ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാര്‍

സുപ്രിയ ഹേമന്ദ് No image

മധ്യകേരളത്തില്‍ ജാതിമതഭേദമന്യേ അഭ്യസിച്ചിരുന്ന പയറ്റുമുറയായിരുന്നു കളരി. അങ്കവും കുടിപ്പക വീട്ടലും സര്‍വസാധാരണമായിരുന്ന അക്കാലത്ത് കളരിപ്പയറ്റിന് അക്ഷരവിദ്യയെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു. വാളെടുത്ത് പയറ്റാന്‍ കഴിവില്ലാത്തവരെ ആണായിട്ട് കണക്കാക്കിയിരുന്നില്ല. അക്കാലത്ത് സ്ത്രീകളും കളരി അഭ്യസിച്ചിരുന്നു. വടക്കന്‍ വീരഗാഥയിലെ പെണ്‍സിംഹമായി അറിയപ്പെട്ട ഉണ്ണിയാര്‍ച്ചയെ നമുക്ക് മറക്കാനാവില്ല. പാലാട്ട് കോമന്റെയും തച്ചോളി ഒതേനന്റെയും ഒപ്പം തന്നെയാണല്ലോ ഉണ്ണിയാര്‍ച്ചയും. ഒതേനന്‍ പയറ്റിയ അതേ മുറകളും അതേ ചാട്ടവും തന്നെയാണ് ഉണ്ണിയാര്‍ച്ചയും കാഴ്ചവെച്ചത്. ഉണ്ണിയാര്‍ച്ചയുടെ പിന്‍മുറക്കാരികളെ ഇന്ന് കേരളനാട്ടില്‍ പലഭാഗത്തും നമുക്ക് കാണാം. ഇവരില്‍ ചിലര്‍ക്കത് സ്വായത്തമാക്കാന്‍ പറ്റുന്ന അഭ്യാസമുറയാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്കത് കാലം അവരോടാവശ്യപ്പെടുന്ന, സ്‌ത്രൈണതക്ക് ക്ഷതമേല്‍പിക്കുന്ന വെല്ലുവിളികളെ തളക്കാനൊരു മാര്‍ഗമാണ്.
സ്ത്രീപീഡന കഥകള്‍ പരിഭവത്തോടെ നോക്കിനില്‍ക്കാതെ അതിനെതിരെ സ്വയം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിഭയാണ് കോഴിക്കോട് ജില്ലയിലെ കോവൂര്‍കാരിയായ സുപ്രിയ ഹേമന്ദ്കുമാര്‍. വിവാഹിതയും അമ്മയുമായതിനു ശേഷം കരാട്ടെ, ബോക്‌സിംഗ്, കുങ്ഫു തുടങ്ങിയവയില്‍ ഭര്‍ത്താവില്‍ നിന്നും പരിശീലനം നേടിയെടുത്ത സുപ്രിയ, സ്ത്രീ പ്രശ്‌നങ്ങളിലും പൊതുവേദികളിലും സജീവസാന്നിധ്യമാണ്. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെപ്പോലെ കരുത്തും കഴിവുമില്ലെന്നത് പൊതുസമൂഹത്തിന്റെ ധാരണയാണല്ലോ. ഒറ്റപ്പെട്ട ഇടങ്ങളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നതിനെതിരെ പെണ്‍കുട്ടികളെ പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടും പ്രവര്‍ത്തനവും പ്രോത്സാഹനവും തരുന്നതിന് സുപ്രിയയും കുടുംബവും സന്നദ്ധമാണ്. കരാട്ടെയില്‍ പ്രൊഫഷണല്‍ ബ്ലാക്ക് ബെല്‍റ്റ്, കുങ്ഫുവില്‍ ബ്രൗണ്‍ ബെല്‍റ്റ്, ബോക്‌സിംഗില്‍ മികച്ച പരിശീലനം തുടങ്ങിയവ കൈമുതലുള്ള അവര്‍ക്ക് സ്വയം പ്രതിരോധം തീര്‍ത്ത ഒന്നിലേറെ അനുഭവങ്ങള്‍ അയവിറക്കാനുണ്ട്.
