വാര്‍ത്തകള്‍ വായിക്കുന്നത്...

ഹുസ്‌ന റസാഖ് (വാര്‍ത്ത അവതാരിക) No image

ഒരേസമയം യാഥാസ്ഥിതികവും, പുരോഗമനപരവുമായ ഇസ്‌ലാമിക കുടുംബത്തില്‍ നിന്നാണ് ഞാന്‍ ഈ മേഖലയിലെത്തിയത്. വലുതാകുമ്പോള്‍ പത്രപ്രവര്‍ത്തക അല്ലെങ്കില്‍ ഒരു വാര്‍ത്താഅവതാരകയാകണമെന്ന് പറയുമ്പോള്‍ പലരും (കുടുംബത്തിനകത്തും പുറത്തും) പറയും അത് പെണ്‍കുട്ടികള്‍ക്ക് പറ്റിയ മേഖലയല്ല, പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് എന്ന്. എല്ലാവരും നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. പക്ഷേ, പിന്നീട് സംഗതി മാറി മറിഞ്ഞു. ചാനല്‍ മുഖങ്ങളില്‍ പുരുഷന്‍മാര്‍ക്കൊപ്പം അല്ലെങ്കില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കിട്ടിത്തുടങ്ങി. പക്ഷേ അപ്പോഴും എന്നെ പിന്നോട്ട് വലിക്കാനും നിരുത്സാഹപ്പെടുത്താനും പലരും ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വാര്‍ത്താ അവതാരകരൊക്കെയാകാം, പക്ഷെ, ഈ തട്ടമൊക്കെ മാറ്റേണ്ടിവരും എന്നായിരുന്നു. അന്നും ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സംശയമാണത് വാര്‍ത്തവായിക്കണമെങ്കില്‍ തട്ടം മാറ്റുന്നതെന്തിനായെന്നത്. സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനം തൊട്ട്, മാലയും വളയുമണിഞ്ഞ് അവതാരികമാര്‍ക്ക് സ്‌ക്രീനില്‍ വരാമെങ്കില്‍ (അത് അവര്‍ ചെറുപ്പം തൊട്ട് ശീലിച്ചതാണെന്നിരിക്കെ) ഞാന്‍ എന്റെ ചെറുപ്പകാലം തൊട്ട് ശീലിച്ചുവന്ന എന്റെ ജീവിതത്തിന്റെ അല്ലെങ്കില്‍ എന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ തട്ടം എന്തിന് ഉപേക്ഷിക്കണം. ഇന്നും ഉത്തരം കിട്ടുന്നില്ല. ഒരു സ്ത്രീക്ക് അവളുടെ ഏതൊക്കെ ശരീരഭാഗം പ്രദര്‍ശിപ്പിക്കണമെന്നും, മറയ്ക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷേ നമ്മില്‍ പലരും ആ അവകാശത്തെ പ്രദര്‍ശനം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ക്ക് പ്രദര്‍ശിപ്പിക്കണമെന്ന് തോന്നുമ്പോള്‍ പ്രദര്‍ശിപ്പിച്ചോട്ടെ, പക്ഷേ അത്‌പോലെ മറക്കണമെന്ന് തോന്നുമ്പോള്‍ മറക്കാനും അനുവദിക്കണമെന്ന് മാത്രം. നിര്‍ബന്ധമായി ഒരാളെ പര്‍ദയിടീക്കുന്നതോ തട്ടമിടീക്കുന്നതോ എത്രയും വലിയ അവകാശ നിഷേധമാണോ അത്രയും വലിയ അവകാശ ധ്വംസനം തന്നെയാണ് നിര്‍ബന്ധമായി അത് ഉപേക്ഷിക്കാന്‍ പറയുന്നതും.
ഇന്റേണ്‍ഷിപ്പിലൂടെയാണ് ഞാന്‍ മീഡിയവണ്ണില്‍ ജോലിക്കു കയറുന്നത്. തട്ടമിട്ട് വാര്‍ത്തവായിക്കുന്നത് അത്ര വലിയൊരു കാര്യമായി എനിക്കു തോന്നിയിട്ടില്ല. എന്തുകൊണ്ട് ആളുകള്‍ ഇതൊരു ചര്‍ച്ചാവിഷയമാക്കുന്നു എന്നും എനിക്കിതുവരെ മനസിലായിട്ടില്ല. ഓരോരുത്തരും അവരുടേതായ രീതി അവലംബിക്കുന്നു. ഞാന്‍ എന്റെ ചെറുപ്പം മുതല്‍ ശീലിച്ചു വന്ന, എന്റെ വിശ്വാസത്തിലൂന്നിയ വസ്ത്രരീതിയും ഉപയോഗിക്കുന്നു. കേരളത്തില്‍ ആരും ഇതുവരെ തട്ടമിട്ട് വായിച്ചിട്ടില്ല എന്നത് വാസ്തവം. കാരണങ്ങള്‍ പലതാകാം.
വിഷ്വല്‍ മീഡിയക്ക് തട്ടം ഒരു അഭംഗിയായി ചാനലുടമകള്‍ക്ക് തോന്നുന്നതാകാം, ഇതുവരെ പതിവില്ലാത്ത രീതി ഇനിയും ഉണ്ടാകാനിടയില്ല എന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വയം കരുതുന്നതുമാകാം, അതവരെ ഉള്‍വലിയിക്കുന്നുണ്ടാകും. എന്നാല്‍ ഇന്നും നമ്മുടെ മതേതരത്വ സമൂഹത്തിന് ഇത് മനസ്സിലായതായി എനിക്ക് തോന്നിയിട്ടില്ല. ഒരു സ്ത്രീ അവളുടെ വസ്ത്രധാരണത്തിന്റെ പേരില്‍ മാത്രം ഈ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കം തന്നെയാണ്. (അങ്ങനെയുളള ഒരുപാട് കേസുകള്‍ മലയാളത്തിലെ തന്നെ പ്രമുഖ ചാനലുകാരില്‍ നിന്നും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.) ഒരുപക്ഷേ മീഡിയവണ്‍ വന്നില്ലായിരുന്നുവെങ്കില്‍ ശിരോവസ്ത്രത്തിനോടുള്ള ചാനല്‍ അയിത്തം ഇപ്പോഴും നിലനിന്നേനെ. ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു തട്ടമിട്ട് വാര്‍ത്ത വായിച്ചത് വലിയ കാര്യമായി കണ്ടതും ചര്‍ച്ച ചെയ്തതും മുസ്‌ലിം സമൂഹം മാത്രമാണ്. അല്ലാതെ മറ്റുള്ളവര്‍ അതത്ര വലിയ കാര്യമായി എടുത്തിട്ടില്ല എന്ന്. ശരിയായിരിക്കാം. മുസ്‌ലിം സമൂഹം മാത്രമായിരിക്കാം ഇക്കാര്യം ആഘോഷിച്ചത്. കാരണം ഇസ്‌ലാമിക വേഷവിധാനം ഒന്നിനും ഒരു തടസ്സമാകില്ല എന്ന് സ്വയം മനസ്സിലാക്കാനും സമൂഹത്തെ ബോധ്യപ്പെടുത്താനും സാധിച്ചതിന്റെ ആഘോഷമാകും അത്. ഈ ആഘോഷത്തില്‍ പങ്ക് ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നതോടൊപ്പം ഒരുകാര്യം കൂടി പറയട്ടെ, തട്ടം ഒരിക്കലും എന്റെ ന്യൂനതയല്ല അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top