ചേരുംപടി ജേണലിസം

കെ.വൈ.എ No image

പത്രപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുന്നവര്‍ ധാരാളം. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ ആരും മനസ്സിലാക്കുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്കു മുന്നിലെ ചതിക്കുഴികളെപ്പറ്റി നിങ്ങളെന്തറിഞ്ഞു!
ഏതാനും ആഴ്ച മുമ്പ് ഞങ്ങളുടെ പാര്‍ട്ടി പത്രത്തില്‍ വലിയൊരബദ്ധം അച്ചടിച്ചു വരേണ്ടതായിരുന്നു. അവസാനനിമിഷം കണ്ടെത്തി തിരുത്തിയതുകൊണ്ട് രക്ഷപ്പെട്ടതാണ്. ഏറെയാരും അറിയാതെ പോയ ആ സംഭവം ഇവിടെ കുറിക്കുന്നത് ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ എത്ര അപകടസാധ്യതയുള്ള ലോകത്താണ് ജോലി ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം.
ഞങ്ങള്‍ക്കു മുന്നില്‍ നിരന്നുകിടക്കുന്ന ചതിക്കുഴികളെപ്പറ്റി പറഞ്ഞു. ആ കുഴികളിലൊന്നാണ് പേരുകളുണ്ടാക്കുന്ന തെറ്റിദ്ധാരണ. ജയരാജന്‍ എന്ന പേരുള്ളവര്‍ ഒറ്റപാര്‍ട്ടിയിലാകുന്നത് എത്ര സൗകര്യമാണ്. പക്ഷേ പൊതുവെ അതല്ലല്ലോ സ്ഥിതി.
സുഗുണന്‍ എന്ന പേരെടുക്കുക. എത്രയാള്‍ക്കാണ് ആ പേരുളളത്! യൂനിയന്‍ നേതാക്കള്‍, ഡോക്ടര്‍മാര്‍, സമുദായ സംഘടനാ നായകര്‍, രാഷ്ട്രീയ മേലാളര്‍, ഉദ്യോഗസ്ഥ മേധാവികള്‍... ഇവര്‍ എന്തെങ്കിലുമൊക്കെ പ്രസംഗിക്കും. അത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടത് ഞങ്ങള്‍ പത്രക്കാരാണ്. അധ്യാപക നേതാവിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോലെയല്ല രാഷ്ട്രീയനേതാവിന്റെ പ്രസംഗം വാര്‍ത്തയാക്കുക. അതില്‍ തന്നെ എതിര്‍കക്ഷി നേതാവിന്റെ പ്രസംഗം ഞങ്ങളുടെ നേതാവിന്റെ പ്രസംഗവും ഒരേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. ഓരോ പ്രസംഗകനും ചേര്‍ന്ന രീതിയില്‍ വാര്‍ത്തയാക്കുന്നതിനെ ഞങ്ങള്‍ പ്രൊഫഷണലിസം എന്നാണ് വിളിക്കുക. ഇതെത്ര ബുദ്ധിമുട്ടാണെന്നോ. ഓരോ പാര്‍ട്ടിയുടെയും നേതാക്കള്‍ക്ക് ഒരേ പേര് (ചുരുങ്ങിയത് ഒരേ ഇനീഷ്യലെങ്കിലും) നിര്‍ബന്ധമാക്കിയാല്‍ പ്രഫഷണലിസം രക്ഷപ്പെട്ടേനെ. അപ്പോള്‍ എ. സുഗുണന്‍, എ. കരുണന്‍. എ രമണന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും ബി ദാസന്‍, ബി വാസന്‍, ബി കേശന്‍ തുടങ്ങിയവരുടെ പ്രസ്താവനകളും സി കണ്ണന്‍, സി ലീല, സി ചന്തു എന്നിവരുടെ സമരപ്രഖ്യാപനങ്ങളും എങ്ങനെയൊക്കെ റിപ്പോര്‍ട്ടാക്കാമെന്ന് പ്രാദേശിക റിപ്പോര്‍ട്ടര്‍ മുതല്‍ സബ് എഡിറ്റര്‍ വരെ എല്ലാവര്‍ക്കും പെട്ടെന്ന് പഠിക്കാന്‍ കഴിഞ്ഞേനെ.
