മുന്‍വിധികളുടെ തടവറ

എന്‍.പി ഹാഫിസ് മുഹമ്മദ് No image

         കൗണ്‍സലിംഗിന് വന്ന ജീവിതപങ്കാളികളില്‍ ഭാര്യ പറഞ്ഞു: ''എനിക്കീ മനുഷ്യനുമായി ഒരിക്കലും പൊരുത്തപ്പെടാനാവുന്നില്ല. ഞാനും ഇയാളും ഒരു വിധം എല്ലാ കാര്യങ്ങളിലും രണ്ടറ്റങ്ങളിലാണ്. എവിടെയും ഒരു യോജിപ്പ് കണ്ടിട്ടില്ല.''
കല്യാണത്തിനു മുമ്പ് സമാനചിന്താഗതിക്കാരാണെന്ന് തോന്നിപ്പോയെന്നും ഏതാനും മണിക്കൂറുകളിലെ വര്‍ത്തമാനം അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാക്കിയതിന്റെ ഫലമാണിപ്പോഴത്തെ ദുരന്തമെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെയും അവരുടെയും ഇഷ്ടാനിഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക അവര്‍ നിരത്തി. ഒടുവിലവര്‍ ചോദിച്ചു: ''പറഞ്ഞാട്ടെ, ഇങ്ങനെയുള്ള രണ്ടു പേര്‍ക്ക് എത്രകാലം ഒന്നിച്ച് കഴിയാനാവും? ഈ അഞ്ചാറു കൊല്ലം കഴിഞ്ഞതു തന്നെ എങ്ങിനെയാണെന്ന് ഓര്‍ക്കാന്‍ വയ്യ.''
ഞാനവരോട് ചോദിച്ചു: ''നിങ്ങള്‍ക്കും അയാള്‍ക്കുമിടയില്‍ പരസ്പരം ഇഷ്ടപ്പെടാനുള്ള ഒരു ഘടകം പോലുമില്ലെന്നാണോ പറയുന്നത്?''
അവര്‍ ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ മെല്ലെ പറഞ്ഞു: ''ചില കാര്യങ്ങളിലുണ്ടെന്ന് കരുതുക. എന്നിട്ടെന്താ കാര്യം?''
ഞാനവര്‍ക്ക് ഒരു കടലാസും പേനയും കൊടുത്തു. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ അവര്‍ക്കിഷ്ടമുള്ള, അവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ചാലോചിക്കാനും അത് കടലാസില്‍ രേഖപ്പെടുത്താനും പറഞ്ഞു. പേനയും കടലാസും കൈയില്‍ പിടിച്ച് ആദ്യമവര്‍ വെറുതെയിരുന്നു, വേവലാതിപ്പെട്ടു. ശാന്തമായിരുന്ന്, കഴിഞ്ഞ കാലാനുഭവങ്ങള്‍ ചികഞ്ഞ്, അവര്‍ക്ക് ആഹ്ലാദമേകിയ നിമിഷങ്ങളെകുറിച്ച് ആലോചിക്കാന്‍ പറഞ്ഞു. അവര്‍ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ സാവധാനം കടലാസില്‍ എഴുതാന്‍ തുടങ്ങി.
ഞാനപ്പോള്‍ ഭര്‍ത്താവുമായുള്ള ബന്ധത്തിന്റെ ഓരോ മേഖലയെകുറിച്ചും അവരെ ഓര്‍മപ്പെടുത്തിയിരുന്നു. ഭക്ഷണം, വേഷം, നിറങ്ങള്‍, മക്കള്‍, ചലച്ചിത്രം, വായന, മതം, രാഷ്ട്രീയം ഓരോ മേഖലകളിലും അവര്‍ക്ക് അയാളുമായി പൊരുത്തമുള്ള കാര്യങ്ങളെകുറിച്ച് അവര്‍ രേഖയുണ്ടാക്കി. അര മണിക്കൂറോളമിരുന്ന് ഭര്‍ത്താവുമായി യോജിപ്പും സന്തോഷവും നല്‍കുന്ന പതിനാലു കാര്യങ്ങള്‍ എഴുതി കടലാസ് എനിക്കു തന്നു.
''ഭര്‍ത്താവിന്റെ വ്യക്തിത്വത്തിലെ സകല ഘടകങ്ങളോടും പൊരുത്തപ്പെടുന്ന ഒരു ഭാര്യയും ഈ ലോകത്ത് ഉണ്ടാകാനിടയില്ല. ഇനിയും നിങ്ങള്‍ക്ക് ഇഷ്ടവും സന്തോഷവും തരുന്ന പല ഘടകങ്ങളും ഭര്‍ത്താവിലുണ്ടാകും.'' ഞാന്‍ പറഞ്ഞു.
