അടുക്കളയില്‍ നിന്നും ഇരുട്ടുമുറിയിലേക്കല്ലെന്റെ ദൂരം

മൈന ഉമൈബാന്‍(എഴുത്തുകാരി) No image

'എന്റെ എഴുത്തിനെ വീട്ടിലാരും അംഗീകരിക്കുന്നില്ല' ഒരു സാഹിത്യക്യാമ്പില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്ലസ്ടുക്കാരി ഇവളോട് പറഞ്ഞു. അവള്‍ക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. അവള്‍ കഥയും കവിതയും എഴുതാറുണ്ട്. ചിലപ്പോള്‍ സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ കൊടുക്കുന്ന വിഷയത്തിലായിരിക്കും എഴുതാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍ അവളെഴുതിയ കഥയുടെ പേര് 'വാടകക്കൊരു ഗര്‍ഭപാത്രം' എന്നായിരുന്നു. കഥ എഴുതി കഴിഞ്ഞപ്പോള്‍ അമ്മയെ കാണിച്ചു. തലക്കെട്ടു കണ്ടതേ അമ്മ കലിതുള്ളി.
'ഇത്രക്കൊക്കെ എഴുതാനായോ നീയ്യ്' എന്ന് അമ്മ ചോദിച്ചത്രേ!
അതു സത്യത്തില്‍ സ്‌കൂളില്‍നിന്ന് കൊടുത്ത വിഷയമായിരുന്നു.
മറ്റൊരിക്കല്‍ സ്‌കൂളില്‍നിന്നു കൊടുത്ത വിഷയം 'തല്ലിക്കൊഴിച്ചപൂവ്' എന്നായിരുന്നു. അവളാണെങ്കില്‍ ആ വിഷയത്തെ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ എടുത്തില്ല. അവള്‍ ദിവസവും പത്രത്തില്‍ വായിക്കുന്നുണ്ട്, ടിവിയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട് സൗമ്യയെ, ഡല്‍ഹിയിലെ ജ്യോതിയെ.. അവള്‍ തല്ലിക്കൊഴിച്ചപൂവായി അവരെ കണ്ടെഴുതി. അപ്പോള്‍ മാഷ് ചോദിക്കുന്നു
'ഇങ്ങനെയൊക്കെ എഴുതാനായോ നീയ്യ്..'
എന്തായാലും രണ്ടനുഭവങ്ങളോടെ കുട്ടി ഇനി എഴുതാന്‍ വയ്യ എന്നങ്ങു തീരുമാനിച്ചു.
ആരെങ്കിലും നിരുത്സാഹപ്പെടുത്തിയിട്ട് നിര്‍ത്തേണ്ടതല്ല എഴുത്ത്. പ്രോത്സാഹിപ്പിച്ചതുകൊണ്ടും നല്ല എഴുത്തുണ്ടാവണമെന്നില്ല. എന്റെ അനുഭവങ്ങള്‍ മാത്രമേ മറുപടിയായി അവളോട് പറയാനുണ്ടായിരുന്നുള്ളു അപ്പോള്‍.
ഞാനല്ലാതെ ഒരാളും എന്റെ എഴുത്തിനെ അംഗീകരിക്കുമെന്ന് കരുതിയിരുന്നില്ല. ആദ്യമാദ്യം എഴുതിയത് ആരെയും കാണിക്കാനുളള ധൈര്യവുമുണ്ടായിരുന്നില്ല.
