നടുനിരത്തിലെ നിയമലംഘനങ്ങള്‍

എന്‍. പി. ഹാഫിസ് മുഹമ്മദ് /മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

     അമേരിക്കന്‍ യാത്രക്കിടയിലുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. സുഹൃത്തായ താഹിറിനൊപ്പം ഒരാഴ്ചക്കാലം താമസിക്കുന്നതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച് നയാഗ്ര വെളളച്ചാട്ടം കാണാന്‍പോയി. താഹിറിന്റെ ഭാര്യ ഷര്‍മിയും മക്കളും കൂടെയുണ്ടായിരുന്നു. നയാഗ്രയില്‍ ഒരു ദിവസം താമസിച്ച് താഹിര്‍ താമസിക്കുന്ന വാഷിങ്ങ്ടണ്ണിന് അടുത്തുളള വിര്‍ജിയയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി ഏഴു മണി കഴിഞ്ഞിരുന്നു. താഹിറാണ് വണ്ടിയോടിക്കുന്നത്. താഹിര്‍ ഏതോ ചില റോഡ് അടയാളങ്ങളും മുന്നറിയിപ്പും വായിച്ച് പറഞ്ഞു:
     ''റോഡുപണി നടക്കുന്നതിനാല്‍ അല്പം വഴിമാറി വണ്ടി ഓടിക്കേണ്ടി വരും. ബ്ലോക്കുണ്ടാകാനും സാധ്യതയുണ്ട്.''
     പിന്നേയും കുറെ കഴിഞ്ഞാണ് ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടത്. മുന്നിലുളള വാഹനത്തിനു പിന്നില്‍ പിന്നാലെ എത്തുന്ന വാഹനം നിര്‍ത്തുന്നു. ഒരു വാഹനവും ഇടയൊഴിവ് നോക്കി നൂഴ്ന്ന് കേറുന്നില്ല. ഇടങ്കോല് ഇടുന്നില്ല. ചിലപ്പോള്‍ അഞ്ചോ പത്തോ മിനുട്ട് വണ്ടി നിര്‍ത്തുമ്പോഴും ഒരാളും മുഖം കറുപ്പിക്കുന്നില്ല. ഒന്നൊന്നര മണിക്കൂര്‍ ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ടിട്ടും ഒരാള്‍ പോലും മുന്നിലുളള വാഹനത്തെ മറികടക്കാനോ തിക്കിക്കയറാനോ ശ്രമിക്കുന്നില്ല. ഞാന്‍ അത്ഭുതപ്പെട്ടു:
     ''ഒരാളെങ്കിലും ഡ്രൈവ് ചെയ്യുന്നില്ലല്ലോ.''
     താഹിര്‍ പറഞ്ഞു: ''അത് മാന്യമായ ഏര്‍പ്പാടാണെന്ന് ഒരാളും കരുതുന്നില്ല. മുന്നിലൊരു വാഹനം നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് മുന്നോട്ട് പോകാന്‍ തടസ്സമുണ്ടെന്ന് പിന്നിലെത്തുന്ന ആളിനറിയാം. അയാള്‍ ഒരിക്കലും മറികടക്കാന്‍ ശ്രമിക്കില്ല. അത് മുന്നിലെത്തിയ മനുഷ്യനെ അപമാനിക്കലാണ്. പിന്നിലുളള ആള്‍ എമര്‍ജന്‍സിയായി പോകുകയാണെങ്കില്‍പോലും അത് ചെയ്യില്ല.'' അതൊരു ധിക്കാരം കൂടിയാണ് ഷര്‍മി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ബ്ലോക്കാണെങ്കിലും അതില്ലാതാകുമെന്ന് ഉറപ്പാണ്. വണ്ടിയോടിക്കുന്നവര്‍ കുത്തിത്തിരുകി ബ്ലോക്ക് കൂടുതലാക്കുന്നില്ല. ഒരാളെങ്കിലും മറികടക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ വെറുതെ നിനച്ചു പോയി. അത് പറഞ്ഞപ്പോള്‍ താഹിര്‍ പറഞ്ഞു: ''നാട്ടില്‍ അതു ചെയ്യുന്ന മലയാളികള്‍ പോലും ഇവിടെ മര്യാദരാമന്മാരായിരിക്കും. നമ്മുടെ നാട്ടിലെ സ്ഥിതിയോ? ഒരിക്കല്‍ ജര്‍മന്‍കാരനായ ഹെര്‍മന്‍ എപ്‌ളര്‍ എന്ന സുഹൃത്തുമായി കാപ്പാട് കാണാന്‍ പോയപ്പോള്‍ നാണംകെട്ടത് ഓര്‍മയുണ്ട്. ഭാര്യയാണ് വണ്ടിയോടിച്ചിരുന്നത്. കോരപ്പുഴ പാലം കേറുന്നതിന്ന് മുമ്പൊരു ബ്ലോക്കുണ്ടായി. അതിനിടയില്‍ വലത്തും ഇടത്തും ഇരുചക്രവാഹനക്കാര്‍ നൂഴ്ന്ന് കേറുന്നു. ഒരിടം കിട്ടുമ്പോള്‍ നിര്‍ത്താതെ ഹോണടിച്ച് ബസ്സ് തളളിക്കേറുന്നു. അങ്ങോട്ടുമിങ്ങോട്ടുമുളള യാത്രക്കാര്‍ പരസ്പരം പഴിചാരുന്നു. സ്വതവേ എന്തും ചിട്ടയോടെ ചെയ്യുന്ന ഹെര്‍മന്റെ മുഖം ചുവന്നുതുടുത്തു. ഇന്ത്യന്‍ റോഡുകളെ കുറിച്ചും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതിനെ കുറിച്ചും മനസ്സിലാക്കിയ ആളാണ് ഹെര്‍മന്‍. എന്നിട്ടും ഹെര്‍മന്‍ പറഞ്ഞുകൊണ്ടിരുന്നു: ''നോണ്‍സണ്‍സ്....'' ഞാന്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു. ഹെര്‍മന്‍ ഒരു ബൈക്കുകാരനോ ഓട്ടോറിക്ഷക്കാരനോ നൂണ്ടുകേറുമ്പോള്‍ പറയുന്നുണ്ടായിരുന്നു: ''അഞ്ച് മിനിട്ട് കൂടുതല്‍ വൈകും...'' സത്യമായും ഓരോ നിയമ ലംഘനവും എല്ലാവര്‍ക്കും കൂടുതല്‍ നേരം വൈകാന്‍ കാരണമായിരുന്നു, അയാള്‍ക്കും.
     നമുക്ക് റോഡ് നിയമങ്ങള്‍ ലംഘിക്കാനുളളതാണെന്നാണ് നിരത്തിലെ വ്യവഹാരം കണ്ടാല്‍ തോന്നുക. റോഡിന്റെ സ്ഥിതി ദയനീയം. റോഡില്‍ യാത്ര ചെയ്യുന്നവരുടെ പെരുമാറ്റമോ മഹാകഷ്ടം! മുന്നിലൊരു യാത്രക്കാരന്‍ വണ്ടിയോടിക്കുന്നുണ്ടെങ്കില്‍ അയാളെ എങ്ങനെ മറികടക്കാമെന്നാണ് റോഡിലിറങ്ങുന്നതിനു മുന്നേ ഒരു ശരാശരി മലയാളി ആലോചിക്കുന്നത് എന്നു തോന്നും. ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുംമുമ്പേ ട്രാഫിക്ക് ബ്ലോക്കുകള്‍ പണിയുന്നത് മനപ്പാഠമാക്കുന്നവര്‍. അടിസ്ഥാനപരമായ പ്രശ്‌നം, ഒരു സഹജീവിക്ക് അയാളോ അവരോ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല എന്നതാണ്. എനിക്കു മുമ്പിലുളള ഒരാള്‍ക്ക് എനിക്കു മുമ്പേ പോകാനുളള അര്‍ഹതയുണ്ട് എന്ന പ്രാഥമികമായ ഒരു മാന്യവിചാരം പലരും കാണിക്കുന്നില്ല. പിന്നില്‍ വണ്ടിയുമായി നില്‍ക്കുന്നവര്‍ മണ്ടന്മാരും മണ്ടികളുമാണെന്നാണ് മറികടക്കുന്നവരുടെ വിചാരം. മറികടക്കുന്നത് ഒരു അതിസാമര്‍ത്ഥ്യമാണെന്നും അത് കേമന്മാര്‍ക്കും കേമികള്‍ക്കും പറഞ്ഞതാണെന്നും അവര്‍ കരുതുന്നു. വണ്ടി മുന്നില്‍ കണ്ടാല്‍ പിന്നിലെത്തുന്ന ചിലര്‍ക്ക് പുച്ഛമാണ്. മുന്നിലൊരു വാഹനം ഉണ്ടെങ്കില്‍ മറികടക്കാതെ മര്യാദ പാലിക്കുന്നവരെ പിന്നിലെത്തുന്നവര്‍ പഴിചാരുന്നത് കണ്ടിട്ടുണ്ട്. റോഡിലിറങ്ങിയാല്‍ ഞാനെന്ന ഭാവം മാത്രം, ഞാനല്ലാതെ മറ്റാരുമില്ലെന്ന വിചാരം മാത്രം.