ഒരിക്കല്‍ ഒരു സമ്മേളന നഗരിയോട് നടന്നടുക്കുന്ന സ്ത്രീ സംഘത്തില്‍പെട്ട സുപ്രിയക്ക് അപമര്യാദമായ സമീപനം ഒരു യുവാവില്‍നിന്നും അനുഭവിക്കേണ്ടി വന്നപ്പോള്‍ അയാളെ അടിച്ചു വീഴ്ത്തുകയും കരാട്ടെയിലെ 'നീകിക്ക്' പ്രയോഗത്തിലൂടെ തറ പറ്റിക്കുകയും ചെയ്തത് അഭിമാനത്തോടെ ഓര്‍ക്കുന്നു. മറ്റൊന്ന് ബസ് യാത്രയിലായിരുന്നു. ജന്മനാടായ കൊയിലാണ്ടിയില്‍ നിന്നും അമ്മൂമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞ് തിരിക്കുന്ന ഒരു പേരക്കുട്ടിയുടെ മനോദു:ഖത്തോടെയുള്ള ബസ് യാത്രയിലായിരുന്നു. പിന്‍സീറ്റിലിരുന്ന് ദേഹോപദ്രവത്തിന് മുതിര്‍ന്ന യുവാവിനെ കരാട്ടെയിലെ 'അപ്പര്‍ കട്ട്' പ്രയോഗത്തിലൂടെ മുഖം ചെഞ്ചായമണിയിച്ചപ്പോള്‍ ഭര്‍ത്താവുള്‍പ്പെടെയുള്ള സഹയാത്രികര്‍ സ്തബ്ധരായി നിന്നുപോയി. ഉടനെ വൃദ്ധനായ ഒരു ഹാജി അടുത്തേക്ക് ഓടിവന്ന് 'ഇത്തരം ധീരവനിതകളാണ് മോളെ ഇനിയും വളര്‍ന്നു വരേണ്ടതെ'ന്ന് പറഞ്ഞത് ഇന്നും അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിമാനപൂര്‍വം അയവിറക്കുന്നു. ആത്മവിശ്വാസം, ഇച്ഛാശക്തി, അഭിപ്രായബലം, അച്ചടക്കം തുടങ്ങിയ കഴിവുകള്‍ കളരിയഭ്യാസത്തിലൂടെ സ്ത്രീക്ക് നല്‍കുമെന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. സുപ്രിയക്ക് പ്രോത്സാഹനവും പ്രേരണയും ഭര്‍ത്താവിന്റെ ഇടപെടലുകളാണ്. വീടിന്റെ പൂമുഖം വലുതും അടുക്കള ഇടുങ്ങിയതുമെന്നുള്ള സമൂഹ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് സുപ്രിയയെ വളര്‍ത്തിയെടുത്ത കരാട്ടെ പരിശീലകനും പൊതുപ്രവര്‍ത്തകനുമായ ഹേമന്ദ് പ്രതികരിച്ചു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രതിജ്ഞ ചെയ്ത് സാമൂഹ്യസേവനം ഉറപ്പു വരുത്തുന്ന ഈ കുടുംബം മാതൃക സൃഷ്ടിക്കുന്നു. ഫിസിക്‌സില്‍ ബിരുദധാരിയായ ഇവര്‍ സിന്‍ഡര്‍ബേ സ്‌കൂള്‍ ഓഫ് ഇന്റീരിയല്‍ ഡിസൈനറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ഒരു മകനുണ്ട്.

