ഗ്രീക്ക് മിത്തോളജിയിലെ ഒരു കഥാപാത്രമാണ് നാര്‍സിസസ്. അപാരമായ സൗന്ദര്യത്തിന്റെ ഉടമയായ ആ യുവാവ് സ്വന്തം രൂപഭംഗിയില്‍ മതിമറന്നു. വനത്തിലെ ഒരു തടാകത്തില്‍ തന്റെ പ്രതിബിംബം കണ്ട നാര്‍സിസസ് ആ മനോഹാരിതയില്‍ മുഴുകുകയും അതിനോട് പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍, സ്വന്തം പ്രതിബിംബത്തെ എത്തിപ്പിടിക്കാന്‍ കഴിയാതെ അയാള്‍ അകാലചരമം പുല്കി.
ആല്‍കെമിസ്റ്റ് എന്ന നോവലിന്റെ തുടക്കത്തില്‍ പൗലോ കൊയ്ലോ നാര്‍സിസസിന്റെ കഥ പറയുന്നതിങ്ങനെയാണ്:
നാര്‍സിസസ് മരിച്ചപ്പോള്‍ വനദേവതകള്‍ ആ തടാകക്കരയില്‍ പ്രത്യക്ഷപ്പെട്ടു. രുചിയാര്‍ന്ന തെളിനീര് തടാകം ഉപ്പുരസമുള്ള കണ്ണീര് തടാകമായി മാറിയിരിക്കുന്നു. അവര്‍ ചോദിച്ചു: 'നീ എന്തിനാണ് കരയുന്നത്?'
'ഞാന്‍ നാര്‍സിസസിനു വേണ്ടിയാണ് കരയുന്നത്,'- തടാകം മറുപടി പറഞ്ഞു.
'നീ നാര്‍സിസസിനെ ചൊല്ലി കേഴുന്നതില്‍ അത്ഭുതമില്ല. കാട്ടില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും അവനെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍, തൊട്ടരികില്‍ നിന്ന് അവന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ കഴിഞ്ഞത് നിനക്കു മാത്രമായിരുന്നല്ലോ.'
'പക്ഷേ, അത്രയ്ക്കു സുന്ദരനായിരുന്നുവോ നാര്‍സിസസ്?' തടാകം ആശ്ചര്യത്തോടെ ചോദിച്ചു.
'അത് നിന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കാണ് അറിയുക. നിന്റെ തീരത്ത് വന്ന് കുനിഞ്ഞിരുന്നല്ലേ എന്നും അവന് തന്റെ രൂപസൗകുമാര്യം കണ്ടു രസിക്കാറുള്ളത്!'
തടാകം അല്പം നിശ്ശബ്ദയായി. പിന്നീട് പറഞ്ഞു. 'ഞാന്‍ നാര്‍സിസസിനെ ഓര്‍ത്തു കരയുന്നു എന്നത് ശരി തന്നെ, പക്ഷേ, അവന്റെ സൗന്ദര്യം ഒരിക്കലും എന്റെ ദൃഷ്ടിയില് പെട്ടിട്ടില്ല. ഓരോ പ്രാവശ്യവും അവന് ഇവിടെ എന്റെ കരയില്‍ വന്നിരുന്നു മുട്ടുകുത്തി നോക്കുമ്പോള്‍ അവന്റെ തെളിഞ്ഞ കണ്ണുകളില്‍ പ്രതിബിംബിച്ച എന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുകയായിരുന്നു ഞാന്‍. നഷ്ടപ്പെട്ട ആ നിമിഷങ്ങളുടെ ഓര്‍മയാണ് എന്റെ ഗദ്ഗദത്തിന്റെ നിദാനം.'
'ഞാന്‍' എന്നിലേക്ക് എത്രമാത്രം ചുരുങ്ങുമെന്നതിന്റെ ചിത്രീകരണമാണിത്. തന്റെ നേട്ടങ്ങളിലും ആസ്വാദനങ്ങളിലും മാത്രം പരിമിതമായിരിക്കും അയാളുടെ ലോകം. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, സ്വന്തം കഴിവുകളില്‍ അഭിരമിച്ച്, തന്റെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രം ലക്ഷ്യമാക്കിയ, അതുവഴി ചുറ്റുപാടിന്റെ സൗന്ദര്യം കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയ നിര്‍ഭാഗ്യവാനാണ് അയാള്‍. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ പോലും 'എന്റെ' താല്പര്യങ്ങള്ക്ക് വേണ്ടി ജനിതകമാറ്റത്തിന് വിധേയമായ കാലമാണല്ലോ നമ്മുടേത്. സ്വാര്‍ഥത, വിശ്വാസവും സംസ്കാരവും നാഗരികതയുമായ കാലം. സങ്കുചിതത്വം, ഇച്ഛ, ആത്മപ്രശംസ തുടങ്ങിയവ നാശഹേതുക്കളാണെന്ന് വ്യക്തമാക്കുന്ന ഒരു വാക്യം പ്രവാചകാധ്യാപനമായി അനസ് ഇബ്നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
'ഞാന്‍' ആദ്യമായി തകര്‍ത്തുകളഞ്ഞത് ഇബ് ലീസിനെയാണ്. 'ഞാന്‍ അവനെക്കാള്‍ ഉത്തമനാണ്. നീ എന്നെ അഗ്നിയില്‍ നിന്നും അവനെ കളിമണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്' എന്ന് അവന് ദൈവിക സന്നിധിയില്‍ ധിക്കാരം പറയുന്നത് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ടല്ലോ. തന്റെ സൃഷ്ടിയില്‍ തനിക്ക് യാതൊരു ശ്രേഷ്ഠതയും പങ്കുമില്ലെന്ന യാഥാര്‍ഥ്യം അവന് വിസ്മരിച്ചു. ഈ അഹംബോധത്തെ പിന്നീട് മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഇബ് ലീസ് ചെയ്തത്.