     ഈയിടെ ഞാനും ഒരു സുഹൃത്തും മലയാളികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളുടെ പട്ടിക ഉണ്ടാക്കിനോക്കി. ഒരു കൗതുകത്തിന് ചെയ്ത എക്‌സൈസ് ഞെട്ടിപ്പിക്കുന്നതായിരുന്നു... പട്ടിക ഇങ്ങനെ,
1. മുന്നിലുളള വാഹനത്തെ മറികടക്കുന്നവര്‍. ഇക്കാര്യത്തില്‍ രണ്ട് കലൊന്ന് അല്‍പം മാറ്റിനിന്നാല്‍ അതിനുളളിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ബസ്സുകാരുണ്ട്.
2. സിഗ്നല്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുന്നവരെ മറികടന്ന് മുന്നില്‍ വരാന്‍ ശ്രമിക്കുന്നവര്‍. ഇക്കൂട്ടര്‍ പലപ്പോഴും മുന്നില്‍ കുത്തിത്തിരുകി എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇരുചക്രവാഹനക്കാരില്‍ മഹാഭൂരിപക്ഷത്തിന്റെയും ധാരണ ട്രാഫിക്ക് ക്യൂവില്‍ അവര്‍ക്ക് മുന്നില്‍ റിസര്‍വ്വ് ചെയ്തു വെച്ചിട്ടുണ്ടെന്നാണ്.
3. സിഗ്നല്‍ പോസ്റ്റില്‍ സാധാരണ ഇടത് വശത്തേക്കുളള തിരിച്ചിലിന് സദാ പച്ചവെളിച്ചമായിരിക്കും. അതു കൊണ്ടുതന്നെ ഇടത് വശത്തെ ട്രാക്ക് ഒഴിഞ്ഞുകൊടുക്കണം. എന്നാല്‍ നേരെ പോകേണ്ടവരില്‍ പലരും ചുവന്ന വെളിച്ചത്തില്‍ നിര്‍ത്തിയിടുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ഇടത് വശത്തുളള നിരത്തിലൂടെ നൂഴ്ന്ന് കേറുന്നു.
4. സിഗ്നല്‍ വെളിച്ചം മഞ്ഞയാകുമ്പോള്‍ നിര്‍ത്താനുളള അറിയിപ്പാണ്. എന്നാല്‍ പലരും അന്നേരം ധൃതിപിടിച്ച് കുത്തിക്കേറുന്നു. സിഗ്നല്‍ പോസ്റ്റില്‍ പച്ച വെളിച്ചം വരുമ്പോള്‍ത്തന്നെ ഒരു കണക്ക് വെച്ചും, നമ്പര്‍ താഴേക്ക് വന്ന് മൂന്നോ രണ്ടോ ആകുമ്പോഴേക്കും പിന്നിലുളള വാഹനങ്ങളില്‍ ഉളളവര്‍ ഹോണടിച്ച് ശല്യപ്പെടുത്തുന്നു. ബസ്സുകാരാണ് ഇക്കാര്യത്തില്‍ നെറികെട്ടവര്‍. പച്ചവെളിച്ചം വന്നാലും മുന്നിലുളളവരെ മറികടക്കാനുളള വെപ്രാളമാണവര്‍ക്ക്.
