ബുസൈറ എന്ന സ്വഹാബി വനിത

സഈദ് മുത്തനൂര്‍ No image

     'സ്‌ലാം എന്നാല്‍ എന്താണ്?'
     'അളളാഹുവിലും അവന്റെ വാക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക.
     ''താങ്കള്‍ എന്താണ് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്''?
     ''ആരോടും അതിക്രമം ചെയ്യരുത്, മര്‍ദ്ദിതനോട് മമത കാണിക്കുക. അശരണരുടെയും ആലംബഹീനരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക. വാക്കുകൊണ്ടും കര്‍മ്മം കൊണ്ടും ആരെയും ദ്രോഹിക്കാതിരിക്കുക. തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് മറ്റുളളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുക. വാക്കുകള്‍ വൃഥാവിലാക്കരുത്. നല്ലത് പറയുക. ആരോപണങ്ങള്‍ ആര്‍ക്ക് നേരെയും അരുത്. അല്ലാഹു ഏകനാണെന്നറിയുക. ദൈവദൂതനെ അനുധാവനം ചെയ്യുക.''
     ഈ സംഭാഷണം ആ വനിതയുടെ ഹൃദയത്തില്‍ തട്ടി. അതെ, നബി(സ)യും ബുസൈറ എന്ന സ്വഹാബി വനിതയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ വര്‍ത്തമാനമാണ് മുകളില്‍ ഉദ്ധരിച്ചത്. ഹസ്രത്ത് ഖദീജയുടെ വീടായിരുന്നു രംഗം.
     ഹസ്രത്ത് ബുസൈറ മക്കാ നിവാസിയും അറിയപ്പെട്ട ഗോത്രവനിതയുമായിരുന്നു. ആടുമാടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തിയിരുന്ന ബുസൈറ കുടുബം കച്ചവടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സിറിയയില്‍നിന്ന് ചരക്കുകള്‍ വാങ്ങി മക്കയിലും താഇഫിലും കൊണ്ടുവന്ന് വില്‍ക്കുക ഇവരുടെ പതിവായിരുന്നു. പണ്ഡിതന്മാരും പരിശകളും ഇവരുടെ ഗോത്രത്തില്‍ ഉണ്ടായിരുന്നു. ഒരു പ്രവാചകന്റെ ആഗമനത്തെ കുറിച്ച് ഇവരിലെ പുരോഹിതന്മാര്‍ക്ക് അറിയാമായിരുന്നു. അറേബ്യയിലെ പ്രമുഖഗോത്രമായ ഖുറൈശികള്‍ക്കിടയിലായിരിക്കാം വരാനുളള പ്രവാചകന്റെ ആഗമനമുണ്ടാവുക എന്നും ചില പുരോഹിതന്മാര്‍ പ്രവചിച്ചിരുന്നു. കച്ചവട സംഘങ്ങളുടെ പോക്കുവരവുകളില്‍ ഈ പ്രവചനം ധാരാളമായി പ്രചരിച്ചിരുന്നു.
     കാത്തിരുന്ന പ്രവാചകന്‍ വന്ന സമയത്ത് ബുസൈറ നാട്ടിലില്ലായിരുന്നു. താഇഫില്‍ ചില കുടുംബവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്ന അവര്‍ മൂന്ന് മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അപ്പോഴാണ് നുബുവ്വത്തും രിസാലത്തുമായി മക്കയില്‍ മുഹമ്മദ്ബ്‌നു അബ്ദുല്ല രംഗത്തുവന്ന വിവരമറിഞ്ഞത്. അദ്ദേഹത്തിന്റെ സന്ദേശത്തില്‍ വൃദ്ധരും കുട്ടികളും യുവാക്കളും സ്ത്രീകളും അടിമകളും സ്വതന്ത്രരും എല്ലാം ആകൃഷ്ടരാകുന്നതായും ബുസൈറ കേട്ടു. ബുസൈറയുടെ അകതാരിലും സംഭവം അറിയാന്‍ കൗതുകമുണ്ടായി. ഈ പ്രവാചകന്റെ യാഥാര്‍ഥ്യം നേരിട്ടറിയാന്‍ അവര്‍ വെമ്പല്‍കൊണ്ടു. മുഹമ്മദ്(സ) പറയുന്നതും ചെയ്യുന്നതുമെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്ന് അവര്‍ മനസ്സിലാക്കി. എങ്കിലും നേരില്‍ കണ്ട് ഉറപ്പ് വരുത്തണം. അവര്‍ നേരെ ഖദീജയുടെ വീട് ലക്ഷ്യമാക്കി നടന്നതും അവിടെ വെച്ചു നബി(സ)യെ കണ്ടുമുട്ടിയതും അങ്ങനെയാണ്.