'ഞാന്‍' തന്നെയാണ് ഫറോവയെയും വഞ്ചിച്ചത്. 'ഞാനാണ് നിങ്ങളുടെ രക്ഷിതാവ്', 'എന്റെ അധികാരത്തിന് കീഴിലാണ് എല്ലാം നടന്നുകൊണ്ടിരിക്കുന്നത്' തുടങ്ങിയ വിചാരങ്ങളെ ഫറോവയുടെ വാക്കുകള്‍ പ്രതിനിധീകരിക്കുന്നുണ്ട്. മൂസാ നബിയുടെ സന്ദേശത്തെ നിരാകരിക്കാന്‍ അയാള്‍ക്ക് പ്രേരണയായത് പിശാചില്‍ നിന്ന് അനന്തരമെടുത്ത ഈ വികാരങ്ങളായിരുന്നു. അങ്ങനെ അയാളെത്തിയ പരാജയത്തിന്റെ ആഴവും ഖുര്‍ആന്‍ വിശദീകരിക്കുന്നു. അഹന്തയാല്‍ നാശത്തില്‍ പതിച്ച ചെറുതും വലുതുമായ വേറെയും ഉദാഹരണങ്ങളിലേക്ക് ഖുര്‍ആന്‍ നമ്മെ കൊണ്ടുപോകും.
സൃഷ്ടിയില്‍ നിന്നും സ്രഷ്ടാവില്‍ നിന്നും അകറ്റുന്ന ഈ വികാരം ഇസ്ലാമിന് അസഹനീയമാണ്. 'അഹന്ത കാട്ടുകയും പൊങ്ങച്ചം പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല' (ഖു. 31:18), 'ഭൂമിയില്‍ നീ അഹങ്കരിച്ച് നടക്കരുത്. ഭൂമിയെ പിളര്‍ക്കാനോ പര്‍വതശിഖരങ്ങളോളം ഉയരാനോ നിനക്ക് സാധ്യമല്ല' (ഖു.17:37), 'അണുമണിത്തൂക്കം അഹങ്കാരം (കിബ്റ്) ഹൃദയത്തിലുള്ളവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (ബുഖാരി) തുടങ്ങിയ വചനങ്ങള്‍ ഈ ദുരന്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു.
'ഞാന്‍' എന്ന വിചാരത്തിന് രചനാത്മകതയുമുണ്ട്. ആത്മവിശ്വാസത്തിന്റെ മറ്റൊരു തലമാണത്. ഓരോ മനുഷ്യനും വിവിധ നൈസര്‍ഗിക ശേഷികളുടെ കലവറയാണ്. ആ യോഗ്യതകള്‍ക്കനുസരിച്ച് 'എനിക്ക് സാധിക്കും', 'ഞാന്‍ അതിന് യോഗ്യനാണ്', 'ഞാന്‍ അതേറ്റെടുക്കേണ്ടതുണ്ട്' തുടങ്ങിയ വിചാരങ്ങള്‍ ഓരോ വ്യക്തികള്‍ക്കും അനിവാര്യമാണ്.
ഫറോവയുടെ ആഭിചാരവിദ്യക്കാരുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍ മൂസ (അ) അല്പം പതറി. അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് അല്ലാഹു പറഞ്ഞു: 'ഭയപ്പെടേണ്ട, താങ്കള്‍ തന്നെയാണ് ഉന്നതന്' (20:68). ഈ ഔന്നത്യ ബോധമാണ് ഫറോവയുടെ മനോബലം ചോര്‍ത്തിക്കളഞ്ഞ, ആഭിചാരകന്മാരുടെ വിശ്വാസ പ്രഖ്യാപനത്തില്‍ കലാശിച്ച മത്സരത്തിന്റെ വിജയത്തിന് കാരണമായത്.
