രണ്ട് ദോശകള്‍ക്കിടയിലെ സമയം

കെ.പി സല്‍വ No image

എഴുത്തും വായനയും പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടാണ് മനുഷ്യന്‍ സമകാലികമാവുന്നത്. മൂന്നാം വയസ്സിലേ എഴുത്തിനിരുത്തല്‍ വ്യാപകമായതോടെ അംഗന്‍വാടികളിലും എഴുത്തുപരിശീലനം തുടങ്ങി. വിദ്യാഭ്യാസകാലം കഴിയുന്നതോടെ അവസാനിക്കുന്നതാണ് മിക്കവരുടെയും എഴുത്ത്. അല്ലെങ്കില്‍ അത് തൊഴിലിന്റെ ഭാഗമായിരിക്കണം. കത്തെഴുത്തും ഇല്ലാതായി.
സ്വന്തമായി പേനയുള്ള സ്ത്രീകളുടെ എണ്ണം സ്വന്തമായി മൊബൈല്‍ ഫോണുള്ള സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കും. കേരളത്തില്‍ പത്രം വ്യാപകമായതുകൊണ്ട് വായന പിന്നെയും നിലനില്‍ക്കും. എങ്കിലും പെണ്ണുങ്ങള്‍ വായിക്കാത്തവരാണെന്ന പരിഹാസം നിരന്തരം കേള്‍ക്കുന്നവരാണ്. വായിക്കുന്നവര്‍ വലിയ പദവിക്കാരാണെന്ന മറുവായനയാണ് യഥാര്‍ഥത്തില്‍ ഇതിലടങ്ങിയിരിക്കുന്നത്. വായന ഓരോരുത്തര്‍ക്കും ഓരോന്നാണ്. പഠനം, ഗവേഷണം, വിജ്ഞാന വിവരശേഖരണം എന്നിവക്കൊന്നുമല്ലാതെ വായിക്കാനായി വായിക്കുന്നവരുണ്ട്. പ്രതിസന്ധികളില്‍ നിന്നൊളിച്ചോടാനും അവയെ മറികടക്കാനും വായിക്കുന്നവരുണ്ട്. നേരംപോക്കിന് വായിക്കുന്നവരുണ്ട്. ലൈബ്രറികളില്‍ നിന്ന് വലിയ വലിയ പുസ്തകങ്ങള്‍ എടുത്ത് വായിക്കാതെ സമയത്തു തന്നെ തിരിച്ചെത്തിക്കുന്ന നാട്യ വായനക്കാരുമുണ്ട്. വീട്ടിലെ പത്രത്തിനു പുറമെ രാവിലെ അങ്ങാടിയില്‍ പോയി ഇംഗ്ലീഷ് പത്രമടക്കം മൂന്ന് പത്രങ്ങള്‍ വായിക്കുന്ന നിര്‍മാണത്തൊഴിലാളിയും ബാലപ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിച്ച് സൂക്ഷിച്ചുവെക്കുന്ന വയോധികനായ മദ്രസാധ്യാപകനുമൊക്കെ വ്യത്യസ്ത വായനക്കാരാണ്.