5. മദ്യപിച്ച് വണ്ടിയോടിക്കല്‍. മദ്യം എത്ര കുറച്ച് കഴിച്ചാലും അതിനനുസരിച്ച് രക്തത്തില്‍ കലര്‍ന്ന് രക്തം തലച്ചോറില്‍ എത്തുന്നുണ്ട്. തലച്ചോറില്‍ എത്തുന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ തീരുമാനങ്ങളെടുക്കുന്നതിനേയും ഇന്ദ്രിയപരമായ അനുഭവങ്ങളെയും ബാധിക്കുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ മറ്റുളളവര്‍ക്കുകൂടി അപകടം വരുത്തുന്നു.
6. രണ്ട് വശത്തേക്ക് വ്യത്യസ്ത റോഡുകള്‍ ഉളള സ്ഥലങ്ങളില്‍ ഒരു ട്രാക്കില്‍ റോഡ് ബ്ലോക്കായാല്‍ മറുവശത്തെ ട്രാക്കിലൂടെ വണ്ടിയെടുത്ത് അതിവേഗതയില്‍ മുമ്പിലെത്താന്‍ ശ്രമിക്കുന്നവര്‍. എതിര്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അത് അപ്രതീക്ഷിതമാകമയാല്‍ അപകടം വിളിച്ചു വരുത്തുന്നു.
7. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നവര്‍. തോളില്‍ വെച്ച്, കഴുത്ത് ആ വശത്തേക്ക് ചെരിച്ച് ചെവിയുമായി ഒട്ടിച്ച് ഫോണ്‍ ചെയ്തുകൊണ്ട് ഇരുചക്രവാഹനമോടിക്കുന്നവരുണ്ട്. മൊബൈല്‍ വീഴാതെ സര്‍ക്കസ് കളിക്കുന്ന ഇക്കൂട്ടര്‍ മുന്നിലുളള വാഹനങ്ങളെയോ കാല്‍നടയാത്രക്കാരെയോ ശ്രദ്ധിക്കാതെ പോകാനിടവരുന്നു. നിറയെ യാത്രക്കാരെ കയറ്റി ബസ്സ് വിടുന്ന ഡ്രൈവര്‍മാരും മൊബൈല്‍ ഒരു കയ്യാല്‍ ചെവിയില്‍ ചേര്‍ത്തുവച്ച് ഒറ്റക്കൈ ഡ്രൈവിങ്ങ് നടത്തുന്നത് കണ്ടിട്ടുണ്ട്.
8. വഴിയെ പോകുന്നവരെ ഞെട്ടിച്ചുമാറ്റി മുന്നോട്ട് പോകാന്‍ വഴിയൊരുക്കുന്ന ക്ലീനര്‍മാര്‍. ബസ്സിന്റെ വാതിലില്‍ അത്യുച്ചത്തിലടിച്ചാണ് ഈ ട്രാഫിക്ക് നിയമലംഘനം അവര്‍ നടത്തുന്നത്.
9. ഹോണടിച്ചുകൊണ്ട് ഡ്രൈവിങ്ങ് നടത്തുന്നവര്‍. ഇവര്‍ ഒരു കൈ എപ്പോഴും ഹോണില്‍ വെച്ചിരിക്കും. പല വിദേശ രാജ്യങ്ങളിലും പിന്നിലുളള ഒരാള്‍ ഹോണടിക്കുന്നത് ഒരപമാനിക്കലാണ്, നീചമായ പ്രവൃത്തിയാണ്. ശബ്ദ മലിനീകരണം കൂടി നടത്തുന്നവരാണിക്കൂട്ടര്‍.
10. സൈലന്‍സറില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി ശബ്ദമെമ്പാടുമുണ്ടാക്കി ഡ്രൈവ് ചെയ്യുന്ന ഇരുചക്രവാഹനക്കാര്‍. പ്രദര്‍ശനപരതക്ക്, മറ്റുളളവരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ഇക്കൂട്ടര്‍ ഇടത്തോട്ടും വലത്തോട്ടും വാഹനങ്ങളെ മറികടക്കുകയും ചെത്തി ഡ്രൈവിങ്ങ് നടത്തുന്നവരുമാണ്. കാലന്‍ കൈകാലുകളില്‍ കേറിക്കഴിഞ്ഞവരാണ് ഇക്കൂട്ടരെന്ന് തോന്നിപ്പോകും. വായുഗുളിക വാങ്ങാന്‍ പോകുന്നവര്‍ എന്ന് മറ്റുളളവര്‍ ഇവരെ നാമകരണം ചെയ്തിരിക്കുന്നു.