എഴുത്ത് എങ്ങനെയാണ് ജീവിതത്തിലേക്ക് കടന്നുവന്നത് എന്നതിനെപ്പറ്റിയും അത്ര വ്യക്തമായ ഓര്‍മയില്ല. സ്‌കൂളില്‍ നാടകം കാണുമ്പോള്‍ ഒരു നാലാംക്ലാസ്സുകാരിക്ക് തോന്നിയ കൗതുകമായിരുന്നു നാടകം എഴുതി അവതരിപ്പിക്കുക എന്നത്. അനിയത്തിമാരേയും ചെച്ചായുടെ (ഇളയച്ഛന്‍) മക്കളെയും നടീനടന്മാരാക്കി ഏതാണ്ടെല്ലാമോ എഴുതി അഭിനയിച്ചു കാണിച്ചു. ഇന്ന് അവര്‍ക്കോ ഇവള്‍ക്കോ അറിയില്ല എന്തായിരുന്നു ആ നാടകമെന്നോ അതിന്റെ ഇതിവൃത്തമെന്തായിരുന്നോ എന്നും. പിന്നെ കുറേക്കാലം എഴുത്ത് എന്റെ മനസ്സിലേക്ക് വന്നതേയില്ല.
കുഞ്ഞുന്നാളിലെ ഒറ്റയ്ക്കു നടക്കുകയും ആ നടപ്പില്‍ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിലൂടെ എന്റേതായ ചിന്തകള്‍ വളര്‍ത്താനും ശ്രമിച്ചിരുന്നു. ഒറ്റയ്ക്കു നടത്തങ്ങളും ഏകാന്തതയോടുള്ള ചില നേരത്തെ ഇഷ്ടങ്ങളും കണ്ട കാഴ്ചകളെ, അടുത്തറിഞ്ഞ കാര്യങ്ങളെ മനനം ചെയ്യാന്‍ ഉതകിയിരിക്കണം. അപ്പോഴെന്നോ കവിതയുടെ രൂപത്തില്‍ നോട്ടു പുസ്തകത്തിന്റെ പിന്‍താളുകള്‍ നിറഞ്ഞു. ചിലപ്പോള്‍ ഞങ്ങളുടെ പറമ്പിന്റെ അറ്റത്തേക്ക്, മലയടിവാരത്തേക്ക് കവിതാപുസ്തകവുമായി പോവുകയും അവിടെയിരുന്ന് കവിത ഉച്ചത്തില്‍ ചൊല്ലുകയും ചെയ്തു. കാടും കിളികളും പറവകളുമല്ലാതെ ആരുമറിഞ്ഞില്ല എന്റെ വരികളെ...
പക്ഷേ, അധികം കഴിയുംമുമ്പേ അതൊക്കെ പൊട്ടക്കവിതകളാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഒരുപക്ഷേ, കവിതയെ അടുത്തറിഞ്ഞു തുടങ്ങിയപ്പോഴാവണം അത്. ആ കവിതകള്‍ ആരെയെങ്കിലും കാണിക്കുവാനോ എന്തിന് ഏറ്റവും അടുത്ത കൂട്ടുകാരോട് പങ്കുവെയ്ക്കുവാനോ ഉള്ള ധൈര്യമില്ലായിരുന്നു. ധൈര്യമില്ലായ്മയേക്കാളേറെ ലജ്ജയായിരുന്നു.
പിന്നീടെപ്പോഴോ ലജ്ജാവതിയും അധീരയുമായവളുടെ മനസ്സിലേക്ക് കഥകള്‍ ചേക്കേറി. ചില തീക്ഷ്ണമായ അനുഭവങ്ങളില്‍നിന്ന് എഴുതുകയേ നിവര്‍ത്തിയുള്ളു എന്നറിയുകയായിരുന്നു. എന്താണ് എഴുതുന്നതെന്ന് അറിയില്ലായിരുന്നു. ആദ്യത്തെ ലക്ഷണമൊത്ത കഥ എന്നില്‍നിന്നു പിറന്നുവീണ നിമിഷം അതു വായിച്ച് ഞാന്‍ കരഞ്ഞു. ഒരുപക്ഷേ, അത്യുച്ചത്തില്‍ വന്ന ആ കരച്ചിലിനെ നെഞ്ചിലേക്ക് അമര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. അത് ഏറെനേരം വിങ്ങിവിങ്ങി നിന്ന് എന്നെ അടിമുടിയാലെ വേദനിപ്പിച്ചു.