എന്തുകൊണ്ടാണ് സ്ത്രീകള്‍ വായിക്കാത്തതെന്ന് ചോദിച്ചാല്‍ 'അതിനെവിടെ സമയം' എന്ന ഉത്തരം വളരെ പെട്ടെന്ന് കണ്ടെത്താം. ശരിയാണ്, തൊഴിലെന്ന രണ്ടാം ഭാരവും പൊതുപ്രവര്‍ത്തനമെന്ന മൂന്നാം ഭാരവും കഴിഞ്ഞാല്‍ വീട്ടുജോലിയെന്ന ഒന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും ഭാരവും കുഞ്ഞുകുട്ടി നട്ടം തിരിച്ചിലുകളും കഴിഞ്ഞാല്‍ എവിടെയാണ് സമയം? പത്രം വരുന്നത് ഉച്ചക്കോ വൈകുന്നേരമോ ഒക്കെ ആയാല്‍ വീട്ടമ്മമാര്‍ക്ക് വായിക്കാം. അപ്പോള്‍ കേരളത്തിലെ പുരുഷന്മാര്‍ രാവിലെ എന്ത് ചെയ്യും? രാത്രിയില്‍ പാകം ചെയ്ത പത്രം രാവിലെ ചായക്കൊപ്പമോ അതിനു മുമ്പോ വായിച്ചുതീര്‍ക്കണം. അല്ലെങ്കില്‍ പുളിച്ചുപോകും. അതിനിടക്ക് ഫോണ്‍ ബെല്ലടിച്ചാലോ കുട്ടി കരഞ്ഞാലോ പാളയും കയറും കിണറ്റില്‍ പോയാലോ അനങ്ങാന്‍ പാടില്ല. എന്നാലോ അന്നത്തെ വൈദ്യുതി/വെള്ളവിതരണം മുടങ്ങുമെന്ന അറിയിപ്പ് അവരൊട്ട് കണ്ടിട്ടുമുണ്ടാവില്ല. പത്രം വായന അനിവാര്യതയല്ല വെറും ശീലമാണെന്നതിന് ഏജന്റുമാരുടെ സമരം സാക്ഷി. രണ്ട് ദോശകള്‍ക്കിടയിലൊക്കെ പത്രം വായനക്ക് സമയം കണ്ടെത്തുന്ന സ്ത്രീകളുണ്ട്. കക്കൂസിലിരിക്കുമ്പോള്‍ സമാന്തരമായി വായിക്കുന്നവരുമുണ്ട്. തൊട്ടിലാട്ടുമ്പോഴും മുലയൂട്ടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മറുകൈയില്‍ പുസ്തകവുമെടുക്കും ചിലര്‍. യാത്രയില്‍, തീവണ്ടിയേയും ഡോക്ടറെയും കാത്തുനില്‍ക്കുമ്പോള്‍ പോലും സമയം ഉപയോഗിക്കുന്ന വായനക്കാരുമുണ്ട്.
ഇത് സമയമില്ലാത്തവരുടെ കാര്യം. ഒഴിവു സമയമുള്ള സ്ത്രീകളുടെ സമയത്തിന്റെ നല്ല പങ്ക് ദൃശ്യമാധ്യമങ്ങള്‍ അപഹരിക്കുന്നു. പുസ്തകവും സ്‌ക്രീനും വിജ്ഞാന വിനോദോപാധികളായിരിക്കെ സ്‌ക്രീന്‍ മുന്‍പന്തിയിലെത്താന്‍ കാരണം അതിന്റെ ലഭ്യത കൂടിയാണ്. അച്ചടി വായനയും ഇ-വായനയും തമ്മില്‍ ഒരു സ്വിച്ചിന്റെ ദൂരമല്ല ഉള്ളത്. വായന ശീലമോ ഹരമോ ആവശ്യമോ ആയ സ്ത്രീകള്‍ക്ക് അതിനുള്ള സ്രോതസ്സ് കണ്ടെത്തല്‍ പ്രയാസകരമായ കാര്യമാണ്. പഠനകാലത്ത് വെള്ളം കുടിക്കുംപോലെ മറ്റു പുസ്തകങ്ങള്‍ വായിച്ചിരുന്നവര്‍ വിവാഹത്തോടെ കുടുംബിനികളായി മാറുമ്പോള്‍ ദാഹം മാറ്റാന്‍ പോലും പുസ്തകം കിട്ടാത്തവരാകും. സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ഇടത്തിലല്ല വായനശാലകളും ലൈബ്രറികളും. വീട്ടിലുള്ളതും കൈയിലെത്തുന്നതും വായിക്കുന്നവരാണ് മിക്കവരും. പെണ്‍കൂട്ടായ്മകള്‍ക്കും മാതൃസമിതികള്‍ക്കും അംഗന്‍വാടികള്‍ക്കുമൊക്കെ പെണ്‍വായനയെ പോഷിപ്പിക്കാന്‍ സാധിക്കും. വായനാ മത്സരങ്ങളും പുസ്തക ചര്‍ച്ചകളും ലൈബ്രറി സംവിധാനങ്ങളുമൊക്കെ സ്ത്രീകള്‍ക്കായി അവര്‍ക്ക് സംഘടിപ്പിക്കാവുന്നതാണ്.