11. ആംബുലന്‍സുകള്‍ക്ക് വഴിമാറിക്കൊടുക്കാത്തവര്‍. സൈറണ്‍ മുഴക്കി വരുന്ന വാഹനം നല്‍കുന്ന മുന്നറിയിപ്പിനെ ഈ കൂട്ടര്‍ വെറുപ്പോടെ കാണുന്നു. ശവവുമായി പോകുന്ന ആംബുലന്‍സ് നോക്കി 'ഏതായാലും ചത്തു, ഇനി മെല്ലെപോയാല്‍ പോരെ. ജീവിച്ചിരിക്കുന്ന ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കണോ' എന്ന ഭാവമാണിവര്‍ക്ക്.
12. പാര്‍ക്കിങ്ങ് പാടില്ലാത്ത സ്ഥലങ്ങളില്‍ സൗകര്യം നോക്കി പാര്‍ക്ക് ചെയ്യുന്നവര്‍. മുന്നിലുളള ഷോപ്പുകള്‍ക്കോ വഴിയെ പോകുന്ന വാഹനങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നവരാണിവര്‍.
13. റോഡിന് വശം ചേരാതെ നിര്‍ത്തി, മറ്റുളളവരോട് വര്‍ത്തമാനം പറഞ്ഞ് പിന്നാലെ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍. പിന്നില്‍ വന്നവര്‍ വഴികാണാതെ ഹോണടിക്കുമ്പോള്‍, ഉളള വഴിക്ക് മുന്നോട്ട് പോ എന്ന ഭാവത്തില്‍ മനമില്ലാ മനസ്സോടെ ഈ ആളുകള്‍ അല്പം അരികിലേക്ക് നീങ്ങുന്നു. ആദ്യമേ അരികുപറ്റി വണ്ടി നിര്‍ത്തി മറ്റുളളവരോട് സംസാരിക്കാന്‍ മുതിരുകയില്ലവര്‍.
14. ഓവര്‍ലോഡുമായി യാത്രനടത്തുന്നവര്‍ വസ്തുവകകള്‍ കയറ്റുമ്പോള്‍ ഭാരം കുറഞ്ഞ വസ്തുക്കള്‍ കയറ്റുന്ന വാഹനങ്ങള്‍ ഒരു കുന്നോളം കയറ്റി വരിഞ്ഞുകെട്ടി നിരത്തിലിറങ്ങാം എന്ന് ഇവര്‍ കരുതുന്നു.
15. നിരത്തിലേക്ക് കയ്യേറി കച്ചവടം ചെയ്യുന്ന ഉന്തു വണ്ടിക്കാര്‍. നിരത്തിലേക്ക് തളളിക്കേറുന്നത് അവരുടെ അവകാശമാണന്നാണ് തോന്നുക. റോഡിനോരം ചാരി കച്ചവടം ചെയ്യുന്ന കടക്കാരില്‍ ചിലരും കയ്യേറി യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാറുണ്ട്.
16. ഏത് വഴിക്കും വാഹനങ്ങള്‍ക്കിടയിലൂടെയും വളഞ്ഞും നുഴഞ്ഞും കേറാമെന്ന് കരുതി ഓട്ടോ ഓടിക്കുന്നവര്‍. നിരത്തില്‍ ഒരു നിയമവും ഞങ്ങള്‍ക്ക് ബാധകല്ലെന്ന് കരുതുന്ന ചില ഓട്ടോ ഡ്രൈവര്‍മാരാണ് പലപ്പോഴും ഇടുങ്ങിയ നിരത്തുകളില്‍ ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുന്നവര്‍.