അനീന
ദയാപുരം അന്‍സാരി റസിഡന്‍ഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും മാവൂര്‍ സ്വദേശിയുമായ അനീന എന്ന ആറാം തരം വിദ്യാര്‍ഥി മൂന്നരകൊല്ലത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായി കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രതിരോധത്തിനെങ്കിലും കഴിവു വളര്‍ത്തിയെടുക്കണമെന്ന അച്ഛന്റെ തിരിച്ചറിവാണ് അനീന എന്ന ബ്ലാക്ക് ബെല്‍റ്റുകാരിയെ ഈ കൊച്ചുപ്രായത്തില്‍ മാവൂരിന് ലഭിച്ചത്. കായികക്ഷമതയും ആത്മധൈര്യവുമുളള സ്ത്രീ സമൂഹത്തിന്റെ നിര്‍മിതി രാഷ്ട്രപുരോഗതിക്ക് വന്‍സമ്പത്തെന്ന കാഴ്ചപ്പാടാണ് അനീനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സ്ത്രീ പീഡനങ്ങളില്‍ നിന്നും പ്രതികരിക്കാനും പ്രതിരോധിക്കാനും കരാട്ടെ പരിശീലനം എനിക്ക് ധൈര്യം നല്‍കുന്നുവെന്ന് അനീന കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഈ ചെറുപ്രായത്തില്‍ തന്നെ വല്ലാതെ കളിയാക്കുന്ന അനുഭവത്തിന് ഇരയായപ്പോള്‍ രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന തോന്നല്‍ എന്നിലുളവാക്കിയത് കരാട്ടെ പരിശീലനം മാത്രമാണെന്നാണ് കൊച്ച് അനീനയുടെ വാക്കുകള്‍.
കരാട്ടെ എന്ന ജാപ്പനീസ് പദത്തിന് 'വെറുംകൈ' എന്നാണര്‍ഥം. ആയുധം ഉപയോഗിക്കാതെ കൈ, കൈമുട്ട്, കാല്‍, കാല്‍മുട്ട്, തല എന്നീ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അടി, ഇടി, ചവിട്ട് തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയുടെ മര്‍മ സ്ഥാനങ്ങളില്‍ പ്രഹരിച്ച് അയാളെ തറ പറ്റിക്കുക എന്നതാണ് കരാട്ടെയുടെ തന്ത്രം. അഭ്യാസിക്ക് അയാളെക്കാള്‍ 20 ഇരട്ടി തൂക്കമുള്ള കൂറ്റന്‍കാളയെ പോലും ഒറ്റയടിക്ക് തറ പറ്റിക്കാനാകും. സ്ത്രീകളുടെ കായികബലം പുഷ്ടിപ്പെടുത്താനും അച്ചടക്കവും ഇഛാശക്തിയും രൂപപ്പെടുത്താനുമുള്ള കരാട്ടെയുടെ പ്രവേശന കവാടമാണ് ബ്ലാക്‌ബെല്‍റ്റ്. തുടര്‍ന്നു പഠിക്കാനാണ് ശ്രമിക്കുന്നതെന്നും കുട്ടികള്‍ക്ക് പരിശീലകകൂടിയായ അനീന വ്യക്തമാക്കി. മാവൂര്‍ ഗവ: ഹൈസ്‌കൂള്‍ കായികാധ്യാപകന്‍ ബൈജുവിന്റെയും അധ്യാപികയായ ഷൈനിയുടെയും മകളാണ്. സഹോദരനും കരാട്ടെ പരിശീലിക്കുന്നു. മാവൂരിലെ ഷൈജു, ബാബു എന്നിവരാണ് പരിശീലകര്‍.

