കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം നല്ല രക്ഷിതാക്കള്‍

നാസിറുദ്ദീന്‍ ആലുങ്ങല്‍ (ഡയറക്ടര്‍, ആശ്വാസ് കൗണ്‍സലിങ്ങ് സെന്റര്‍) No image

ആര്‍ദ്രമനസ്സുകളൊക്കെയും ശഫീക്കിന്റെ ജീവന്‍ തിരിച്ചുകിട്ടാനായി പ്രാര്‍ത്ഥനാനിര്‍ഭരമായി മാസങ്ങളോളം കഴിഞ്ഞുകൂടി. നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവിലാണ് ശഫീഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സാധാരണ ജീവിതത്തിലേക്കെത്താന്‍ ഇനിയും എത്രയോ കാലത്തെ ചികില്‍സകളിലൂടെ ആ അഞ്ചു വയസ്സുകാരന് കടന്നു പോകേണ്ടതുണ്ട്. നാടിനെ നടുക്കിയ വാര്‍ത്തയായിരുന്നു അത്. ശഫീഖിന്റെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ആ കൊച്ചു ബാലനെ വിധേയനാക്കിയത്.
സമൂഹം വന്നുപെട്ടിരിക്കുന്ന അധഃപതനത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന പ്രതീകമാണ് ശഫീക്ക്. സമാന സംഭവങ്ങള്‍ വേറെയുമുണ്ട്. പീഡനങ്ങള്‍ക്കിരയാവുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. താലോലിക്കുകയും താരാട്ട് പാടിയുറക്കുകയും ചെയ്യേണ്ട രക്ഷിതാക്കളും മുതിര്‍ന്നവരും തന്നെ പൈശാചിക രൂപം പ്രാപിക്കുകയും നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുക! ഈ അധഃപതനം സാമൂഹിക സുരക്ഷയെ ഭയാനകമാം വിധം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെടുന്നത് നാടിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നതിനും വ്യക്തികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായിത്തീരും.
2012-ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തോത് ദേശീയ ശരാശരിയുടെ ഇരട്ടിയിലും കൂടുതലാണ്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന പട്ടണം കൊച്ചിയാണെന്ന് ഈ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നുണ്ട്. ദേശീയ ശരാശരിയുടെ നാലിരട്ടിയോളമാണ് കൊച്ചിയിലെ കുറ്റകൃത്യങ്ങളുടെ തോത്.
വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കളാണ് ശാരീരിക മാനസിക പീഡനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പിലെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, നമ്മുടേതുപോലുളള സമൂഹത്തില്‍ വിദ്യാഭ്യാസവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ചവര്‍ക്കിടയിലും കുറ്റകൃത്യങ്ങള്‍ വലിയ അളവില്‍ കാണുന്നു എന്നുളളത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. കുട്ടികളോടുളള ക്രൂരതയാണ് വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിലൊന്ന്. മാതാപിതാക്കളുള്‍പ്പടെയുളളവര്‍ പ്രതിപ്പട്ടികയില്‍ കടന്നുവരുന്ന കാഴ്ചയാണുളളത്. കുട്ടികളോടുളള ക്രൂരത ശാരീരികമോ മാനസികമോ ലൈംഗികമോ ഒക്കെയാകാം. അവഗണിക്കലും ഒറ്റപ്പെടുത്തലുമാകാം. സ്‌നേഹപ്രകടനങ്ങളുടെ നിഷേധമാകാം. ഇത്തരം ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങള്‍ കുട്ടികളുടെ ശാരീരിക മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ മരണത്തിലേക്കവരെ തളളിവിടുകയും ചെയ്യും.