     പട്ടികയില്‍ ഞാനും കൂട്ടകാരനും ഏതൊക്കെ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് ഒരു ആത്മപരിശോധന നടത്തി. ഞാന്‍ എന്റെ വീഴ്ചകള്‍ ചിലത് കണ്ടു. ബൈക്ക് ഓടിക്കുമ്പോള്‍ ചിലനേരങ്ങളില്‍ കീശയില്‍നിന്ന് പിടക്കുന്ന മൊബൈലിനെ കുറച്ച് നേരത്തേക്ക് പരിഗണിക്കേണ്ട എന്ന് ബോധ്യമായി. ഒരു കാരണവശാലും മുന്നിലൊരു വാഹനമുളളപ്പോള്‍ സിഗ്നല്‍ പോസ്റ്റിലോ മറ്റു സ്ഥലങ്ങളിലോ വെച്ച് നൂഴ്ന്ന് കേറരുതെന്ന് ഞാനെന്നെ അറിയിച്ചു. ഒരോരുത്തരും തങ്ങള്‍ നടത്തുന്ന റോഡ് നിയമലംഘനങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം തിരുത്തുക എന്നതു തന്നെയാണ് പ്രധാനം.
     ഒരു പ്രശ്‌നം പലരും ഉന്നയിക്കാറുണ്ട്. നമ്മള്‍ നിയമം പാലിക്കുമ്പോള്‍ മറ്റുളളവര്‍ അത് ലംഘിച്ചുകൊണ്ടേയിരിക്കുന്നു. നമ്മള്‍ വിഡ്ഢികളാകുന്നു. മറ്റൊരാള്‍ നിയമലംഘനം നടത്തുന്നത് നമുക്ക് അത് ചെയ്യുവാനുളള ലൈസന്‍സല്ല എന്നതാണ് പ്രധാനം. സ്വയം മാറുന്ന ഒരാള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരാളെ സ്വാധീനിക്കുന്നുണ്ട്. മറ്റൊരാള്‍ എന്ത് ചെയ്യുന്നുവെന്നല്ല നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കേണ്ടത് എന്നര്‍ത്ഥം. റോഡ് ഒരാള്‍ക്കു വേണ്ടി മാത്രമുളളതല്ല. അതൊരു പൊതുസ്വത്താണെന്നും സഹജീവികള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഒരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ഒരാള്‍ അവരുടെ മാത്രം സൗകര്യം നോക്കുമ്പോള്‍ മറ്റുളളവര്‍ക്ക് ഏത് വിധേനയും അസൗകര്യം ഉണ്ടാകുമെന്ന് ആലോചിക്കുന്നുവെങ്കില്‍ നിരത്തിലെ നിയമലംഘനം നടത്താതിരിക്കാന്‍ ഇടയുണ്ട്. നിരത്തില്‍ വെച്ച് നടത്തുന്ന കൊച്ചു നിയമലംഘനങ്ങള്‍ മറ്റു പലര്‍ക്കും വിഷമങ്ങള്‍ ഉണ്ടാക്കാറുണ്ട്.അപ്പോള്‍ മറ്റുളളവരോട് അനീതി കാണിക്കാനുളള മനോഭാവം സ്വയം ഇല്ലാതാക്കേണ്ടതുണ്ട്.
ഒരോ ആളും സ്വയം നിയമം പാലിക്കുന്നുണ്ടെങ്കില്‍ മറ്റുളളവര്‍ക്ക് അസൗകര്യം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അവരവര്‍ക്ക് വിഷമങ്ങള്‍ ഉണ്ടായിത്തീരുകയുമില്ല. എന്റെ സഹോദരീ ഭര്‍ത്താവ് ഒന്നാന്തരം ഡ്രൈവറാണ്. ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉളള വ്യക്തി. നിരത്തിലെ നിയമങ്ങളെല്ലാം അറിയാമെന്നു മാത്രമല്ല, അതൊക്കെ കര്‍ശനമായി പാലിക്കുന്ന ആള്‍. പക്ഷെ, ഒരു പ്രശ്‌നം. മറ്റുളളവര്‍ നിരത്തിലിറങ്ങിയാല്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് ആശാന്‍ സഹിക്കില്ല. അളിയന്‍ ഉച്ചത്തില്‍ പറയും: ''നിനക്കൊക്കെ ആരടാ ലൈസന്‍സ് തന്നത്? നിന്നെയൊക്കെ ഡ്രൈവിങ്ങ് പഠിപ്പിച്ചവരെ പറഞ്ഞാല്‍ മതി...'' അളിയന് ഈ കമന്റുകള്‍ നിയമമനുസരിക്കാതെ പോകുന്നവര്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അരിശം അങ്ങനെ തീര്‍ക്കുന്നുവെന്ന് മാത്രം. പക്ഷേ, ഒരു കാരണവശാലും കക്ഷി നിയമമനുസരിക്കാതെ ഡ്രൈവ് ചെയ്യില്ല. അത് ഒരു പൗരന്റെ കടമയാണെന്ന് അളിയന്‍ കരുതുന്നു, മറ്റുളളവരോട് പറയുകയും ചെയ്യുന്നു.