പക്ഷേ സ്ഥിതി അതല്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നു. കുറച്ചുമുമ്പ് ഞങ്ങള്‍ കഷ്ടിച്ചുരക്ഷപ്പെട്ട ആ കുഴിയെപ്പറ്റി പറയാം.
* * *
രണ്ടു പ്രസംഗങ്ങള്‍. രണ്ടും നടത്തിയത് സുഗുണന്മാര്‍. ഒരാള്‍ ഞങ്ങളുടെ നേതാവ്. മറ്റേത് വേറെ പാര്‍ട്ടിക്കാരന്‍.
പ്രാദേശിക ലേഖകന്‍ പുതിയ ആളാണ്. അതുകൊണ്ട് അയാളോട് പ്രസംഗങ്ങള്‍ അതേപടി എഴുതിയെടുക്കാന്‍ പറഞ്ഞു. ബ്യൂറോക്ക് അയച്ചുകൊടുക്കാനും. ബ്യൂറോയില്‍ നിന്ന് അത് റിപ്പോര്‍ട്ടാക്കി എഴുതിക്കൊള്ളും.
പ്രാദേശിക ലേഖകന്‍ എല്ലാം അതേപടി എഴുതി അയച്ചു. ബഹുമാനപ്പെട്ട... തുടങ്ങിയ ആദ്യവാചകങ്ങളൊഴിവാക്കിയാല്‍ ഒരു പ്രസംഗത്തിലെ ബാക്കിയിങ്ങനെ:
''...എന്താ പറയ്യാ... റോഡ് വരണൂത്രെ. വന്നോട്ടെ. പക്ഷേ നമ്മളൊക്കെ വീടും പുരയിടോം വിട്ട് എങ്ങോട്ട് പോകാനാണ്! ഇങ്ങട്ട് വരട്ടെ അതും പറഞ്ഞ്. കാട്ടിക്കൊടുക്കാം. നമ്മള്‍ എല്ലാരും ഒന്നിച്ചങ്ങട്ട് നില്‍ക്കണം. ഒറ്റയാളും സ്ഥലം വിട്ടുകൊടുക്കരുത്. പോലീസ് വന്നാലും കുലുങ്ങരുത്. ന്താ? സമരം തന്നെ. നമ്മള്‍ ജാഥ പോകും. റോട്ടില്‍ കെടക്കും. ആണും പെണ്ണും കുട്ട്യോളും സമരത്തിനെറങ്ങും. നമ്മുടെ വീടും സ്ഥലോം വിട്ടുകൊടുക്കൂല. അതിന് എന്തും സഹിക്കും...''
ഈ പ്രസംഗം ബ്യൂറോയില്‍ നിന്ന് വാര്‍ത്തയായി രൂപമെടുത്തു. അത് ഇപ്രകാരം:
''ഹൈവേക്കുവേണ്ടി ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് നോക്കിയിരിക്കില്ലെന്ന് പാര്‍ട്ടി നേതാവ് കെ സുഗുണന്‍ വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ പ്രക്ഷോഭങ്ങളുമായി പാര്‍ട്ടി രംഗത്തിറങ്ങും. അതിനായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.''
* * *
തൊട്ടുപിന്നാലെ വന്നു പ്രാദേശിക ലേഖകന്‍ എഴുതിയെടുത്ത മറ്റൊരു പ്രസംഗം. പ്രസംഗകന്‍ പി സുഗുണന്‍.
''...പാര്‍ട്ടി ഓഫീസാണിത്. ആയുധം തിരയാനെന്നു പറഞ്ഞ് ഇങ്ങോട്ട് വരട്ടെ. പോലീസല്ല പട്ടാളമായാലും പുല്ലാണ്. വെട്ടും ഞങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്... ഞങ്ങളിലൊരുത്തനെ തൊട്ടാലുണ്ടല്ലോ. നാട് കത്തും. ചോദിക്കാന്‍ ആരുണ്ട്. നിങ്ങള്‍ പത്രക്കാര്‍ എന്തും എഴുതിക്കോ. നിങ്ങളെ പിന്നെ കണ്ടോളാം. നിന്നെയൊക്കെ ആരാടാ അക്ഷരം പഠിപ്പിച്ചത്?''