കുട്ടികള്‍ പീഡനങ്ങള്‍ക്കിരയാവുന്നത് തിരിച്ചറിയാതെ പോവുന്നതിന് കാരണങ്ങള്‍ പലതാണ്. പീഡനകാര്യം മുതിര്‍ന്നവരറിഞ്ഞാല്‍ തങ്ങളെ കുറ്റപ്പെടുത്തുമെന്ന് കുട്ടികള്‍ ഭയപ്പെടുന്നു. മുതിര്‍ന്നവര്‍ തങ്ങള്‍ പറയുന്നത് വിശ്വസിക്കുകയില്ല എന്നവര്‍ കരുതും. ക്രൂരത കാണിച്ചവര്‍ വളരെ അടുത്തുളളവരാണെങ്കില്‍ അവരോടുളള സ്‌നേഹവും അടുപ്പവും പ്രസ്തുത കാര്യം പുറത്തുപറയുന്നതില്‍ നിന്ന് കുട്ടികളെ തടഞ്ഞുനിര്‍ത്തും. വസ്തുതയെ അഭിമുഖീകരിക്കാനുളള രക്ഷിതാക്കളുടെ മടിയോ പ്രാപ്തിക്കുറവോ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും. പീഡനസംഭവങ്ങള്‍ യഥാസമയം ഉത്തരവാദപ്പെട്ടവര്‍ അറിയാതിരിക്കുന്നത് പീഡനം ആവര്‍ത്തിക്കപ്പെടുന്നതിനും ക്രൂരത വര്‍ധിക്കുന്നതിനും കാരണമാകുമെന്നതിനാല്‍ രക്ഷിതാക്കളും മുതിര്‍ന്നവരും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കുട്ടികള്‍ക്ക് മറ്റുളളവരില്‍ നിന്നും മോശമായ പെരുമാറ്റമോ പീഡനമോ ഏല്‍ക്കേണ്ടിവന്നതായി അറിയിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തിലെ രക്ഷിതാക്കളുടെ ആദ്യ പ്രതികരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മിക്ക രക്ഷിതാക്കളും വൈകാരികമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, അത്തരം പ്രവര്‍ത്തികള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുക. പേടിക്കുകയോ പരിഭ്രമിക്കുകയോ അമിത പ്രതികരണങ്ങളിലേക്ക് കടക്കുകയോ ചെയ്യാതെ പ്രശ്‌നത്തെ യുക്തിപൂര്‍വ്വം സമീപിക്കണം. കുട്ടികളെ കുറ്റപ്പെടുത്തുന്ന രീതിയും സ്വീകരിക്കരുത്. അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവില്ല, നിനക്ക് അങ്ങനെ തോന്നിയതായിരിക്കും എന്ന മട്ടിലുളള ആശ്വസിപ്പിക്കലും അരുത്. കുട്ടികളും വ്യക്തിത്വമുളളവരാണെന്ന് മനസ്സിലാക്കി അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന സമീപനം മുതിര്‍ന്നവര്‍ സ്വീകരിക്കണം. കാര്യങ്ങള്‍ തുറന്ന് പറയുന്നത് സംഭവങ്ങളുടെ ആവര്‍ത്തനം തടയുന്നതിന് ഗുണകരമാകുമെന്ന കാര്യം കുട്ടിയെ ബോധ്യപ്പെടുത്തി വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാന്‍ പരിശ്രമിക്കണം. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ വരുന്നവരെല്ലാം ഇരയുടെ ചുറ്റും നിന്ന് ചോദ്യശരങ്ങള്‍ ഉതിര്‍ക്കുന്ന പ്രവണത സാധാരണയാണ്. നിരന്തരമായ അന്വേഷണം നേരിടേണ്ടി വരുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടും.