     സ്വയം ഒരാള്‍ നിരത്തിലെ നിയമങ്ങള്‍ പാലിക്കുന്നുവെങ്കില്‍ നിന്ത്രണത്തിന് എമ്പാടും പോലീസുകാരും ഉണ്ടാകില്ല. സീബ്രാലൈനിലൂടെ നിരത്ത് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലീസുകാര്‍ വണ്ടിനിര്‍ത്തി സഹായം ചെയ്തുകൊടുക്കുന്നത് കണ്ട് സ്വിറ്റ്‌സര്‍ലാന്റകാരനായ ജോര്‍ജ് ബോഗ് പറഞ്ഞത് ഓര്‍മയുണ്ട്. 'സീബ്രാലൈന്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലീസ് സഹായം മറ്റൊരു രാജ്യത്തും നാം കണ്ടിട്ടില്ല.' അത് വസ്തുതയാണെന്ന് ഞാനും അറിഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ നിരത്ത് മുറിച്ചുകടക്കുന്നവര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കുക മാത്രമല്ല, കൈവീശി ചിരിച്ചുകൊണ്ട് അനുവാദം കൂടി നല്‍കുന്നത് ഖത്തറിലും ഒമാനിലും ദുബായിലും ഞാന്‍ കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിനടുത്തുളള ഒരു നിരത്തിലെ സീബ്രാലൈന്‍ ഉപയോഗിച്ച് മറുവശമെത്താന്‍ ശ്രമിക്കവെ ഒരു ഇരുച്രവാഹകന്‍ ഇടിച്ചിട്ട് മിന്നിമാഞ്ഞതും മറ്റൊരു കാല്‍നടയാത്രക്കാരന്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചതും ഞാന്‍ ഓര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ ട്രാഫിക്ക് പോലീസിന്റെ ജോലി നിയമലംഘനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ്.
     കാല്‍നടയാത്രക്കാരും നിരത്തിലിറങ്ങിയാല്‍ കയറൂരിവിട്ട കാളക്കൂറ്റന്മാരെ പോലെയാണ്. ചിലര്‍ എവിടെനിന്നോ ഒരു മിന്നല്‍ പിണര്‍ പോലെ നിരത്ത് മുറിച്ച് കടക്കും. പ്രവചനാതീതമാണ് ഈ വ്യവഹാരം. പലപ്പോഴും അപ്രതീക്ഷമായി നെട്ടോട്ടമോടുന്ന ഈ കാല്‍നടയാത്രക്കാര്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. നഗരപ്രാന്തപ്രദേശങ്ങളിലെ നാല്‍ക്കവലയോടും ചന്തയോട് ചേര്‍ന്നുളള നിരത്തുകളിലും കാല്‍നടയാത്രക്കാര്‍ സ്വന്തം കിടപ്പു മുറിയിലെന്ന വിധമാണ് പെരുമാറുക. കൂട്ടംകൂടി നടുനിരത്തില്‍ നില്‍ക്കുന്നവര്‍ ഉണ്ട്. വാഹനങ്ങള്‍ ഹോണടിക്കുമ്പോള്‍ ഈ ആളുകള്‍ പിറുപിറുക്കും, 'എന്താ ആളെ കൊല്ലാന്‍ വരുന്നോ... കൊല്ലല്ലെ...' അവരെ സംബന്ധിച്ച് നിരത്ത് അവരുടെ സൗകര്യമാണ്. അവിടത്തെ ചക്രവര്‍ത്തിമാര്‍ അവര്‍ തന്നെ.
