എണ്‍പതിനുമപ്പുറത്തെ വായനപ്പിരിശം

ഷീബ നബീല്‍ /ഫീച്ചര്‍ No image

     1953-ല്‍ പത്തൊന്‍പതു കാരി സലീമ തൃശൂര്‍ സെന്റ്‌മേരീസ് കോളേജില്‍നിന്നും ഡിഗ്രി പാസ്സായപ്പോള്‍ തൃശൂര്‍ ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികളില്‍ ആദ്യമായി ഒരാള്‍ ഡിഗ്രി കടന്നു എന്ന ബഹുമതിയുടെ നിറപ്പകിട്ടും കൂടി ഉണ്ടായിരുന്നു ആ സര്‍ട്ടിഫിക്കറ്റിന്.
     ഡിഗ്രി പാസ്സായ ഉടനെത്തന്നെ ഒരു പ്രൈവറ്റ് കോളേജില്‍ അധ്യാപികയായി. തുടര്‍ന്ന് 1954-ല്‍ ഗവണ്‍മെന്റ് ചെലവില്‍ ബി.എഡ്. എടുക്കുകയും ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയാവുകയും ചെയ്തു. ആ കാലഘട്ടത്തില്‍ വായന, പഠിപ്പ് എന്നത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുളളതായിരുന്നില്ല. പക്ഷേ, ദൈവാനുഗ്രഹം കൊണ്ട് സലീമയ്ക്ക് ആ ഭാഗ്യം ഉണ്ടായി.
     പതിനൊന്ന് വയസ്സ് മുതല്‍ വിവാഹാലോചനകള്‍ വന്നുതുടങ്ങിയതാണ്. പക്ഷെ വായനയെയും എഴുത്തിനെയും സ്‌നേഹിക്കുന്ന അവരുടെ ഉപ്പ മകളുടെ വിവാഹ ജീവിതത്തിന് അപ്പോള്‍ പഠിത്തത്തിനോളം പ്രാധാന്യം നല്‍കിയില്ല. തന്റെ മകളെ ഒരു ജോലിക്കാരിയാക്കിയതിനു ശേഷമേ വിവാഹം കഴിപ്പിച്ചയക്കൂ എന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് ഇത്തരം ഇച്ഛാശക്തിയുളളവര്‍ വളരെ വിരളമായിരുന്നു.
     കുട്ടിക്കാലം മുതല്‍ക്കേ സലീമടീച്ചര്‍ക്ക് വായിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ഉപ്പയുടെ സാഹിത്യ കമ്പം മകള്‍ക്ക് അനുഗ്രഹമായി എന്നുപറയാം. അദ്ദേഹത്തിന്റെ പുസ്തക ശേഖരണത്തില്‍ പല നല്ല സാഹിത്യകൃതികളും ഉണ്ടായിരുന്നത്രേ. അതുകൊണ്ട് തന്നെ ഒഴിവ് സമയം അവര്‍ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി.
ജോലിക്കാരിയായ മകള്‍ക്കു വേണ്ടി ഉപ്പ വരനെ അന്വേഷിക്കാന്‍ തുടങ്ങി. അന്ന് പതിനൊന്ന് വയസ്സ് മുതല്‍ പതിനഞ്ച് വയസ്സു വരെയായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം കണക്കാക്കിയിരുന്നത്. കുറച്ചേറെ തിരഞ്ഞപ്പോള്‍ ജോലിക്കാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശഠിച്ച് നടക്കുന്ന ഒരു യുവാവിനെ ആ ബാപ്പ കണ്ടെത്തി. അദ്ദേഹം അധ്യാപകനും ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനും ചെറുകഥാകൃത്തും നിരൂപകനുമൊക്കെയായ എന്‍.പി. ഹനീഫ മാഷായിരുന്നു. താനാഗ്രഹിച്ചത് പോലെയുളള ഒരു ഭര്‍ത്താവിനെയാണ് ഉപ്പ തനിക്കായി തിരഞ്ഞെടുത്തത് എന്ന് സലീമടീച്ചര്‍ അഭിമാനത്തോടെ പറയുന്നു.
     രണ്ടാളും ധാരാളമായി വായിക്കുന്നതുകൊണ്ട് പുസ്തകങ്ങളെ കുറിച്ചുളള തര്‍ക്കങ്ങളും നിരൂപണങ്ങളുമൊക്കെ അവര്‍ക്കിടയില്‍ പതിവായിരുന്നു. ടീച്ചര്‍ക്ക് അന്ന് ഏറെ വായിക്കാന്‍ ഇഷ്ടം എം.ടി.യുടെ പുസ്തകങ്ങളായിരുന്നു. ബഷീറിനെയും തകഴിയെയുമൊക്കെ കൂട്ടത്തില്‍ വായിക്കുമായിരുന്നു. അധ്യാപന ജീവിത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ കോഴിക്കോടും ചിലവഴിക്കേണ്ടി വന്നു. ആ കാലങ്ങളാണ് ടീച്ചര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിനങ്ങളത്രെ.... പലവേദികളില്‍ വെച്ചും എം.ടിയെയും മറ്റു പലസാഹിത്യകാരന്മാരെയും നേരില്‍ കാണാനും ഇടപഴകാനും അവസരം ലഭിച്ചിരുന്ന കാലമായിരുന്നു അത്.
     ഭര്‍ത്താവ് ഹനീഫ മാഷ് ആ കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചെറുകഥകളും നിരൂപണങ്ങളുമൊക്കെ എഴുതിയിരുന്നത്. അദ്ദേഹത്തിന്റെതായി ഒരു ചെറുകഥാ സമാഹാരവും ഇറങ്ങിയിട്ടുണ്ട്. അതുപോലെ പി. വല്‍സല ടീച്ചറുടെ കൃതികള്‍ ഒരുപാടൊന്നും വായിച്ചിട്ടില്ലങ്കിലും അവരുമായി ഒരുമിച്ച് ജോലി ചെയ്ത അനുഭവങ്ങളും ടീച്ചര്‍ പങ്കുവെക്കുന്നു.
     അധ്യാപക വൃത്തിയെന്നാല്‍ നിരന്തരം വായിക്കുക, പഠിക്കുക എന്നാണല്ലോ. നേരത്തെ മുതല്‍ ദിനവും രണ്ട് പത്രങ്ങള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ്സും മലയാള പത്രമായ മാതൃഭൂമിയും. കൂടാതെ ആഴ്ചപ്പതിപ്പുകളും. അതിന്നും ഈ എണ്‍പതാം വയസ്സിലും മുടങ്ങാതെ വായിക്കുന്നു.
ധാരളമായി വായിക്കുന്നതുകൊണ്ട് എപ്പോഴെങ്കിലും എഴുതണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ടീച്ചര്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. 'എന്റെ മാഷിനോളം എഴുതാന്‍ എനിക്കാവില്ലാ. അത് കൊണ്ട്തന്നെ എഴുത്തിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല.'
     ഇരുപത്തഞ്ച് വര്‍ഷത്തോളം കുട്ടികളെ പഠിപ്പിച്ചും ഏഴ് കൊല്ലം ഹെഡ്മിസ്ട്രസ്സായും പിന്നെ ഡി.ഡിയായും അവസാനം ഡി.ഒയുമായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച സലീമ ടീച്ചര്‍ക്ക് തന്റെ ചര്യകളില്‍ ഇപ്പോഴും വായനക്ക് തന്നെയാണ് മുന്‍ഗണനയെന്ന് പറയുമ്പോള്‍ ആ മുഖത്ത് വായന നല്‍കുന്ന സംതൃപ്തി നിഴലിച്ചുകാണാമായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top