മുരിങ്ങ

ഡോ: മുഹമ്മദ്ബിന്‍ അഹ്മദ് No image

മൊരിങ്ങേസി കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്ര നാമം മുരിങ്ങ ഒലിഫറലം എന്നാണ്. ചളിപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും വളരുമെങ്കിലും കൂടുതല്‍ ഇഷ്ടം നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളാണ്. കൊമ്പുകള്‍ മുറിച്ചു വെച്ചും വിത്തുകള്‍ പാകി മുളപ്പിച്ചും തൈ ഉണ്ടാക്കാം. മുറിച്ചു മാറ്റി തൈ ഉണ്ടാക്കുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. മുറിച്ച കഷ്ണങ്ങളുടെ തൊലി കേടുവരാതെ സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്താല്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
സാധാരണ മുരിങ്ങ, കാട്ടു മുരിങ്ങ, പുനര്‍ മുരിങ്ങ, ചെമ്മുരിങ്ങ എന്നിങ്ങനെ നാലു തരത്തില്‍ ഉണ്ടെന്നു പറയുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്നതിന്റെ ഇലയാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാല്‍ കാട്ടു മുരിങ്ങയില ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. അവയുടെ ഇലകള്‍ക്കും കായ്കള്‍ക്കും കയ്പ് കൂടുതലുണ്ടാകും. അതാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ ഉത്തമം. മരുന്നിന് വ്യാപകമായി ഉപയോഗിക്കുന്നത് കാട്ടു മുരിങ്ങയാണ്.
മുരിങ്ങയിലയില്‍ ധാരാളം ആല്‍ക്കലോയിഡുകളും അംമ്ലവുമുണ്ട്. ഇലകളിലാവട്ടെ വിറ്റാമിന്‍ എയും സിയും ധാരാളമുണ്ട്. ഉണങ്ങിയ വിത്തില്‍നിന്ന് അതിവിശിഷ്ടമായ എണ്ണ കിട്ടുന്നു. ശിശിര-വസന്തമാണ് മുരിങ്ങാക്കായ ഉണ്ടാകുന്ന കാലം. നേത്രരോഗം, ശോഫം, അഗ്നിമാന്ദ്യം, പ്ലീഹവൃദ്ധി, കണ്ഠമാല, ഹൃദയരോഗം, സന്ധിവാതം, വാതരോഗങ്ങള്‍, കഫരോഗങ്ങള്‍, അര്‍ശസ് പോലുള്ള രോഗങ്ങള്‍ക്ക് വിവിധ രൂപത്തിലുള്ള ഔഷധസേവകൊണ്ട് ഫലപ്രദമായ ആശ്വാസം കണ്ടിട്ടുണ്ട്. അഗ്നിമാന്ദ്യം, ദഹനക്കുറവ്, ഉദരശൂല, വയറുവീര്‍പ്പ് മുതലായവക്ക് ഇതിന്റെ തൊലിയുടെ കഷായവും നീരും ഫലംകണ്ടിട്ടുണ്ട്.
രക്തസമ്മര്‍ദ്ദത്തെയും കൊളസ്‌ട്രോളിനെയും നിയന്ത്രിക്കാന്‍ മുരിങ്ങക്കുള്ള കഴിവ് സീമാതീതമാണ്. രക്തസമ്മര്‍ദ്ദമുള്ള ആള്‍ ഏത് സിസ്റ്റംസിലെ മരുന്നാണ് കഴിക്കുന്നതെങ്കില്‍ പോലും ഗുളികയോടൊപ്പം മുരിങ്ങയില നീര് ഒരു ടീസ്പൂണ്‍ മൂന്നു നേരം കഴിച്ചാല്‍ ഏതാനും ദിവസത്തെ സേവകൊണ്ടു തന്നെ നിയന്ത്രണവിധേയമാകും. ക്രമേണ ഗുളികകള്‍ ഒഴിവാക്കാന്‍ സാധിക്കും. വെളുത്തുള്ളിയും മുരിങ്ങയിലയും കൂട്ടി കഷായം വെച്ച് കഴിക്കുന്നതും മുരിങ്ങയില നീരും വെളുത്തുള്ളി നീരും ചേര്‍ത്ത് കഴിക്കുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
മുരിങ്ങയില നീര് എടുത്ത് നന്നായി അരിച്ച് അത്രയും ചെറു തേനും ചേര്‍ത്ത് വീണ്ടും അരിച്ചുവെയ്ക്കുക. കണ്ണില്‍ 3,4 തുള്ളി ഉറ്റിച്ചാല്‍ കണ്ണിലുണ്ടാകുന്ന വേദന, ചുവപ്പ്, വെള്ളംചാടല്‍ എന്നിവ മാറുന്നതാണ്. മുരിങ്ങാ തോല്‍ നീക്കിയ ഭാഗം ചെറുതായി കഷ്ണമാക്കി കുരുമുളക്, ഏലക്കായ, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത പൊടി കൂട്ടിച്ചേര്‍ത്ത് വായയില്‍ വെക്കുന്നത് പല്ല് അഴുക്കുന്നത് തടയാനും വായ്‌നാറ്റം മാറാനും നല്ലതാണ്.
മുരിങ്ങയില നീരില്‍ വെളുത്തുള്ളി നീരും കൃമിശത്രു പൊടിച്ച പൊടിയും ചേര്‍ത്ത് കഴിക്കുന്നത് കൃമിദോഷത്തെ ഇല്ലാതാക്കും. മുരിങ്ങത്തോലും തഴുതാമയും ചേര്‍ത്ത് അരച്ചുകെട്ടിയാല്‍ കൈമുട്ട്, കാല്‍മുട്ട് എന്നിവയിലുണ്ടാകുന്ന വീക്കം മാറുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് ചുട്ടുനീറ്റല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അയമോദകം, ചുക്ക്, തിപ്പലി, കായം (വറുത്തുപൊടിച്ചത്), കൊത്തമല്ലി എന്നിവ സമം എടുത്തുപൊടിച്ച് മുരിങ്ങാ വേരിന്മേല്‍ തൊലി നീരും ചേര്‍ത്ത് 1 ടീസ്പൂണ്‍ വീതം രണ്ടു നേരം കഴിച്ചാല്‍ വയറു വേദന, കടച്ചില്‍, എരിച്ചില്‍, ഏമ്പക്കം, അരുചി എന്നീ രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടുന്നതാണ്.
മുരിങ്ങാക്കുരു ഉണക്കി നന്നായി പൊടിച്ച് ധൂമനസ്യം ചെയ്യുന്നത് ശക്തിയായ തലവേദനക്കും കഫദോഷത്തിനും നല്ലതാണ്. മുരിങ്ങയുടെ കായ കഫപിത്തനാശകവും കുഷ്ഠം, ശ്വാസം, വായുക്ഷോഭം എന്നിവയെ അകറ്റുന്നു.
മുരിങ്ങാക്കായ നിത്യവും കഴിക്കുന്നത് ശുക്ലവര്‍ധനവിന് സഹായിക്കുന്നു. ഉണങ്ങിയ മുരിങ്ങാക്കുരു നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നതും മുരിങ്ങാക്കുരു പാലില്‍ കാച്ചി കഴിക്കുന്നതും മുരിങ്ങാക്കുരുവും അമക്കുരുവും പൊടിച്ച് പാലില്‍ കാച്ചി കഴിക്കുന്നതും നല്ലൊരു വാജീകരണൗഷധമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top