     മക്കയില്‍ അടുത്തടുത്ത് തന്നെയാണ് നബിയും ബുസൈറയും ഉളളത്. അതിനാല്‍ കാര്യങ്ങള്‍ നേരത്തെത്തന്നെ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. വളരെ ക്ലേശം പിടിച്ചതായിരുന്നു അന്ന് മുസ്‌ലിം മക്കയുടെ സ്ഥിതി. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യായിരുന്നു. ജനങ്ങളുടെ നോട്ടപ്പുളളിയാകും. ബുസൈറ ആ സമയത്ത് യൗവ്വനം വിട്ട് കടന്നിരുന്നു. എല്ലാവരും ബുസൈറയുടെ നീക്കം നീരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രവാചകനുമായുളള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ബുസൈറയുടെ മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചം കടന്നുചെന്നിരുന്നു. ബുസൈറ മുഹമ്മദില്‍ വിശ്വസിച്ചെന്ന് വെളിവായതോടെ സ്വന്തക്കാര്‍ മുഖം കോട്ടാന്‍ തുടങ്ങി. ഇന്നലെ വരെ തന്നെ പുകഴ്ത്തിയിരുന്നവര്‍ ഇകഴ്ത്തിപ്പറയാന്‍ തുടങ്ങി. സഹായികളും ഗുണകാംക്ഷികളും ഇന്നിതാ തനിക്കുനേരെ ശാപം പൊഴിക്കുന്നവരായി മാറിയിരിക്കുന്നു. വീടും പുറവും രണ്ട് വ്യത്യസ്ത ലോകം. അവസ്ഥകള്‍ മാറിമറിഞ്ഞു. ചെറിയവരും വലിയവരും മാറി. എല്ലാവരുടെയും ശൈലിയും സ്വഭാവവും മാറി. നാട്ടുകാരും കുടുംബങ്ങളും ഇന്ന് എറെ അകലത്തില്‍ നില്‍ക്കുന്നു. വീട്ടുകാര്‍ അന്നം മുടക്കി. വെളളം തടഞ്ഞു. കുടുബക്കാരും നാട്ടുകാരും വട്ടംകൂടി ഭേദ്യംചെയ്തു. മര്‍ദ്ദന പീഡനങ്ങള്‍ അഴിച്ചുവിട്ടു. എല്ലാം നേരിടാന്‍ അതിനകം ബുസൈറ തയ്യാറെടുത്തുകഴിഞ്ഞിരുന്നു. നിസ്സഹായാവസ്ഥയിലല്ല, ചോദ്യം ചെയ്തുകൊണ്ട് തന്നെ അവര്‍ നിലകൊണ്ടു. പീഡനമുറകള്‍ മുറുകുമ്പോള്‍ ബുസൈറ പൊട്ടിത്തെറിച്ചു. ചരിത്രത്തിന്റെ തങ്കലിപികളില്‍ അതിങ്ങനെ വായിക്കാം.'' ഖുറൈശി കൂട്ടമേ, ഞാന്‍ മുസ്‌ലിമായി എന്നതല്ലെ എന്റെ പേരിലുളള കുറ്റം. എന്നാല്‍ കേട്ടോളൂ അല്ലാഹു ഏകനാണെന്ന് ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു. അവന് പങ്കുകാരില്ല. അവന്റെ പ്രവാചകന്‍ മുഹമ്മദ്(സ) സത്യസന്ദേശ വാഹകന്‍ തന്നെ. അദ്ദേഹത്തെ അനുസരിക്കല്‍ ഏതൊരുവനും നിര്‍ബന്ധം. ഞാന്‍ അദ്ദേഹത്തെ സര്‍വ്വാത്മനാ സത്യപ്പെടുത്തുന്നു. ഇസ്‌ലാം എന്റെ ഹൃദയാന്തരങ്ങളില്‍ ആഴ്ന്നിരിക്കുന്നു. ദുനിയാവിലെ ഒരു വമ്പനും എന്നില്‍നിന്ന് ഇസ്‌ലാമിനെ പിഴുതെറിയാനാവില്ല. പിന്നെ ഞാന്‍ നിങ്ങളുടെ കടുംകൈകളാല്‍ കൊല്ലപ്പെട്ടാലും എന്റെ കരങ്ങളില്‍ നിന്ന് ഇസ്‌ലാമികതയെ എടുത്ത് മാറ്റാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളെന്നെ കഷ്ണം കഷ്ണമാക്കൂ. അല്ലെങ്കില്‍ ചുട്ടെരിച്ച് ധൂളിയാക്കി ആകാശത്തേക്ക് പറത്തിവിടൂ. എങ്കില്‍പോലും തൗഹീദിന്റെ ഈ അനുഗ്രഹഹാരം എന്നില്‍ നിന്ന് അഴിച്ചുമാറ്റുന്ന പ്രശ്‌നമില്ല. ഞാന്‍ വീണ്ടും ശിര്‍ക്കിന്റെ വഴി സ്വീകരിക്കൂകയോ? ഞാന്‍ എന്റെ ഈ കാതുകള്‍ കൊണ്ട് മുഹമ്മദീയ സന്ദേശം കേട്ടു. ഈ കണ്ണുകള്‍കൊണ്ട് ആ സൃഷ്ടിശ്രേഷ്ഠനെ കണ്ടു. അദ്ദേഹം അളളാഹുവിന്റെ സത്യസന്ദേശ വാഹകനാണന്ന് ഞാന്‍ ആണയിട്ടു പറയും. അദ്ദേഹം പറയുന്നതൊക്കെ ശരി. ഞാന്‍ സത്യത്തെ വെടിഞ്ഞ് മിഥ്യയെ കൂട്ടുപിടിക്കുകയോ? നന്മയുടെ വൃത്തത്തില്‍നിന്ന് തിന്മയുടെ വൃത്തികേടിലേക്കില്ല ഞാന്‍. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോ. എന്റെ നിലപാട് ഉറച്ചതാണ്. എന്നില്‍ ചാഞ്ചാട്ടമോ പതര്‍ച്ചയോ പ്രതീക്ഷിക്കേണ്ട. ഒന്ന് പറഞ്ഞേക്കാം. ഞാന്‍ സത്യത്തിലാണ്, നിങ്ങള്‍ മിഥ്യയിലും. ഞാന്‍ മര്‍ദ്ദിതയും നിങ്ങള്‍ മര്‍ദ്ദകരും. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കും.''