വീട്ടിലാരെയും കാണിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ആ കഥയെപ്പറ്റി എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു താനും. അതില്‍ പ്രണയമുണ്ടായിരുന്നു. ഒരുപെണ്‍കുട്ടിയുടെ കാടന്‍ ചിന്തകളുണ്ടായിരുന്നു. കൗമാരസ്വപ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ വീട്ടുകാര്‍ എങ്ങനെ കാണുമെന്ന് ആശങ്കയുണ്ടായിരുന്നു. കഥയിലെഴുതിയതെല്ലാം സ്വാനുഭവങ്ങളാണെന്ന് കരുതിയേക്കുമോ എന്ന് സന്ദേഹിച്ചു.
എഴുത്തിനിരിക്കുമ്പോള്‍ ഞാന്‍ മറ്റൊരു വ്യക്തിയാണെന്നാണ് തോന്നാറ്. അപ്പോള്‍ മകളോ ഭാര്യയോ അമ്മയോ കൂട്ടുകാരിയോ ഒന്നുമല്ല. മറ്റൊരു ജന്മത്തിലിരിക്കുന്നു. ഒരുതരം പരകായപ്രവേശം. അവിടുന്ന് പുറത്തുകടക്കുമ്പോള്‍ ഇവള്‍ മകളും ഭാര്യയും അമ്മയും കൂട്ടുകാരിയുമൊക്കെയായി മാറുന്നു. അതുകൊണ്ടാവണം ഇപ്പോഴും എഴുത്തുകാരി എന്ന് ആരെങ്കിലും പറയുന്നതു കേള്‍ക്കുമ്പോള്‍ മനസ്സിനൊരു പിരിമുറുക്കം. പരകായപ്രവേശത്തിലായിരിക്കില്ല ഞാനപ്പോള്‍..ഒരു സാധാരണ സ്ത്രീമാത്രം.
വീട്ടില്‍നിന്ന് പ്രോത്സാഹനമൊന്നുമുണ്ടായതായി തോന്നിയിട്ടില്ല. എഴുതുന്നതൊക്കെ വായിക്കുമെന്നല്ലാതെ എന്തെങ്കിലും അഭിപ്രായം പറയുമായിരുന്നില്ല അത്തയും അമ്മച്ചിയും. എന്നാല്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ചുമില്ല. അതുകൊണ്ടൊക്കെയാവണം പൂര്‍ണ്ണമായും ആര്‍ക്കും ഉപദ്രവമില്ലാത്ത നേരത്തെ എഴുതിയിരുന്നുള്ളു. ഉള്ളില്‍ ചിറകിട്ടടിക്കുന്ന സ്വാതന്ത്ര്യ മോഹിയുണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും എഴുത്തിനുവേണ്ടി സമയമെടുത്തിരുന്നില്ല. ഭീരുവായിരുന്നിരിക്കാം. ചോറുവെക്കേണ്ട നേരത്ത് എന്റെ മനസ്സില്‍ കഥയായിരുന്നു എന്നു പറയാനുള്ള നാണക്കേടുകൊണ്ടാവാം. എന്റെ മേലുണ്ടായിരുന്ന വീട്ടുജോലികളുടെ ഉത്തരവാദിത്വമായിരുന്നിരിക്കാം അതിലും പ്രധാനം. നീ പെണ്ണാണ് പെണ്ണാണ് എന്ന് ആരും പറഞ്ഞില്ലെങ്കിലും ഞാന്‍ വെറും പെണ്ണല്ല പെണ്ണല്ല എന്ന് സ്വയം പറഞ്ഞിരുന്നിട്ടും കേവലമായ പെണ്ണിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് എനിക്ക് മോചനമുണ്ടായില്ല. എത്ര ശക്തിയില്‍ കുതറിപ്പറക്കാന്‍ കൊതിച്ചിരുന്നെങ്കിലും അതിന്റെ എത്രയോ ഇരട്ടി ശക്തിയില്‍ വീടകം എന്നെ തിരിച്ചു പിടിച്ചു.
