നനവുള്ള ബന്ധങ്ങള്‍ക്ക്

ത്വാഹിറ.സി No image

സ്ത്രീയുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും സാധ്യതകളും ഇടങ്ങളുമൊക്കെ ചര്‍ച്ചകളും പ്രഭാഷണങ്ങളും എഴുത്തുകളുമായി അനുദിനം പുരോഗമിക്കുമ്പോഴും ഈ വിഷയത്തില്‍ എന്തോ ഒരു ശൂന്യത അല്ലെങ്കില്‍ ഉത്തരം കിട്ടായ്മ നിലനില്‍ക്കുന്നുണ്ട്. ഇതിന് ചിലര്‍ മതത്തെ പഴിക്കുന്നു. മറ്റു ചിലര്‍ പുരുഷനെ പഴിക്കുന്നു. ധാരാളം കഴിവും ഒഴിവുസമയവുമൊക്കെയുണ്ടായിട്ടും സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടുതടങ്കലില്‍ ആയുസ്സ് തള്ളിയിട്ടുകൊണ്ടിരിക്കുകയാണെന്ന് വിലപിച്ചുകൊണ്ട് ചില സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ രംഗത്ത് വരുന്നത് കാണുന്നുണ്ട്.
ഇസ്‌ലാമിക വിധിപ്രകാരം ജീവിക്കുന്ന ഒരു സ്ത്രീക്ക് അവള്‍ എത്ര വലിയ ആക്ടിവിസ്റ്റായാലും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായാലും തന്റെ കുടുംബത്തിന്റെ പൂര്‍ണമായ പരിപാലനത്തില്‍ നിന്നും അണുഅളവു പോലും വ്യതിചലിക്കാന്‍ പാടുള്ളതല്ല. എന്നാലും ഈ ഉത്തരവാദിത്വം വളരെ ഭംഗിയായും സര്‍ഗാത്മകമായും നിര്‍വഹിച്ചുകൊണ്ടു തന്നെ ഒരു സ്ത്രീക്ക് തന്റെ കുടുംബത്തിലും നാട്ടിലും സമൂഹത്തിലും പുരുഷന് സാധിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ചില ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഈ ഇടങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി ഉചിതമായി പെരുമാറുകയും ഇടപെടുകയും ചെയ്താല്‍ സ്ത്രീ സമൂഹത്തിന് അപകര്‍ഷതാബോധത്തില്‍ നിന്നും അസംതൃപ്തിയില്‍ നിന്നും കരകയറാന്‍ സാധിക്കും.
നാമെല്ലാവരും വല്ലാതെ വിലപിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ബന്ധങ്ങള്‍ക്ക് മുമ്പത്തത്ര ശക്തിയില്ല. ഊഷ്മളതയില്ല, ആത്മാര്‍ഥതയില്ല, സ്‌നേഹമില്ല എന്നൊക്കെ. യഥാര്‍ഥത്തില്‍ ഈ ബന്ധമില്ലായ്മ നാം വലിയ വായില്‍ പ്രസംഗിച്ചത് കൊണ്ടും എഴുതിയതുകൊണ്ടുമൊന്നും ഉണ്ടാവുകയില്ല. അത് നാം ആത്മാര്‍ഥമായി ഇറങ്ങിത്തിരിച്ച് ഉണ്ടാക്കിയെടുത്താല്‍ മാത്രം ഉണ്ടാവുന്ന കാര്യമാണ്. കുടുംബ സാമൂഹ്യബന്ധങ്ങളുടെ കെട്ടിപ്പടുക്കലിനും നിലനിര്‍ത്തലിനും പുരുഷന്മാരേക്കാള്‍ ഒഴിവും അവസരവും സാധ്യതയുമൊക്കെ ഉള്ളത് സ്ത്രീകള്‍ക്കാണ്. ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നാം അന്തര്‍ദേശീയ താരങ്ങളുമായി വരെ ചാറ്റിംഗും ബന്ധവുമൊക്കെ നടത്തുന്നുണ്ട്. പക്ഷേ തന്റെ മതിലിന്റെ തൊട്ടപ്പുറമുള്ള ബന്ധുക്കളോടും അയല്‍വാസികളോടും ഒന്നു മിണ്ടാന്‍പോലും സമയം കാണുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു ദയനീയാവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നത്?