     ഹസ്രത്ത് ബുസൈറയുടെ ചാട്ടുളി പോലുളള ഈ പ്രഖ്യാപനത്തിലെ ഓരോ വാക്കും ആത്മാര്‍ത്ഥത തുളുമ്പുന്നതായിരുന്നു; സത്യത്തിന്റെ പൊരുളറിഞ്ഞ പ്രതികരണവും. ശത്രുക്കള്‍ തെല്ലൊന്ന് പിറകോട്ടടിച്ചെങ്കില്‍ അത് ബുസൈറയുടെ വാക്കിന്റെ മൂര്‍ച്ചകൊണ്ട് തന്നെ. പിന്നീട് ശത്രുക്കളില്‍ പലരും മാറി ചിന്തിക്കാനും ആ വാക്കുകള്‍ ഇടയാക്കി. ഈ കൊടിയ പീഡനങ്ങള്‍ക്ക് ശേഷവും പാറപോലെ ഉറച്ച് നില്‍ക്കുക. അതും ഒരു സ്ത്രീ. ഇതെന്ത് കഥ! ഇതില്‍ വല്ല സത്യവും ഉണ്ടോ? ആ വഴിക്ക് മര്‍ദ്ദകരില്‍ ചിലര്‍ ചിന്തിക്കാതിരുന്നില്ല. പ്രതികരണമെന്നോളം തങ്ങളുടെ തെറ്റില്‍ ചിലര്‍ക്ക് കുറ്റബോധമുണ്ടായി. അവര്‍ ബുസൈറക്ക് കൂട്ടായി വര്‍ത്തിച്ചത് ബാക്കിപത്രം.
     ഈ പീഡനപര്‍വ്വം മക്കയിലെ ആരംഭഘട്ടത്തില്‍ പതിവ് സംഭവമായിരുന്നുവെന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. പിറന്ന നാട് വിട്ട് മദീനയിലേക്ക് പോകാന്‍ വിശ്വാസി സമൂഹം നിര്‍ബന്ധിതമായതും വസ്തുത തന്നെ. മദീനയിലേക്കുളള ആ യാത്ര സംഘത്തിലും ബുസൈറ ഉണ്ടായിരുന്നു. മദീനയിലേക്കുളള പാതയില്‍ തന്റെ സഹോദരന്‍, സഹോദരി, മകന്‍ തുടങ്ങിയ ഏതാനും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മക്കയിലെത്തിയ ബുസൈറ കുടുംബം പിന്നെയും അടങ്ങിയിരുന്നില്ല. ശത്രുപക്ഷത്തിനെതിരെ അവിടെയും അവര്‍ പ്രതിരോധം തീര്‍ത്തു. ബദറിലും ഉഹ്ദിലും മറ്റും അവര്‍ ധീരമായ പങ്കുവഹിച്ചു.
     ചില ഹദീസുകള്‍ ബുസൈറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ ശിഷ്യന്മാര്‍ അത് പ്രചരിപ്പിക്കുകയുണ്ടായി. തന്റെ കാലത്ത് വളരെ ശക്തമായി ആദര്‍ശപാതയില്‍ ഇസ്‌ലാമിക പതാക ഉയര്‍ത്തിപ്പിടിച്ച സഹാബി വനിതയായിരുന്നു ചരിത്രത്തില്‍ അത്രയൊന്നും പ്രചാരം സിദ്ധിച്ചിട്ടില്ലാത്ത ഈ മഹിളാ രത്‌നം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top