അറിവിന് ആരവങ്ങളില്ലാത്ത, അക്ഷരങ്ങളറിയാത്ത ഒരുവനുമേല്‍ ഇരുട്ടുപരന്നൊരു ഗുഹയില്‍ നിന്നും പ്രതിധ്വനിച്ച അശരീരി.
''നീ വായിക്കൂ. നിനക്കറിയാത്തത് പഠിപ്പിച്ചവന്റെ നാമത്തില്‍.'' ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒന്ന്. കണ്ടിട്ടില്ലാത്തൊരു രൂപം. കിതച്ചും പകച്ചും അവനോടി. തന്റെ പ്രിയതമയിലേക്ക്. സത്യസന്ധനെന്നു നാട് വിധിയെഴുതിയ അവനെ ചേര്‍ത്തുപിടിച്ച് അവള് പറഞ്ഞു: നിന്നെ ദൈവം കൈവിടില്ല. ജനതതിക്കും നാഗരികതകള്‍ക്കും ലോകത്തിനും പ്രതീക്ഷയും പ്രത്യാശയുമായി പ്രഭ ചൊരിഞ്ഞ്… അന്ന്, മക്കാ മരുഭൂവില്‍ മുഹമ്മദെന്ന മനുഷ്യന് കേട്ട ആ വചനമാണ് അശരണര്‍ക്ക് അത്താണിയായി, ദുര്‍ബലര്‍ക്ക് സാന്ത്വനമായി, പാപികള്‍ക്ക് പരിഹാരമായി, തന്നെ കൈവിടില്ലെന്ന ഏകനായ ദൈവത്തിന്റെ ഉറപ്പുള്ള വചനമായി ലോകത്തിനു വെളിച്ചമേകി നില്ക്കുന്ന വിശുദ്ധ ഗ്രന്ഥം.
കവികളെ, കഥയറിയുന്നവരെ, മാരണക്കാരെ അത്ഭുതപ്പെടുത്തിയ അതിലെ വരികള്‍.
സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം അനുഷ്ഠിച്ചിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയവന് സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ദിവ്യ മൊഴികള്‍.
തങ്ങളോടുതന്നെ അതിക്രമം കാണിച്ചവരോട് കാരുണ്യത്തെപ്പറ്റി ഓര്‍മപ്പെടുത്തി നിരാശയകറ്റിയവന്റെ വചനങ്ങള്‍.
കുഴിച്ചുമൂടിയേടത്തുനിന്നും ഉദിച്ചുയരാന്‍ പെണ്ണിനെ പ്രാപ്തമാക്കിയ ദിവ്യ പൊരുളുകള്‍.
അതിന്റെ പേരാണ് പരിശുദ്ധ ഖുര്‍ആന്‍. ചേര്‍ത്തു പിടിച്ചു നടന്നാല്‍ ഇഹപര വിജയം ഉറപ്പു നല്കുന്ന ആ മഹിത വചനമിറങ്ങിയ നാളിനാല് പവിത്രമാക്കപ്പെട്ട മാസമാണ് റമദാന്. റമദാന് ആഗതമാവുമ്പോള്‍ നാം വീണ്ടും ഹൃദയത്തോട് ചേര്‍ത്തുവെക്കുകയാണ് ഖുര്‍ആനിനെ. വായിച്ചും പഠിച്ചും പകര്‍ത്തിയും വിസ്മയം തീര്‍ക്കുന്നതാണ് ഖുര്‍ആനിന്റെ ശൈലി. ലഹരിയായി മാറുന്ന ഖുര്‍ആന്‍ വായനയുടെ വ്യത്യസ്ത അനുഭവങ്ങളെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ ഖുര്‍ആനിറങ്ങിയ മാസത്തില്‍ അടയാളപ്പെടുത്തുകയാണ്. ഖുര്‍ആനിക അധ്യാപനത്തോട് ചേര്‍ന്നു നിന്നുള്ള അവരുടെ വായനകള്‍ ആരാമം വായനക്കാര്‍ക്ക് റമദാനിന്റെ രാവില്‍ മുതല്‍ക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നു.
l
