മുഹമ്മദ് നബി (സ)പഠിപ്പിച്ചതായി ഉമര്‍ (റ) ഉദ്ധരിക്കുന്ന ഒരു പ്രാര്‍ഥനയുണ്ട്, 'അല്ലാഹുവേ, എന്റെ ആന്തരിക ജീവിതം ബാഹ്യ ജീവിതത്തെക്കാള്‍ ശ്രേഷ്ഠമാക്കേണമേ. എന്റെ ബാഹ്യജീവിതം നന്മകളാല് സമൃദ്ധമാക്കേണമേ' (തിര്‍മിദി:10091). ഇസ്ലാം വിഭാവന ചെയ്യുന്ന വ്യക്തിവിശുദ്ധിയുടെ മഹത്വവും മനോഹാരിതയും വിളംബരം ചെയ്യുന്നുണ്ട് ഈ പ്രാര്‍ഥന. ജീവിതം പ്രകടനാത്മകതയുടെ പ്രഘോഷണമായി മാറുന്ന പുതിയ കാലത്ത് ഒരു മുസ്ലിം വ്യതിരിക്തനാകേണ്ടത് എങ്ങനെയെന്ന് ഈ പ്രാര്‍ഥന അടയാളപ്പെടുത്തുന്നുണ്ട്. സുകൃതങ്ങളുടെ പൂങ്കാവനം പോലെ പരസ്യ ജീവിതവും നന്മകളുടെ നിത്യവസന്തമായി രഹസ്യ ജീവിതവും എന്നത് എത്രമേല്‍ ഉദാത്തവും മനോജ്ഞവുമായ പരികല്പനയാണ്. ഇസ്ലാമിന്റെ ഈ സവിശേഷ നിലപാട് തന്നെയാണ് ഹൃദയാര്ഥനകളില് പോലും പ്രതിധ്വനിക്കുന്നത്. ഉത്കൃഷ്ട മൂല്യങ്ങളാലും ഗുണങ്ങളാലും ഉള്ളും പുറവും വിശുദ്ധമായ വ്യക്തികളെ വാര്‍ത്തെടുക്കുന്നതിനാണ് ഇസ്ലാം ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചത്. 'ആത്മാവിനെ സംസ്കരിച്ചവന്‍ വിജയം വരിച്ചു, അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു' (അശ്ശംസ്: 9,10) എന്ന ഖുര്‍ആന്‍ വചനം ആത്മ സംസ്കരണം അതീവ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. ആത്മാവിന്റെ വിമലീകരണത്തിനും അഭിവൃദ്ധിക്കുമുള്ള സവിശേഷ സന്ദര്‍ഭമാണ് റമദാനിലൂടെ സംവിധാനിക്കപ്പെട്ടിട്ടുള്ളത്.
വിശുദ്ധിയുടെ വിഹായസ്സ് പുല്കി റബ്ബിന്റെ സാമീപ്യം അനുഭവിക്കണമെന്നതാണ് ആത്മാവിന്റെ അഭിലാഷം. പലപ്പോഴും നാം അതറിയാതെ പോകുന്നത് ശാരീരിക താല്പര്യങ്ങളുടെ അതിപ്രസരത്താലാണ്. ദേഹേച്ഛക്ക് അടക്കം കൈവരുമ്പോഴാണ് ആത്മാവിന്റെ ശബ്ദം നമുക്ക് അനുഭവവേദ്യമാകുന്നത്. ദേഹേച്ഛയെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന റമദാന് വ്രതം ആത്മാവ് ആനന്ദം നുകരുന്ന ആഘോഷവേളയാണ്. 'നിന്റെ ദേഹമാകെ ഉപവാസത്തില്‍ ഉരുകിത്തെളിയുമ്പോള്‍ പിറവിയെടുക്കുന്നത് ആത്മവിശുദ്ധിയുടെ വസന്തം' എന്ന റൂമിയുടെ വരികള്‍ അര്‍ഥവത്താണ്.
