ജീവിതമെഴുത്ത്

കെ.പി സല്‍വ No image

ആരാമം സംഘടിപ്പിച്ച ഒരു രചനാശില്‍പശാല. ക്യാമ്പംഗങ്ങളുടെ അവലോകനം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സരസമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ക്യാമ്പംഗം പെട്ടെന്ന് തിരിഞ്ഞുനോക്കി പറഞ്ഞു. ''സല്‍വത്താ ഇത് ആരാമത്തിലെഴുതുമായിരിക്കും.'' വിദേശത്തുനിന്ന് മരുമകന്‍ വിളിക്കും. വിശേഷങ്ങളൊക്കെ പറഞ്ഞ് അവസാനം പറയും. ''ഇതൊന്നും ആരാമത്തിലെഴുതരുത് ട്ടോ''. രണ്ട് വര്‍ഷം മുമ്പ് പംക്തി ചെയ്യാന്‍ ആരാമം ആവശ്യപ്പെട്ടപ്പോള്‍ എന്തെഴുതുമെന്നായിരുന്നു ഞാനും ചിന്തിച്ചിരുന്നത്. അല്‍പം ഭാഷ കൈയിലുള്ളതുകൊണ്ടും എനിക്കിഷ്ടമുള്ളതേ എഴുതൂ എന്നതംഗീകരിച്ചതുകൊണ്ടും ''കണ്ണടകളില്ലാതെ'' പിറന്നു.
ഇടപെടലിന്റെ രണ്ട് രൂപങ്ങളായാണ് ഈ എഴുത്തിനെയും ഉള്ളടക്കത്തെയും ഞാന്‍ കാണുന്നത്. സുരക്ഷിതനായ ഒരു പുരുഷന്‍ എഴുതുമ്പോള്‍ എഴുത്തെന്ന പണി ഇടപെടല്‍ എന്നതിനെക്കാളുപരി അത് അയാളുടെ തൊഴിലോ തൊഴിലിന്റെ ഭാഗമോ ആത്മാവിഷ്‌കാരമോ കടമയോ ഒക്കെയായി അംഗീകരിക്കപ്പെട്ടതായിരിക്കും. എഴുത്തിനുള്ള സ്ഥലവും സമയവും സൗകര്യങ്ങളും അയാള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കും. ചായയും വെള്ളവുമൊക്കെ ഓര്‍ഡറനുസരിച്ച് എത്തിക്കൊണ്ടിരിക്കും. എഴുതുന്ന പിതാവിനെ ശല്യം ചെയ്യാതെ മക്കളെ മാതാവ് ഒതുക്കും. വേതനമുള്ളതും ഇല്ലാത്തതുമായ ജോലികളും കുട്ടികളെ വളര്‍ത്തലുമൊക്കെ 'പ്രഥമ ബാധ്യത'യായി ഏറ്റെടുത്തവര്‍ക്ക് ഒഴിവാക്കാനെളുപ്പം എഴുത്തും വായനയുമൊക്കെത്തന്നെയാണ്. കൂടാതെ ഗര്‍ഭം, പ്രസവം തുടങ്ങിയ സ്‌ത്രൈണാവിഷ്‌കാരങ്ങളെ ഇബാദത്തും ഖിലാഫത്തുമായി കാണുന്ന മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സംഗതി കുറച്ചുകൂടി കടുപ്പമാവും. അഞ്ച് കുട്ടികളും നാലു മുതിര്‍ന്നവരുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ആവശ്യങ്ങളുടെ അച്ചുതണ്ടായുള്ള കറക്കത്തിന്റെ ഭാഗമാണെനിക്ക് ഈ എഴുത്തും. പലപ്പോഴും രണ്ടോ മൂന്നോ പേന കൊണ്ടേ ഒറ്റ പംക്തി മുഴുമിക്കാറുള്ളൂ. കുത്തിവരയുകയും വലിച്ചു കീറുകയുമൊക്കെ ചെയ്തവ വീണ്ടും എഴുതിയിട്ടുണ്ട്. മടിയിലോ തോളത്തോ പുറത്തോ ഒക്കെ വെച്ച് നിന്നും ഇരുന്നും കിടന്നും എഴുതാറുണ്ട്. ഗര്‍ഭിണിയായിരിക്കെ വയര്‍ എഴുത്തുമേശയില്‍ തട്ടുമെന്നതുകൊണ്ട് കട്ടിലിനടിയിലേക്ക് കാലുകള്‍ നീട്ടി മുകളില്‍ വെച്ചെഴുതിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഉറങ്ങിത്തൂങ്ങി എഴുത്തുകടലാസില്‍ തലകുത്തിയിട്ടുണ്ട്. വലുപ്പം പറച്ചിലല്ല. എന്നെപ്പോലുള്ള ഏത് പെണ്ണിന്റെയും അനുഭവങ്ങളിങ്ങനെയൊക്കെത്തന്നെയായിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീ, വിശേഷിച്ചും മുസ്‌ലിം സ്ത്രീ എന്തെഴുതട്ടെ അതൊരിടപെടലാണ്.
