കെട്ടിട നമ്പര്‍ 64/12 (കരുണാലയം)
കലന്തന് ഹാജിക്ക് മക്കള്‍ പത്തെണ്ണമാ....
മുഴുത്ത ആണ് പിളളേര്
നല്ല ഏഴ്മുറി തറവാടും,
പഠിപ്പ് ഏറി മൂന്നെണ്ണം പടിഞ്ഞാറ് കേറി.
മൂന്നെണ്ണം ദുബായിലും.
ഒന്ന് കെട്ട്വീട്ടില് കൂടി.
പെണ്ണുകങ്ങളെ കെട്ട്യോന്മാര് കൊണ്ടോയി,
ഏഴുമുറി വീട്ടില്‍ ഒരാത്മാവുണ്ട്,
അട്ടക്കരികെട്ടുന്നത് കണ്ണ് നട്ടും,
ഇടിമിന്നലുളള മഴയോട് മാത്രം മിണ്ടിയും;
പുകയേറ്റ് കറുത്ത ചിമ്മിനിച്ചുമര് പോലെ,
കണ്ണീരറ്റ് കറുത്ത ചിരിയുമായി പത്തെണ്ണം പെറ്റ,
ഒരുമ്മ.... വയസ്സ് 70
കെട്ടിട നമ്പര്‍ 123/12 (സൗഗന്ധികം)
കുഞ്ഞുമോന്റെ വീടാ.....
ആറ് മുറി,
ഓരോന്നിലും തേക്ക് കടഞ്ഞ,
കല നിറഞ്ഞ കട്ടിലുകള്‍,
സുല്ഫെക്സിന്റെ മിനുത്ത ബെഡുകള്‍
ലക്ഷം വിലയുളള കക്കൂസ്,
കണ്ണാടി പോലെ നിലം,
ബാപ്പനേക്കാളും ബല്യ ടി.വി,
മരുമക്കള്‍ക്ക് വലിയ അടുക്കള,
അമ്മായ് അമ്മയ്ക്ക് ചെറിയ അടുക്കള......
25 വര്‍ഷമായി അങ്ങിനെയാണ്
കുഞ്ഞോനും കെട്ട്യേളും പിന്നെ,
കുട്ട്യോളും
ജയിലുപോലെ ഇടുങ്ങിയ
ഒറ്റമുറിവീട്ടില്‍ നീറിനീറി
ദുബായിലാണ്....
വീട്ട് നമ്പര്‍ ഇല്ല (തിണ്ണ)
കൊടും തണുപ്പിലും
അയാള്‍ പുതുക്കാതെ,
തിണ്ണയില്‍ ഉറങ്ങുന്നു.....
ഇളം കാറ്റും ചിലപ്പോള്‍
ഇണയുടെ
വസ്ത്രം തെറ്റിച്ച് നീങ്ങിയേക്കും
ഈ കാമറയുടെ കാലത്ത്.
കെട്ടിട നമ്പര്‍ 200/12 (പൂങ്കാവനം)
ഊട്ടിയിലെ പട്ടി, വീട്ടിലും
വീട്ടിലെ കുട്ടി ഊട്ടിയിലും.....
എന്നതാണ് ഒരു സ്വാശ്രയ ചൊല്ല്;
ഊട്ടിയിലെ കുട്ടി,
കുട്ടിക്കാന്റെ പീടികത്തിണ്ണയില്‍
വാള്‍വെച്ച്,
തെരുവ്ശുനകനായി മോങ്ങുന്നു....
അതാണ് ഇപ്പൊനാട്ടാരെ തല്ല്;
വീട്ടിലെ പട്ടി ലോലിപോപ്പ് തിന്നുകയാ....
കെട്ടിട നമ്പര്‍ 220/12(പ്രണയാലയം)
കത്തിച്ച് വെച്ച പ്രണയം
കെട്ട്പോകാതെ,
തിരശ്ശീലയിളക്കി പാഞ്ഞുവരുന്ന
കാറ്റിലും കോളിലും
കാറുരുണ്ട്, സൂര്യനെ വിഴുങ്ങിയെടുത്ത തണുപ്പിലും;
കമ്പിവളച്ച് പിടിച്ചുവെച്ച
ചില്ല് റാന്തലിന്റെ
ഉളളില്‍
പിടയാതെ അവള്,
ഒന്ന് ചെരിയാതെ,
അനങ്ങാതെ കത്തുന്നു....
അടുത്ത വിമാനം ഇറങ്ങുന്നതും കാത്ത്....
കെട്ടിട നമ്പര്‍ 230/12
ഹംസക്ക പോയി,
ഐഷുത്ത പോയി,
നാല് പെങ്കുട്ട്യോളാ....
അവരെ ആരും കൊണ്ടു പോയില്ല:
ചങ്ക് നിറയേ പ്രണയമെഴുതി,
മൈലാഞ്ചിച്ചുവപ്പിലലിഞ്ഞ് കാത്തിരുന്നിട്ടും....
ഒരാള്‍ക്കും വേണ്ടാത്ത,
ആ പ്രണയമെവിടെ
കെട്ടുപ്രായം തീരുവോളം
ഒളിപ്പിച്ചുവെക്കും.......
വാര്‍ഡ് മെംബറുടെ വീട്
റോഡ് നിര്‍മ്മാണത്തിന്
തറ,
കുടി വെളള പദ്ധതിക്ക്
വാര്‍പ്പിട്ട് മൂടി,
തൊഴിലുറപ്പ് പദ്ധതി വന്നതോടെ
വീടുറച്ചു.
അദ്ദേഹം ജനങ്ങളോടപ്പം
ജീവിക്കുകയാണ്......
ജനകീയ നേതാവ്