ഭൗതിക ജീവിതത്തിന്റെ നിറപ്പകിട്ടില്‍ മനംമയങ്ങി ദേഹേച്ഛയുടെ പിന്നാലെ പാഞ്ഞപ്പോള്‍ ആത്മാവിന്റെ വിശുദ്ധി ചോര്‍ന്നതും ശോഷിച്ചതും നമ്മള് അറിഞ്ഞതേയില്ല. ആരാധനകളാണ് ആത്മാവിന്റെ ഭക്ഷണം. ആത്മാവ് പുഷ്ടിപ്പെടുമ്പോള്‍ ദേഹേച്ഛ ദൈവേച്ഛക്ക് വിധേയപ്പെടും. 'ആര് തന്റെ റബ്ബിന്റെ സന്നിധിയില്‍ നില്‍ക്കുന്നതിനെ ഭയപ്പെടുകയും ദേഹേച്ഛയെ തടയുകയും ചെയ്തുവോ, അവന്റെ സങ്കേതം സ്വര്ഗമത്രേ' (അന്നാസിആത്ത്:40). ചെറുതും വലുതുമായ പാപക്കറകള്‍ മങ്ങലേല്പിച്ച ആത്മാവിനെ ഇസ്തിഗ്ഫാറിന്റെയും തൗബയുടെയും കണ്ണീരിനാല്‍ സ്ഫുടം ചെയ്തെടുക്കണം. ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും വിനയത്തിന്റെയും ഭക്തിയുടെയും സാന്ദ്രതയിലുതിരുന്ന കണ്ണീര്‍ക്കണങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ സ്ഫടികമാളികകള് തീര്‍ക്കാന്‍ കരുത്തുണ്ടെന്ന് ഉറപ്പുവരുത്തണം. ഇസ്തിഗ്ഫാറെന്നത് പാപമോചന പ്രാര്‍ഥനയാണെങ്കില്‍ തൗബ എന്നത് പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേര്‍ന്ന പശ്ചാത്താപ പ്രാര്‍ഥനയാണ്. പടപ്പുകളുമായി ഉണ്ടാകുന്ന വിഷയങ്ങളില്‍ അവരുടെ പൊരുത്തവും പാപമോചനത്തിന് നിബന്ധനയാണ്.
ആത്മസംസ്കരണ മാര്‍ഗത്തില്‍ അത്യസാധാരണ ശേഷിയുള്ള അതിവിശിഷ്ട ആരാധനാ കര്‍മമാണ് നോമ്പ്. റമദാനില്‍ നോമ്പ്നോറ്റ് തഖ് വ നേടിയെടുക്കണം എന്നതാണ് ഖുര്‍ആനിക പാഠം. തഖ്വ എന്ന ഗുണത്തെ ഉബയ്യ്ബ്നു കഅ്ബ് (റ) ഉപമിക്കുന്നത് മുള്ളുകള്‍ നിറഞ്ഞ വഴികളില്‍ ജാഗ്രതയോടെയുള്ള സഞ്ചാരത്തോടാണ്. ജീവിത വഴികളില്‍ പതിയിരിക്കുന്ന ഹറാമുകളില് നിന്ന് അകലം പാലിച്ച് അല്ലാഹുവിന്റെ കല്പ്പനകളനുസരിച്ച് ജീവിക്കുന്നതിനുള്ള ഭക്തിപൂര്‍ണമായ സൂക്ഷ്മതയും ജാഗ്രതയുമാണ് തഖ് വ. നോമ്പ് എന്നതിന്, 'സൗം', 'സ്വിയാം' എന്നിങ്ങനെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. വര്‍ജനം എന്നാണ് അതിന്റെ ഭാഷാര്‍ഥം. അന്നപാനീയങ്ങള്‍ വെടിഞ്ഞതുകൊണ്ടുമാത്രം ഉപവാസമാകില്ലെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് തിരുദൂതര്‍. വ്യാജ വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍ 'അന്നപാനീയങ്ങള്‍ വെടിയണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല' (സ്വഹീഹുല്‍ ബുഖാരി: 1903) 'എത്രയെത്ര നോമ്പുകാരുണ്ട്! പശിദാഹങ്ങളല്ലാതെ മറ്റൊന്നും അവര്‍ക്ക് കിട്ടുന്നില്ല. എത്രയെത്ര രാത്രി നമസ്കാരക്കാരുണ്ട്! ഉറക്കമിളക്കല്‍ അല്ലാതെ മറ്റൊന്നും അവര്‍ക്ക് കിട്ടുന്നില്ല' (സുനനുന്നസാഇ:3249) തുടങ്ങിയ ഹദീസ് വചനങ്ങള്‍, ലക്ഷ്യപ്രാപ്തിയിലെത്താതെ ആചാരം മാത്രമായി അവശേഷിക്കുന്ന ആരാധനകളെ കുറിച്ച ഓര്‍മപ്പെടുത്തലാണ്.