''പക്ഷേ പൊരുത്തപ്പെടാനാവാത്ത.....'' അവര്‍ പറഞ്ഞു നിര്‍ത്തി.
ഞാനപ്പോള്‍ കൂട്ടിച്ചേര്‍ത്തു: ''പല ഘടകങ്ങളുമുണ്ടാകും. നിങ്ങള്‍ ഏതിനു പ്രാധാന്യം നല്‍കുന്നു എന്നതാണ് പ്രധാനം.''
നാല് സെഷനുകള്‍ കൊണ്ട് ഭാര്യയുടെ പരാതിയുടെ മൂര്‍ച്ച കുറഞ്ഞു. വേവലാതിയും അലിഞ്ഞുതുടങ്ങി. ഭര്‍ത്താവാകട്ടെ, അവരുടെ ഇഷ്ടവും അടുപ്പവും കൂടുതലാകുന്ന വിധം കഴിയാവുന്നതും പെരുമാറാനും തുടങ്ങി. ഒടുവിലവര്‍ പറഞ്ഞു: ''ഞാനിത്രയും കാലം ശ്രദ്ധിച്ചതും വേവലാതിപ്പെട്ടതും ഇഷ്ടമില്ലാത്ത കാര്യങ്ങളെകുറിച്ച് മാത്രമായിരുന്നു.''
നമ്മുടെ ഒരു പൊതുരീതിയാണിത്. അനിഷ്ടവും വിഷമവും ഉണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം ഓര്‍ത്ത് മറ്റുള്ളവരെ പൂര്‍ണമായും തിരസ്‌കരിക്കുന്നു. സ്വീകരിക്കാന്‍ പറ്റാത്ത സ്വഭാവ വിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ എരിപിരി കൊള്ളുന്നു. സ്വയം അകലുന്നു. അങ്ങനെ ചെയ്യുന്നതിലെ അയുക്തിയും ഓര്‍ക്കാതെ പോകുന്നു. പൊരുത്തപ്പെടാനാവാത്ത ഘടകങ്ങളെ സൂക്ഷ്മമായി കാണുന്നതുകൊണ്ട് വ്യക്തിയെത്തന്നെ എഴുതിത്തള്ളുന്നു. പരസ്പരം ഇഷ്ടപ്പെടാനുള്ള സാധ്യത തന്നെ ഇല്ലാതാക്കുന്നു.
വ്യക്തികള്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണ്. പൂര്‍ണമായും സമാനതകളില്‍ ഒന്നായ് മാറുന്ന രണ്ട് വ്യക്തികള്‍ ഇല്ലെന്നതാണ് സത്യം. വ്യക്തികള്‍ ജൈവശാസ്ത്രപരമായ ഘടകങ്ങളാല്‍ വ്യത്യാസപ്പെട്ടു നില്‍ക്കുന്നുണ്ട്. എന്നാല്‍, മാനസികവും സാമൂഹികവുമായ ഘടകങ്ങളാണ് ഒരാളിനെ മറ്റുള്ളവരില്‍നിന്ന് വേറിട്ട ഒരാളാക്കുന്നതില്‍ മുഖ്യമായ പങ്കുവഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് വ്യക്തിത്വങ്ങളാണ്. സയാമീസ് ഇരട്ടകള്‍ക്കുപോലും വേറിട്ട വ്യക്തിത്വങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലാനുഭവങ്ങള്‍ ഒരു വീട്ടിലുള്ള രണ്ടുപേരെയും വ്യത്യസ്തമാക്കുന്നു. അങ്ങനെ വരുമ്പോള്‍ രണ്ട് കുടുംബാന്തരീക്ഷത്തിലും ചുറ്റുവട്ടത്തും വളരുന്ന വ്യക്തികള്‍ക്കിടയിലും സാരമായ പൊരുത്തമില്ലാത്ത വ്യക്തിത്വ ഘടകങ്ങളുണ്ടാകും.