കറിക്ക് അരിയുമ്പോള്‍, തുണി അലക്കുമ്പോള്‍, വിറകൊടിക്കുമ്പോള്‍, പശുവിനെ മാറ്റിക്കെട്ടുമ്പോള്‍ എന്തിന് അനിയത്തിമാരോടൊത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴൊക്കെ എഴുത്തു വന്നെന്നെ തോണ്ടി വിളിച്ചു. ഒരുതരം ലജ്ജയില്‍ ഞാന്‍ തിരിഞ്ഞു നോക്കിയതേയില്ല. ആര്‍ക്കുമറിയാത്തൊരു പ്രണയം പോലെ ഞാനതിനെ പിന്നെയും ഒളിപ്പിച്ചുവെച്ചു. രാത്രി എല്ലാവരുടേയും ഉറക്കനേരത്ത് ഉണര്‍ന്നെണീറ്റ് ഞങ്ങള്‍ ചങ്ങാത്തം കൂടി.
ഇപ്പോഴും അങ്ങനെയൊക്കെയാണെന്നു പറയണം. ഇപ്പോള്‍ ഞാനെഴുതുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എപ്പോഴെന്ന് അറിയുക പ്രയാസമായിരിക്കും.
വിവാഹം കഴിഞ്ഞതോടെ എന്റെ കുറിപ്പുകള്‍ കൂട്ടുകാരന്‍ കൂടി കാണാന്‍ തുടങ്ങി. ആ കുറിപ്പുകളൊക്കെ മാറ്റിയെഴുതാന്‍ അവന്‍ കൂടി കൂട്ടിരുന്നു. ശരീരം മാത്രമുള്ളൊരു പെണ്ണായി അവനെന്നെ കണ്ടില്ല. എന്റെ സ്വകാര്യതകളിലേക്ക് അതിക്രമിച്ച് കയറിയില്ല.
ഒളിപ്പിച്ചുവെച്ച എഴുത്തിനെ പുറത്തെടുക്കാമെന്നായി. എന്നാലും അത്ര ധൈര്യവതിയായിരുന്നില്ല. കുടുംബമെന്ന ചട്ടക്കൂടിനുള്ളില്‍, അമ്മയെന്ന ഉത്തരവാദിത്വത്തിനു മുന്നില്‍, പകല്‍ മുഴുവന്‍ ഡെബിറ്റിനും ക്രെഡിറ്റിനും ഇടയില്‍ മാറ്റിവെക്കാവുന്നത് എഴുത്തുമാത്രമാണ്. ഏതു നിമിഷത്തിലും എഴുത്ത് വന്ന് തൊട്ട് വിളിക്കാം. പക്ഷേ, അവസാനം മാത്രമാണെന്റെ എഴുത്ത്. അത് ഒരു സ്ത്രീയായതുകൊണ്ടു മാത്രമാവണം. എഴുതണമെന്നു തോന്നുമ്പോഴൊന്നും വാതിലടച്ചിട്ടിരുന്നെഴുതാനോ ഹോട്ടലില്‍ മുറിയെടുത്തിരുന്നെഴുതാനോ ഇന്ന് എത്ര സ്ത്രീക്ക് സാധിക്കുമെന്നതില്‍ സംശയമുണ്ട്. അങ്ങനെയൊരു കാലം ഉണ്ടാവണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതുവരെ നമ്മള്‍ കണ്ടതും കേട്ടതും വായിച്ചതും അറിഞ്ഞതും പുരുഷന്‍ കണ്ട കാഴ്ചകളാണ്. ജനസംഖ്യയില്‍ തന്നെ നേര്‍പകുതിയായവളുടെ വികാര വിചാരങ്ങളെ, കാഴ്ചകളെ കണ്ടില്ല. അവളുടെ ലോകം ഏതെന്ന് അറിഞ്ഞതേയില്ല.
