തിരിച്ചറിവ്
ഖന്‍സാഅ് മുഹമ്മദലി
ഉമ്മറത്തെ കിളിക്കൂട് അബൂബയാണ് വാങ്ങിയത്.
ആലപ്പുഴന്‍ ചകിരിത്തൊഴിലാളിയുടെ
കരവിരുതത്രെയത്.....
മാസങ്ങളോളം ഞാന്‍ നിരീക്ഷിക്കയാണ്
ഒരു കിളിയും അതില്‍ വന്നിരിക്കുന്നില്ല.
ന്യൂ ഇയര്‍ ഡേക്കാണ് ആ ഫ്ളവര്‍വേസ് കിട്ടിയത്.
ഒരു വര്ഷമായിക്കാണും
ഒരു ചിത്രശലഭവും അതിന്റെ മനോഹാരിത
ആസ്വദിക്കുന്നില്ല;
എന്റെ കുഞ്ഞിന്ന് കൗതുകമുണര്ത്താനെങ്കിലും.
ഇവിടെ ഉമ്മ പെരുച്ചാഴികളുടെ പിന്നാലെയാണ്.
എലിപ്പെട്ടി വെച്ചിട്ടൊന്നും കാര്യമില്ല...
തേങ്ങാപ്പൂളും ശര്‍ക്കരയുംകൊണ്ട് അബൂബയും
പയറ്റി നോക്കി.
ഫലമോ, ഉറുമ്പിനാണ് കുശാലായത്.
ഇനി പേജ് മറിക്കാം...
ശഹനത്താ ഇടിയപ്പത്തിന്റെ പ്ലാസ്റ്റിക് അച്ച് വാങ്ങിയത്
കൊച്ചി ബിനാലേക്കിടയില് നിന്നാണ്.
മാവില്‍ വെള്ളം കൂട്ടിയും കുറച്ചും തിരിച്ചുനോക്കി
കടക്കാരന് കാണിച്ച പോലെയൊന്നും
താഴേക്ക് വന്നില്ല.
വിലക്കുറവു കൊണ്ടാണ്
ആഷിമോള്ക്ക് ഞാനാ ഫ്രോക്ക് വാങ്ങിയത.്
ഒന്നലക്കി പിഴിഞ്ഞെടുത്തതേയുള്ളൂ
പോക്കറ്റതാ കീറിപ്പോന്നിരിക്കുന്നു.
ഷാംപൂവിട്ടു മിനുക്കി നല്ല ഉള്ളു
തോന്നിക്കുമായിരുന്ന രാധയുടെ മുടി.
പൂര്‍വവിദ്യാര്‍ഥി സംഗമത്തിലിരിക്കുമ്പോള്
അവളുടെ മുടിയിലാണാദ്യം നോക്കിയത്
നാലഞ്ചു മുടിനാരിഴകള്‍ എന്നെ നിരാശയാക്കി.
എനിക്കിപ്പോള്‍ ജാള്യത തോന്നുന്നു....
സരസ്വതി ടീച്ചര്‍ പഠിപ്പിച്ചതോര്ത്ത്
മനുഷ്യനെ മറ്റു ജീവികളില്‍നിന്ന്
വേര്‍തിരിക്കുന്നതാണ് വിവേകം.
ഇവിടെ ആരാണ് വിവേകി?
അവിവേകിയോ?