ഇതിന്റെ യഥാര്‍ഥ കാരണം സ്വാര്‍ഥതയാണ്. എല്ലാറ്റിനും എന്തെങ്കിലുമൊരു കാരണം വേണമല്ലോ എന്നുള്ളതിനാല്‍ സമയമില്ലായെന്നത് നാം പറയുന്ന വെറുമൊരു ന്യായം മാത്രം. നമുക്ക് ടി.വി, കംപ്യൂട്ടര്‍, മൊബൈല്‍ പോലുള്ളവയുമായി എത്ര മെനക്കെടാനും സമയമുണ്ട്. പക്ഷേ വീട്ടില്‍ നിന്നിറങ്ങാന്‍ സമയമില്ല. അന്യന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അവന്‍ എത്ര അടുത്ത കുടുംബക്കാരനായാലും അവന്‍ മറ്റൊരാളാണല്ലോ. ഈ ചിന്ത വെടിയാനുള്ള മടിയാണ് നമ്മെ ബന്ധങ്ങള്‍ തകര്‍ക്കുന്നതിലേക്ക് എത്തിച്ചത്.
ഈയവസരത്തിലാണ് സ്ത്രീയുടെ ഇടങ്ങള്‍ക്കും സാധ്യതകള്‍ക്കും പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഏതു പരിതസ്ഥിതിയിലും സാഹചര്യത്തിലും പുരുഷന്മാരേക്കാള്‍ നന്നായി ഇടപെടാനും പങ്ക് വഹിക്കാനും കഴിവുള്ളത് സ്ത്രീകള്‍ക്കാണ്. തങ്ങളുടെ അയല്‍പക്കത്തെ വിശേഷമറിയാന്‍, തന്റെ അടുത്ത ബന്ധുക്കളുടെ അവസ്ഥ അറിയാന്‍ തന്റെ നാട്ടുകാരുടെ വിവരങ്ങളറിയാന്‍ ഒരു സ്ത്രീ ഉത്സാഹം കാണിക്കുകയും അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുത്തി അവസരോചിതം ഇടപെടുകയും ചെയ്താല്‍ ആ കുടുംബത്തിനും നാടിനുമിടയിലുളള ബന്ധത്തിന്റെ ഊഷ്മളതയും നനവും വളരെ വലുതായിരിക്കും. ഇത്തരം സ്ത്രീ കൂട്ടായ്മകള്‍ നമുക്കിടയില്‍ വളര്‍ന്നുവരേണ്ടതുണ്ട്. ഇത്തരം ഉമ്മമാരെ കണ്ടാണ് പുതിയ തലമുറ വളരേണ്ടത്.
കഴിവും നന്മയുമുള്ള മനുഷ്യവിഭവശേഷിയാണ് ആധുനികകാലത്ത് ഏറ്റവും ആവശ്യം. എല്ലാം ഒരുതരം കച്ചവടമാകുന്ന പുതിയകാലത്ത് ആത്മാര്‍ഥമായി പണിയെടുക്കുന്ന പരസ്പരം സഹകരിക്കുന്ന കൂട്ടായ്മകള്‍ നമ്മുടെ കുടുംബങ്ങളിലും നാട്ടിലും വര്‍ധിച്ചുവന്നാല്‍ സ്ത്രീവിഷയകമായ ഉത്തരം കിട്ടായ്മക്കും ശൂന്യതക്കും സ്വയം പരിഹാരമാകും.
ലൈംഗിക സദാചാര പ്രശ്‌നങ്ങളെ ഭയന്ന് സ്വന്തം പിഞ്ചുമക്കളെപോലും കളിക്കാനും കൂട്ടുകൂടാനും അടുത്ത ബന്ധുക്കളുടെ വീട്ടില്‍പോലും പറഞ്ഞുവിടാത്ത സങ്കടകരമായ സ്ഥിതിവിശേഷവും നമുക്കിടയിലുണ്ട്. ഇതിനുള്ള യഥാര്‍ഥമായ പ്രതിവിധി ഇങ്ങനെ ഓരോരുത്തരും തന്റെ മക്കളെ സ്വന്തം വീട്ടില്‍ അടച്ചിട്ടുകൊണ്ട് അപ്പുറം കടക്കാന്‍ പാടില്ലായെന്ന് വര വരക്കുകയല്ല, മറിച്ച് കുട്ടികള്‍ കൂടാനും കളിക്കാനും പോകുന്ന അയല്‍ക്കാരുമായി മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ച് ഉമ്മമാര്‍ക്കും സ്വാഭാവികമായ നല്ല രീതിയിലുള്ള ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയെന്നുള്ളതാണ്. അല്ലാതെ എവിടെയും പോവാന്‍ പാടില്ല ആകെ പ്രശ്‌നമാണ് എന്ന് പിടിച്ചുവെക്കുകയും ടി.വി ക്കു മുമ്പില്‍ എന്തശ്ലീലം കണ്ടാലും വേണ്ടില്ല തന്റെ മുമ്പില്‍ അവനുണ്ടല്ലോ എന്നും കരുതി അവനെ അതിന്റെ മുമ്പില്‍ തളച്ചിരുത്തിയാല്‍ നേരത്തെ പറഞ്ഞതില്‍ നിന്നും കൂടുതല്‍ഭീകരമായിരിക്കും ഫലമെന്നുള്ളത് നാം ഗൗരവത്തില്‍ മനസ്സിലാക്കണം.