ഭര്‍ത്താവ് എന്ന പേരില്‍ എനിക്ക് സുനിലിനെ പരിചയപ്പെടുത്താന്‍ മടി തോന്നാറുണ്ട് പലപ്പോഴും. കാരണം ഞാന്‍ ചുറ്റും കാണുന്ന ലോകത്തെ ഭര്‍ത്താവുദ്യോഗസ്ഥനല്ല അവന്‍. വിവാഹത്തിനു മുമ്പ് എന്റെ മനസ്സറിഞ്ഞ കൂട്ടുകാരനായിരുന്നു; ഇന്നും. അതുകൊണ്ടാവണം കൂട്ടുകാരന്‍ എന്നു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നീ ഇന്നതേ എഴുതാവൂ എന്നോ എഴുതിയതില്‍ കൈകടത്താനോ ഒന്നും വരാറില്ല. അത് ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് തരുന്ന സ്വാതന്ത്ര്യമാണ്. അല്ലെങ്കില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരസ്പരമുള്ള തിരിച്ചറിയലാണ്. പലപ്പോഴും പ്രസിദ്ധീകരിച്ചു വരുമ്പോള്‍ മാത്രമാണ് അവന്‍ എന്റെ രചനകള്‍ കാണാറ്. എന്നുവെച്ച് എന്നെ ഏഴരവെളുപ്പിന് വിളിച്ചുണര്‍ത്തി ബെഡ്‌കോഫിയുമായി വന്നു നിന്ന് എഴുത് എഴുത് എന്ന് പറയുമെന്ന് ധരിക്കരുത്; എല്ലാം എനിക്ക് ഒരുക്കി തരുന്നു എന്നും. അതൊക്കെ ഒരു തരം നിശബ്ദതയാണ്. അവന് അവന്റേതായ ലോകം. എനിക്ക് എന്റേതായ ലോകം. ഇടയ്ക്ക് ഞങ്ങള്‍ക്ക് കൂടിച്ചേര്‍ന്നിരിക്കാന്‍ കുടുംബമെന്ന മറ്റൊരു ലോകം. അങ്ങനെ സ്വതന്ത്രമായൊരു ലോകം അവരവര്‍ക്കില്ലെങ്കില്‍ എഴുത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവുമെന്ന് തോന്നുന്നില്ല.
എന്നാലും ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ എഴുത്തുപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പലപ്പോഴും വിചാരിക്കാറുണ്ട്. കുടുംബത്തിനും ജോലിക്കും സമൂഹത്തിനും എഴുത്തിനുമിടയില്‍ കിടന്ന് ശ്വാസം മുട്ടിപ്പോകുന്നു. അപ്പോഴൊക്കെ മുമ്പേ കടന്നുപോയ എഴുത്തുകാരികളെയെല്ലാം പൂവിട്ട് ആരാധിക്കാനാണ് തോന്നാറ്. ആ മഹതികള്‍ എഴുത്തിന്റെ ലോകത്ത് പിടിച്ചു നില്ക്കാന്‍, ഹൃദയം എത്രമാത്രം കല്ലുറപ്പുള്ളതാക്കിയിട്ടുണ്ടാവും എന്നോര്‍ത്ത് അന്തം വിടുന്നു.
പ്രസവിക്കുക എന്ന സൃഷ്ടി മാത്രമേ സ്ത്രീക്കു പാടുള്ളു എന്ന അലിഖിത നിയമം ചിലരിലെങ്കിലും നിലനില്ക്കുന്നു. മറ്റു സൃഷ്ടികള്‍ പുരുഷന് മാത്രവും.