കുട്ടികള്‍ക്കു നേരെയുളള കൈയ്യേറ്റം സംശയിക്കപ്പെട്ടാല്‍ പെട്ടെന്ന് തന്നെ വിദഗ്ധരുടെ സേവനം തേടുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന് രക്ഷിതാക്കള്‍ തയ്യാറാവണം. ലൈംഗികാതിക്രമത്തിന് വിധേയരാകുന്ന കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങള്‍ പലതാണ്. ഭയം നിറഞ്ഞ പെരുമാറ്റങ്ങള്‍, രാത്രിപ്പേടി, വിഷാദം, അകാരണമോ അസാധാരണമോ ആയ പേടി, ഓടിപ്പോകാനുളള പ്രവണത, അടിവയര്‍ വേദന, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍, മൂത്രത്തില്‍ പഴുപ്പ്, രക്തംപോക്ക്, ലൈംഗികാവയവങ്ങളില്‍ വേദന, പ്രായത്തില്‍ കവിഞ്ഞ ലൈംഗിക താല്‍പര്യവും പെരുമാറ്റവും തുടങ്ങിയവയെല്ലാം ലക്ഷണങ്ങളായി കാണാവുന്നതാണ്. എന്നാല്‍, എപ്പോഴും ഇവയെല്ലാം പീഡനത്തെത്തുടര്‍ന്ന് ഉണ്ടാകുന്നതായിക്കൊളളണമെന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ ഭയം കൂടാതെ വിദഗ്ധരെ സമീപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹം നിഷേധിക്കുകയും അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുമ്പോഴും കുട്ടികളില്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്നു വരാം. ആത്മവിശ്വാസക്കുറവ്, അകാരണമായ തലവേദന, വയറുവേദന, അകാരണമോ അസാധാരണമോ ആയ പേടി, ഓടിപ്പോകാനുളള പ്രവണത തുടങ്ങിയവ ഇത്തരം ഘട്ടങ്ങളിലും ലക്ഷണങ്ങളായി കണ്ടെന്നുവരും.
കഠിനവും അനിയന്ത്രിതവുമായ അച്ചടക്കച്ചിട്ടയിലും ക്രൂരതകള്‍ അനുഭവിച്ചും വളര്‍ന്ന വ്യക്തികള്‍ തങ്ങളുടെ മക്കളോട് ക്രൂരമായി പെരുമാറാനുളള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരെ നമ്മുടെ സമൂഹത്തിലും ധാരാളമായി കാണാം. ഇത്തരം രക്ഷിതാക്കള്‍ക്ക് ആവശ്യമായ അറിവും ഉള്‍ക്കാഴ്ചയും പകര്‍ന്നു നല്‍കുന്നത് അവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്മാറുന്നതിന് പ്രാപ്തരാക്കും. ശരിയായ അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പാരന്റിങ്ങ് ക്ലാസ്സുകളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നല്‍കുന്നതിന് സമൂഹത്തില്‍ സ്ഥിരസംവിധാനം ഉണ്ടാകേണ്ടതുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവയായിരിക്കണം ഇത്തരം സംവിധാനങ്ങള്‍.
പലവിധ മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്ന രക്ഷിതാക്കളുണ്ട്. കുഞ്ഞുങ്ങളെ കര്‍ക്കശമായ നിയന്ത്രണങ്ങളില്‍ വളര്‍ത്തുന്നവര്‍, ചെറിയ തെറ്റുകള്‍ക്കു പോലും അനിയന്ത്രിതമായി ദേഷ്യപ്പെടുകയും കോപമടങ്ങുന്നതു വരെ മര്‍ദ്ദനമുറകള്‍ സ്വീകരിക്കുകയും ചെയ്യുന്നവര്‍. നിരന്തരം ശകാരിച്ചും കുറ്റപ്പെടുത്തിയും ശിക്ഷിച്ചുമായിരിക്കും ഇവര്‍ മക്കളെ വളര്‍ത്തുന്നത്. നിരന്തരമായ ഉപദേശങ്ങള്‍ കൗമാരക്കാരില്‍ മടുപ്പും വെറുപ്പും ഉളവാക്കും. കര്‍ക്കശ നിയന്ത്രണങ്ങളും നിരന്തര ഉപദേശങ്ങളും മര്‍ദ്ദനമുറകളും മക്കളെ നേര്‍വഴിയിലേക്ക് നയിക്കുമെന്നാണ് പല രക്ഷിതാക്കളും കരുതുന്നത്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന മക്കള്‍ പലപ്പോഴും ക്രൂരസ്വഭാവമുളളവരായി മാറുകയാണ് പതിവ്.
ചില രക്ഷിതാക്കള്‍ മക്കളുടെ കാര്യത്തില്‍ ഒരുവിധ നിയന്ത്രണങ്ങളും സ്വീകരിക്കാത്തവരാണ്. മക്കള്‍ക്ക്‌തോന്നിയതു പോലെ പോകുന്ന വഴിക്ക് പോകാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നവരാണവര്‍. ഇതും അപകടകരവും മക്കള്‍ വഴിതെറ്റുന്നതിന് കാരണമാവുകയും ചെയ്യുന്ന രീതിയാണ്.