ഇത്തരത്തില്‍ സാര്‍വത്രികമായ മാനവികബന്ധം നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്താല്‍ മാത്രമേ നമുക്കിടയില്‍ നിലനിന്നു പോരുന്ന അകല്‍ച്ച മാറിക്കിട്ടുകയുള്ളൂ. ഇതിനിടക്ക് നമ്മുടെ മക്കളില്‍ അവരുടെ പ്രായത്തിനനുസരിച്ചുള്ള ശ്രദ്ധയും നമുക്ക് ഉണ്ടാവേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ബന്ധം ഒരിക്കലും വൃത്തികേടിലേക്കും ആഭാസങ്ങളിലേക്കും എത്തിപ്പെടില്ല. ഇങ്ങനെയുള്ള ഒരു ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ഇന്നത്തെ സ്ത്രീസമൂഹം തയ്യാറാവേണ്ടതുണ്ട്. ഇതുതന്നെയാണ് സ്ത്രീയുടെ ഏറ്റവും വലിയ ആക്ടിവിസവും സാമൂഹ്യപ്രവര്‍ത്തനവും. ഇതിനെ അവഗണിച്ചുകൊണ്ടുള്ള സ്ത്രീയുടെ എത്ര വലിയ മുന്നേറ്റത്തിനും യഥാര്‍ഥഫലം കാണില്ല. ഇതിന്റെ കൂടെ സ്ത്രീക്ക് വേറെയും ധാരാളം മുന്നേറ്റം സാധിക്കുമെങ്കില്‍ അത് എത്രയും നന്ന് എന്നു മാത്രം.
ഇതേപ്രകാരം തന്നെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വലിയ തിരക്കുള്ള, ജോലിയുള്ള, അല്ലെങ്കില്‍ മുഴുസമയ സാമൂഹ്യപ്രവര്‍ത്തകരായ ഭര്‍ത്താക്കന്മാരുള്ളവര്‍ ഒരിക്കലും തങ്ങളുടെ കുട്ടികളോട് പിതാവിനെക്കുറിച്ച് അവഹേളിച്ചും തരംതാഴ്ത്തിയും കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്ന രൂപത്തിലും സംസാരിക്കാന്‍ പാടില്ല. ഇത് മക്കളില്‍ പിതാവിനെക്കുറിച്ച് ഒരുതരം നിരാശാബോധം സൃഷ്ടിക്കുകയും ഭാവിയില്‍ മക്കള്‍ പിതാവിന് എതിരാവുകയും ചെയ്യും. വല്ല അഭിപ്രായവ്യത്യാസവും മതിപ്പുകേടും വരികയാണെങ്കില്‍ അത് അവര്‍ രണ്ടുപേരും തന്നെ രഹസ്യമായി സംസാരിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ബന്ധങ്ങളുടെ ശൈഥില്യത്തിന് ഇതും പ്രധാനപ്പെട്ട ഒരു കാരണമായതുകൊണ്ടാണ് ഈയവസരത്തില്‍ ഇതു പറഞ്ഞത്. മക്കള്‍ക്കിടയില്‍ രക്ഷിതാക്കളെക്കുറിച്ച് എപ്പോഴും പോസിറ്റീവായി മാത്രം സംസാരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യം പുരുഷനും സ്ത്രീയും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ പരസ്പരബന്ധത്തിന്റെ വിജയത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെയും ഓരോരുത്തരും തന്നാലാവുംവിധം ചെയ്യുമെന്നുള്ള ഉറപ്പോടെയായിരിക്കട്ടെ സ്ത്രീശാക്തീകരണത്തിന്റെ മന്ത്രങ്ങളുരുവിടുന്ന വനിതാദിനങ്ങള്‍ നാം ആഘോഷിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top