കോഴിക്കോട് സര്‍വകലാശാലയിലെ ലൈബ്രേറിയനായിരുന്നു എന്റെ ഒരു സുഹൃത്ത്. വായനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 'പീരിയോഡിക്കല്‍സ് മാത്രമേ വായിക്കാറുള്ളൂ' എന്ന്. അഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ പ്രമുഖ കാമ്പസുകളില്‍ ജി.ഐ.ഒ വായനാ സര്‍വേ നടത്തിയിരുന്നു. ഗൗരവ വായന നന്നേ കുറവ്. വായിക്കുന്നവരില്‍ തന്നെ മുക്കാല്‍ പങ്കിലേറെയും വായിക്കുന്നത് 'വനിത.' സമയവും ഉരുപ്പടിയും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവര്‍ വായിക്കാത്തവരായത്? ഉത്തരം എന്റ സുഹൃത്ത് പാലക്കാട്ടുകാരി രഹന വഹാബിന്റെ വാക്കുകളില്‍ പറയാം. ''രാവിലെത്തന്നെ പത്രം പഠിച്ചിട്ട് ഞാനന്തു ചെയ്യാനാ?'' (കണ്‍മഷി, മാധ്യമം ആഴ്ചപ്പതിപ്പ്) പത്രവും പുസ്തകവുമൊക്കെ അഭിമുഖീകരിക്കുന്ന, പ്രതിനിധീകരിക്കുന്ന പൊതുമണ്ഡലത്തില്‍ എത്ര സ്ത്രീകളുണ്ടോ അവരേ അത് വായിക്കേണ്ടതുള്ളൂ. അല്ലാതെ രാവിലെത്തന്നെ പത്രം പഠിച്ചിട്ട് വീട്ടമ്മമാര്‍ക്കെന്തു കാര്യം? ആ അറിവുകള്‍ അവര്‍ക്ക് ഉപയോഗമാവുന്നില്ല. അത് നാലാളുമായി പങ്കുവെക്കേണ്ടി വരുന്നില്ല. പുസ്തകച്ചര്‍ച്ചകളിലേര്‍പ്പെടേണ്ടി വരുന്നില്ല. സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണകാര്യങ്ങളില്‍ ഇടപെടേണ്ടി വരുന്നില്ല. വിപ്ലവങ്ങള്‍ക്കോ സമരങ്ങള്‍ക്കോ പോവേണ്ടി വരുന്നില്ല. പത്രവും പുസ്തകവും വായിച്ചിട്ടല്ല കേരളത്തിലെ സ്ത്രീകള്‍ സമരിക്കുന്നത്. അനുഭവത്തിന്റെയും സംഘടനകളുടെയും സമ്മര്‍ദ്ദത്തിലാണ്. പക്ഷേ ഒരിക്കല്‍ സമരമുഖത്ത് എത്തിച്ചേര്‍ന്നാല്‍ അതിനാവശ്യമായ വിവര/ വിജ്ഞാനങ്ങള്‍ വായിക്കുന്നവരാണ് മിക്കവാറും സ്ത്രീകള്‍. അതോട് ചേര്‍ത്തു വായിക്കേണ്ടതാണ് കന്നിഗര്‍ഭക്കാരികളുടെ വായന. നല്ല വായനാ ശീലമുള്ള, പ്രത്യേകിച്ചും നെറ്റില്‍ സെര്‍ച്ചുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ തദ്‌സംബന്ധമായി കിട്ടാവുന്നതെല്ലാം വായിക്കുന്നു. ഇത് ചിലപ്പോഴൊക്കെ അവരെ ബേജാറിലാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ആവശ്യങ്ങളാണ് സ്ത്രീകളുടെ വായനയുടെ നല്ല പങ്കും തീരുമാനിക്കുന്നത്. അതുകൊണ്ടാണല്ലോ പാചകവും ഫാഷനും കുടുംബ കഥകളും നിറഞ്ഞുനില്‍ക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്ക് പ്രിയങ്കരമാകുന്നത്. പത്രം വായനയില്‍ മരണം, വൈകാരിക-പീഢന വാര്‍ത്തകള്‍, പാചക വാതക വിലവര്‍ധന, ആധാര്‍ പോലുള്ള പദ്ധതികള്‍ തുടങ്ങിയവയായിരിക്കും പെണ്‍വായനയില്‍ ആദ്യമെത്തുക. ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയം, സാമ്പത്തികം, കായികം, എഡിറ്റോറിയല്‍ എന്നിവയൊന്നും അവരുടെ മുന്‍ഗണനകളില്‍ വരാറില്ല. ഇത് ലിംഗ പദവിയുടെ കുഴപ്പമല്ല. സാമൂഹികവല്‍ക്കരണത്തിന്റെ വിഷയമാണ്. രാവിലെ പത്രം വായിക്കുന്ന പിതാവിനെ ആണ്‍കുട്ടിയും അടുക്കളയിലേക്ക് പോകുന്ന മാതാവിനെ പെണ്‍കുട്ടിയും അനുകരിക്കും. 'ആരാന്റെ വീട്ടില്‍ ചെന്ന് രാവിലെത്തന്നെ പത്രവുമായിരുന്നാല്‍ ഇങ്ങനെയൊന്നുമാവില്ല' എന്ന പഴി കേള്‍ക്കാതെ പെണ്‍കുട്ടികള്‍ക്ക് രാവിലെ പത്രം വായിക്കാവുന്ന സ്ഥലം ഹോസ്റ്റലുകള്‍ മാത്രമായിരിക്കും.
ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിനത്തിലെ സ്ത്രീകള്‍ക്കിടയില്‍ വായന കുറച്ചുകൂടി നടക്കുന്നുണ്ട്. കൃത്യമായ കള്ളിക്കകത്തുള്ള വായനയാണെങ്കിലും പൊതുവില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നതാണ് അതിന്റെ ഉള്ളടക്കം. ഒരു പടികൂടിക്കടന്ന് സ്ത്രീകളും വായിച്ചിരിക്കണം എന്നതാണ് അതിന്റെ ആവശ്യം. പക്ഷേ അതിനനുഗുണമായ കുടുംബ- സാമൂഹിക ഘടനകളിലെ മാറ്റത്തെ പ്രമോട്ട് ചെയ്യാന്‍ അവക്കും സാധിച്ചിട്ടില്ല. വായന ആവശ്യമായി വരുന്ന സമയത്ത് പത്രങ്ങള്‍ മാത്രമല്ല, പുസ്തകങ്ങള്‍ തന്നെ തേടിപ്പിടിച്ച് വായിക്കാന്‍ സ്ത്രീകള്‍ തയ്യാറാകും. മാറേണ്ടത് സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമാണ്.
പ്ലെയിന്‍ ഗ്ലാസ്
സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്താനുള്ള കൂടിയാലോചന നടക്കുന്നു. സ്ത്രീകള്‍ പത്രം വായിക്കാത്തതിനെക്കുറിച്ച രൂക്ഷ വിമര്‍ശനങ്ങളുയരുന്നു. സ്ത്രീകളും രാവിലെത്തന്നെ പത്രം വായിച്ചിരിക്കണമെന്ന് അധ്യക്ഷന്റെ തീര്‍പ്പ്. ''അപ്പോള്‍ രാവിലെ പട്ടിണിയാവില്ലേ''? സദസ്സില്‍ നിന്നും ചോദ്യം. ''അത്... രാവിലത്തെ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിഞ്ഞിട്ടായാലും പത്രം വായിച്ചാല്‍ മതി.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top