അപര്‍ണ
കളരി ദൈവികമായ അഭ്യാസമാണ്. ഗുരുവന്ദനവും ആദരവും മര്‍മപ്രധാനമാണ്. കളരിയിലൂടെ ലക്ഷ്യമിടുന്നത് ശത്രുവിനെ തറപറ്റിക്കാമെന്നല്ല, നാം എങ്ങനെ രക്ഷപ്പെടുമെന്നാണ്. ഒഴിവുകളും അടവുകളും ചുവടുകളുമാണ് അതിന്റെ കാതല്‍. മെയ് പയറ്റ്, മെയ്‌വഴക്കം വെറുംകൈ പ്രയോഗം തുടങ്ങിയവയിലൂടെ അക്രമത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാം. മെയ്പയറ്റ് അഭ്യസിക്കുന്നതിലൂടെ മനസ്സിന്റെ നിയോഗം കൂടാതെ തന്നെ അവയവങ്ങളെ അവസരത്തിനൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമാക്കുന്നുവെന്നാണ് കളരിയഭ്യാസികളായ സ്ത്രീകള്‍ അനുഭവത്തിലൂടെ പറയുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ ഒറ്റമൂലിയാണ് കളരിയഭ്യാസമെന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനിയായ അപര്‍ണ ജീവിതത്തിലൂടെ വരച്ചുകാണിക്കുന്നു. കോഴിക്കോട് നഗരമധ്യത്തില്‍ വെച്ചു നടന്ന അഭ്യാസപ്രദര്‍ശനത്തില്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്ന മോഷ്ടാവിനെ തെക്കന്‍ കളരിമുറയിലെ വെറും കൈപ്രയോഗത്തിലൂടെ കീഴൊതുക്കി നിലത്തടിക്കുന്ന ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ കളരി അഭ്യസിപ്പിക്കുന്നത് ആത്മരക്ഷക്കും ആത്മവിശ്വാസത്തിനും അത്യാവശ്യമാണെന്നാണ് അപര്‍ണയുടെ പക്ഷം. കളരി പരിശീലനം സ്ത്രീക്ക് മാനസികധൈര്യം, ഏകാഗ്രത, ആത്മവിശ്വാസം, ബുദ്ധികൂര്‍മ്മത, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, സമയബോധം, ഉന്മേഷം, അടുക്കും ചിട്ടയും, സൗന്ദര്യം, ആരോഗ്യം, ക്ഷമ, പക്വത തുടങ്ങി ഒട്ടെറെ സദ്ഗുണങ്ങളും പകര്‍ന്നുകൊടുക്കുന്നുണ്ടെന്ന് അപര്‍ണ പറയുന്നു.
കളരിയുടെ മറ്റൊരിനമായ കോല്‍ത്താരിയിലൂടെ അക്രമിയുടെ കണ്ണില്‍ നോക്കിനില്‍ക്കേ അക്രമത്തെ ചെറുക്കാന്‍ സാധിക്കുന്നു. അങ്കത്താരിയില്‍ വാള്‍, പരിച, കുന്തം, കഠാര എന്നിവ ഉപയോഗിച്ച യുദ്ധമുറകളാണ് കളരിയഭ്യാസികള്‍ അഭ്യസിക്കുന്നത്. ഇത്തരം കളരിയിലെ പതിനെട്ട് അടവുകളുടെയും ഉടമയാണ് അപര്‍ണ എന്ന വൈദ്യശാസ്ത്ര വിദ്യാര്‍ഥിനി. ഏഴാം വയസ്സുമുതല്‍ കളരി പരിശീലനം തുടങ്ങിയ ഈ മിടുക്കി ആരെയും എപ്പോഴും നേരിടാനുള്ള ഉറച്ച ആത്മവിശ്വാസത്തിന്റെ ഉടമകൂടിയാണ്. കോഴിക്കോട് ചിന്മയ വിദ്യാലയത്തില്‍ ഹയര്‍സെക്കന്ററി വരെ പഠനം നടത്തിയ അപര്‍ണ ഇപ്പോള്‍ മണിപ്പാല്‍ മുനിയാല്‍ ആയുര്‍വേദിക് കോളജ് വിദ്യാര്‍ഥിനിയാണ്.
കളരിപോലെ തന്നെ പാരമ്പര്യചികിത്സയിലും അപര്‍ണയുടെ കുടുംബം പേരുകേട്ടതാണ്. കോട്ടൂളി ഭാര്‍ഗവ കളരി നിലയത്തിലെ രാജേഷ് ഗുരുക്കളാണ് ഗുരു. അപര്‍ണയുടെ പിതൃസഹോദരനാണദ്ദേഹം. താല്‍പര്യമെങ്കില്‍ പ്രായഭേദമന്യേ ആര്‍ക്കും ആയോധന കല സ്വായത്തമാക്കാനാവും. സ്ത്രീകളും പെണ്‍കുട്ടികളും അറിഞ്ഞിരിക്കേണ്ട ആത്മരക്ഷാ മാര്‍ഗങ്ങള്‍ പ്രത്യേകം ആസൂത്രണം ചെയ്ത ഈ നിലയം ഹ്രസ്വകാലങ്ങള്‍ കൊണ്ട് പരിശീലനം നല്‍കാനും സന്നദ്ധമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top