രാജഹംസത്തേരിലേറിയ വാനമ്പാടി

തുഫൈല്‍. പി.എം No image

  2012-ലെ ചിങ്ങമാസം. അധികമാരുമറിയാത്ത പത്തനംതിട്ട ജില്ലയിലെ വടശേരിക്കര ഗ്രാമം. ഉച്ചഭക്ഷണം കൊടുത്തതിന് ശേഷം മകനെ ഒക്കത്തുവെച്ച് ആ മുപ്പത്തിമൂന്ന് കാരി പാടി. 'രാജഹംസമേ മഴവില്‍ കുടിലില്‍' എന്ന ചമയം ചിത്രത്തിലെ ഹിറ്റ് ഗാനം. പാടുമ്പോള്‍ അവരുടെ മനസ്സില്‍ ലക്ഷ്യം ഒന്നു മാത്രം. എത്രയും വേഗം ശ്രീഹരിയെന്ന കുസൃതി പയ്യന്‍ ഒന്നുറങ്ങണേ.. എന്നാല്‍ ബന്ധുവായ ദര്‍ശന്‍ എന്ന യുവാവ് ഈ ഗാനം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ആ യുവാവ് പറഞ്ഞു: ''ചേച്ചീ.. ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടെങ്കില്‍ ഈ ഗാനം ചേച്ചിയുടെ തലവര മാറ്റിയെഴുതും.'' ഈ ഗാനം വൈകാതെ യൂട്യൂബിലിടം പിടിച്ചു. പില്‍ക്കാലത്ത് ദര്‍ശന്റെ വാക്കുകള്‍ പൊന്നായി മാറി. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രം 'രാജഹംസമേ' എന്ന ഗാനം കണ്ടവരുടെ എണ്ണം 78 ലക്ഷം കവിഞ്ഞു. ചന്ദ്രലേഖയെന്ന ഈ 33 കാരി ഇന്ന് ലോകമറിയുന്ന ഗായികയാണ്. നിനച്ചിരിക്കാതെ ചന്ദ്രലേഖയെ തേടിയെത്തിയത് ഒരു സാധാരണ വീട്ടമ്മക്ക് സ്വപ്നം കാണാനാവാത്ത അസുലഭ നേട്ടങ്ങള്‍.. ഇത്രയും നാള്‍ ചന്ദ്രലേഖയുടെ ഈണങ്ങള്‍ കേട്ടത് അടുക്കളയിലെ ചിരവയും വിറകും പാത്രങ്ങളുമായിരുന്നു.
  ചന്ദ്രലേഖയുടെ ജീവിതം
  പത്തനംതിട്ടയിലെ അടൂര്‍ പറക്കോട്ടാണ് ചന്ദ്രലേഖയുടെ ജനനം. അമ്മയുടെയും സഹോദരങ്ങളുടേയും സ്‌നേഹലാളനകളിലാണ് ചന്ദ്രലേഖ വളര്‍ന്നത്. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ അഛന്‍ മരിച്ചതിനാല്‍ കുട്ട, മുറം എന്നിവ നെയ്താണ് അമ്മ മക്കളെ പോറ്റിയത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുളള നെട്ടോട്ടത്തിനിടെ മകളെ സംഗീതം പഠിപ്പിക്കാനുളള പണമോ സാഹചര്യമോ കുടുംബത്തിനില്ലായിരുന്നു. സ്‌കൂള്‍ യുവജനോല്‍സവങ്ങളിലും മറ്റും പാടിയ ചന്ദ്രയുടെ സംഗീത വൈഭവം അധ്യാപകര്‍ക്ക് മനസ്സിലായിരുന്നു. പറക്കോട് എല്‍.പി സ്‌കൂള്‍, എന്‍.എസ്.എസ് യു.പി സ്‌കൂള്‍, പി.ജി.എം ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ചന്ദ്രലേഖയുടെ വിദ്യാഭ്യാസം. ഇക്കാലത്ത് അധ്യാപകരുടെ പ്രോല്‍സാഹനം ചന്ദ്രലേഖയെ വളര്‍ത്തി. അടൂര്‍ സെന്റ് സിറിള്‍സ് കോളജിലായിരുന്നു ബിരുദത്തിനായി ചേര്‍ന്നത്. സാഹചര്യങ്ങള്‍ പഠനം തുടരാന്‍ അനുവദിച്ചില്ല. സംഗീത കോളജില്‍ പഠിക്കണമെന്നത് ചന്ദ്രയുടെ തീവ്രമായ ആഗ്രഹമായിരുന്നു. എന്നാല്‍ പ്രാരാബ്ധങ്ങള്‍ ആഗ്രഹത്തെ പിന്നോട്ടടിപ്പിച്ചു. പഠനകാലത്ത് നിരവധി സ്റ്റേജുകളിലും മറ്റും പാടിയ ചന്ദ്രക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഇന്നത്തെപ്പോലെ റിയാലിറ്റി ഷോകളുടെ വെളളിവെളിച്ചമോ നിയോണ്‍ പ്രകാശമോ അക്കാലത്ത് ഇല്ലായിരുന്നു. അതിനാല്‍ തന്നെ എക്‌സലന്റോ ഉയര്‍ന്ന മാര്‍ക്കോ അംഗീകാരമോ കിട്ടിയതുമില്ല.
