അങ്ങനെ ഒരു ആധിയുടെ ആവശ്യമേയില്ലന്നാണ് നഈമ പറയുന്നത്. 
മൂന്ന് മക്കളാണ് നഈമക്ക്- അന്‍ജൂം, അയ്മന്‍, അയാന്‍. മൂന്നു പേരും സദാസമയവും ഉമ്മക്ക് പിറകില്‍ ശക്തമായ പിന്തുണയുമായുണ്ട്. രണ്ടര വയസ്സായ ഇളയ മകന്നാവട്ടെ തന്റെ വരകളിലെല്ലാം നല്ല താല്‍പര്യവും കരുതലുമാണെന്ന് പറയുന്നു നഈമ. വീട്ടില്‍ എത്തുന്ന വിരുന്നുകാര്‍ക്കെല്ലാം 'മമ്മാ ചിപ്പം' (ചിത്രം) എന്ന് പറഞ്ഞു കൊണ്ടുപോയി ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുന്നതും അതൊന്നും ആരെയും തൊടാന്‍ സമ്മതിക്കാതെ ഭദ്രമായി സൂക്ഷിക്കുന്നതും അയാനാണ്. അവനറിയാം, ഉമ്മക്ക് അവനെപ്പോലെത്തന്നെ പ്രാണനാണ് ആ ചിത്രങ്ങളോരോന്നും എന്ന്. 

ജീവിതത്തിന് നിറം പകര്‍ന്നവര്‍
എന്റെ ഉമ്പാപ്പയാണെന്റെ ആദ്യത്തെ ഗുരു. പിന്നെ എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നൗഷിക്ക. എന്റെ അനിയനും അനിയത്തിയും. പിന്നെ വേറൊരാളുണ്ട്, കലാം വെള്ളിമാട്. യാദൃഛികമായി നഗരത്തിലെ ഒരു പ്രിന്റിംഗ് സ്റ്റുഡിയോയില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. ആ വ്യക്തിയാണെന്റെ ചിത്രജീവിതത്തില്‍ വഴിത്തിരിവായത്. എന്റെ ചിത്രങ്ങള്‍ക്ക് നിറം നല്‍കിയത് ആ മനുഷ്യനാണ്. റെയിന്‍ബോയുടെ ആഭിമുഖ്യത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ വെച്ചു നടന്ന സംഘ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരമൊരുക്കിത്തന്നത് അദ്ദേഹമാണ്. 
പിന്നെ പ്രദര്‍ശനം തുടങ്ങി അവസാനിക്കുന്നതുവരെ കൂടെയുണ്ടായിരുന്ന പ്രേംദാസ് ഇരിവള്ളൂര്‍ സാറും ഭാര്യയും നല്‍കിയ പിന്തുണയും മറക്കാനാവില്ല. ടി.ടി.സിക്ക് പഠിക്കാന്‍ പോയപ്പോഴാണ് നാരായണന്‍ അടിയോടി എന്ന മാഷിനെ കണ്ടുമുട്ടുന്നത്. എനിക്ക് എല്ലാവിധ പ്രോത്സാഹനവും ആ സമയത്ത് തന്നത് അടിയോടി മാഷാണ്. എന്റെ ആദ്യ ചിത്രപ്രദര്‍ശനം കാണാന്‍ ഞാന്‍ മാഷെ ക്ഷണിച്ചിരുന്നു. പ്രായത്തിന്റെ അവശതകള്‍ ശരീരത്തെ തളര്‍ത്തിയിട്ടും അദ്ദേഹം അതൊന്നും കാര്യമാക്കാതെ ആര്‍ട്ട്ഗാലറിയുടെ പടവുകള്‍ കയറി വന്നു. തലയില്‍ കൈവെച്ച് എന്നെ അനുഗ്രഹിച്ചു. ഉമ്പാപ്പയുടെ സാമീപ്യമാണെനിക്കപ്പോള്‍ അനുഭവപ്പെട്ടത്. അതെന്റെ കണ്ണുനനയിച്ചു. 
ഞാനിപ്പോള്‍ ഒരു സ്വപ്‌നലോകത്താണ്. കഴിഞ്ഞതെല്ലാം അവിശ്വസനീയമായിട്ടാണെനിക്ക് തോന്നുന്നത്. പ്രദര്‍ശനം കാണാന്‍ വന്ന കലാസ്‌നേഹികള്‍ എന്റെ ചിത്രം കണ്ട് ആസ്വദിക്കുന്നത് കാണുമ്പോള്‍, എന്റെ പേരിന്റെ കൂടെ ആര്‍ട്ടിസ്റ്റ് എന്നുകൂടി ചേര്‍ത്ത് ഫോണില്‍ നമ്പര്‍ സേവ് ചെയ്യുന്നത് കാണുമ്പോള്‍, അപ്പോഴാണ് ഞാനെന്ന വ്യക്തി, അല്ല ചിത്രകാരി ജീവിച്ചിരിക്കുന്നതായിട്ട് എനിക്കും അനുഭവപ്പെട്ടത്.
കളിയാക്കിയവരും നിരുത്സാഹപ്പെടുത്തിയവരുമുണ്ട്. എന്നാല്‍ ആത്മവിശ്വാസവും നിശ്ചദാര്‍ഢ്യവുമാണ് ഇതിലൊന്നും തളര്‍ന്നു പോവാതെ അവളെ പിടിച്ചുനിര്‍ത്തിയത്. ഇനി തന്റെ മാത്രം ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് നഈമ. പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കമെസ്റ്റില്‍ പറയുന്നുണ്ട്, ഒരാള്‍ എന്തെങ്കിലും വേണമെന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങി പുറപ്പെടുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ അയാളുടെ സഹായത്തിനായെത്തും എന്ന് നഈമയും ഇതാണ് വിശ്വസിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top