എഴുത്തുകാരികള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് എന്നാണ് സ്ഥിരമായി കേള്‍ക്കേണ്ടിവരുന്ന പല്ലവി. അടുപ്പമുള്ളവരില്‍ നിന്നുപോലും ഈ വാക്കുകള്‍ കേട്ടിട്ടുണ്ട്. എഴുത്തിലോ കലയിലോ അധികാര പദവിയിലോ എന്തുമാകട്ടെ സ്ത്രീക്ക് കിട്ടുന്ന അംഗീകാരങ്ങള്‍ ഉടലുകൊണ്ട് കിട്ടുന്നതാണെന്നാണ് മറ്റൊരു രസകരമായ സംസാരം.
സ്ത്രീയുടെ എഴുത്ത് അടുക്കളയില്‍നിന്ന് പൂമുഖം വരെയാണെന്നും അതിനപ്പുറം ലോകമില്ലെന്നും പറയാറുണ്ട്. അനുഭവങ്ങള്‍ എഴുതുന്നു എന്നും ചുറ്റുപാടുകളെപ്പറ്റി എഴുതുന്നുവെന്നും ഇലയും പൂക്കളും ചിത്രശലഭങ്ങളുമാണ് എന്റെ രചനകളിലുള്ളതെന്നുമൊക്കെ (ഇതൊക്കെ കുറഞ്ഞതരം എഴുത്താണെന്ന്) മുഖത്തുനോക്കിയും അല്ലാതെയും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
കാടിനെപ്പറ്റിയും ചുറ്റുപാടിനെപ്പറ്റിയുമുള്ള അനുഭവങ്ങള്‍ പറയുന്നത് പലപ്പോഴും പിരസ്ഥിതിവിജ്ഞാനത്തിന്റെ ഭാഗമായിട്ടാവാം. അടുക്കളയെയും കരിയേയും പറ്റിയെഴുതുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോഴാവാം. ഇതിനിടയില്‍ കഥയും കവിതയും വായിച്ച നോവലുകളുമൊക്കെ കടന്നു പോകുന്നുണ്ട്. കേരളീയ വിഷചികിത്സയെപ്പറ്റി ആധികാരികമായി പഠിക്കുന്നുണ്ട്. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. അതിനെപ്പറ്റിയൊക്കെ എഴുതുന്നുണ്ട്. ചിലപ്പോള്‍ ഗൃഹാതുരത്വം വല്ലാതെ അനുഭവിക്കുന്നുണ്ട്. ജനിച്ചുവളര്‍ന്ന ചുറ്റുപാടില്‍ നിന്നുളള അകലം കുറച്ചൊന്നുമല്ല ഇവളെ അസ്വസ്ഥയാക്കാറ്. കുറേ കടലാസുകളില്‍ ഭൂമിയുടെ അവകാശികളായതുകൊണ്ടുമാത്രം സ്വകാര്യസ്വത്താവുന്നില്ല ഒന്നും. അത് മറ്റാരുടെയൊക്കെയോ കാഴ്ചകളുടെ സ്വകാര്യമാകുന്നു. ഓര്‍മകളുടെ സ്വകാര്യമാകുന്നു. അന്നേരം ഞാന്‍ എന്റെ പുഴ എന്നും എന്റെ കാട് എന്നും എന്റെ മണ്ണെന്നും ആകാശമെന്നും പറയുന്നു. പഞ്ചേന്ദ്രിയങ്ങളും തുറന്നുവെച്ചുകൊണ്ട് പഞ്ചഭൂതമയമായ ലോകത്തിലൂടെ നടക്കുന്നു.
അന്നേരത്താണ് ഞാനെന്ന സ്ത്രീ നടക്കുന്നത് അടുക്കളയില്‍ നിന്നും ഇരുട്ടുമുറിയിലേക്കല്ല എന്ന ബോധ്യം എന്നില്‍ നിറയുന്നത്. അതുമാത്രമാണ് എന്റെ ശക്തിയും ധൈര്യവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top