  വിവാഹം, കുടുംബം
  പത്തനംതിട്ട, വടശേരിക്കര രഘുനാഥാണ് ജീവിതയാത്രയില്‍ ചന്ദ്രലേഖയുടെ കൂട്ടുകാരന്‍. 2006-ല്‍ ആയിരുന്നു രഘു, ചന്ദ്രയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ബിരുദാനന്തര ബിരുദക്കാരനായ ഭര്‍ത്താവ് പത്തനംതിട്ടയിലെ എല്‍.ഐ.സി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനാണ്. തുഛ വരുമാനക്കാരനായ രഘുനാഥ് ഭാര്യയുടെ സര്‍ഗാത്മകതയെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ചന്ദ്രയുടെ പാട്ടുകള്‍ ഏറെ ഇഷ്ടമാണ്. കുമ്പളാംപൊയ്ക പാറച്ചെരുവിലെ ചെങ്കല്ലില്‍ തീര്‍ത്ത വീട്ടില്‍ വൈദ്യുതിയെത്തിയത് സമീപകാലത്താണ്. അതിനാല്‍ ചന്ദ്രലേഖക്ക് ഇ-മെയിലോ ഫേസ്ബുക്ക് അക്കൗണ്ടോ ഇല്ല. രാജഹംസത്തേരിലേറി ചന്ദ്രയുടെ ഗാനം യൂട്യൂബിലും മറ്റും കുതിച്ചപ്പോഴും ഈ വീട്ടമ്മക്ക് കളി കാര്യമായെന്ന് മനസ്സിലായില്ല. ഈ മാര്‍ച്ചില്‍ സംഗീതം ഗൗരവമായി കണ്ട് ശാസ്ത്രീയമായി സംഗീതം പഠിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ചന്ദ്രലേഖ. പലപ്പോഴും ഈ വീട്ടമ്മയുടെ സ്വരമാധുരി ഉണരുന്നത് തന്റെ മൂന്നര വയസ്സുളള മകനെ ഉറക്കാനായി പാടുന്ന പാട്ടുകളായാണ്.
  പ്രശസ്തി,അംഗീകാരം
  ഇന്നിപ്പോള്‍ ചന്ദ്രലേഖ ദേശാന്തരങ്ങള്‍ കടന്നു. തന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ 78 ലക്ഷം പേര്‍ കണ്ടെന്ന് പറഞ്ഞപ്പോഴും അവര്‍ പറയുന്നു. 'എന്റെ ദൈവമേ.. സത്യമാണോ ഞാനീ കേള്‍ക്കുന്നതെ'ന്ന അമ്പരപ്പ് വിടാതെ പിന്തുടരുന്നു. ഇതിനകം നിരവധി സ്വീകരണങ്ങളില്‍ ചന്ദ്ര പങ്കെടുത്തു കഴിഞ്ഞു. യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ പ്രവാസി കൂട്ടായ്മകള്‍ ഇവരെ പങ്കെടുപ്പിച്ച് സംഗീത സദസ്സുകളും മറ്റും നടത്തി. അനുദിനം അഭിനന്ദന ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ അഭിനന്ദന വിളികള്‍ കൊണ്ട് മൂടുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ക്യാഷ് അവാര്‍ഡുകളും ഈ വീട്ടമ്മയെ തേടിയെത്തുന്നുണ്ട്.