ഇതും ബ്യൂറോ വാര്‍ത്തയാക്കി എഴുതി:
''അത്യന്തം പ്രകോപനപരമായ പ്രസംഗമാണ് തീവ്രവാദി ഗ്രൂപ്പിന്റെ നേതാവ് പി.സുഗുണന്‍ നടത്തിയത്. തങ്ങളുടെ ഓഫീസില്‍ ആയുധം വെക്കുമെന്ന് പറഞ്ഞ അദ്ദേഹം അത് കണ്ടെടുക്കാന്‍ പോലീസിനെ വെല്ലുവിളിച്ചു. പട്ടാളത്തെയും തങ്ങള്‍ വെട്ടും. അടുത്ത് വന്നാല്‍ നാടു മുഴുവന്‍ കത്തിക്കുമെന്ന് തീവ്രവാദി നേതാവ് പ്രഖ്യാപിക്കുമ്പോള്‍ പോലീസുകാര്‍ എല്ലാം കേട്ടുനില്‍ക്കുകയായിരുന്നു. പത്രക്കാരെല്ലാം നിരക്ഷരരാണെന്ന് നേതാവ് പരിഹസിച്ചു.''
വലിയൊരാപത്ത് ഒഴിവായത് രണ്ടു വാര്‍ത്തകളും പത്രഡെസ്‌കിലെത്തിയപ്പോഴാണ്. ആദ്യ പ്രസംഗം നടത്തിയ കെ സുഗുണനാണ് എതിര്‍പാര്‍ട്ടിക്കാരന്‍. അയാളുടെ പ്രസംഗം സൗമ്യമായി റിപ്പോര്‍ട്ടാക്കിയിരിക്കുന്നു. രണ്ടാം പ്രസംഗം തീവ്രവാദി നേതാവിന്റേതല്ല, പാര്‍ട്ടി നേതാവിന്‍േറതാണ്. അത് ആക്ഷേപ രൂപത്തിലെഴുതിയിരിക്കുന്നു. രണ്ടും മാറ്റിയെഴുതണം.
പത്രത്തെയും പാര്‍ട്ടിയെയും രക്ഷപ്പെടുത്തി, ആ എഡിറ്റിംഗ്. പത്രത്തില്‍ അച്ചടിച്ചു വന്നത്, തിരുത്തിയെഴുതിയ വാര്‍ത്തകളാണ്. അവ ഇങ്ങനെ:
വാര്‍ത്ത ഒന്ന്-
''അധികൃതരെ വെല്ലുവിളിച്ചുകൊണ്ടാണ് തീവ്രവാദി നേതാവ് കെ സുഗുണന്‍ പ്രസംഗിച്ചത്. വികസനം തടയാന്‍ തന്റെ തീവ്രവാദ ഗ്രൂപ്പ് എല്ലാ ജനങ്ങളെയും പ്രകോപിപ്പിച്ച് തെരുവിലിറക്കുമെന്ന് അയാള്‍ പ്രഖ്യാപിച്ചു. ഒന്നും ചെയ്യാന്‍ മടിയുള്ളവരല്ല തങ്ങളെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. എല്ലാം കേട്ട് പോലീസ് വെറുതെ നില്‍ക്കുന്നുണ്ടായിരുന്നു.''
വാര്‍ത്ത രണ്ട്-
''പാര്‍ട്ടി ഓഫീസില്‍ അനധികൃതമായി പ്രവേശിക്കാനുള്ള പോലീസിന്റെ നീക്കത്തില്‍ പാര്‍ട്ടി നേതാവ് പി.സുഗുണന്‍ ശക്തമായി പ്രതിഷേധിച്ചു. പോലീസിനെയും പട്ടാളത്തെയും ചെറുത്തുനിന്ന ധീരരക്തസാക്ഷികളുടെ ചരിത്രമാണ് പ്രസ്ഥാനത്തിന്റേത്. പാര്‍ട്ടി നേതാക്കളെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. പത്രപ്രവര്‍ത്തകരുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും അദ്ദേഹം അത്ഭുതം കൂറി. എതിര്‍പാര്‍ട്ടിയുടെ ഭരണത്തില്‍ വിദ്യാഭ്യാസ രംഗം തകര്‍ന്നതായി നേതാവ് ചൂണ്ടിക്കാട്ടി.''
നേതാക്കള്‍ക്ക് പേരിടുമ്പോള്‍ എന്തെങ്കിലും വ്യവസ്ഥാപിതത്വം ഉണ്ടാകുന്നത് പ്രഫഷണല്‍ പത്രപ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് നിങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കുമെന്ന് കരുതുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top