അനാവശ്യം, അശ്ലീലം, അസഭ്യം, വക്കാണം പോലുള്ള എല്ലാത്തില്‍ നിന്നും അകലം പാലിക്കുക എന്നത് നോമ്പിന്റെ മര്മമാണെന്ന് പഠിപ്പിക്കുന്നുണ്ട് പ്രവാചകന് (സ). രഹസ്യ ഇബാദത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോമ്പില്‍ അല്ലാഹുവിനെ മാത്രം ഭയന്നുകൊണ്ട് വികാരവിചാരങ്ങളെ പോലും സംസ്കാര സമ്പന്നമാക്കാന്‍ പോന്ന ഉള്ളടക്കം ഉണ്ട്. നോമ്പ് അതിന്റെ ചൈതന്യത്തോടെ അനുഷ്ഠിക്കുമ്പോള്‍ അത്യുല്‍കൃഷ്ടമായ ആന്തരിക ജീവിതം രൂപപ്പെട്ടു വരുന്നു. തന്റെ ഇഷ്ടത്തെ അല്ലാഹുവിന്റെ ഇഷ്ടത്തിന് വിധേയപ്പെടുത്തുക എന്ന അത്യന്തം ശ്രമകരമായ ദൗത്യമാണ് വ്രതാനുഷ്ഠാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അതുകൊണ്ടാണ് കാരുണ്യവാന് നോമ്പിന്റെ പ്രതിഫലത്തിന് കണക്ക് വെക്കാത്തത്. അത് അവനുള്ളതാണ് എന്ന് പറഞ്ഞത്. ഖുദ്സിയായ ഹദീസില്‍ ഇപ്രകാരം കാണാം. 'ആദം പുത്രന്റെ നന്മകള്‍ക്ക് 10 മുതല്‍ 700 ഇരട്ടി വരെ പ്രതിഫലം നല്കപ്പെടും; നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്, അതിന് പ്രതിഫലം നല്‍കുക നാമാണ്. അവന് എനിക്കുവേണ്ടി അന്നവും മോഹങ്ങളും വെടിഞ്ഞു. നോമ്പുകാരന് രണ്ട് സന്തോഷ സന്ദര്‍ഭങ്ങളുണ്ട്; നോമ്പ് തുറക്കുന്ന വേളയിലും തന്റെ നാഥനെ കണ്ടുമുട്ടുന്ന വേളയിലും. നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരി ഗന്ധത്തെക്കാള്‍ മികവാര്‍ന്നതാണ്' (സ്വഹീഹു മുസ്ലിം: 1151).
ഖുര്‍ആന്റെ അവതരണമാണ് റമദാന് മാസത്തെ വിശിഷ്ടമാക്കിയത്. അതിന്റെ അവതരണ രാവാകട്ടെ അതിവിശിഷ്ടമെന്ന്, ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ഖുര്‍ആന്‍ നല്‍കിയതിന് നന്ദി സൂചകമായി കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പഠനത്തിലും പാരായണത്തിലും മുഴുകിക്കൊണ്ടാവണം റമദാനിലെ പകലിരവുകള്‍ കഴിച്ചുകൂട്ടേണ്ടത്. റമദാനിലെ രാത്രി നമസ്കാരങ്ങള്‍ പോലും സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നത് ദീര്‍ഘമായ ഖുര്‍ആന്‍ പാരായണത്താലാണല്ലോ. പര്‍വതങ്ങള്‍ക്കുമേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഭയവിഹ്വലതയാല്‍ തകര്‍ന്ന് പോയേനെ (അല്‍ഹശ് ര്‍:21) എന്ന ഒറ്റ വചനം മാത്രം മതി ആ വചനങ്ങളുടെ ഗാംഭീര്യം ബോധ്യപ്പെടാന്‍. ഖുര്‍ആന്‍ തന്റെ ഹൃദയത്തില്‍ അവതരിക്കുന്നു എന്നവണ്ണം വിശുദ്ധ ഖുര്‍ആനിനെ ഏറ്റുവാങ്ങുമ്പോഴാണ് ഹൃദയം ചലനാത്മകമാകുന്നതും ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതും. 'തന്റെ ആയുര്‍ദൈര്‍ഘ്യം സകല നന്മകളിലും ഉള്ള മുന്നേറ്റമാക്കേണമേ' എന്ന പ്രാര്‍ഥനയുടെ സാക്ഷാത്കാരം പോലെ അനേകം കൈവഴികളായി ഒഴുകുന്ന നന്മയുടെ പ്രവാഹത്തിലേക്ക് നമ്മുടെ ജീവിതനദിയുടെ ഒഴുക്കിനെ ഖുര്‍ആന്‍ ചേര്‍ത്തുവെക്കും.
പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പല മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട, പാപമുക്തി നല്കുന്നതില് പടച്ചതമ്പുരാന് അതീവ ഉദാരനാകുന്ന പവിത്ര റമദാനില്‍ മൈക്രോസെകന്റുകള് പോലും പരിഗണനയോടെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സമയം നഷ്ടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണം. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണം. നിശ്ചിത സമയങ്ങളിലും പരിമിതമായ തോതിലും മാത്രമേ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കൂ എന്ന ദൃഢനിശ്ചയം ഉണ്ടാവണം. പാചകം പോലുള്ള കാര്യങ്ങള്‍ അമിതമായി സമയം കവരാതിരിക്കാനും മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. സല്‍ക്കാര മാമാങ്കങ്ങളായി നോമ്പ് തുറകളും സൗഹൃദ കൂട്ടായ്മകളും പരിണമിക്കാവതല്ല.
l