ഉടന്‍ പൂര്‍ത്തിറങ്ങുന്ന 'ലവ് സ്റ്റോറി' എന്ന ചിത്രത്തില്‍ പാടിയതിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മിലന്‍ ജലീല്‍ നിര്‍മിച്ച് നവാഗതനായ എം.പ്രശാന്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രമുഖ ഗായിക ശ്രേയ ഘോഷാലിനായി മാറ്റിവെച്ച 'കണ്‍കളാലൊരു' എന്ന ഗാനമാണ് നാട്ടുകാരനായ ഡേവിഡ് ഷോണ്‍ ചന്ദ്രലേഖയെ കൊണ്ട് പാടിച്ചത്. ഈ സിനിമയുടെ പുരുഷ വോയ്‌സ് ഹരിഹരന്റെതാണ്. അദ്ദേഹത്തെ നേരില്‍ കണ്ടതിന്റേയും ഒപ്പം പാടാന്‍ കഴിഞ്ഞതിന്റേയും ത്രില്ലിലാണ് ചന്ദ്ര. കൂടാതെ തമിഴില്‍ ഉടന്‍ പുറത്തിറങ്ങുന്ന ചില പാട്ടിലും ഈ സോഷ്യല്‍ മീഡിയാ ഗായിക സ്വരമാധുരി ചാര്‍ത്തി. കൂടാതെ ഈസ്റ്റ് കോസ്റ്റിന്റെ ഭക്തിഗാന ആല്‍ബത്തിലും പാടി.
തന്റെ ഇഷ്ടഗായികയായ കെ.എസ് ചിത്രയെ നേരില്‍ കാണാനും ഒപ്പം പാടാനും ചന്ദ്രലേഖക്ക് സാധിച്ചു. അകാലത്തില്‍ പൊലിഞ്ഞ ജോണ്‍സണ്‍ മാഷിന്റെ പൂര്‍ത്തിയാകാത്ത 'ആലോലം താലോലം കുഞ്ഞിക്കാറ്റേ' എന്ന ഗാനം അദ്ദേഹത്തിന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ ഈയിടെ പൂര്‍ത്തിയാക്കി. ഈ ഗാനമാണ് ചിത്രക്കൊപ്പം 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ചത്. ഇപ്പോള്‍ കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകള്‍ക്കായി ചന്ദ്രലേഖ പാടിക്കൊണ്ടിരിക്കുകയാണ്.
തനിക്ക് പ്രശസ്തിയും അംഗീകാരവും ലഭിച്ചത് നിമിത്തങ്ങള്‍ മാത്രമായിരുന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. എല്ലാ സ്ത്രീകളിലും സര്‍ഗാത്മകതയും കഴിവും ഒളിഞ്ഞുകിടക്കുന്നു. വീട്ടുകാരുടേയും സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും പിന്തുണയും പ്രോല്‍സാഹനവുമുണ്ടെങ്കില്‍ ഇനിയും ചന്ദ്രലേഖമാര്‍ ഉണ്ടാകുമെന്ന് അവര്‍ പറയുന്നു.

  വാല്‍ക്കഷ്ണം:
  ഈയടുത്തകാലത്ത് മലപ്പുറത്ത് വനിതാ പോലീസുകാരെ കണ്ടെത്താനായി ഫിസിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. നൂറ് മീറ്ററില്‍ പങ്കെടുക്കാനായി സ്റ്റാര്‍ട്ടിങ്ങ് പോയന്റില്‍ ഒരു വീട്ടമ്മ. നിമിഷങ്ങള്‍ക്കകം അവര്‍ ഫിനിഷിംഗ് ലൈന്‍ തൊട്ടു. മുതിര്‍ന്ന പോലീസുകാരന്‍ അവരോട് പറഞ്ഞു: 'കുട്ടീ, ഫന്റാസ്റ്റിക്ക്..നൂറ് മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പി.ടി ഉഷയേയോ ഷൈനി വില്‍സനെയോ പോലെ നിങ്ങളും അറിയപ്പെടും, തീര്‍ച്ച.' അവരുടെ മറുപടി ഇങ്ങനെ. 'സര്‍, സ്റ്റാര്‍ട്ടിങ്ങ് ലൈനില്‍ നിന്നപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത് കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെയും അഞ്ച് വയസില്‍ താഴെ പ്രായമുളള രണ്ട് മക്കളുടേയും മുഖങ്ങളായിരുന്നു. അല്ലാതെ പി.ടി ഉഷയോ ഒളിമ്പിക്‌സോ ഒന്നും എന്റെ ലക്ഷ്യമല്ലായിരുന്നു.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top