     നടന്നു പോകുന്ന യാത്രക്കാരില്‍ പലരും നിരത്ത് മുറിച്ച് കടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചെവിയോട് അമര്‍ത്തി ഏതോ സ്വപ്നസൗധത്തില്‍ എന്നവിധം ഒഴുകിപ്പോകുന്നത് സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. നിരത്തോരം ചാരിനിന്ന് ഫോണ്‍ ചെയ്തുതീര്‍ത്ത് നിരത്ത് മുറിച്ച് കടക്കാന്‍ പറ്റാത്ത വിധം അക്ഷമയുളളവരും അശ്രദ്ധകാണിക്കുന്നവരുമാണര്‍. അപകടത്തില്‍ പെടാതെ ഇക്കൂട്ടര്‍ രക്ഷപ്പെടുന്നത് ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയൊന്നു കൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കാനാവും.
     നിരത്തില്‍ നിയമം പാലിക്കാത്ത ഒരാള്‍ ഏറ്റവും കുറഞ്ഞ പൗരബോധമാണ് കാണിക്കുന്നത.് സഹജീവികളോട് കാരുണ്യരഹിതമായ പെരുമാറ്റമാണ് പ്രകടിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ മാന്യമായ പെരുമാറ്റം നിരത്തില്‍ വെച്ചാണ് കാണേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പൊതുസ്ഥലങ്ങളിലും ആരുംനിയന്ത്രിക്കാതിരിക്കുമ്പോഴും നിയമലംഘനം നടത്താത്തവരുമാണ് ഒരു ദേശത്തിന്റെ മാന്യത വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ശസ്ത്രക്രിയ
1. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ ട്രാഫിക്ക് നിയമങ്ങള്‍ മുതിര്‍ന്നവര്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കൊടുക്കുക. സാധാരണ ഒരാള്‍ നിരത്തില്‍ വെച്ച് പാലിക്കേണ്ട നിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക.
2. ട്രാഫിക്ക് പാര്‍ക്കുകളില്‍ കൊണ്ടുപോകുക. ടോയ് വാഹനങ്ങള്‍ ഉപയോഗിച്ച് ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ പരിശീലനം നല്‍കുക.
3. കുട്ടികളോട് ട്രാഫിക്ക് നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുക.
ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കാന്‍ പ്രചോദനം നല്‍കുന്ന കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുന്നത്, കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി വിലക്കുക.
5. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടുളള അപകടങ്ങള്‍ വെളിപ്പെടുത്തുന്ന പോസ്റ്റ്‌റുകള്‍ ഉണ്ടാക്കാനും സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനും പ്രേരണ നല്‍കുക. ട്രാഫിക്ക് നിയമങ്ങളെ അടിസ്ഥാനമാക്കിയുളള ചര്‍ച്ച- സംവാദങ്ങള്‍ സംഘടിപ്പിക്കുക. ഇത്തരം ആശയങ്ങളെ അടിസ്ഥാനമാക്കി കഥ, ലേഖനം തുടങ്ങിയവ എഴുതിപ്പിക്കുക.
6. മുതിര്‍ന്നവര്‍ ഒരിക്കലും ട്രാഫിക്ക് നിയമലംഘനം നടത്തരുത് എന്ന് മാത്രമല്ല, കുട്ടികളോടൊപ്പമുളള യാത്രയില്‍ നിയമം പാലിക്കുന്നത് കാണിച്ച് കൊടുക്കുക. അതിന്റെ ആവശ്യകത വിശദീകരിക്കുകയും ചെയ്യുക.
7. സ്വന്തം നിയമ ലംഘനങ്ങള്‍ക്ക് യാതൊരു കാരണ വശാലും മറ്റുളളവരെ കുറ്റം പറയുകയോ ഉദാഹരണമോ കാരണമോ ആയി ചൂണ്ടിക്കാട്ടുകയും അരുത്.
8. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നവരെ അഭിനന്ദിക്കുക, അവരോട് നന്ദി പറയുക.
9. അവരവരുടെ പ്രദേശങ്ങളിലോ ചുറ്റുവട്ടത്തോ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കിത്തീര്‍ക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുക. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക
10. നിങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നവരെങ്കില്‍ അതുപാലിക്കാത്തവരെ സ്‌നേഹത്തോടെ പറഞ്ഞ് ബോധ്യപ്പടുത്തുക. ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും മാന്യമായ രീതിയില്‍ ഇടപെടല്‍ നടത്തുകയും ചെയ്യുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top