ഉള്ളടക്കവും ഇടപെടലായതുകൊണ്ട് ഈ പംക്തിയെഴുത്ത് എനിക്ക് അനുഭൂതി, വെളിപാട് എന്നതിനേക്കാളൊക്കെ അധികം അനിവാര്യതയാണ്. ഇതിലെ ഒട്ടുമുക്കാല്‍ എഴുത്തും കേരളത്തിലെ മുസ്‌ലിം സ്ത്രീ ജീവിതത്തിലെ നീതിനിഷേധത്തിന്റെ അനുഭവചിത്രങ്ങള്‍ വരച്ചിടാനാണ് ശ്രമിച്ചത്. വളരെ കുറച്ചുമാത്രമേ അതിന്റെ സൗന്ദര്യം കോറിയിടാനായിട്ടുള്ളൂ. ഇതൊരു ഋണാത്മക സമീപനമായി വിലയിരുത്തപ്പെടാം. സുഹൃത്തിന്റെ ചോദ്യമാണ് ഓര്‍മ വരുന്നത്. ''ജെന്‍ഡര്‍ ഇഷ്യൂസ് അല്ലാതെ എഴുതാന്‍ അറിയുന്ന എത്ര സ്ത്രീകളുണ്ട്?'' ശരിയാണ്. ഇപ്പോ കയറി നില്‍ക്കുന്ന പടവ് തന്നെ ഉറച്ചിട്ടില്ല എന്നിട്ട് വേണ്ടേ അടുത്തതില്‍ കയറാന്‍.
പന്ത്രണ്ട് വര്‍ഷത്തോളം മുസ്‌ലിം വിദ്യാര്‍ഥിനി-യുവതി സംഘാടനത്തില്‍ ഭാഗഭാക്കായ അനുഭവം അവരുടെ ജീവിതത്തെ വിശകലനം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടാണ്. ആശയത്തിലും ഘടനയിലുമുള്ള വെല്ലുവിളികള്‍, വൈരുധ്യങ്ങള്‍, നിസ്സഹായതകള്‍ എല്ലാം വിമര്‍ശനവിധേയമാകാറുണ്ട്. ഒരു കാലത്ത് സ്ത്രീകളുടെ ഉണര്‍വിനെ പ്രോത്സാഹിപ്പിച്ച് ഉത്സാഹിച്ച പ്രസ്ഥാനങ്ങള്‍ പൊടുന്നനെ നിന്നിടത്ത് നില്‍ക്കുന്ന അവസ്ഥ വന്നു. ശരീഅത്ത് വിവാദകാലത്ത് സമുദായം സ്വീകരിച്ച പ്രതിരോധമുഖം തന്നെ പിന്നീടുള്ള സംവേദത്തിലും തുടര്‍ന്നു.
നവീകരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെത്തന്നെ മാറാനും മാറ്റാനും കഴിയാത്ത നിസ്സഹായത ഇതിനകത്തുണ്ടായി. സംവാദങ്ങള്‍ക്കു പകരം പ്രതിരോധമാണ് ശക്തി പ്രാപിച്ചത്. ഇത് സ്ത്രീയവസ്ഥകളെക്കുറിച്ചാകുമ്പോള്‍ വീണ്ടും രൂക്ഷമാകും. കെട്ടുപ്രായ, തലമറക്കല്‍ വിവാദങ്ങളെയൊക്കെ വിശകലനം ചെയ്താല്‍ ഈ അപകടം മനസ്സിലാവും.