വ്യക്തികള്‍ തമ്മിലുള്ള ഇഷ്ടത്തിന് പ്രധാന കാരണം പലപ്പോഴും സമാനഘടകങ്ങളെ പരസ്പരം കാണുന്നതുകൊണ്ടാണ്. ഒരാള്‍ക്ക് പാട്ട് ഇഷ്ടമാണ്. എങ്കില്‍ പാട്ട് ഇഷ്ടമുള്ള മറ്റൊരാള്‍ക്ക് ഒരടുപ്പമുണ്ടാകാനിടയുണ്ട്. പരസ്പരം പറയാനും പങ്കുവെക്കാനും ഇങ്ങനെയുള്ളവര്‍ക്ക് പലതുമുണ്ടാകും. അതുകൊണ്ടുതന്നെ അവര്‍ പരസ്പരം കാണാനും കൂടുതല്‍ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു. അത് ബന്ധത്തെ സുദൃഢമാക്കുകയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ ആന്തരിക ഘടകങ്ങളറിയുക എന്നതാണ് പ്രധാനം. വ്യക്തിത്വം പരമ്പരാഗതമായ സവിശേഷ ഘടകങ്ങളും ചുറ്റുവട്ടങ്ങളുടെ സ്വാധീനത്താല്‍ ഉണ്ടാവുന്ന സവിശേഷ ഘടകങ്ങളും ചേര്‍ന്നുണ്ടാകുന്നതാണ്. ജീവശാസ്ത്രപരമായും നേടിയെടുക്കുന്നവയുമായ ഈ ഘടകങ്ങള്‍ പലപ്പോഴും വ്യക്തി പുറത്തേക്ക് വിടുന്നില്ല. ഒരാളിന്റെ ശരീരത്തിന്റെ ബാഹ്യഘടകങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാനും അറിയാനുമാവും. നമ്മുടെ കൂടെയുള്ള ഒരാളിന് അയാള്‍ക്കും മറ്റുള്ളവര്‍ക്കുമറിയാവുന്ന ഘടകങ്ങളാണ് ബാഹ്യഘടകങ്ങള്‍. അത് ശാരീരികമോ പുറത്ത് കാണാവുന്നതോ ആയ കാര്യങ്ങള്‍ മാത്രമല്ല. ഒരാള്‍ക്ക് ചിത്രം വരക്കാനിഷ്ടമാണെന്ന് വിചാരിക്കുക. അതയാള്‍ക്കു മാത്രമറിയാവുന്നതാണെങ്കില്‍ അതൊളിപ്പിച്ചു വെക്കുന്ന, പരസ്യമാക്കപ്പെടാത്ത ഘടകങ്ങളാണ്. ഒരു ബന്ധത്തില്‍ അത് അയാള്‍ മറ്റൊരാളോട് അറിയിക്കുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ അത് അറിയുന്ന ആളെ സംബന്ധിച്ചിടത്തോളം ചിത്രം വരക്കാനിഷ്ടപ്പെടുന്ന ആളുടെ ബാഹ്യഭാഗമായിത്തീരുന്നു. ഒരാളെ കാണുമ്പോള്‍ തന്നെ അയാള്‍ വെജിറ്റേറിയനോ നോണ്‍വെജിറ്റേറിയനോ എന്ന് അറിയാനാവുന്നില്ല. അതറിയും വരെയും അത് രഹസ്യഭാഗമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ അക്കാര്യം പരസ്പരം വെളിവാക്കപ്പെടുന്നില്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ എത്രത്തോളം പരസ്പരമറിയുന്നുവോ അത്രത്തോളം അടുക്കുന്നു. രണ്ട് വ്യക്തികള്‍ക്കിടയില്‍ എത്രത്തോളം രഹസ്യഘടകങ്ങള്‍ ഏറുന്നുവോ അത്രത്തോളം അടുക്കാതിരിക്കാനും ഇടയുണ്ട്. കൂടുതല്‍ വര്‍ത്തമാനം പറയുകയും പങ്കുവെക്കുകയും ചെയ്യുമ്പോഴാണ് രണ്ടുപേര്‍ക്കുമിടയിലുള്ള രഹസ്യഭാഗങ്ങള്‍ കുറയുകയും പരസ്യഭാഗങ്ങള്‍ കൂടുകയും ചെയ്യുന്നത്.