യൂസുഫ് (അ) ഈജിപ്ത് അനുഭവിക്കാന്‍ പോകുന്ന കെടുതിയില്‍നിന്ന് ആ ജനതയെ രക്ഷപ്പെടുത്താന്‍ രംഗത്തുവന്ന സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. നാടിന്റെ ഖജനാവുകളുടെ ചുമതല 'എന്നെ' ഏല്‍പ്പിക്കുക. അത് കൈകാര്യം ചെയ്യാനുള്ള സൂക്ഷ്മതാബോധവും അറിവും 'എനിക്കുണ്ട്' എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് അദ്ദേഹം (12:55). ആ വിശ്വാസമാണ് ഈജിപ്തിലെയും പരിസരപ്രദേശത്തെയും ജനവിഭാഗങ്ങളെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
സ്ഥാനമാനങ്ങള്‍, സമ്പത്ത്, സൗകര്യം, സൗന്ദര്യം, നൈസര്‍ഗിക ശേഷികള്‍… ഇങ്ങനെ തുടങ്ങുന്നു അഹംബോധത്തിന്റെ പ്രേരകങ്ങള്‍. യഥാര്‍ഥത്തില്‍ ഇതൊക്കെയും ദൈവിക ദാനമാണ്. ഇവയുടെ പേരില്‍ അസൂയാര്‍ഹമായ ഉയരങ്ങളിലെത്തിയ വ്യക്തിത്വമാണ് പ്രവാചകനായ സുലൈമാന്‍ (അ). ഓരോ അനുഗ്രഹങ്ങളും പ്രകടമാകുന്ന ഘട്ടങ്ങളില്‍ ദൈവസമക്ഷം വിനയാന്വിതനാവുന്ന വിശ്വാസിയെ ആണ് അദ്ദേഹത്തിലൂടെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്.
ആകാശത്തോളം ഉയരാനും ആകര്‍ഷകമായ ആവിഷ്കാരങ്ങള്‍ നിര്‍വഹിക്കാനും അനുയോജ്യമായ മനുഷ്യന്റെ രൂപഘടന പോലും ദൈവപ്രോക്തമാണ്. 'അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്? അവനോ, നിന്നെ സൃഷ്ടിച്ചു, ഏറ്റക്കുറച്ചിലുകള്‍ തീര്‍ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി. അവനുദ്ദേശിച്ച അതേ രൂപത്തില്‍ത്തന്നെ നിന്നെ ഘടിപ്പിച്ചു' (82:6-8).
ജീവിത വിശുദ്ധിയുടെ കാര്യത്തില്‍ പോലും 'ഞാനെ'ന്ന ഭാവത്തിന് ഇടമില്ല. ധര്‍മനിഷ്ഠനായ സാത്വികനെ പിശാച് പിടികൂടുന്നത് ഈ വാതില്‍ വിടവിലൂടെയാണ്. അതിനാല്‍ 'നിങ്ങള്‍ സ്വയം വിശുദ്ധി ചമയ്ക്കരുത്' എന്ന് ഖുര്‍ആന്‍ (53:32) ഉദ്ബോധിപ്പിക്കുന്നുണ്ട്. യൂസുഫ് നബിയുടെ സദാചാര ധാര്‍മിക വിശുദ്ധി ഖുര്‍ആന്‍ എടുത്തുദ്ധരിച്ചതാണല്ലോ. രാജപത്നിയുടെ ആഗ്രഹത്തിന് വിധേയമാകാതിരുന്നത് തന്റെ ഔന്നത്യമല്ലെന്നും ദൈവാനുഗ്രഹമാണെന്നും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നത് കാണാം: 'ഞാന്‍ എന്റെ മനസ്സിനെ നിരപരാധിയാക്കുന്നില്ല. മനസ്സ് തിന്മയിലേക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ റബ്ബിന്റെ കാരുണ്യം ലഭിച്ചവനൊഴിച്ച്. നിശ്ചയം, എന്റെ റബ്ബ് വളരെ പൊറുക്കുന്നവനും ദയാപരനുമല്ലോ' (ഖു. 12:53).
ഞാന്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല എന്ന യാഥാര്‍ഥ്യബോധം മതിയാവും പല കലഹങ്ങളും കെട്ടടങ്ങാന്‍. എല്ലായ്പ്പോഴും ഞാന്‍ തന്നെ മുകളിലായിത്തീരണം എന്ന വിചാരം അല്പസമയം മാറ്റിവെച്ചാല്‍ മതി, കുടുംബ - സാമൂഹിക ബന്ധങ്ങളില്‍ സ്നേഹവും കാരുണ്യവും തഴച്ചു വളരാന്‍. അപരന് ചെയ്യുന്ന അപരാധങ്ങള്‍ക്ക് മാപ്പ് നല്‍കാനും മറ്റുള്ളവരോട് ചെയ്യുന്ന കുറ്റങ്ങളില്‍ ക്ഷമാപണം നടത്താനും മനസ്സ് പാകപ്പെട്ടാല്‍ മതി ദൈവിക സന്നിധിയിലും മനുഷ്യഹൃദയങ്ങളിലും ഇടം നേടാന്‍.
l