മക്കളെ വളര്‍ത്തുന്നത് മാനസികസമ്മര്‍ദ്ദം (ടേൃല)ൈ ഉളള കാര്യമാണ്. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി ലഘൂകരിച്ച് രക്ഷാകര്‍ത്തൃത്വം ആസ്വാദ്യകരമാക്കി മാറ്റാന്‍ കഴിയും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരികയും സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന വ്യക്തികള്‍ ക്ഷിപ്രകോപികളും മറ്റുളളവരോട് ക്രൂരത കാണിക്കാന്‍ മടിയില്ലാത്തവരുമായിരിക്കും. ഇത്തരം വ്യക്തികളെയും മാതാപിതാക്കളെയും കണ്ടെത്തുതിനും അവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും (ടീരശമഹശലെ) സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമാണ് ഇത്തരം തിന്മകളുടേയും ക്രൂരതകളുടേയും അടിസ്ഥാന ഘടകം. ഉപഭോക്താക്കളെക്കാള്‍ ഭരണകൂടമാണ് ഈ തിന്മകളുടെ ഉത്തരവാദി. സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്നതിന് ആസൂത്രിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു മൂലമുണ്ടാകുന്ന കൊടിയ വിപത്തുകള്‍ ഭരണകൂടം ബോധപൂര്‍വം കാണാതിരിക്കുകയാണ്. വരുമാനത്തിന്റെ മുഖ്യഭാഗം മദ്യവില്‍പനയില്‍ നിന്നാകുമ്പോള്‍ അങ്ങനെ ചെയ്യാനേ അഴിമതിയിലധിഷ്ഠിതമായ രാഷ്ട്രീയ-ഭരണ രംഗത്തുളളവര്‍ക്ക് സാധിക്കുകയുളളൂ. വരുമാനത്തെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന കണക്കാണ് സംസ്ഥാന ബീവറേജ് കോര്‍പ്പറേഷന് മുന്നോട്ട് വെക്കാനുളളത്.
ജാതിമത ഭേദമന്യേയുളള ആബാലവൃദ്ധം ജനങ്ങളെയും ഒന്നിച്ചണിനിരത്തി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനു വേണ്ടിയുളള മുന്നേറ്റമുണ്ടാകേണ്ടതുണ്ട്. ഒപ്പം ശരിയായ ബോധവല്‍ക്കരണവും മദ്യാസക്തിക്കും മയക്കുമരുന്ന് ഉപയോഗത്തിനും അടിമകളായി മാറിയ രോഗികള്‍ക്ക് ചൂഷണരഹിതമായ ചികില്‍സാ കേന്ദ്രങ്ങളും മുക്തിമാര്‍ഗ്ഗങ്ങളും ആവിഷ്‌ക്കരിക്കപ്പെടേണ്ടതുമുണ്ട്.
വിവിധ മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും അനുഭവിക്കുന്ന രക്ഷിതാക്കളും വ്യക്തികളും ക്രൂരത കാണിക്കാന്‍ സാധ്യത കൂടുതലുളളവരാണ്. ഇത്തരം വ്യക്തികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി സംരക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്.
അല്‍പവസ്ത്രധാരണ രീതികള്‍ക്കുമുണ്ട് ലൈംഗിക പീഡനവിഷയങ്ങളില്‍ ചെറുതല്ലാത്ത പങ്ക്. മദ്യത്തിനും മയക്കുമരുന്നിനും അശ്ലീല സൈറ്റുകള്‍ നല്‍കുന്ന തെറ്റായതും രോഗാതുരവുമായ ലൈംഗിക ബോധത്തിനും അടിമകളായ വ്യക്തികള്‍ ഭ്രാന്തന്മാരെ പോലെ അലഞ്ഞുതിരിയുന്ന സമൂഹത്തില്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുന്നതാണ് നല്ലത്. മാത്രമല്ല, മാന്യമായ വസ്ത്രധാരണരീതി സംസ്‌കാരസമ്പന്നതയുടെ ലക്ഷണമാണ്. സമൂഹം സാംസ്‌കാരികമായി പൂര്‍ണതയിലെത്തുന്നതിനനുസരിച്ച് വസ്ത്രധാരണ രീതിയും പൂര്‍ണതയിലെത്തുമെന്നാണ് ശാസ്ത്രം.