മനശ്ശാസ്ത്രജ്ഞരായ ജോ-ഹാരിമാര്‍ വ്യക്തിത്വത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പരസ്യ, രഹസ്യഘടകങ്ങള്‍ക്കൊപ്പം വ്യക്തിത്വത്തെ നാല് കള്ളികളുള്ള ഒരു ജനലില്‍ വേറെയും രണ്ട് ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അന്ധം, അജ്ഞാതം എന്നീ തലങ്ങളിലെ ഘടകങ്ങള്‍. രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു വ്യക്തിയുടെ ചില ഘടകങ്ങള്‍ മറ്റൊരാള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ആ വ്യക്തി തനിക്ക് അങ്ങനെ ചില ഘടകങ്ങളുണ്ട് എന്നറിയുന്നില്ല. ഈ ഭാഗത്തെയാണ് അന്ധം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഒരു വ്യക്തി തന്നിലുണ്ട് എന്ന് തിരിച്ചറിയാത്ത ഇത്തരം ഘടകങ്ങളെ മറ്റൊരാള്‍ കുറ്റപ്പെടുത്തിക്കൊണ്ടോ പരാതിപ്പെട്ടു കൊണ്ടോ വെളിപ്പെടുത്തുമ്പോഴും പൊരുത്തമില്ലായ്മ കൂടുന്നുണ്ട്. ഒരാളുടെ അന്ധമായ ഘടകത്തെ മറ്റേയാള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് അവര്‍ തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് തീരുമാനിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്. ഒരു വ്യക്തിയിലുണ്ട് എന്ന് ആ വ്യക്തിയോ മറ്റൊരാളോ അറിയാതെ പോകുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന തലമാണ് അജ്ഞാതം. അവ രണ്ടുപേര്‍ക്കും അറിയാതിരിക്കുന്നതിനാല്‍ അടുപ്പമുണ്ടാക്കാന്‍ വഴിവെക്കുന്നില്ല.
രണ്ടുപേരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഈ വിവിധ ഘടകങ്ങളുടെ ചേരുവയിലാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയില്‍ നമ്മളിഷ്ടപ്പെടുകയും പൊരുത്തപ്പെടുകയും ചെയ്യുന്ന ഘടകങ്ങളില്‍ ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടപ്പെടുന്ന ഘടകങ്ങളെ കൂടുതല്‍ പരിഗണിക്കുകയും അവയില്‍നിന്ന് കൂടുതല്‍ അടുപ്പമുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. പല ഭാര്യാ ഭര്‍ത്താക്കന്മാരും പൊരുത്തപ്പെടാത്ത ഘടകങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുന്നു. അറിയാനും അടുക്കാനുമുള്ള സാധ്യത ഇല്ലാതാക്കുന്നു.
മറ്റു ബന്ധങ്ങളിലും ഇത് പ്രസക്തമാണ്. അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലും ഈ പ്രക്രിയ തന്നെ സംഭവിക്കുന്നു. അധ്യാപകന്‍ വിദ്യാര്‍ഥിയിലെ തനിക്കിഷ്ടപ്പെടാനോ പൊരുത്തപ്പെടാനോ പറ്റാത്ത ഘടകങ്ങളെ മാത്രമാണ് ശ്രദ്ധിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതെങ്കില്‍ എപ്പോഴും ആ വിദ്യാര്‍ഥിയെ കുറ്റപ്പെടുത്താനേ ഇടയുള്ളൂ. കുറ്റപ്പെടുത്തലുകളും പരാതിപ്പെടലുകളും ശിക്ഷിക്കലുകളും വിദ്യാര്‍ഥിയെ ഒരു 'ശത്രു'വാക്കി മാറ്റുന്നു. അധ്യാപകന് വിദ്യാര്‍ഥിയെ മനസ്സിലാവുന്നില്ല എന്ന് മാത്രമല്ല, പരസ്പരം അകലാനും കാരണമാക്കുന്നു. തന്റെ തെറ്റുകുറ്റങ്ങള്‍ മാത്രം കാണുന്ന അധ്യാപകരെ ഒരു വിദ്യാര്‍ഥിയും ഇഷ്ടപ്പെടാനിടയില്ല.
നമ്മള്‍ സമാനതാല്‍പര്യങ്ങളുമായി സംവദിക്കാനാണ് ശീലിക്കേണ്ടത്. ഈ താല്‍പര്യങ്ങളോ ഇഷ്ടങ്ങളോ രണ്ടുപേരെയും പ്രതികൂലമായി ബാധിക്കുന്നതാകരുത്. ഒരാള്‍ പുകവലിക്കുന്നു. എനിക്ക് പുകവലി ഇഷ്ടമാണ് എന്നതിനാല്‍ ഞാന്‍ മറ്റേയാളുടെ പുകവലി താല്‍പര്യവുമായി കൂടിച്ചേരുന്നു. അതിന്റെയടിസ്ഥാനത്തില്‍ മാത്രം അടുക്കുന്നു എന്നു വരുമ്പോള്‍ രണ്ടുപേര്‍ക്കും അത് ഗുണകരമല്ലാതെ വരുന്നുണ്ട്. ദോഷഘടകങ്ങളുമായി കൂടിച്ചേരുകയല്ല വേണ്ടത്. നാം ഒരാളിലെ നമുക്കിഷ്ടപ്പെടുന്ന ഒന്നോ രണ്ടോ ഘടകങ്ങളെയോ കാര്യങ്ങളെയോ തിരിച്ചറിഞ്ഞാല്‍ അവയില്‍ ആശയവിനിമയം നടത്താവുന്നതാണ്. അത് പരസ്പരമറിയാന്‍ കാരണമാവുകയും, ഇഷ്ടത്തിന്റെ ഗോവണിപ്പടികള്‍ രണ്ടുപേര്‍ക്കും കയറിപ്പോകാന്‍ സാധിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതം സാര്‍ഥകമാവുന്നു.
