ഇന്നലെയാണെന്റെ നെഞ്ചത്ത്
ത്രിദ്വിന മതപ്രഭാഷണം തുളച്ചുകയറിയത്.
ഖിയാമത്തുനാളിലും മരം നടണം എന്നാണത്രെ
പ്രഭാഷണ വിഷയം.
ഇന്നൊരു കുഴല്‍കിണറിന്റെ പരസ്യവും
എന്റെ പുറത്ത് തറച്ചുകയറ്റി
ഞങ്ങളുടെ അടിവേരിന്റെ
തൊണ്ട നനക്കാനുള്ള
വെള്ളമൂറ്റുന്ന പരസ്യവും
എന്റെ മുതുകത്തുതന്നെ.
മൂന്നു ദിവസം മുമ്പാണ്
മൂലക്കുരുവിന്റെ പരസ്യം
എന്റെ നെറ്റിയില്‍
നീണ്ട ആണി കേറ്റി തൂക്കിയിട്ടത്.
നിന്റെ മൂലക്കുരുവിന്റെ വേദനയും
സഹിക്കേണ്ടത് ഞങ്ങളാണ്.
നിന്റെ മുടികൊഴിച്ചില്‍ അകറ്റാന്‍
നീ എന്റെ ചില്ലയില്‍ കെട്ടിത്തൂക്കിയ
ഇന്ദുലേഖ കൊണ്ടിന്നെന്റെ
ഇതളുകള്‍ കുഴഞ്ഞുവീണു മരിച്ചു.
എന്റെ മേനിയില്‍
നീ ഒട്ടിച്ച നീല ചിത്രങ്ങള്‍
റോഡരികില്‍ എന്നെ നാണംകെടുത്തി.
അവസാനം വന്ന് തറച്ച പരസ്യം;
'മരംവെട്ടു മിഷന് വാടകക്ക്
ഫോണ്‍: 8907226522'
എന്റെ കുടലു പുറത്തെടുക്കുന്ന
നിന്റെ യന്ത്രത്തിന്റെ
പരസ്യവും ഞാന്‍ പേറണം.