പീഡനങ്ങളും അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമരീതിയാണ് ഇവയുടെ വ്യാപനത്തിന് കാരണമാകുന്ന മറ്റൊരു ഘടകം. പൊടിപ്പും തൊങ്ങലും വെച്ചുളള വിശദീകരണങ്ങളും ഇക്കിളിപ്പെടുത്തുന്ന ശൈലി ഉപയോഗിച്ചുളള റിപ്പോര്‍ട്ടിഗും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പുതുവര്‍ഷദിനാഘോഷത്തിന്റെ ഭാഗമായി കാറുകള്‍ നശിപ്പിക്കുക ഫ്രാന്‍സില്‍ വ്യാപകമാണ്. ഇത് അനിയന്ത്രിതമായപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് 2010-2011 വര്‍ഷങ്ങളില്‍ ഫ്രാന്‍സ് നിയന്ത്രണമേര്‍പ്പെടുത്തി. സംഭവങ്ങളുടെ എണ്ണം കുറയുന്നതിനിത് കാരണമായി. പീഡനങ്ങളും അതിക്രമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നതിന് രചനാത്മകമായ രീതികള്‍ മാധ്യമങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
സിനിമകളിലും സീരിയലുകളിലും കാണുന്ന അയഥാര്‍ത്ഥമായ ജീവിതകഥകളില്‍ നിന്ന് പാഠമുള്‍ക്കൊളളുന്നവരാണ് പുതുതലമുറ. പ്രസ്തുത ധാരണകളുമായി ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാര്‍ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുന്നത് സര്‍വ്വസാധാരണമാണ്. പരാജയം മൂലമുണ്ടാകുന്ന നിരാശ മാനസികസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. അത് കുറ്റകൃത്യങ്ങളിലേക്കും കുടുംബത്തകര്‍ച്ചകളിലേക്കും അവരെ നയിക്കുകയും ചെയ്യും. വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് നല്‍കി ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാന്‍ സാധിക്കും.
ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളും മുതിര്‍ന്നവരും ബോധവാന്മാരാകേണ്ടതുണ്ട്. തങ്ങളുടെ പേരും വിലാസവുമുള്‍പ്പടെയുളള വ്യക്തിഗത വിവരങ്ങളോ പഠിക്കുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങളോ അപരിചിതര്‍ക്ക് കൈമാറരുത്. മക്കള്‍ ഉപയോഗിക്കുന്ന അക്കൗണ്ട് പാസ്‌വേര്‍ഡുകള്‍ രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം. മറ്റാര്‍ക്കും അത് കൈമാറാതിരിക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കുകയും വേണം. മോശമായതോ ശരിയല്ലാത്തതെന്ന് തോന്നുന്നതോ ആയ സന്ദേശങ്ങള്‍ വരുമ്പോള്‍ രക്ഷിതാക്കളോട് പറയാന്‍ കുട്ടികള്‍ മടി കാണിക്കരുത്. നമ്മള്‍ തമ്മിലുളള ആശയവിനിമയം ആരുമറിയരുതെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത്തരക്കാരുമായുളള ഓണ്‍ലൈന്‍ ആശയവിനിമയം അവസാനിപ്പിക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്യണം.
ജീവിതശൈലി മുച്ചൂടും മാറിയ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുളള തയ്യാറെടുപ്പ് നാം നടത്തേണ്ടതുണ്ട്. പാരന്റിങ്ങ് ഗൈഡന്‍സ്, വിവാഹപൂര്‍വ്വ-വിവാഹാനന്തര കൗണ്‍സലിങ്ങ് എന്നിവക്കെല്ലാമുളള സൗകര്യം മഹല്ലടിസ്ഥാനത്തില്‍ രൂപപ്പെടുത്തിക്കൊണ്ടുവരികയും അവയുടെ സേവനം ജാതിമതഭേദമന്യേയുളള പ്രദേശവാസികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിന് മഹല്ല് നേതൃത്വങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top