ശേഷക്രിയ 
1. ഒരു ബന്ധത്തില്‍ നമ്മോട് ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി അടിസ്ഥാനപരമായും വേറിട്ട് നില്‍ക്കുന്ന ഒരാളാണെന്ന് അംഗീകരിക്കുക. നമ്മള്‍ക്കും അയാള്‍ക്കും തമ്മില്‍ പൊരുത്തപ്പെടാവുന്ന ഘടകങ്ങളുണ്ടാകും. അതുപോലെ പൊരുത്തപ്പെടാനാവാത്തവയുമുണ്ടാകും എന്ന് മനസ്സിലാക്കുക.
2. നമ്മോട് ബന്ധപ്പെട്ട വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന പൊരുത്തമില്ലാത്ത ഘടകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കുക.
3. നമ്മോട് ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയെ അടുത്തറിയാന്‍ ശ്രമിക്കുക. പരസ്പരം പൊരുത്തപ്പെടാവുന്നതും അംഗീകരിക്കാവുന്നതുമായ ഘടകങ്ങള്‍ തിരിച്ചറിയാന്‍ മതിയായ ആശയവിനിമയം നടത്തുക. കൂടുതല്‍ സമയം ഒന്നിച്ചു ചെലവഴിക്കുക.
4. സമാന താല്‍പര്യങ്ങളോ ഇഷ്ടപ്പെടുന്ന വ്യക്തിത്വ ഘടകങ്ങളോ കാണുമ്പോള്‍ അവയുടെ സൂക്ഷ്മതലങ്ങളില്‍ സംവദിക്കുക. കണ്ടെത്തുന്ന ഘടകവുമായി ബന്ധപ്പെട്ട് വിചാരങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കുക.
5. ഇഷ്ടഘടകം/മേഖല കണ്ടെത്തിയാല്‍ അതിനോട് ചേര്‍ന്ന പ്രവര്‍ത്തന സാധ്യതകള്‍ ആരായുക. പ്രവനര്‍ത്തനങ്ങളില്‍ പങ്കാളികളാവുക.
6. ഇഷ്ടപ്പെട്ട ഘടകത്തിലെ ആശയവിനിമയത്തിലൂടെ ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങള്‍ കണ്ടെത്താനാകുമോ എന്ന് ശ്രമിക്കുക. ഇഷ്ടമുള്ള തലങ്ങള്‍ കണ്ടെത്തലാണ് പ്രധാനം. യാത്ര ഇഷ്ടപ്പെടുന്നവര്‍ ബന്ധുഗൃഹ സന്ദര്‍ശനം, തീര്‍ഥയാത്ര, യാത്രാവിവരണ ഗ്രന്ഥങ്ങളുടെ വായന, യാത്ര ചലച്ചിത്രങ്ങള്‍ കാണല്‍ എന്നിവയിലേക്ക് വ്യാപിപ്പിക്കാം.
7. സമാന താല്‍പര്യമോ ഇഷ്ട ഘടകങ്ങളോ കണ്ടെത്തി സംവദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം പരസ്പരമറിയിക്കുക. നന്ദി രേഖപ്പെടുത്തുക.
8. സമാനതാല്‍പര്യത്തോടനുബന്ധിച്ച യാത്ര നടത്താവുന്നതാണ്. പുഷ്പങ്ങളിലാണ് പൊതു ഇഷ്ടമെങ്കില്‍ പുഷ്പഫലപ്രദര്‍ശനം കാണാന്‍ പോകാം.
9. പൊതുതാല്‍പര്യങ്ങളോട് ബന്ധപ്പെട്ട ചിലരുമായുള്ള ഒത്തുചേരലുകളും ചര്‍ച്ചകളും നടത്തുക. ഇഷ്ടമേഖലയിലെ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകള്‍ വീട്ടില്‍വെച്ചും നടത്താവുന്നതാണ്.
10. ഇഷ്ടമേഖലയില്‍ ബന്ധത്തില്‍പെട്ട ആളുടെ സര്‍ഗരചന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top