സ്ത്രീകളുടെ സാമൂഹ്യപദവിയെയും അവകാശങ്ങളെയും കുറിച്ച് നവോഥാന പ്രസ്ഥാനങ്ങള്‍ ഉറക്കെത്തന്നെ സംസാരിക്കുന്നുണ്ട്. എന്നാല്‍ അതിനനുസൃതമായ മാറ്റം അതിന്റെ കുടുംബ സാമൂഹിക ഘടനക്കകത്ത് ത്വരിതപ്പെട്ടില്ല. ഇത് ആത്മസംഘര്‍ഷവും കുടുംബതകര്‍ച്ചയുമൊക്കെയായി മാറുന്നു. തികട്ടി വരുന്ന രോഷം ഒരു കൂട്ടുകാരി പ്രകടിപ്പിച്ചതിങ്ങനെ ''പഴയകാലമായിരുന്നു നല്ലത്. അറിവില്ലായ്മയില്‍ ജീവിതത്തില്‍ ആശ്വാസമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അവകാശങ്ങളെക്കുറിച്ചൊക്കെ അറിയാം. പക്ഷേ ഒന്നും കിട്ടുന്നുമില്ല. നിരാശയും ഈര്‍ഷ്യയുമൊക്കെയാണുള്ളത്.''
യഥാര്‍ഥത്തില്‍ ഈ വിവേചനങ്ങളുടെ വേരുകള്‍ കിടക്കുന്നത് ഇസ്‌ലാമിലല്ല. മറിച്ച് കേരളീയ സംസ്‌കാരത്തിന്റെ കീഴ്‌വഴക്കങ്ങളിലാണ്. എന്നാല്‍ അത് മാറ്റിപ്പണിയുന്നതിന് പകരം പ്രമാണങ്ങള്‍ കൊണ്ട് അവയെ വിശദീകരിക്കുന്ന പ്രവണതയാണ് മുസ്‌ലിം സാമാന്യജീവിതം ശ്രമിച്ചത്. ഭക്ഷണത്തില്‍ മികച്ചത് പുരുഷന് മാറ്റിവെക്കുന്നത് കേരളീയ നടപ്പുരീതിയാണ്. അതിനെ പുരുഷന്റെ ഉയര്‍ന്ന പദവിയുമായിട്ടാണ് നമ്മള്‍ ബന്ധപ്പെടുത്തുന്നത്. കേരളീയ പൊതുമണ്ഡലത്തില്‍ സ്ത്രീശരീരം ഒതുക്കപ്പെട്ടതും വിധേയപ്പെട്ടതുമാണ്. (വ്യത്യാസമറിയാന്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കൊന്ന് നോക്കിയാല്‍ മതി.) ഈ പരിസരത്തു നിന്ന് കൊണ്ട് പുരുഷനാണ് ലൈംഗികതയില്‍ ഔന്നത്യമെന്നും അതുകൊണ്ടാണ് നാലു കെട്ടാനും സ്വര്‍ഗത്തിലെ ഹൂറിമാരുമൊക്കെ അവനു മാത്രമായതെന്നും ഇക്കാലത്തും വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും. ഈ പംക്തിക്ക് കിട്ടിയ ചില പ്രതികരണങ്ങളാണിത്. എന്താണ് മുസ്‌ലിം സ്ത്രീ. എന്താണ് അവളുടെ 'ഖിലാഫത്ത്'? എങ്ങിനെയാണത് ആവിഷ്‌കരിക്കേണ്ടത്? എന്ന തലത്തില്‍ നിന്നുകൊണ്ടാണ് എന്റെ വിലയിരുത്തല്‍. ഇനിയും ഈ പംക്തി സ്ത്രീ ജീവിതത്തിന്റെ, വിശേഷിച്ചും മുസ്‌ലിം സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ വരഞ്ഞിടും; ഒരുകൂട്ടം എഴുത്തുകാരികളിലൂടെ. അവരുടെ ആസ്വാദനങ്ങളും ആശ്വാസങ്ങളും സന്ദേഹങ്ങളും നിസ്സഹായതകളുമൊക്കെ ഭിന്നമായ ശൈലികളിലും ഭാഷയിലും നമുക്ക് വായിക്കാം.
 പ്ലെയിന്‍ ഗ്ലാസ്
ഒരൊറ്റ പൂവിനേക്കാള്‍ നിറവും മണവും കൂടുതലുണ്ടാവും പൂമാലക്ക്.... തീക്ഷ്ണതയും...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top